Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപിയെ ഒഴിവാക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന പ്രമേയം ഉറപ്പാക്കുന്നത് എന്ത് വിലകൊടുത്തും വിശാലഐക്യം ഉറപ്പിക്കുമെന്ന് തന്നെ; 12 സംസ്ഥാനങ്ങളിൽ നിന്നും 150 സീറ്റുകൾ നേടാൻ കൃത്യമായ ആസൂത്രണം ഉറപ്പു വരുത്തും; മമതയും മായാവതിയും അഖിലേഷും കുമാരസ്വാമിയും സ്റ്റാലിനും നായിഡുവും പിരിയാതെ നോക്കും; അടുപ്പിക്കേണ്ടത് ബിജെഡിയേയും ടിആർസിനേയും; ശിവസേനയുമായി ബിജെപി തെറ്റിപ്പിരിഞ്ഞത് മുതലാക്കാനുള്ള നീക്കങ്ങളും തുടങ്ങി; ലോക്‌സഭയിലേക്ക് ഒരുങ്ങി രാഹുൽ

ബിജെപിയെ ഒഴിവാക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന പ്രമേയം ഉറപ്പാക്കുന്നത് എന്ത് വിലകൊടുത്തും വിശാലഐക്യം ഉറപ്പിക്കുമെന്ന് തന്നെ; 12 സംസ്ഥാനങ്ങളിൽ നിന്നും 150 സീറ്റുകൾ നേടാൻ കൃത്യമായ ആസൂത്രണം ഉറപ്പു വരുത്തും; മമതയും മായാവതിയും അഖിലേഷും കുമാരസ്വാമിയും സ്റ്റാലിനും നായിഡുവും പിരിയാതെ നോക്കും; അടുപ്പിക്കേണ്ടത് ബിജെഡിയേയും ടിആർസിനേയും; ശിവസേനയുമായി ബിജെപി തെറ്റിപ്പിരിഞ്ഞത് മുതലാക്കാനുള്ള നീക്കങ്ങളും തുടങ്ങി; ലോക്‌സഭയിലേക്ക് ഒരുങ്ങി രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 150 സീറ്റോടെ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയാണ് കോൺഗ്രിസന്റെ ലക്ഷ്യം. ഇതിലൂടെ ബിജെപിയുടെ വിഹിതം 120 സീറ്റോളം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയാകുന്നതോടെ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിപദവും ഉറപ്പിക്കാം. ഇതിനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ഒരുക്കുന്നത്. സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി പരമാവധി വിട്ടുവീഴ്ചയിലൂടെ മുന്നണി ബന്ധമുണ്ടാക്കും. ഇതിലൂടെയാണ് 150 സീറ്റെന്ന മാജിക് നമ്പർ രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്.

കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, കർണാടക തുടങ്ങി പാർട്ടിക്കു സ്വാധീനമുള്ള 12 സംസ്ഥാനങ്ങളിൽ നിന്ന് 150 സീറ്റ് നേടുകയാണു ലക്ഷ്യം. ബാക്കിയുള്ളിടത്ത് ബിജെപിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കും. ഇതിനായി പ്രബല പ്രാദേശിക കക്ഷിക്കു പിന്നിൽ കോൺഗ്രസ് അണിനിരക്കാനാണ് തീരുമാനം. ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ വിശാല മനസ്സോടെയും വിട്ടുവീഴ്ചകൾക്കു തയാറായും സംസ്ഥാനതലത്തിൽ പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ലക്ഷ്യം രാഹുലിനെ പ്രധാനമന്ത്രിയാക്കുകയാണ്. സഖ്യങ്ങൾ രൂപീകരിക്കാൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർട്ടി പ്രവർത്തക സമിതി യോഗം ഏകകണ്ഠമായി ചുമതലപ്പെടുത്തി. രാഹുലിന്റെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതല കൂട്ടുകെട്ടുകൾക്ക് അന്തിമ രൂപം നൽകും.

കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഇക്കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് വലിയ ലക്ഷ്യമെന്നും കോൺഗ്രസ് പറയുന്നു. ബിജെപി ക്യാമ്പിലേക്ക് പ്രാദേശിക പാർട്ടികളെ എത്തിക്കാതെയും നോക്കും. ബംഗാളിൽ മമതാ ബാനർജിയും യുപിയിൽ മയാവതിയും അഖിലേഷ് യാദവും ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവും ബിജെപിക്കൊപ്പം ചേരില്ലെന്ന് കോൺഗ്രസ് ഉറപ്പിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തെറ്റി പിരിഞ്ഞു. ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കാനും നീക്കം നടത്തും. ശിവസേനയുമായി പ്രത്യക്ഷ സഖ്യത്തിന് കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ കരുതലോടെ മുന്നോട്ട് പോകാനാണ് ശ്രമം.

തമിഴ്‌നാട്ടിൽ ഡിഎംകെയും സ്റ്റാലിനും കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കും. എന്നാൽ ഒഡീഷയിൽ നവീൻ പട്‌നായിക് നിലപാട് വ്യക്തമാക്കുന്നില്ല. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപിയെ പിന്തുണയ്ക്കാത്ത ബിജു ജനതാദൾ പ്രതിപക്ഷത്തിനും കൈകൊടുത്തില്ല. ഈ സാഹചര്യത്തിൽ ബിജു ജനതാദളിനെ എങ്ങനേയും അടുപ്പിക്കാനാണ് നീക്കം. ഒഡീഷയിൽ അവരുമായി സഖ്യത്തിനും കോൺഗ്രസ് തയ്യാറാണ്. തെലുങ്കാനയിലും ടിആർസും രണ്ട് മനസ്സിലാണ്. അവരേയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. കരുത്തരായ സഖ്യകക്ഷികളെ കിട്ടാതെ ബിജെപി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിയുമെന്ന വിലയിരുത്തലാണ് ഈ തന്ത്രങ്ങൾക്ക് കാരണം. പ്രാദേശിക പാർട്ടികളെ പിണക്കരുതെന്ന് എല്ലാ നേതാക്കളോടും കോൺഗ്രസ് ഹൈക്കമാണ്ട് നിർദ്ദേശം കൊടുത്തിട്ടുണ്ട്.

ബിജെപിയെ ഒറ്റയ്ക്കു മറികടക്കാനുള്ള കെൽപ്പ് പാർട്ടിക്കില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്, ബിജെപി വിരുദ്ധ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളെ കോർത്തിണക്കിയുള്ള വിശാല പ്രതിപക്ഷ രൂപീകരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 2004 ലെ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ സഖ്യകക്ഷികളെ പിന്നിൽ അണിനിരത്തി രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാമെന്നാണ് പ്രതീക്ഷ. അന്ന് 145 സീറ്റാണ് കോൺഗ്രസിന് കിട്ടിയത്. സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ പ്രബല സഖ്യകക്ഷികൾക്കു മുൻഗണന നൽകി, അണിയറയിൽ ചാലകശക്തിയായി നിന്ന് സർക്കാരുണ്ടാക്കും.

മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), മായാവതി (ബിഎസ്‌പി), അഖിലേഷ് യാദവ് (എസ്‌പി), തേജസ്വി യാദവ് (ആർജെഡി), എം.കെ.സ്റ്റാലിൻ (ഡിഎംകെ), എച്ച്.ഡി. കുമാരസ്വാമി (ജെഡിഎസ്) എന്നിവർ സഖ്യ കൂട്ടുകെട്ടിൽ നിർണായക പങ്കു വഹിക്കും. ബിഹാർ, യുപി, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ പത്തിൽ താഴെ സീറ്റിൽ മാത്രം വിജയിക്കുന്ന സാഹചര്യവും ഉണ്ടാകാനാണ് ശ്രമം. സംസ്ഥാന കേന്ദ്രീകൃത സഖ്യങ്ങളാണു പാർട്ടി രൂപീകരിക്കുക. ഒരു സംസ്ഥാനത്തെ എതിരാളി, മറ്റൊരിടത്തു മിത്രമാകും. ഇടതു കക്ഷികൾ മുതൽ തൃണമൂൽ വരെയുള്ളവരുമായുള്ള സഖ്യങ്ങൾക്കു രാഹുൽ മുൻകയ്യെടുക്കും.

'ബിജെപിയുടെ സംഘടനാ, സാമ്പത്തിക കരുത്തിനെ മറികടക്കാൻ വിശാല മനസ്സോടെയുള്ള പ്രാദേശിക സഖ്യങ്ങൾ അനിവാര്യമാണെന്നും മോദിയുടെ പതനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞുവെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP