Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖ്യ ശത്രു ബിജെപി എന്ന് പറയുമ്പോഴും കോൺഗ്രസ് ബാന്ധവം തള്ളിക്കളഞ്ഞ സിപിഎം നിലപാട് മനസ്സിലാകാതെ രാജ്യം എമ്പാടുമുള്ള ഇടത് ബുദ്ധിജീവികൾ; നിലപാടിന് പിന്നിൽ ലാവ്‌ലിൻ-ടിപി-എൻഡിടിവി കേസുകൾ എന്ന ആരോപണം ഉന്നയിച്ച് യെച്ചൂരി പക്ഷക്കാർ; യെച്ചൂരി ഇന്ത്യക്ക് വേണ്ടി നിലപാട് എടുത്തപ്പോൾ കാരാട്ട് എടുത്തത് കേരളത്തിന് വേണ്ടി മാത്രം; കേരളത്തിൽ സിപിഎമ്മിന് ഗുണം ചെയ്‌തേക്കുമെങ്കിലും മോദി വിരുദ്ധ സഖ്യത്തിന് കനത്ത തിരിച്ചടി

മുഖ്യ ശത്രു ബിജെപി എന്ന് പറയുമ്പോഴും കോൺഗ്രസ് ബാന്ധവം തള്ളിക്കളഞ്ഞ സിപിഎം നിലപാട് മനസ്സിലാകാതെ രാജ്യം എമ്പാടുമുള്ള ഇടത് ബുദ്ധിജീവികൾ; നിലപാടിന് പിന്നിൽ ലാവ്‌ലിൻ-ടിപി-എൻഡിടിവി കേസുകൾ എന്ന ആരോപണം ഉന്നയിച്ച് യെച്ചൂരി പക്ഷക്കാർ; യെച്ചൂരി ഇന്ത്യക്ക് വേണ്ടി നിലപാട് എടുത്തപ്പോൾ കാരാട്ട് എടുത്തത് കേരളത്തിന് വേണ്ടി മാത്രം; കേരളത്തിൽ സിപിഎമ്മിന് ഗുണം ചെയ്‌തേക്കുമെങ്കിലും മോദി വിരുദ്ധ സഖ്യത്തിന് കനത്ത തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് 19 സംസ്ഥാനത്താണ് ബിജെപി ഭരണമുള്ളത്. മോദി പ്രഭാവം തീരെ ഏൽക്കാതെ പോയത് ഡൽഹിയിലാണ്. ഒരുമിച്ച് നിന്നാൽ ഹൈന്ദവ രാഷ്ട്രീയത്തെ ചെറുക്കാനാകുമെന്ന് ബീഹാറിൽ നിതീഷ് കുമാറും ലല്ലു പ്രസാദ് യാദവും കാണിച്ച് തരികയും ചെയ്തു. പിന്നീട് ലാലുവും നിതീഷും രണ്ട് വഴിക്കായി. ഇപ്പോൾ ബിജെപി പിന്തുണയോടെയാണ് നിതീഷിന്റെ ഭരണം. അപ്പോഴും ബിജെപിയെ അകറ്റാൻ മറ്റുള്ളവരെല്ലാം ഒരുമിക്കുകയെന്ന ഫോർമുലയുടെ സാധ്യത ബീഹാർ തുറന്നുകാട്ടി. ഗുജറാത്തിലും ബിജെപി കിതച്ചത് ഈ ഒരുമയുടെ ഫലമായിരുന്നു. ഇത്തരത്തിലൊരു ഇടപെടൽ ഉണ്ടായാൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും പുറത്താക്കാമെന്ന് ഏവരും പ്രതീക്ഷിച്ചു. ഇതിനാണ് സിപിഎം തന്നെ തടയിട്ടത്.

കോൺഗ്രസുമായി തിരഞ്ഞെടുപ്പുധാരണ വേണ്ടെന്ന വാചകം സിപിഎം കരടു രാഷ്ട്രീയ പ്രമേയത്തിൽ വേണമെന്നു കാരാട്ടുപക്ഷം ശാഠ്യംപിടിക്കുന്നതാണ് എല്ലാത്തിനും കാരണം. ഇതിന് പിന്നിലെ 'അജൻഡ' ആർക്കും മനസ്സിലാകുന്നില്ല. കാരാട്ടിന്റെ നിലപാട് പാർട്ടി അംഗീകരിക്കുമ്പോൾ തളരുന്നത് മോദിയെ അതിശക്തമായി എതിർക്കുന്ന ഇടത് ബുദ്ധിജീവി സംഘമാണ്. കാരാട്ടിന്റെ രാഷ്ട്രീയം ആർക്കും മനസ്സിലാകുന്നില്ല. കാരാട്ടുപക്ഷ നിലപാട് ഉൾപ്പെടുത്തിയ കരടു രാഷ്ട്രീയ പ്രമേയം കൊൽക്കത്തയിൽ സമാപിച്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെ അംഗീകരിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യമായിരുന്നു കാരാട്ടിന്റെ തീരുമാനത്തിന് പിന്നിൽ. പക്ഷേ ഇന്ത്യയെന്ന നിലയിൽ ചിന്തിക്കുമ്പോൾ കനത്ത തിരിച്ചടിയാണ് മോദി വിരുദ്ധ ക്യാമ്പിന് ഇത് നൽകുന്നത്.

സിപിഎം മുൻകൈയെടുത്ത് പ്രതിപക്ഷ ബദൽ പലരും സ്വപ്‌നം കണ്ടു. കോൺഗ്രസും ഇടതു പക്ഷവും സോഷ്യലിസറ്റും മറ്റ് ചെറു പാർട്ടികളും ഉൾപ്പെടുന്ന കൂട്ടുമുന്നണി. ഇതിലൂടെ മാത്രമേ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂവെന്ന് ചിന്ത സജീവമായിരുന്നു. കാരാട്ട് പാര വച്ചത് ഈ നീക്കത്തിനാണ്. അതുകൊണ്ട് തന്നെ ഇടത് മതേതര വാദികൾ ആകെ വേദനയിലും. ലാവ്ലിൻ, ടിപി കേസുകളുടെയും കാരാട്ട് ദമ്പതികളുടെ ബന്ധുവിന്റെ ടിവി ചാനൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണു ബിജെപിയെ പ്രീണിപ്പിക്കുന്ന, കോൺഗ്രസ് വിരുദ്ധ നിലപാടിനു കാരാട്ടുപക്ഷം വാശിപിടിച്ചതെന്നാണ് യച്ചൂരിയെ അനുകൂലിക്കുന്നവരുടെ ആരോപണം.

ഇരുപക്ഷത്തിന്റെയും ബലപരീക്ഷണംതീർന്നില്ലെന്നും ഹൈദരാബാദിലെ പാർട്ടി കോൺഗ്രസാണ് അടുത്ത വേദിയെന്നുമുള്ള സൂചനയാണു ലഭിക്കുന്നത്. യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച പിബി - സിസി അംഗങ്ങൾക്കെല്ലാം പാർട്ടി കോൺഗ്രസിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നു കൊൽക്കത്ത സിസിയിൽ അധ്യക്ഷനായ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞതും തർക്കം ഉടനെ തീരില്ലെന്നു വ്യക്തമാക്കുന്നു. ഇന്നലെ അംഗീകരിച്ച കരടു പ്രമേയം അടുത്ത മാസം പകുതിയോടെ പരസ്യപ്പെടുത്തും. വിഷയത്തിൽ ത്രിപുരയുടെ മനസ്സും യെച്ചൂരിക്ക് അനുകൂലമാണ്. കാരണം അവിടേയും ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന വെല്ലുവിളി. എന്നാൽ കേരളത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇവിടെ ബിജെപിക്ക് ശക്തി കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തിന് വേണ്ടി ഇന്ത്യയെ മറക്കുന്ന തീരുമാനം കാരാട്ട് എടുപ്പിച്ചുവെന്നാണ് ആരോപണം.

എൻഡിടിവിയും പ്രകാശ് കാരാട്ടും

പ്രകാശ് കാരാട്ടും ഭാര്യ വൃന്ദാ കാരാട്ടും പോളിറ്റ് ബ്യൂറോ അംഗങ്ങളാണ്. വൃന്ദയുടെ സഹോദരിയാണ് രാധിക റോയ്. എൻഡിടിവി പ്രമോട്ടറും പ്രമുഖ മാധ്യമപ്രവർത്തകനുമായ പ്രണോയ് റോയുടെ ഭാര്യയാണ് രാധിക റോയ്. ഇവവടെ വീടുകളിലും ടിവി ചാനലിന്റെ ഓഫിസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന് 48 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും വായ്പയ്ക്കായി ഓഹരികൾ പണയംവച്ചതു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) അറിയിച്ചില്ലെന്നുമുള്ള പരാതിയിലായിരുന്നു റെയ്ഡ്. പക്ഷേ പെട്ടെന്ന് പൊലീസ് നിശബ്ദരായി. ഇതിനും സിപിഎമ്മിന്റെ കോൺഗ്രസ് എതിർപ്പുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

പ്രണോയ്, രാധിക എന്നിവർക്കും ബാങ്കിന്റെ ചില ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സിബിഐ വ്യക്തമാക്കിയിരുന്നു. എൻഡിടിവി കൺസൽട്ടന്റായിരുന്ന സഞ്ജയ് ദത്ത് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണത്രേ നടപടി. എന്നാൽ സർക്കാരിനെതിരെയുള്ള സ്വതന്ത്രവും നിർഭയവുമായ നിലപാടിന്റെ പേരിൽ തങ്ങളെ വേട്ടയാടുന്നതിന്റെ ഭാഗമാണു റെയ്ഡെന്ന് എൻഡിടിവി ചാനൽ കുറ്റപ്പെടുത്തി. വായ്പ ഏഴുവർഷം മുൻപ് തിരിച്ചടച്ചതാണെന്നും ചാനൽ വ്യക്തമാക്കുകയും ചെയ്തു. വൃന്ദയും പ്രകാശ് കാരാട്ടും രാധികയ്ക്കും പ്രണോയിക്കുമൊപ്പാണു താമസിക്കുന്നത്. ഈ ബന്ധം എൻഡിടിവിക്ക് ഗുണമായെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പ്രധാനമന്ത്രി മോദിയെ പ്രകാശ് കാരാട്ട് പിണക്കിയാൽ എൻഡിടിവിക്ക് പണം കൊടുക്കും. ഈ സാഹചര്യത്തിലാണ് കാരാട്ട് ബിജെപി വിരുദ്ധ ചേരിയെന്ന ആശയത്തെ പൊളിക്കുന്നതെന്നാണ് വിലയിരുത്തൽ.

ചാനലിലെ ഒരു ചർച്ചയ്ക്കിടയിൽ ബിജെപി വക്താവ് സമ്പിത് പാത്രയെ ഇറക്കിവിട്ടത് അടുത്തിടെ വിവാദമായിരുന്നു. പ്രണോയിയും രാധികയും ഉടമകളായ ആർആർപിആർ ഹോൾഡിങ്സ്, ഇന്ത്യ ബുൾസിൽനിന്നെടുത്ത 500 കോടിയുടെ വായ്പ തിരിച്ചടയ്ക്കാൻ ഐസിഐസിഐ ബാങ്കിൽനിന്ന് 19% പലിശയ്ക്ക് 375 കോടി വായ്പയെടുത്തു. ഇതിനായി എൻഡിടിവിയുടെ 61% ഓഹരി പണയംവച്ചെന്നും ഇത് ബാങ്കിങ് ചട്ടത്തിനു വിരുദ്ധമാണെന്നായിരുന്നു സിബിഐ വാദം. ഓഹരി പണയംവച്ചതു സെബിയെ അറിയിച്ചില്ലെന്നും ബാങ്ക് പിന്നീട് പലിശ പത്തുശതമാനമായി കുറച്ചെന്നും ആരോപണമുണ്ട്.

ലാവ്‌ലിനും ടിപിയും പിന്നെ പിണറായിയും

എസ് എൻ സി ലാവ്‌ലിന്റെ അഴിമതിയിൽ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി. സിബിഐ അതിന് ശേഷം അപ്പീൽ കൊടുക്കാൻ ഏറെ വൈകി. ലാവ്‌ലിൻ കേസിൽ സിബിഐയ്ക്ക് ഒരു താൽപ്പര്യവുമില്ല. ബീഹാറിൽ ലാലുവിനെ അഴിമതി കേസിൽ കുടുക്കിയവർക്ക് കേരളത്തിൽ മൃദു സമീപനം. മോദിയുമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ലാവ്‌ലിനിൽ സിബിഐയെ അനുകൂലമാക്കാൻ പിണറായി ശ്രമിക്കുന്നുവെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. എൻഡിടിവിക്കൊപ്പം ഇതും സിപിഎം രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആരോപണം.

ടിപി ചന്ദ്രശേഖരൻ കൊലക്കേസും സിബിഐ അന്വേഷിക്കും. ഇതിൽ പിണറായിയെ പ്രതിയാക്കണമെന്നാണ് ടിപിയുടെ ഭാര്യ കെകെ രമയുടെ ആവശ്യം. ടിപിയെ 51 വെട്ട് വെട്ടി കൊന്നതിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത തല ഗൂഢാലോചനയുണ്ടെന്നാണ് രമയുടെ ആക്ഷേപം. കണ്ണൂരിൽ സിബിഐ അന്വേഷിച്ച പല കേസിലും പിജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾ പ്രതികളായി. ടിപിയിൽ അതുണ്ടാകരുതെന്ന് തന്നെയാണ് സിപിഎം കേരള ഘടകം ആഗ്രഹിക്കുന്നത്. ഇതിന് കേന്ദ്രത്തെ ഒപ്പം നിർത്തണം. അതിന് ബിജെപിയെ പ്രീണിപ്പിക്കുന്നു. മോദിയെ കൈയിലെടുത്ത് കേസുകളൊതുക്കാനുള്ള കേരളാ ഘടകത്തിന്റെ നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഎമ്മിലെ യെച്ചൂരി പക്ഷം സംശയിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിലെ അടവുനയം അതതു സമയത്തു തീരുമാനിക്കാമെന്നുകൂടി കരടു പ്രമേയത്തിൽ വ്യക്തമാക്കിയത്. അതിനുശേഷമാണ്, കോൺഗ്രസുമായി ധാരണയില്ലെന്ന പരാമർശം. ഇത് എങ്ങനെ ശരിയാകുമെന്ന ചോദ്യത്തിനും ഉത്തരമില്ല. താൻ മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ തള്ളപ്പെട്ടതിനാൽ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിയാൻ തയാറാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിലും (സിസി) സീതാറാം യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതു സിസി തള്ളിക്കളഞ്ഞു.

കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോയിലും (പിബി) താൻ രാജിതാൽപര്യം വ്യക്തമാക്കിയതാണെന്നും പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാകുമെന്ന കാരണം പറഞ്ഞു പിബി തന്നെ വിലക്കിയെന്നും യച്ചൂരി സിസിയിൽ പറഞ്ഞു. ആവശ്യം സിസി നിരസിച്ചപ്പോൾ, പാർട്ടിയുടെ ഐക്യം മാത്രം കണക്കിലെടുത്താണു തുടരുന്നതെന്ന് യച്ചൂരി പറഞ്ഞു. വോട്ടെടുപ്പിനു മുൻപാണ് യച്ചൂരി രാജിസന്നദ്ധത അറിയിച്ചത്.

ഇനി സിപിഎമ്മിൽ കേരള ആധീശത്വം

കോൺഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പുധാരണകളും വേണ്ടെന്ന് പ്രഖ്യാപിക്കുന്ന കരട് രാഷ്ട്രീയപ്രമേയം സിപിഎമ്മിലെ കേരളാ ഘടകത്തിന്റെ കരുത്തിന് തെളിവാണ്. രാഷ്ട്രീയ അടവുനയം സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലാണ് ബലപരീക്ഷണമെങ്കിലും കേരളഘടകത്തിന്റെ നിലപാടാണ് പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്രകമ്മിറ്റിയിലെയും ചർച്ചകളിലും വോട്ടെടുപ്പിലും നിർണായകമായത്.

വി എസ് അച്യൂതാന്ദൻ യെച്ചുരിക്കൊപ്പമായിരുന്നു. തോമസ് ഐസകും കോൺഗ്രസിന് അനുകൂലമായി. പക്ഷേ ബാക്കിയെല്ലാവരും ഒരുമിച്ചു. രാഷ്ട്രീയപ്രമേയത്തിന്റെ കരടാണ് കേന്ദ്രകമ്മിറ്റി തയ്യാറാക്കുകയെന്നും അന്തിമതീരുമാനം പാർട്ടികോൺഗ്രസിലായിരിക്കുമെന്നുമുള്ള യെച്ചൂരിയുടെ പ്രഖ്യാപനം വീണ്ടുമൊരു ബലപരീക്ഷണം പാർട്ടികോൺഗ്രസിലുമുണ്ടാകുമെന്നതിന്റെ സൂചനയാണ്. എന്നാൽ, ഇവിടേയും കാരട്ട് തന്നെ ജയിക്കും.

രാഷ്ട്രീയ അടവുനയം സംബന്ധിച്ച് കാരാട്ടും എസ്. രാമചന്ദ്രൻപിള്ളയും ചേർന്നുതയ്യാറാക്കിയ രേഖയാണ് അടുത്ത പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, തുടക്കംമുതൽക്കെ ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നിലപാട് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു. എല്ലാ ജില്ലാസമ്മേളനങ്ങളിലും ഇരുവരും ഈ രാഷ്ട്രീയനിലപാട് വിശദീകരിക്കുകയുംചെയ്തു. മുമ്പ് സിപിഎമ്മിൽ ബംഗാൾ ഘടകത്തിനായിരുന്നു നിർണായകസ്വാധീനം. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ അതു ക്ഷയിച്ചു. ബംഗാളിൽ ഒരു തിരിച്ചുവരവ് സ്വപ്നംകണ്ടാണ് ബംഗാൾ ഘടകം കോൺഗ്രസ് സഹകരണത്തിനായി വാദിച്ചത്. എന്നാൽ, അത് കേരളത്തിലെ പാർട്ടിക്ക് ആത്മഹത്യാപരമാകുമെന്നാണ് കേരളഘടകത്തിന്റെ വാദം. ഇത് അംഗീകരിക്കപ്പെട്ടു. ബംഗാളിൽ സിപിഎമ്മിന് തിരിച്ചുവരവില്ലെന്ന് നേതാക്കൾ തിരിച്ചറിയുന്ന സാഹചര്യവും കേരളാ ഘടകത്തിന് തുണയായി.

സിപിഎമ്മിൽ മുമ്പ് ബംഗാൾ ഘടകത്തിനുണ്ടായിരുന്ന അധീശത്വം ഇപ്പോൾ കേരളഘടകം സ്വന്തമാക്കിയിരിക്കുന്നു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവരാണ് കേരളത്തിൽനിന്നുള്ള പി.ബി. അംഗങ്ങൾ. ഇവരെക്കൂടാതെ പ്രകാശ് കാരാട്ടും മലയാളിയാണ്. പി.ബി.യോഗത്തിൽ എം.എ. ബേബി എന്തുനിലപാടെടുത്തുവെന്ന് വ്യക്തമല്ല. എന്നാൽ, വി എസ്. അച്യുതാനന്ദൻ യെച്ചൂരിക്കൊപ്പമാണെന്ന് വ്യക്തമാണ്. കോൺഗ്രസ് സഹകരണത്തെ പിന്തുണച്ച് കേന്ദ്രകമ്മിറ്റിക്ക് വി എസ്. കത്തുനൽകിയതും അതിന് തെളിവാണ്. കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവാണ് വി എസ്.

സുന്ദരയ്യരുടെ പിൻഗാമിയാകാൻ യെച്ചൂരി ?

കോൺഗ്രസ് അനുകൂല രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സീതാറാം യെച്ചൂരിയുടെ ജനറൽസെക്രട്ടറി സ്ഥാനം പ്രതിസന്ധിയിലായി. ധാർമികമായി അദ്ദേഹത്തിന് പദവിയിൽ തുടരാനാവില്ല. കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസമുറപ്പിക്കാനാവാത്ത സ്ഥിതി വന്നതിനാൽ വരുന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരിക്ക് സ്ഥാനമൊഴിയേണ്ടിവരും. പാർട്ടി കോൺഗ്രസിൽ യെച്ചൂരി തന്റെ നിലപാട് വീണ്ടും അവതരിപ്പിക്കും. ബിജെപി ബദലിനായി വാദിക്കുകയും ചെയ്യും. ഇത് പാർട്ടി കോൺഗ്രസിനെ പൊട്ടിത്തെറിയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ രാജി വെച്ചത് ഇങ്ങനെയായിരുന്നു. ജനസംഘത്തെയും മറ്റുംകൂട്ടി അടിയന്തരാവസ്ഥയെ ചെറുക്കുന്നതിന് എതിരായിരുന്നു സുന്ദരയ്യ. അടിയന്തരാവസ്ഥ ദീർഘകാല പ്രതിഭാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതിനാൽ പാർട്ടി പൂർണമായും ഒളിവിൽ കഴിഞ്ഞുള്ള സംഘടനാ സംവിധാനത്തിനുവേണ്ടി അദ്ദേഹം വാദിച്ചു. ഇത്തരമൊരു രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സുന്ദരയ്യ സ്ഥാനമൊഴിഞ്ഞു.

പിന്നീട്, ഹർകിഷൻ സിങ് സുർജിത്തിനായിരുന്നു സമാനമായ സ്ഥിതി. ഐക്യമുന്നണിസർക്കാർ വേളയിൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അന്നു ജനറൽ സെക്രട്ടറിയായിരുന്ന സുർജിത്തിന്റെ വാദം കേന്ദ്രകമ്മിറ്റിയിൽ അംഗീകരിക്കപ്പെട്ടില്ല. പക്ഷേ രാജിയിലേക്ക് കാര്യങ്ങളെത്തിയില്ല. എന്നാൽ ഇവിടെ യെച്ചൂരിയുടെ രാജിക്കായി വേണ്ടിയാണ് കാരാട്ട് നിൽക്കുന്നത്.

പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്

എന്നാൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന മട്ടിലുള്ള സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം അന്തിമമാകില്ലെന്നു കോൺഗ്രസ് വിലയിരുത്തുന്നു. ആത്യന്തികമായി ദേശീയ പ്രതിപക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നിൽക്കാൻ സിപിഎം നിർബന്ധിതമാകുമെന്നാണു കണക്കുകൂട്ടൽ. ഇാരാവരുത്, മോദിയുടെ ബിജെപി സർക്കാർ തന്നെയാവണം എന്ന് അവർ ആഗ്രഹിക്കുന്നു. ജനാധിപത്യ - മതനിരപേക്ഷ ശക്തികളെ അവർ ഒറ്റിക്കൊടുക്കുകയാണ്.'' - ഇങ്ങനെയാണ് ആന്റണി സിപിഎം നീക്കതോട് പ്രതികരിച്ചത്. മതനിരപേക്ഷ കക്ഷികളുടെ പോരാട്ടത്തിൽ സിപിഎമ്മും ഇടതു പാർട്ടികളും കോൺഗ്രസിനൊപ്പം കൈകോർക്കണമെന്ന നിർദ്ദേശം കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യം മുന്നോട്ടുവച്ചത് ആന്റണിയാണ്. ഇതിനെയാണ് കാരാട്ട് അട്ടിമറിച്ചത്.

വിഷയത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം കൂടുതൽ പഠിച്ചശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണമുണ്ടാകുമെന്നു വക്താവ് അജയ് മാക്കൻ പറഞ്ഞു. മികച്ച പാർലമെന്റേറിയനായ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പാർലമെന്റിൽ പ്രതിപക്ഷ ഏകോപനത്തിനു ചുക്കാൻ പിടിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവാണു യച്ചൂരി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. യെച്ചൂരിക്ക് കോൺഗ്രസിനോട് മൃദു സമീപനമാണെന്ന ആക്ഷേപവും ഉണ്ട്. എന്നാൽ ഇതൊക്കെ ബിജെപിയെ കെട്ടുകെട്ടിക്കാനാണെന്ന് യെച്ചുരി പറയുന്നു. സീതാറാം യച്ചൂരിയുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആന്റണിയും ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾക്കെല്ലാം നല്ല ബന്ധമാണ്. ഇത് കൂടി മനസ്സിൽ വച്ചായിരുന്നു കാരാട്ട് പാരയുമായി എത്തിയത്.

അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പിനു മുൻപു മറ്റ് ഇടതു പാർട്ടികൾക്കൊപ്പം സിപിഎമ്മും കൂടുതൽ ക്രിയാത്മകമായ അടവുനയത്തിലേക്കു ചുവടു മാറ്റാൻ നിർബന്ധിതമാകുമെന്നാണു കോൺഗ്രസ് കരുതുന്നത്. കോൺഗ്രസ് വിരുദ്ധതയെന്ന കാലഹരണപ്പെട്ട നയത്തിനു നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തിയില്ലെന്ന് എഐസിസി നേതാവ് പി.സി.ചാക്കോ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP