Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഴിമതിക്കാരനല്ലെന്ന് 55 ശതമാനം പേർ പറയുമ്പോഴും ജേക്കബ് തോമസിനെ മാറ്റിയത് അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിച്ചെന്ന് 73 ശതമാനം പേർ; മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നുവെന്ന് 63 ശതമാനം പേർ; ഉപദേശകരെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് 74 ശതമാനം പേർ; മറുനാടൻ സർവേ വ്യക്തമാക്കുന്നത്

അഴിമതിക്കാരനല്ലെന്ന് 55 ശതമാനം പേർ പറയുമ്പോഴും ജേക്കബ് തോമസിനെ മാറ്റിയത് അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിച്ചെന്ന് 73 ശതമാനം പേർ; മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നുവെന്ന് 63 ശതമാനം പേർ; ഉപദേശകരെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് 74 ശതമാനം പേർ; മറുനാടൻ സർവേ വ്യക്തമാക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടത്തിയ അഴിമതിയുടെ ബാക്കിപത്രമാണ് ഈ പിണറായി സർക്കാർ എന്നു പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. കഴിഞ്ഞ സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തന്നെയാണ് എൽഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കാൻ ഇടയാക്കിയ കാര്യവും. അഴിമതിവിരുദ്ധ നിലപാടായിരുന്നു പിണറായി വിജയനും ഉയർത്തിയത്. ഭരണത്തിന്റെ ആദ്യ നാളുകളിൽ ഈ അഴിമതി വിരുദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് സർക്കാർ പ്രവർത്തിച്ചത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് ജേക്കബ്് തോമസിനെ നിയമിച്ചതെല്ലാം സർക്കാറിന് കൈയടി നേടിക്കൊടുത്ത സംഭവമാണ്. എന്നാൽ, അധികം കഴിയും മുമ്പ് മുഖ്യമന്ത്രി ജേക്കബ് തോമസിനുമായി ഉടക്കി. തുടർന്നങ്ങോട്ട് അഴിമതിക്കെതിരെ പോരാടിയ ഉദ്യോഗസ്ഥനെ വേട്ടയാടുന്ന കാഴ്‌ച്ചയാണ് സംസ്ഥാനം കണ്ടത്. ഭരണത്തിന്റെ മൂന്നാം വർഷത്തേക്ക് കടക്കുമ്പോൾ അഴിമതി വിരുദ്ധ സെൽ അടക്കം സ്തംഭിച്ച അവസ്ഥയിലാണ്. എങ്കിലും മുൻ സർക്കാറുമായി തട്ടിച്ചു നോക്കുമ്പോൾ പിണറായി ഭരണത്തിൽ അഴിമതി കുറവാണ്. ഇക്കാര്യം മറുനാടൻ സർവേയിലും വ്യക്തമായി.

പ്രഖ്യാപിത മുദ്രാവാക്യമായ അഴിമതി തടയാൻ ഈ സർക്കാറിന് സാധിച്ചു എന്നാണ് പൊതു അഭിപ്രായം. എല്ലാ അർത്ഥത്തിലും പിണറായിക്ക് അതിന് സാധിച്ചുവെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒരു പരിധിവരെയെന്ന് അഭിപ്രായം 27.4 ശതമാനം പേർ ഉന്നയിച്ചു. പൊതുവിൽ പിണറായി സർക്കാർ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളവരാണെന്ന അഭിപ്രായമാണ് ഉയർന്നത്. എന്നാൽ, അഴിമതി തടയാൻ പിണറായി സർക്കാറിന് സാധിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത് 25.3 ശതമാനം പേരുമാണ്. ഇക്കാര്യത്തിൽ തീർത്തും പരാജയം എന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇങ്ങനെ അഭിപ്രായപ്പെട്ടത് 21.4 ശതമാനം പേരാണ്.

ജേക്കബ് തോമസിനെ ബലിയാടാക്കി

പിണറായി വിജയൻ സർക്കാർ അധികാരിത്തലേറിയതിന്റെ ഏറ്റവും വലിയ ഇരയെന്ന് പറയാവുന്ന വ്യക്തി ജേക്കബ് തോമസ് ഐപിഎസാണ്. സത്യസന്ധനായ ആ ഉദ്യോഗസ്ഥനോട് പ്രതികാരം തീർക്കുകയാണ് സർക്കാർ ചെയ്തത്. ഈ വികാരം പൊതുജനങ്ങൽക്കിടെ ശക്തമാണ്. ബാർകോഴ കേസിൽ കെ എം മാണി അടക്കമുള്ളവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ രാഷ്ട്രീയ താൽപ്പര്യം വെച്ച് ജേക്കബ് തോമസിനെ ഒതുക്കുകയാണ് സർക്കാർ ചെയ്തത്. പിന്നീട് ഓഖി വിഷയത്തിൽ വിമർശന ഉന്നയിച്ചപ്പോൾ സസ്‌പെൻഡ് ചെയ്ത് പ്രതികാരം തീർക്കുന്നു. ഇക്കാര്യത്തിൽ സർക്കാറിനെതിരെയാണ് ജനവികാരമെന്ന തെളിവാണ് മറുനാടൻ സർവേഫലം.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയത് തെറ്റായ തീരുമാനമാണെന്നാണ് പൊതുവേ ഉയർന്ന വികാരം. വിജിലൻസ് തലപ്പത്തു നിന്നും സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് സർക്കാറിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് 51.7 ശതമാനം പേർ അഭിപ്രായപ്പെട്ടത്. ഒരു പരിധി വരെ എന്ന അഭിപ്രായം 21.1 ശതമാനം ആളുകളും എന്നാൽ ഇതൊന്നും ബാധിച്ചേയില്ലെന്ന് 27.2 ശതമാനം പേരും വോട്ടു ചെയ്തു. ഭൂരിപക്ഷം പേരും ഈ വിഷയത്തിൽ സർക്കാറിന് പറ്റിയ തെറ്റാണ് ചൂണ്ടിക്കാട്ടിയത്. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് എന്തോ ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ജനങ്ങൾ വിശ്വസിക്കുന്നു.

മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നു

കേരളത്തിൽ പിണറായി സർക്കാറിനെതിരെ പ്രതിപക്ഷത്തേക്കാൾ പ്രതികരിക്കുന്നത് മാധ്യമങ്ങളാണ് എന്ന ആക്ഷേപം സിപിഎം നേതാൾക്കുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ് താനും കേരളത്തിലെ മാധ്യമങ്ങൾ എല്ലാക്കാലത്തും ഭരിക്കുന്നവർക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പൊതുവേ പിണറായിക്ക് മാധ്യമങ്ങളോട് താൽപ്പര്യം കുറവാണ്. അതുകൊണ്ട് തന്നെ മാധ്യമ വിമർശനങ്ങൾ കടുക്കുന്നു എന്നതാണ് വാസ്തവം.

അടുത്തിടെ നടന്ന കെവിൻ കേസിൽ അടക്കം മുഖ്യന്ത്രി വിമർശനം ഉന്നയിച്ചത് മാധ്യമങ്ങൾക്ക് നേരെയായിരുന്നു. തനിക്കെതിരെ ജനവികാരം ഉയർത്തിവിടാൻ മാധ്യമങ്ങൾ ശ്രമിച്ചത് എന്നതായിരുന്നു പിണറായി വിജയന്റെ വിമർശനം. ഇത് കൂടാതെ തന്നെ വിമർശിക്കുന്നത് സർക്കാറിന്റെ വികസന നേട്ടത്തെ വിമർശിക്കുന്നു എന്ന വികാരം പോലും പിണറായി ഉയർത്തുകയുണ്ടായി. ഇക്കാര്യമെല്ലാം വ്യക്തമാക്കുന്നതായിരുന്നു. വികസനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ശരിവെക്കുന്നത് 63 ശതമാനം പേരാണ്. തീർച്ഛയായും മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുന്നു എന്ന് പറയുന്നത് 37.1 ശതമാനം ആളുകളാണ് ഒരു പരിധിവരെ എന്ന അഭിപ്രായം പറഞ്ഞത് 18.4 ശതമാനം ആളുകളാണ്. ഒരിക്കലുമില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 44.5 ശതമാനം പേരുമാണ്.

യാതൊരു പ്രയോജനവും ഇല്ലാത്ത ഉപദേശകർ

മുൻപൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത വിധത്തിൽ ഉപദേശകരുണ്ട് പിണറായി വിജയന്. പൊലീസ് മേധാവി ഉണ്ടായിരിക്കേ തന്നെ ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിച്ചിരിക്കുന്നു. അദ്ദേഹം സൂപ്പർ ഡിജിപിയായി വിലസുന്നു എന്ന വികാരവും ശക്തമാണ്. ഇതിനിടെയാണ് പൊലീസ് വകുപ്പ് കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നതും. ഇത് കൂടാതെ ഗീതാ ഗോപിനാഥ്, ജോൺ ബ്രിട്ടാസ് തുടങ്ങി അരഡസണോളം പേരാണ് ഉപദേശകാരായി ഉള്ളത്. ഇവരെ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമാണ് മറുനാടൻ സർവേയിൽ ഉയർത്തിയത്. ഉപദേശകരെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെ അഭിപ്രായം 74 ശതമാനം പേർ ഈ അഭിപ്രായം ഉന്നയിച്ചു. ഒരു പ്രയോജനവുമില്ലെന്ന് 43.1 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ സമ്പൂർണ തിരിച്ചടിയായെന്ന് 31.1 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാൽ ഉപദേശകരെ കൊണ്ട് ഗുണമുണ്ടായെന്നാണ് 25.8 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP