Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബംഗാൾ പാർട്ടിക്ക് ചരമഗീതം പാടിയ ബുദ്ധദേവിന്റെ ഗതി തന്നെ പിണറായിക്കുമെന്ന് ഇടത് അനുകൂല മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ; എല്ലാം ശരിയാകുന്നതിനും പകരം എല്ലാം വഷളായി; കേരളത്തിൽ ബിജെപിക്കു ശക്തിവർധിക്കുന്നെന്ന ഏറ്റുപറച്ചിലും; ബിജെപിക്കാരനായ ഏഷ്യാനെറ്റ് ഉടമക്ക് വേണ്ടി എഡിറ്റർ ഇൻ ചീഫ് പേനയുന്തുമ്പോൾ..

ബംഗാൾ പാർട്ടിക്ക് ചരമഗീതം പാടിയ ബുദ്ധദേവിന്റെ ഗതി തന്നെ പിണറായിക്കുമെന്ന് ഇടത് അനുകൂല മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ; എല്ലാം ശരിയാകുന്നതിനും പകരം എല്ലാം വഷളായി; കേരളത്തിൽ ബിജെപിക്കു ശക്തിവർധിക്കുന്നെന്ന ഏറ്റുപറച്ചിലും; ബിജെപിക്കാരനായ ഏഷ്യാനെറ്റ് ഉടമക്ക് വേണ്ടി എഡിറ്റർ ഇൻ ചീഫ് പേനയുന്തുമ്പോൾ..

തിരുവനന്തപുരം: ചാനൽ ചർച്ചകളിലും പരിപാടികളിലും ഒരു കാലത്ത് സിപിഐഎം ഔദ്യോഗിക പക്ഷത്തിന് അനുകൂലമായി നിലപാടെടുത്തിരുന്ന പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് എഡിറ്റർ ഇൻ ചീഫ് എം ജി രാധാകൃഷ്ണന്റെ മലക്കം മറിച്ചിൽ. കേരളത്തിൽ പിണറായി വിജയൻ നയിക്കുന്നത് ബംഗാളിൽ സിപിഐഎമ്മിനെ തകർച്ചയിലേക്കു നയിച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ നയങ്ങളും പരിപാടികളുമാണെന്നു തുറന്നടിച്ച് മാതൃഭൂമി വാരികയിലാണ് എം ജി രാധാകൃഷ്ണൻ എഴുതുന്നത്. പിണറായിയുടേതും ബുദ്ധദേവ മാർഗം; നിലംപൊത്താനൊരുങ്ങി ഇടതുപക്ഷം എന്ന തലക്കെട്ടിലാണ് ലേഖനം.

കേരളത്തിൽ എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയൻ ഒന്നും ശരിയാക്കിയില്ലെന്നു മാത്രമല്ല, എല്ലാം വഷളാക്കിയെന്നും ലേഖനത്തിൽ തുറന്നടിക്കുന്നു. 'ബംഗാൡലെ തകർച്ചയിലും ഇടതുപക്ഷത്തിനൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്നതാണു കേരളം. എന്നാൽ പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ തോന്നുന്നതു കേരളവും ബംഗാളിന്റെ വഴിക്കാണെന്നാണ്. സർക്കാരിന്റെ ദയനീയ പ്രകടനവും ഭാവിയെക്കുറിച്ചു പ്രതീക്ഷിക്കാൻ വക തരുന്നില്ലെന്നതും ബിജെപിയുടെ വളർച്ചയും സൂചിപ്പിക്കുന്നതു കേരളത്തിലും ഇടതുപക്ഷത്തിന് ചിതയൊരുങ്ങുന്നു എന്നാണ്. മുമ്പൊക്കെ സർക്കാരിനെ അഞ്ചു വർഷം തികയുമ്പോഴാണ് ഭരണവിരുദ്ധവികാരം രൂക്ഷമാകുന്നതെങ്കിൽ ഇക്കുറി ആദ്യമേ അങ്ങനെയാണു കാര്യങ്ങളുടെ പോക്ക്. ഭരണരംഗത്ത് ഇത്രവേഗം, ഇത്രപരാജയമായ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. ബംഗാൾ ഇന്നു ചിന്തിക്കുന്നതു കേരളം നാളെ ചിന്തിക്കുമോ'

അതായത്, രണ്ടു കാര്യങ്ങളാണ് എംജി രാധാകൃഷ്ണൻ അടിവരയിടുന്നത്. കേരളത്തിൽ സിപിഐഎം തകരുന്നു. അതിന്റെ മറുപുറത്ത് ബിജെപി വലിയ രീതിയിൽ വളരുന്നു. പിണറായി വിജയന്റെ ഭരണനേതൃത്വത്തിനുപോലും സിപിഐഎമ്മിനെ രക്ഷിക്കാനാവില്ലെന്നും കൂടി എംജി രാധാകൃഷ്ണൻ പറഞ്ഞുവയ്ക്കുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയചിത്രം പൂർണമായി തിരിയുകയാണെന്നാണ് ചുരുക്കം. 1996ലെ നായനാർ സർക്കാരിനു ശേഷം ഒരു എൽഡിഎഫ് സർക്കാരിനും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഒരു ആശയമോ മുദ്രാവാക്യമോ ഉണ്ടായിട്ടില്ലെന്ന എംജി രാധാകൃഷ്ണന്റെ വാക്കുകൾ ലക്ഷ്യമിടുന്നതും പിണറായിത്തന്നെയാണ്. കാരണം ചടയൻ ഗോവിന്ദന്റെ മരണശേഷം പാർട്ടി സെക്രട്ടറിയായതും നായനാർ സർക്കാരിന്റെ സർക്കാരിനു ശേഷം പാർട്ടിയെ ഒറ്റയാനായി നയിച്ചതും പിണറായിയായിരുന്നു.

വിവിധ സാഹചര്യങ്ങളും നിക്ഷേപാന്തരീക്ഷവും ഉണ്ടായിട്ടും ജ്യോതിബസുവിനു ശേഷം അധികാരത്തിലെത്തിയ ബുദ്ധദേവിന് അതൊന്നും ഗുണപരമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. നന്ദിഗ്രാമും സിംഗുരും പാർട്ടിക്ക് അത്രവലിയ ക്ഷീണമാണുണ്ടാക്കിയത്. ഇതു പരോക്ഷമായി എം ജി രാധാകൃഷ്ണൻ പറയുകയും കേരളാപാർട്ടി ഇപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബംഗാളിലെ തകർച്ചയ്ക്കു മുഖ്യ കാരണമായത് പ്രാദേശിക നേതാക്കളുടെ ധാർഷ്ട്യവും അഴിമതിയും അതു തടയുന്നതിൽ നേതൃത്വത്തിന്റെ പരാജയവുമാണ്. ഇതേ അവസ്ഥ കേരളത്തിലും കാണുന്നതാണു മൂന്നാറിലെ കാഴ്ചയെന്നും എം ജി രാധകൃഷ്ണൻ വിലയിരുത്തുന്നു. ആർ ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് റാങ്ക് കൂടി കിട്ടിയപ്പോൾ തകർച്ച സമ്പൂർണമായെന്ന വരികൾ പിണറായിക്കുള്ള ശക്തമായ അടിയായി വേണം വായിക്കാൻ.

പണ്ടൊക്കെ പിഴവുകളെ മാധ്യമശ്രദ്ധയിൽനിന്നു മറയ്ക്കാൻ എന്തെങ്കിലും നല്ല കാര്യങ്ങൾ നടപ്പാക്കണമെന്നുണ്ടായിരുന്ന സാമാന്യബുദ്ധി പോലും ഇന്ന് ഈ സർക്കാരിനില്ല. ചുരുക്കം ചില ഭേദപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തിയതാകട്ടെ തെറ്റുകളുടെ മലവെള്ളപ്പാച്ചിലിൽ നടപ്പാകാതെയും പോയി. 2016 മെയ്‌ മാസത്തിൽ 140 സീറ്റിൽ 91 സീറ്റുമായി നല്ല ഭൂരിപക്ഷത്തോടെ അധികാരമേറ്റിട്ടും ഈ സർക്കാരിന് ഒരു മധുവിധു കാലമുണ്ടായിട്ടില്ല. അധികാരത്തിൽ വന്ന് ഇത്രവേഗം നിശിത വിമർശനങ്ങൾ ഏൽക്കേണ്ടിവന്ന സർക്കാരാണിത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരുകളിലൊന്നായിരുന്ന കഴിഞ്ഞ ഉമ്മൻ ചാണ്ടിയുടെ ഭരണം ഇതിലും ഭേദമായിരുന്നു എന്ന അഭിപ്രായം പോലും ഉയരുന്നുണ്ട്. - എം ജി രാധാകൃഷ്ണൻ പറഞ്ഞുവയ്ക്കുന്നു.

മാധ്യമങ്ങളെ അകറ്റിനിർത്തിയാൽ എല്ലാമായെന്ന തോന്നൽ സർക്കാരിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. എല്ലാം പെട്ടെന്നാണു തകിടം മറിഞ്ഞത്. ബഹുജനമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പൊതു സമൂഹത്തിലും സർക്കാരിനെതിരായ വിമർശനം ശക്തമായി വരാൻ ഇടയായി. ഡോ. ജേക്കബ് തോമസിനെ അഴിമതി വിരുദ്ധ പോരാളിയായി നിയമിച്ചതൊഴിച്ചാൽ പിന്നെ നടന്നതെല്ലാം വിവാദം. ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്യ സംഘർഷവും ഐഎഎസ് അസോസിയേഷന്റെ സമരപ്രഖ്യാപനവും മുഖ്യമന്ത്രി വിരട്ടി ഒതുക്കിയെങ്കിലും ഉദ്യോഗസ്ഥന്മാരുടെ ശീതസമരത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇനിയും. ഇതാദ്യമായി ഇടതുപക്ഷ മുന്നണി സർക്കാർ ആറുമാസം തികയും മുമ്പുതന്നെ സ്വജനപക്ഷപാതത്തിന് മന്ത്രിസഭയിലെ രണ്ടാമൻ രാജിവയ്‌ക്കേണ്ടിവന്നത് വലിയ നാണക്കേടായി. പകരം വന്ന ആളാകട്ടെ ഒട്ടും പ്രതിച്ഛായയില്ലാത്ത വ്യക്തിയും. മന്ത്രിയായ ശേഷവും അദ്ദേഹം സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്ന ഭാവങ്ങളും വാക്കുകളും കൊണ്ട് ഒരു ജനതയുടെ വെറുപ്പു ക്ഷണിച്ചുവരുത്തുന്നതിന് ഇടയാക്കി. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണനായതുകൊണ്ടാണ് ഇതൊക്കെ എന്ന ന്യായീകരണങ്ങൾ ഉയർന്നെങ്കിലും അതൊന്നും ജനങ്ങൾ സ്വീകരിച്ചില്ല. നാട്ടിൻപുറത്തുകാർ മാനനഷ്ടക്കേസ് കൊടുക്കാഞ്ഞതു ഭാഗ്യം. നാട്ടിൻപുറത്തുനിന്നല്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിലുണ്ടോ? - എം ജി രാധാകൃഷ്ണൻ ചോദിക്കുന്നു.

ഒരു മന്ത്രിയും പ്രവൃത്തിയിലും പറച്ചിലിലും കാര്യമായ മുദ്ര പ്രദർശിപ്പിച്ചിട്ടില്ല. മുൻകാല ഇടതു മന്ത്രിമാർ മിക്കവരും മികവിനു പേരെടുത്തവരായിരുന്നു. ഇക്കുറിയും കഴിവുള്ളവരുണ്ടെങ്കിലും ആർക്കും പ്രവർത്തന സ്വാതന്ത്ര്യമില്ല. കേരളം കണ്ടിട്ടുള്ള മികച്ച മന്ത്രിമാരെ സംഭാവന ചെയ്ത സിപിഐ അംഗങ്ങളാകട്ടെ സിപിഐഎമ്മുമായുള്ള വാക്‌പോരിൽ മാത്രമാണു തിളങ്ങുന്നത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യവിമർശനം ഈ സർക്കാരിൽ അത്യാവശ്യമായ ഒരു തിരുത്തൽ ശക്തിയുടെ ഫലം ചെയ്യുന്നുണ്ട്. സിപിഐയുടെ നീതിമാൻ ഭാവത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെ പെരുമാറ്റം. ഇപ്പോൾ മൂന്നാറിലെ കൈയേറ്റത്തെക്കുറിച്ച് ആവേശം കൊള്ളുന്ന സിപിഐ, വി എസിന്റെ കാലത്ത് അവർ സ്വീകരിച്ച നിലപാടുകളെയും എംജിആർ വിമർശിക്കുന്നു. ധാർമിക വീഴ്ചകളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും പരിഹാസത്തിനു വിധേയമാവുകയാണ്. സർക്കാരിന്റെ നിരന്തരമെന്നോണമുള്ള വീഴ്ചകളും മാധ്യമങ്ങളിലെ നിശിതമായ ആക്രമണങ്ങളും ജനാധിപത്യ വ്യവസ്ഥയിൽ അനിവാര്യമാണ്. അതിനു മാധ്യമസിൻഡിക്കേറ്റിനെ പഴിച്ചിട്ടു കാര്യമില്ല. ഓരോ ആഴ്ചയും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രിമാർ നടത്തിയിരുന്ന മാധ്യമസമ്മേളനങ്ങൾ ഏറെക്കാലമായി സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സഫലമായ ജനസമ്പർക്ക പ്രവർത്തനമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മാത്രമേ ഇന്നത്തെ ലോകത്തെ മാധ്യമങ്ങളെ തീണ്ടാപ്പാട് അകലെ നിർത്തിയിട്ടുള്ളൂ. എന്നാൽ മാധ്യമങ്ങളെ മുഴുവൻ അതിജീവിക്കുന്നതിനു കഴിയും വിധം ആശയവിനിമയത്തിനു വൈദഗ്ധ്യമുള്ളവരാണ്. മാധ്യമങ്ങളോട് അകലം പാലിച്ചിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം വീണ്ടും അകലം പാലിക്കുകയായിരുന്നു. കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു മറ്റെന്തെല്ലാം കുഴപ്പമുണ്ടെങ്കിലും സാധാരണ ജനതയ്ക്കും മാധ്യമങ്ങൾക്കും ഏറ്റവും പ്രാപ്യനായിരുന്നു. അതുകൊണ്ടു തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്നു തെളിഞ്ഞെങ്കിലും ഇന്നത്തെ ജനാധിപത്യ മാധ്യമകാലത്ത് സുപ്രധാനമാണിതെന്നു മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും തോന്നാത്തത് അതിശയകരമാണ്. മാധ്യമവേദികളിൽ സർക്കാരിന്റെ നേട്ടങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും കോട്ടങ്ങളെ സമർഥമായി വിശദീകരിക്കാനും കഴിവുള്ള ആശയവിനിമയ വിദഗ്ധരുടെ അഭാവം വലിയ തോതിൽ സർക്കാരിനെയും പാർട്ടിയെയും ബാധിച്ചിട്ടുണ്ട്. സിപിഐഎമ്മിനെ പ്രതിനിധീകരിക്കുന്നവർ ഒന്നുകിൽ ഫലപ്രദമായി ഒന്നും അവതരിപ്പിക്കാൻ അറിയാത്തവർ അല്ലെങ്കിൽ നഗ്നമായ അഹന്ത പ്രകടിപ്പിച്ച് സ്വയം മോശമാകുന്നവർ.

പ്രശ്‌നങ്ങൾ ഗുരുതരമാകുമ്പോൾ സിപിഐഎം പ്രതിനിധികൾ മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടുകയാണ്. സർക്കാരിന്റെ വീഴ്ചകളെ അതിരൂക്ഷമായ ഭാഷയിലാണ് എംജിആർ വിമർശിക്കുന്നത്. വീഴ്ച മൂലം മുഖം മോശമായതിന് മാധ്യമങ്ങളെന്ന കണ്ണാടി തല്ലിപ്പൊട്ടിക്കുകയാണെന്ന സിപിഐഎം പതിവാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. സർക്കാരിനെക്കുറിച്ച് നല്ലതൊന്നും പറയാനുള്ള അവസരമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വീഴ്ചയല്ലാതെ നല്ലതൊന്നും പറയാനില്ല. അഞ്ചുവർഷം കൊണ്ട് ഒരു സർക്കാർ ചെയ്യുന്ന വീഴ്ചകളാണ് ഒരു കൊല്ലം കൊണ്ട് ഈ സർക്കാർ ചെയ്തിരിക്കുന്നത്. കുപ്രസിദ്ധമായ അഴിമതിക്കേസുകളിൽ പോലും സർക്കാരിനെതിരേ ഹാജരാകുന്ന ആളെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കുന്നു. കടുത്ത വലതുപക്ഷക്കാരിയെ സാമ്പത്തിക ഉപദേശകയാക്കുന്നു. മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊലയും അതിനു മുഖ്യമന്ത്രി നൽകിയ ന്യായീകരണവും. അഭിഭാഷക - മാധ്യമ സംഘർഷത്തോട് മുഖ്യമന്ത്രി സ്വീകരിച്ച ഉദാസീന. ലോ അക്കാദമി, നെഹ്‌റു കോളജ് സമരങ്ങളോടുള്ള അഴകൊഴമ്പൻ നയം. വിവരാവകാശത്തിൽ കൊണ്ടുവന്ന വിലക്ക്. രാഷ്ട്രീയ കൊലപാതകങ്ങളുടെ വർധന. മഹിജയോടു കൈക്കൊണ്ട മനുഷ്യത്വ രഹിതമായ സമീപനം. തലശേരിയിലെ ദളിത് സഹോദരിമാരുടെ പ്രശ്‌നം, സെൻകുമാർ പ്രശ്‌നത്തിൽ സർക്കാരിന്റെ ആന മണ്ടത്തരങ്ങൾ, അതിൽ സുപ്രീം കോടതിയിൽനിന്നേറ്റ തിരിച്ചടികൾ, ജേക്കബ് തോമസിന്റെ നടപടികളെച്ചൊല്ലി ഐപിഎസ്, ഐഎഎസ് വിഭാഗങ്ങളിലുണ്ടായ പരസ്യമായ അതൃപ്തി. ഒടുവിൽ ജേക്കബ് തോമസിനെത്തന്നെ നിരായുധനാക്കിയ തീരുമാനം. രമൺ ശ്രീവാസ്തവയെപ്പോലുള്ള ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കിയ തീരുമാനം. ടോമിൻ തച്ചങ്കരിക്കു നൽകിയ സ്ഥാനം. മൂന്നാറിലെ കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ. അതിനെതിരേ നിലകൊണ്ട യുവ കളക്ടർക്കെതിരേയുള്ള ബഹളം, മികച്ച രാഷ്ട്രീയതന്ത്രമെങ്കിലും കെ എം മാണിയുമായുള്ള അധാർമിക നീക്കുപോക്കുകൾ.

പതിവു മന്ത്രിസഭകൾക്കുണ്ടാക്കുന്ന തൊഴിലാളിസമരങ്ങൾ, ക്രമസമാധാനപ്രശ്‌നങ്ങൾ, മൗലിക പരിഷ്‌കാരങ്ങൾ കൊണ്ടുവരുമ്പോൾ നിക്ഷിപ്ത താൽപര്യക്കാരുടെ വലിയ എതിർപ്പ്, ജാതിമത താൽപര്യക്കാരുടെ ശത്രുത, സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും പരസ്പര ഭിന്നത ഇതൊക്കെ ഇക്കുറി കാര്യമായ വെല്ലുവിളികളുണ്ടാക്കിയില്ല. പക്ഷേ, ഉണ്ടായ പ്രശ്‌നങ്ങളെല്ലാം വ്യക്തിപരവും വൈകാരികവുമായിരുന്നു. ഈ സർക്കാരിനെ നയിക്കുന്നവരുടെ ദുർവാശി, ദുരഭിമാനം, പക, അഹന്ത ഇതൊക്കെയാണ് ജനങ്ങളിൽനിന്നും അകറ്റുന്നത്. ഇതെല്ലാം ഭരിക്കുന്നവരുടെ അബോധതലങ്ങളിലെ അപകർഷം അരക്ഷിതബോധം സർവോപരി വിവരമില്ലായ്മയിൽനിന്ന് ഉരുവം കൊള്ളുന്നത്.

ബംഗാൡലെ തകർച്ചയ്‌ക്കൊക്കെ ഉത്തരവാദിത്തം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മേൽ വന്നപോലെ കേരളത്തിന്റെ ദുരന്തത്തിന്റെ കാരണക്കാരനായി പിണറായി കുറ്റപ്പെടുത്തപ്പെട്ടാൽ അദ്ഭുതപ്പെടാനില്ല. കുറേ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ സമ്മതി നേടാനുള്ള സർക്കാർ സംവിധാനങ്ങൾ ഒന്നുമില്ല. മഹിജയുടെ സമരകാലത്ത് ഇറക്കിയ സർക്കാർ പരസ്യം ഓർക്കുക. പൊതുജനസമ്പർക്കത്തിനായി നടത്തുന്ന എല്ലാ ശ്രമങ്ങളും തിരിഞ്ഞുകൊത്തുകയാണു പതിവ്. കേരളത്തിന്റെ പ്രയാണത്തിലെ സുപ്രധാന സന്ധ്യയിൽ അധികാരത്തിൽവന്ന ഇടതുപക്ഷവും വ്യക്തിപരമായി പിണറായി വിജയനും ഈ ചരിത്രപ്രധാന അവസരം നഷ്ടമാക്കുന്നതു മനസിലാക്കാൻ വിഷമമുള്ളതാണ്. കോൺഗ്രസിനും ബിജെപിക്കും ബദൽ എന്നു നിരന്തരംവിളിച്ചു പറയുന്ന പാർട്ടി അതു തെൡയിക്കാൻ കിട്ടുന്ന അവസരം പാഴാക്കുകയാണ്.

ഒരുകാര്യം ഉറപ്പാണ്. അടിയന്തരമായി കടുത്ത അഗ്നിശമന പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ അഞ്ചുവർഷം ഈ സർക്കാരിനെ ജനം സഹിക്കുമോ എന്ന സംശയം ന്യായമാണ്. കോൺഗ്രസിനും ബിജെപിക്കും ബദൽ എന്ന പുരപ്പുരത്തുകയറിനിന്നു നിരന്തരം വിളിച്ചുകൂവുന്ന ഇടതുപക്ഷത്തിന് തങ്ങൾ അധികാരം കിട്ടിയ ഇടങ്ങളിൽ എന്തു കുന്തമാണ് ചെയ്തതെന്ന ചോദ്യത്തിന്റെ മുന്നിൽ ഇളിഭ്യരായി നിൽക്കുക മാത്രമേ കഴിയുന്നുള്ളൂ. ദുർബലമായ കേന്ദ്ര നേതൃത്വത്തിനാകട്ടെ മുമ്പു ബംഗാളിലെന്ന പോലെ കേരളത്തിലെ ഘടകങ്ങളെ നേർവഴിക്കു നടത്താനോ മറ്റു മാറ്റങ്ങൾ കൊണ്ടുവരാനോ കരുത്തില്ല. ഏതെങ്കിലും ഒരു മുന്നണിയെ മാറി മാറി വരിക്കാൻ വിധിക്കപ്പെട്ട കേരള ജനതയ്ക്കു മുന്നിൽ മൂന്നാമതൊരു സാധ്യതയുണ്ട്. രാജ്യമാകെ വ്യാപിക്കുന്ന ബിജെപി കേരളത്തെ പ്രത്യേകം ലാക്കാക്കി അമിത് ഷാ തന്ത്രങ്ങൾ മെനയുകയാണത്രേ. നേമം എന്ന ആദ്യപടിയിൽനിന്ന് ഇനി ഏതൊക്കെ എന്ന കണക്കുകൂട്ടുകയാണ് അവരെന്നുപറഞ്ഞാണ് രാധാകൃഷ്ണൻ ലേഖനം അവസാനിപ്പിക്കുന്നത്.

എംജിആറിന്റെ മലക്കം മറിച്ചിലിന്റെ രാഷ്ട്രീയം

വി എസ് അച്യുതാനന്ദൻ കേരളം ഭരിക്കുമ്പോഴും വി എസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുമ്പോഴും പിണറായി വിജയനെ ശക്തിയുക്തം പിന്താങ്ങിയിരുന്ന എം ജി രാധാകൃഷ്ണന് എക്കാലത്തും ഒരു ഔദ്യോഗിക പക്ഷ ലൈനായിരുന്നു ഉണ്ടായിരുന്നത്. പിതാവും ഇടതു സൈദ്ധാന്തികനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ പാർട്ടിക്കു പുറത്തുപോകലും മറ്റുമുണ്ടാക്കിയ സാഹചര്യത്തിൽ വി എസ് അച്യുതാനന്ദനു കാര്യമായ പങ്കുണ്ടെന്നു നടന്ന ചർച്ചയുടെ തുടർച്ചയായി വേണം ഇതിനെ വായിച്ചെടുക്കാൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായി ചുമതലയേൽക്കുന്നതുവരെ പാർട്ടി ഔദ്യോഗിക പക്ഷാനുകൂല നിലപാടുമായി എം ജി രാധാകൃഷ്ണൻ ചർച്ചകളിൽ ചാനൽ സ്റ്റുഡിയോകളിൽ എത്തിയിരുന്നു.

പെട്ടെന്നാണ് പിണറായി സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ചുള്ള സമയത്ത് എംജി രാധാകൃഷ്ണന്റെ നിലപാടു മാറ്റമെന്നു പറയാൻ പറ്റില്ല. പാർട്ടിയുമായി അടുപ്പമുള്ള ആരും പാർട്ടിയെ വിമർശിച്ചുപോകുന്ന ഘട്ടത്തിൽ കൃത്യമായി ഇടപെടുക തന്നെയാണ് എം ജി രാധാകൃഷ്ണൻ ചെയ്തത്. പക്ഷേ, അത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥനും കർണാടകത്തിൽനിന്നുള്ള ബിജെപി എംപിയും കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടുകളോടുള്ള അടുപ്പമാകുമ്പോഴാണ് എംജിആറിന്റെ രാഷ്ട്രീയം ചർച്ചയാകുന്നത്. ഇടതുപക്ഷത്തുനിൽക്കുന്ന മാധ്യമപ്രവർത്തകൻ എന്ന പേരെടുത്ത അദ്ദേഹം ഇപ്പോൾ പറയുന്ന പല വാദങ്ങളും രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. കേരളത്തിൽ ബിജെപി വളരുകയാണെന്ന സത്യം ആണയിട്ടു പറയുമ്പോൾ അതിനു മറ്റു രാഷ്ട്രീയമെന്തെങ്കിലുമുണ്ടോയെന്നു സംശയിച്ചാലും തെറ്റില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP