Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഴിമതി തടയുന്ന കാര്യത്തിൽ ഫസ്റ്റ്ക്ലാസ് നേടിയെങ്കിലും പിണറായി സർക്കാർ ജസ്റ്റ് പാസ്! 23.4 ശതമാനം വായനക്കാർ വളരെ മികച്ചത് എന്ന് പറഞ്ഞപ്പോൾ 22.7 ശതമാനം പേർക്ക് വളരെ മോശം സർക്കാർ; മുഖ്യമന്ത്രി എന്ന നിലയിൽ പരാജയമെന്ന് വിധിയെഴുതിയപ്പോഴും ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ഭൂരിപക്ഷം പേരും വോട്ടു ചെയ്യുക എൽഡിഎഫിന് തന്നെ: പിണറായിയുടെ ഒരു വർഷത്തെ ഭരണത്തെ കുറിച്ച് മറുനാടൻ വായനക്കാർ പറയുന്നതിങ്ങനെ

അഴിമതി തടയുന്ന കാര്യത്തിൽ ഫസ്റ്റ്ക്ലാസ് നേടിയെങ്കിലും പിണറായി സർക്കാർ ജസ്റ്റ് പാസ്! 23.4 ശതമാനം വായനക്കാർ വളരെ മികച്ചത് എന്ന് പറഞ്ഞപ്പോൾ 22.7 ശതമാനം പേർക്ക് വളരെ മോശം സർക്കാർ; മുഖ്യമന്ത്രി എന്ന നിലയിൽ പരാജയമെന്ന് വിധിയെഴുതിയപ്പോഴും ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ഭൂരിപക്ഷം പേരും വോട്ടു ചെയ്യുക എൽഡിഎഫിന് തന്നെ: പിണറായിയുടെ ഒരു വർഷത്തെ ഭരണത്തെ കുറിച്ച് മറുനാടൻ വായനക്കാർ പറയുന്നതിങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഇന്ന് ഭരണത്തിൽ ഒരു വർഷം പൂർത്തിയാക്കുകയാണ്. ഏതൊരു സർക്കാറിനെയും പോലെ ഈ സർക്കാറിനെ വിലയിരുത്തുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നു വരുന്നത് സ്വാഭാവികമാണ്. പിണറായി വിജയൻ സർക്കാറിനെ സംബന്ധിച്ചിടത്തോളവും ഒരുപോലെ വിമർശനങ്ങളും കൈയടികളും നേടിയിട്ടുണ്ട്. ഭരണത്തിൽ ഒരു വർഷം പിന്നിടുന്ന സർക്കാറിനെ വിലയിരുത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ സർവേയിൽ പിണറായി വിജയൻ സർക്കാറിന് ജസ്റ്റ് പാസ് നൽകി വായനക്കാർ. മൂന്ന് ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ വോട്ടെടുപ്പിന്റെ ഫലമാണ് പുറത്തുവിടുന്നത്. 16,666 പേരാണ് സർവേയിൽ പങ്കെടുത്തത്.

എൽഡിഎഫ് സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിന് ജസ്റ്റ് പാസ് മാർക്കാണ് വായനക്കാർ നൽകിയത്. വിവാദങ്ങളിൽ മുങ്ങിയ ഭരണത്തോടുള്ള പൊതു പ്രതികരണമായി വേണം ഇതിനെ വിലയിരുത്താൻ. അതേസമയം ലതന്നെ ഇപ്പോൾ വോട്ടെടുപ്പ് നടന്നാലും എൽഡിഎഫിന് തന്നെ വോട്ടു ചെയ്യും എന്നാണ് സർവേയിലൂടെ പുറത്തുവന്ന മറ്റൊരു കാര്യം. ഇത് സിപിഎമ്മിനെയും മുന്നണിയെയും സംബന്ധിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ്. ഒരു വശത്ത് എൽഡിഎഫ് നിലയുറപ്പിക്കുമ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികൾക്കടിയിൽ ബിജെപി ശക്തമായ സാന്നിധ്യമാകുന്ന കാഴ്‌ച്ചയും മറുനാടർ സർവേയിലൂടെ വ്യക്തമാകുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഒരു പരാജയമാണെന്നാണ് മറുനാടൻ വായനക്കാരുടെ വിധിയെഴുത്ത്. എന്നാൽ, മുൻ സർക്കാറുമായി തട്ടിച്ചു നോക്കുമ്പോൾ അഴിമതി തടയുന്ന കാര്യത്തിൽ ഈ സർക്കാർ വിജയിച്ചെന്ന അഭിപ്രായയും സർവേ നൽകുന്നു. ഇത് അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനുള്ള വിജയമാണ് താനും.

25 ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ആദ്യ ചോദ്യമായി ഉൾപ്പെടുത്തിയത് ഭരണത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന പിണറായി സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു. ഈ ചോദ്യത്തിന് വളരെ മികച്ച സർക്കാറാണ് ഇതെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 23.4 ശതമാനം പേരായിരുന്നു. 22.7 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായം രേഖപ്പെടുത്തി. അതേസമയം മികച്ചതെന്ന അഭിപ്രായം 18.4 ശതമാനം പേരും ശരാശരിയെന്ന് 16.4 ശതമാനവും മോശമെന്ന് 19.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഈ റിസൽട്ട് വ്യക്തമാക്കുന്നത് പിണറായി വിജയൻ സർക്കാറിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾ ഏറെ മെച്ചപ്പെടാൻ ഉണ്ടെന്ന് തന്നെയാണ്. നാല് വർഷത്തെ കാലാവധി അവശേഷിക്കുന്നു എന്ന പ്രതീക്ഷ കൂടി

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഈ ചോദ്യത്തോടെ വായനക്കാർ സമ്മിശ്രമായാണ് പ്രതികരിച്ചത്. പിണറായി വിജയൻ വളരെ മോശം മുഖ്യമന്ത്രിയാണെന്ന് 27.9 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ വളരെ മികച്ച പ്രവർത്തനമാണ് ഒരു വർഷം നടത്തിയതെന്ന് 22.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. മികച്ചതെന്ന അഭിപ്രായം 16.1 ശതമാനം പേരും 13.9 ശതമാനം പേർ ശരാശരിയെന്ന അഭിപ്രായവും രേഖപ്പെടുത്തി. മോശമാണെന്ന അഭിപ്രായമുള്ളത് 19.4 ശതമാനം പേർക്കാണ്.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഫലമായിരുന്നു ഈ സർക്കാർ. അതുകൊണ്ട് തന്നെ അഴിമതി തടയൽ പിണറായി സർക്കാറിന്റെ മുഖ്യ അജണ്ടയുമായിരുന്നു. ഇക്കാര്യത്തിൽ സർക്കാറിന് മികച്ച കൈയടിയാണ് മറുനാടൻ വായനക്കാർ നൽകിയത്. സർവേയിൽ പങ്കെടുത്തവരിൽ 32.4 ശതമാനം പേർ അഴിമതി തടയാൻ പിണറായി സർക്കാറിന് സാധിച്ചു എന്ന് അഭിപ്രായപ്പട്ടു. ഒരു പരിധിവരെ എന്ന അഭിപ്രായം 30.2 ശതമാനം പേരും സാധിച്ചില്ലെന്ന് 23.4 ശതമാനം പേരും രേഖപ്പെടുത്തിയപ്പോൾ തീർത്തു പരാജയമെന്ന് വിധിയെഴുതിയത് 14.1 ശതമാനം പേരായിരുന്നു.

അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാറിന് കഴിയുന്നുണ്ടോ എന്ന ചോദ്യത്തിനും പാസ്മാർക്കാണ് സർവേയിൽ ലഭിച്ചത്. 31.6 ശതമാനം പേർ ഇക്കാര്യത്തിൽ സർക്കാറിന് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി. ഇല്ലെന്ന് 27.4 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം ഇടതു സർക്കാർ ആർക്കൊപ്പം നിലകൊള്ളുന്നു എന്ന ചോദ്യത്തിന് സമ്പന്നർക്കൊപ്പം എന്ന വിചിത്രമായ അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. 47.4 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ പാവങ്ങൾക്കൊപ്പം എന്ന അഭിപ്രായം 40.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇടത്തരക്കാർക്കൊപ്പമാണെന്ന അഭിപ്രായം 12.2 ശതമാനം പേരാണ് രേഖപ്പെടുത്തിയത്.

ഇടതു സർക്കാർ അധികാരത്തിലെത്തിയ വേളയിൽ മുതൽ മുഖ്യമന്ത്രിയും കൂട്ടരും പ്രതിസ്ഥാനത്ത് നിർത്തിയത് മാധ്യമങ്ങളെയാണ്. സർക്കാറിന്റെ വികസന പദ്ധതികൾ മറച്ചു വെക്കാൻ മാധ്യമങ്ങൾ മനപ്പൂർവം ശ്രമിക്കുന്നു എന്നതായിരുന്നു ആരോപണം. ഈ ആരോപണം ശരിയാണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്ന അഭിപ്രായാണ് ലഭിച്ചത്. 42.3 ശതമാനം പേർ ഈ അഭിപ്രായത്തെ പിന്തുണച്ചപ്പോൾ 35.4 ശതമാനം പേർ മാധ്യമങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പറഞ്ഞു. 22.3 ശതമാനം ഒരു പരിധി വരെ എന്ന വാദത്തിനൊപ്പം നിന്നും.

ഈ മന്ത്രിസഭയ്ക്ക് നാണക്കേടുണ്ടാക്കിയ വിഷയങ്ങൾ രണ്ട് മന്ത്രിമാരുടെ രാജിയായിരുന്നു. എ കെ ശശീന്ദ്രന്റെയും ഇ പി ജയരാജന്റെയും. ഇരുവരുടെയും രാജി അനിവാര്യമായിരുന്നു എന്നാണ് സർവേ വ്യക്തമാക്കിയത്. സർവേയിൽ പങ്കെടുത്ത 76 ശതമാനത്തിലേറെ ആളുകൾ രണ്ട് പേരും മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യരല്ലെന്ന് വിധിയെഴുതി.

പിണറായി സർക്കാറിന് ഏറ്റവും അധികം തിരിച്ചടിയുണ്ടാക്കിയ രണ്ട് വിഷയങ്ങളായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവും ടി പി സെൻകുമാർ കേസും. രണ്ട് വിഷയങ്ങളിലും സർക്കാറിനെതിരായ ജനവികാരമാണ് മറുനാടൻ സർവേയിൽ പ്രതിഫലിച്ചത്. ജിഷ്ണുവിന്റെ മാതാവിന് നീതി നിഷേധിച്ചോ എന്ന ചോദ്യത്തിന് നിഷേധിച്ചു എന്ന അഭിപ്രായം 47.7 ശതമാനം പേർ രേഖപ്പെടുത്തി. ഇല്ലെന്ന് 26.7 ശതമാനവും 25.6 ശതമാനം പേർ സമീപനം ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം സെൻകുമാർ വിഷയത്തിൽ സർക്കാറിന് പിഴവു പറ്റിയെന്ന് 54.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. കനത്ത പ്രഹരമാണ് ഏറ്റതെന്ന അഭിപ്രായം 28.7 ശതമാനം രേഖപ്പെടുത്തിയപ്പോൾ പിഴവു പറ്റിയില്ലെന്ന് 17.1 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

സർക്കാറിന്റെ കാലത്ത് വിവാദമായ മറ്റ് വിഷയങ്ങളിലും സർവേയിൽ അഭിപ്രായം സർക്കാർ വിരുദ്ധമാണ്. കൊടി സുനിയെ തുറന്നു വിടാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് 47.1 ശതമാനം പേർ വിശ്വസിക്കുന്നുണ്ട്. ഇല്ലെന്ന് 34.1 ശതമാനം പേരും ഇനിയും ശ്രമം ഉണ്ടാകുമെന്ന് 18.8 ശതമാനം പേരും അഭിപ്രായപ്പട്ടു. മൂന്നാർ കയ്യേറ്റ വിഷയത്തിൽ സർക്കാർ നിലപാട് തെറ്റിപ്പോയെന്ന് 56.8 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടു. ശരിയാണെന്ന അഭിപ്രായം 43.2 ശതമാനത്തിന് മാത്രമായിരുന്നു. പാപ്പാത്തി ചോലയിലെ കുരിശു പൊളിച്ചതിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള സമീപനം തെറ്റിപ്പോയെന്നാണഅ 61.7 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 38.3 ശതമാനം പേർ ശരിയാണെന്നും അഭിപ്രായപ്പെട്ടു.\

എം എം മണിയുടെ മന്ത്രിസ്ഥാനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയതാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകളും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിസ്ഥാനത്തിന് മണി യോഗ്യനാണോ എന്ന ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിൽ ഭൂരിപക്ഷം പേരും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. 65 ശതമാനം പേരാണ് മണി മന്ത്രിയാകാൻ യോഗ്യനല്ലെന്ന് അഭിപ്രായപ്പെട്ടത്. 35 ശതമാനം പേർ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടു. ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറാക്കിയാണ് സർക്കാർ അഴിമതിക്കെതിരെ പോരാടിയത്. എന്നാൽ, ഇടക്കാലം കൊണ്ട് അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തു. ഈ നടപടി ശരിയല്ലെന്നാണ് പൊതുവേ സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. 59.5 ശതമാനം പേരാണ് ഈ നടപടിയോട് യോജിക്കാത്തത്. ശരിയായ നടപടിയെന്ന് 16.5 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ സമ്മർദ്ദം കൊണ്ടു ചെയത്ുവെന്ന് അഭിപ്രായപ്പെട്ടത് 24 ശതമാനം പേരായിരുന്നു.

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആർ ബാലകൃഷ്ണ പിള്ളക്ക് കാബിനെറ്റ് റാങ്ക് നൽകിയ നടപടി ഏറെ വിവാദമായിരുന്നു. ഇടതു അണികളിൽ പോലും എതിർപ്പിന് ഇടയാക്കിയ ഈ സംഭവത്തിൽ സർക്കാറിന് എതിരെയാണ് അഭിപ്രായം സർവേയിൽ പങ്കെടുത്തവരിൽ 71.8 ശതമാനം പേരും ഈ നടപടി ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി ശരിയെന്ന് 20.3 ശതമാനം പേരും അനുകൂലിക്കുന്നു എന്ന് 7.8 ശതമാനം പേരും പറഞ്ഞു. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന് പൊലീസിന് മേൽ കടിഞ്ഞാൺ നഷ്ടമായോ എന്ന ചോദ്യത്തിന് ഇല്ലെന്ന അഭിപ്രായമാണ് ലഭിച്ചത്. 45.2 ശതമാനം പേരാണ് കടിഞ്ഞാൺ നഷ്ടമായില്ലെന്ന് പ്രതികരിച്ചത്. ഭാഗികമായി മാത്രമേ നിയന്ത്രണമുള്ളൂവെന്ന് 23.2 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 31 ശതമാനം പേർ കടിഞ്ഞാൺ നഷ്ടമായെന്ന അഭിപ്രായത്തിനൊപ്പം നിന്നു.

ലോ അക്കാദമി വിഷയത്തിൽ സർക്കാർ നിലപാട് തെറ്റിപ്പോയെന്ന് അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. 61 ശതമാനം പേർ ഈ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന അഭിപ്രായമാണ് സർവേയിൽ ഉണ്ടായത്. 46. 2 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 29.3 ശതമാനം പേർസമ്പൂർണ തിരിച്ചടിയെന്നും ഗുണപ്രദമെന്ന് 24.5 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ അത്രയേറെ മികവ് പിണറായി സർക്കാറിനില്ലെന്നാണ് സർവേഫലം. 33.7 ശതമാനം പേർ ഒരു പരിധിവരെ എന്ന് അഭിപ്രായപ്പെട്ടപ്പോൽ മോശം പ്രവർത്തനമെന്ന് 23.9 ശതമാനവും വളരെ മോശമെന്ന് 21 ശതമാനം പേരും അഭിപ്രായപ്പെട്ടു. 21.5 ശതമാനം മികച്ച രീതിയിലാണ് പ്രവർത്തനമെന്നാണ് പറഞ്ഞത്. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടോ എന്ന അഭിപ്രായത്തെ ഒരു പരിധിവരെ ആളുകൾ പിന്തുണച്ചു. 29.6 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. ഇല്ലെന്ന് 30 ശതമാനവും ഭരണ സ്തംഭനമുണ്ടെന്ന് 23.3 ശതമാനം അഭിപ്രായപ്പെട്ടു. ഒട്ടുമില്ലെന്ന അഭിപ്രായം 17.1 ശതമാനവും രേഖപ്പെടുത്തി.

അതേസമയം പല കാര്യങ്ങളിലും സർക്കാറിനോട് അഭിപ്രായ വ്യത്യാസമുള്ളവരും ഇപ്പോഴത്തെ നിലയിൽ കേരളം ഭരിക്കാൻ യോഗ്യർ എൽഡിഎഫുകാർ തന്നെയാണെന്ന അഭിപ്രായക്കാരക്കാരാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും എൽഡിഎഫ് തന്നെ ഭരണത്തിൽ വരുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 48.6ശതമാനം പേരും എൽഡിഎഫിനെ പിന്തുണക്കുന്നു. 21.6 ശതമാനം പേർ യുഡിഎഫിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുമ്പോൾ 23.1 പേർ എൻഡിഎക്ക് വോട്ടു ചെയ്യുമെന്നും വ്യക്തമാക്കുന്നു. യുഡിഎഫിനെയും പിന്നിലാക്കി എൻഡിഎക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറുന്നു എന്ന തെളിവ് കൂടിയാണ് സർവേയിൽ പുറത്തുവന്നത്. എന്നാൽ, എൽഡിഎഫ് തന്നെയാണ് ഭരിക്കാൻ യോഗ്യരെന്ന അഭിപ്രായവും ഇതോടൊപ്പം പുറത്തുവരുന്നു. സർക്കാറിനെ സംബന്ധിച്ചിടത്തോളം വിഷയാധിഷ്ടിതമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ജനങ്ങൾക്ക് താൽപ്പര്യം എൽഡിഎഫിനോടാണ് എന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.

സർക്കാർ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ മറുനാടൻ മലയാളി നടത്തിയ സർവേയിൽ പിണറായി വിജയനും സർക്കാറിനും വലിയ പിന്തുണയായിരുന്നു ലഭിച്ചത്. എന്നാൽ, നൂറ് ദിവസം പിന്നിട്ട് ഒരു വർഷത്തിൽ എത്തുമ്പോൾ നിരവധി വിവാദങ്ങളാണ് സർക്കാറിനെ പിടികൂടിയത്. ഈ വിവാദങ്ങൾ കാരണം സർക്കാറിന്റെ പ്രതിച്ഛായക്കുണ്ടായ നഷ്ടമാണ് ഇപ്പോഴത്തെ സർവേയിലും പ്രതിഫലിക്കുന്നത്. വരും നാളുകളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ മന്ത്രിമാരെ നിർബന്ധിതരാക്കുന്നത് കൂടിയാണ് ജനസമ്മതിയിൽ ഉണ്ടായ ഇടിവ് സൂചിപ്പിക്കുന്നത്. ഒരു വർഷത്തെ കാലയളവ് എന്നത് സർക്കാറിനെ അളക്കാൻ പ്രാപ്തമല്ലെങ്കിലും വരും നാളുകളിലെ നല്ല പ്രവർത്തനം അനിവാര്യമാണെന്ന ഉണർത്തുപാട്ടു കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP