Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഷ്ട്രീയത്തിൽ ഇറങ്ങാൻ സമ്മതം അറിയിച്ച് പ്രിയങ്കാ ഗാന്ധി; പാതി സമ്മതം മൂളി സോണിയയും; രണ്ട് അധികാര കേന്ദ്രങ്ങൾ ദുർബ്ബലമാക്കുമെന്ന് ഭയന്ന് അനിഷ്ടം പ്രകടിപ്പിച്ച് രാഹുലും; രാഹുൽ എഐസിസി അധ്യക്ഷനാകുമ്പോൾ ചർച്ച പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തന്നെ

രാഷ്ട്രീയത്തിൽ ഇറങ്ങാൻ സമ്മതം അറിയിച്ച് പ്രിയങ്കാ ഗാന്ധി; പാതി സമ്മതം മൂളി സോണിയയും; രണ്ട് അധികാര കേന്ദ്രങ്ങൾ ദുർബ്ബലമാക്കുമെന്ന് ഭയന്ന് അനിഷ്ടം പ്രകടിപ്പിച്ച് രാഹുലും; രാഹുൽ എഐസിസി അധ്യക്ഷനാകുമ്പോൾ ചർച്ച പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ ലുക്ക്... ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കരുത്ത്... ശക്തമായ വാക്കുകൾ... കോൺഗ്രസിനെ പ്രിയങ്കാ ഗാന്ധി നയിക്കുന്നതാണ് നല്ലതെന്ന് കരുതുന്നവർ ഏറെയാണ്. ഇന്ദിരയിലെ ശക്തയായ ഭരണാധികാരി പ്രിയങ്കയിലുമുണ്ടെന്ന് ബഹുഭൂരിഭാഗം കോൺഗ്രസുകാരും പറയുന്നു. അതിനാൽ പ്രിയങ്കയെ രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന വാദം ശക്തമാണ്. ഏതായാലും പ്രിയങ്ക സമ്മതം മൂളുകയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി പ്രിയങ്കയും ഉണ്ടാകും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കും. അമ്മ സോണിയാ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണ്. അതുകൊണ്ട് തന്നെ സോണിയയുടെ സിറ്റിങ് സീറ്റായ റായ് ബറേലി പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള രണഭൂമിയാകുമെന്ന് ഏവരും വിലയിരുത്തുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സോണിയയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമായത് പ്രിയങ്കയായിരുന്നു. നരേന്ദ്ര മോദിക്കെതിരെ അന്ന് പ്രിയങ്ക നടത്തിയ പ്രസ്താവനകൾ ചർച്ചയാവുകയും ചെയ്തു. ബിജെപിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള കരുത്ത് രാഹുലിനേക്കാൾ പ്രിയങ്കയ്ക്കാണ് കൂടുതലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. സോണിയയോടും ഈ വികാരം പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിൽ താൻ തടസ്സമാകില്ലെന്ന് സോണിയ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുപേരും രംഗത്തിറങ്ങുന്നതിനോട് നേരത്തെ സോണിയ അനുകൂലമായിരുന്നില്ല. സോണിയ സ്ഥാനമൊഴിയാൻ തീരുമാനിക്കും മുൻപു തന്നെ പ്രിയങ്കയെ വിളിക്കുകയെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു.

ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവും ജനക്കൂട്ടവുമായി സംവദിക്കുന്നതിലെ മികവും അവരെ വേറിട്ടു നിർത്തുന്നതായിരുന്നു കാരണം. സജീവരാഷ്ട്രീയത്തിൽ നിന്നു പിന്മാറുന്നുവെന്നു സോണിയ തന്നെ സൂചിപ്പിച്ചതോടെ ഈ ആവശ്യം ശക്തമായി. അടുത്ത തിരഞ്ഞെടുപ്പിൽ സോണിയയുടെ റായ് ബറേലി മണ്ഡലത്തിൽ നിന്നു പ്രിയങ്ക മത്സരിക്കുകയെന്നതാണ് ഉൾപ്പാർട്ടി ചർച്ചകളിലൊന്ന്. ഇതേസമയം, ഉടൻ പ്രിയങ്കയെക്കൂടി രംഗത്തിറക്കി രണ്ട് അധികാരകേന്ദ്രങ്ങൾ സൃഷ്ടിക്കരുതെന്ന അഭിപ്രായമാണ് രാഹുൽ അനുകൂല ക്യാമ്പിനുള്ളത്. സോണിയയോട് രാഹുൽ തന്നെ ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇത് പാർട്ടിയെ ദുർബ്ബലമാക്കുമെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുന്നത് തടയാൻ രാഹുലിന് കഴിയില്ലെന്നാണ് പ്രിയങ്കാ ക്യാമ്പിന്റെ വിശദീകരണം.

കോൺഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുൽ ഗാന്ധി ഇന്ന് അധ്യക്ഷപദമേൽക്കമ്പോഴാണ് പ്രിയങ്കയുടെ കാര്യത്തിൽ ചർച്ച സജീവമാകുന്നത്. 132 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോർഡുമായി ഇന്നു പടിയിറങ്ങുന്ന സോണിയ ഗാന്ധി, സജീവരാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്ന സൂചനയുമുണ്ട്. രാഹുലിനെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാൻ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ പ്രമുഖരുടെ നിര എഐസിസി ആസ്ഥാനത്തെത്തും. അസുഖത്തെത്തുടർന്നു വിശ്രമിക്കുന്ന എ.കെ. ആന്റണി പങ്കെടുക്കാനിടയില്ല. രാവിലെ 11 നു തുടങ്ങുന്ന സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് അഥോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തും. തിരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം അദ്ദേഹം കൈമാറും.

രാഹുലിനെ അധ്യക്ഷപദവിയിലേക്കു സ്വാഗതം ചെയ്തു മന്മോഹൻ സിങ് ഹ്രസ്വപ്രസംഗം നടത്തും. അധ്യക്ഷപദത്തിൽനിന്നു സോണിയയുടെ വിടവാങ്ങൽ പ്രസംഗവും അധികാരമേറ്റു രാഹുൽ നടത്തുന്ന പ്രസംഗവുമായിരിക്കും ശ്രദ്ധേയം. ഇതിനിടെ, സോണിയ ഗാന്ധി സജീവരാഷ്ട്രീയം വിടുമെന്ന സൂചനകൾക്കു വിശദീകരണവുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തി. പാർട്ടി അധ്യക്ഷപദത്തിൽനിന്നു മാറുന്നുവെന്നേ ഉള്ളൂ; സോണിയ എന്നും പാർട്ടിക്കു വഴികാട്ടിയായി ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP