Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജീവ് ചന്ദ്രശേഖരൻ കേരളാ എൻഡിഎ ഘടകത്തിന്റെ വൈസ് ചെയർമാൻ ആയതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാട് മാറും; കേന്ദ്ര സർക്കാറിന്റെ മുന്നണി നേതൃയോഗങ്ങളിൽ മലയാളി സാന്നിധ്യമായി പി സി തോമസ്; ലക്ഷ്യമാക്കുന്നത് ക്രിസ്ത്യൻ ബെൽറ്റ്; കേരളത്തിൽ മൂന്നാം ബദലിനായി എൻഡിഎയുടെ ശ്രമങ്ങൾ യാഥാർത്ഥ്യ ബോധ്യത്തോടെ തന്നെ

രാജീവ് ചന്ദ്രശേഖരൻ കേരളാ എൻഡിഎ ഘടകത്തിന്റെ വൈസ് ചെയർമാൻ ആയതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാട് മാറും; കേന്ദ്ര സർക്കാറിന്റെ മുന്നണി നേതൃയോഗങ്ങളിൽ മലയാളി സാന്നിധ്യമായി പി സി തോമസ്; ലക്ഷ്യമാക്കുന്നത് ക്രിസ്ത്യൻ ബെൽറ്റ്; കേരളത്തിൽ മൂന്നാം ബദലിനായി എൻഡിഎയുടെ ശ്രമങ്ങൾ യാഥാർത്ഥ്യ ബോധ്യത്തോടെ തന്നെ

കെ സി റിയാസ്

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നത് ബിഡിജെഎസിനെ എൻഡിഎയിലേക്ക് അടുപ്പിച്ചതായിരുന്നു. ഇതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറക്കാനും സംസ്ഥാനത്തെ വോട്ട് ഷെയർ വർദ്ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. ഇപ്പോൾ ബിജെപിയെ കേരളത്തിൽ ശക്തിപ്പെടുത്താനും മൂന്നാം മുന്നണിയെ കൂടുതൽല കരുത്തരാക്കാനുമുള്ള യാഥാർത്ഥ്യ ബോധ്യത്തോടെയുള്ള ശ്രമങ്ങളുമായാണ് ബിജെപി മുന്നോട്ടു പോകുന്നത്. ഇത് ലക്ഷ്യം വച്ചുള്ള ശക്തമായ രണ്ട് നീക്കങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതിൽ ഒന്നാമത്തേതാണ് ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ രാജീവ് ചന്ദ്രശേഖരനെ കേരളത്തിലെ എൻഡിഎ ഘടകത്തിന്റെവൈസ് ചെയർമാനായി നിയമിച്ചത്. ഇതിലൂടെ ശക്തമായ ഒരു മാദ്ധ്യമത്തെ ഒപ്പം നിർത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

അടുത്തകാലത്തായ സംഘപരിവാർ അനുയായികളുമായി സംഘർഷത്തിന്റെ പാതയിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. എന്നാൽ, ഇതുവരെ കേരളത്തിന് പുറത്ത് ബിജെപി രാഷ്ട്രീയം കളിച്ച രാജീവ് ചന്ദ്രശേഖരൻ വാർത്തയുടെ കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. എന്നാൽ, കേരളത്തിൽ ബിജെപി രാഷ്ട്രീയം വളർത്താൻ വേണ്ടി രാജീവ് രംഗത്തെത്തുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിനും അതിന് അനുസരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അടക്കം ഏഷ്യാനെറ്റ് ന്യൂസ് പിന്തുടർന്നത് ഒരു ഇടതു അനുകൂല സമീപനമായിരുന്നു. ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാൻ വേണ്ടിയാണ് എൻഡിഎയുടെ മുന്നണി കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളിയെ നിയമിച്ചതും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തന്നെയാണ് ചെയർമാൻ.

മുൻ എംപിയും കേരള കോൺഗ്രസ് ചെയർമാനുമായ പി സി തോമസിനെ കേരളത്തിൽ നിന്നുള്ള ദേശീയ പ്രതിനിധിയായും തെരഞ്ഞെടുത്തിരുന്നു. ഇതാദ്യമാണ് എൻഡിഎ ദേശീയ നേതൃയോഗത്തിൽ മലയാളി സാന്നിധ്യമുണ്ടാവുന്നത്. ഇത് കേരളത്തിലെ ക്രിസ്ത്യൻ സമുദാത്തെ ലക്ഷ്യമിട്ടുള്ള നീക്കമായി വിലയിരുത്തുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ കടവ് റിസോർട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

രാവിലെ അമിത് ഷാ ഘടകകഷി നേതാക്കളുമായി വെവ്വേറെ ചർച്ചകൾ നടത്തിയ ശേഷമാണ് എൻ ഡി എ യോഗം ചേർന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മേധാവി രാജീവ് ചന്ദ്രശേഖർ എംപി വൈസ്‌ചെയർമാനായ 20 അംഗ കമ്മിറ്റിയിൽ ജനാധിപത്യ രാഷ്ട്രീയസഭ ചെയർമാൻ സി കെ ജാനു, ജെ എസ് എസ് ജനറൽസെക്രട്ടറി എ എൻ രാജൻ ബാബു, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരൻ, പി കെ കൃഷ്ണദാസ്, കേരള കോൺഗ്രസ് ജനറൽസെക്രട്ടറി രാജൻ കണ്ണാട്ട് എന്നിവർ സഹ കൺവീനർമാരായിരിക്കും.

ഒ രാജഗോപാൽ എം എൽ എ, വിവിധ ഘടകകക്ഷിനേതാക്കളായ എം മെഹബൂബ് (എൽ ജെ പി), വി വി രാജേന്ദ്രൻ (സോഷ്യലിസ്റ്റ് ജനതാ പാർട്ടി), കുരുവിള മാത്യു (നാഷണലിസ്റ്റ് കേരള കോൺഗ്രസ്), കെ കെ കെ പൊന്നപ്പൻ (പി എസ് പി), ആർ പൊന്നപ്പൻ (ജെ എസ് എസ്), ഡി പ്രേമാനന്ദൻ (എൻ ഡി പി സെക്കുലർ), ബി സുരേഷ്ബാബു (ബി ഡി ജെ എസ്), വി ഗോപകുമാർ (ബി ഡി ജെ എസ്), സുനിൽ തെക്കൻ (ജെ ആർ എസ്), അഹമ്മദ് തോട്ടത്തിൽ (കേരള കോൺഗ്രസ്), കുമാർദാസ് (ജെ ആർ എസ്) എന്നിവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

എൻ ഡി എ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബി ഡി ജെ എസ് നേരത്തേ ഉന്നയിച്ചിരുന്നെങ്കിലും ബിജെപി അതിനു വഴങ്ങിയിരുന്നില്ല. മുന്നണിയിലെ പ്രമുഖ കക്ഷിയായ തങ്ങൾക്കുതന്നെ കൺവീനർ സ്ഥാനം വേണമെന്നായിരുന്നു ബിജെപിയുടെ വാദം. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നണി പ്രവർത്തനം വിപുലീകരിക്കാൻ കഴിഞ്ഞദിവസം കോഴിക്കോട്ട് സമാപിച്ച ബിജെപി ദേശീയ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ആദിവാസി, ദലിത്, പിന്നാക്ക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് അമിത് ഷാ നൽകിയ നിർദ്ദേശം. ബോർഡ്, കോർപ്പറേഷനുകളിലെ ഒഴിവുള്ള പദവികളിൽ ഉടൻ തീരുമാനം ഉണ്ടാക്കാമെന്നും അമിത് ഷാ ഉറപ്പു നൽകിയതായാണ് വിവരം. ആദിവാസികളുടെ ഭൂപ്രശ്‌നം അടക്കമുള്ള ജനകീയ പ്രശ്‌നങ്ങൾ സജീവമാക്കി സമര മുഖം സജീവമാക്കാനും തീരുമാനമുണ്ട്.

മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂത്ത് തലം വരെ വിപുലീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഡിസംബറോടെ പൂർത്തിയാക്കും. ശേഷം മണ്ഡലം, ജില്ലാ കമ്മറ്റികൾ നിലവിൽ വരും. ഡിസംബറിൽ മേഖലാ തലത്തിൽ റാലികൾ നടത്താനും ഒക്‌ടോബർ ആറിന് എറണാകുളത്ത് സംസ്ഥാന യോഗം ചർന്ന് പ്രവർത്തന രൂപരേഖ തയ്യാറാക്കാനും തീരുമാനിച്ചു.

കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ പലതും വേണ്ട രൂപത്തിൽ ജനങ്ങളിലെത്തുന്നില്ലെന്നും ചിലതെല്ലാം സംസ്ഥാന സർക്കാർ സ്വന്തം പദ്ധതികളായി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണെന്നും ഉദ്യോഗസ്ഥ തലത്തിൽ അനാസ്ഥയുണ്ടെന്നും യോഗം വിലയിരുത്തി. കർഷക, ആദിവാസി, ദലിത്, പിന്നാക്ക വിഷയങ്ങളിൽ കൂടുതൽ സജീവമായി ഇടപെടും. ഇടത് സർക്കാർ തികഞ്ഞ പരാജയമാണെന്നും ഭരണപരാജയം മറച്ചുവെക്കാൻ ആക്രമണം അഴിച്ചുവിടുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രതിപക്ഷമായ. കോൺഗ്രസിന് ഗ്രൂപ്പ് വഴക്കിൽ പെട്ട് ജനകീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.

പി സി തോമസിലൂടെ ലക്ഷ്യമാക്കുന്നത് ക്രിസ്ത്യൻ ബെൽറ്റ്

കേന്ദ്രസർക്കാരിന് നേതൃത്വം നല്കുന്ന എൻ ഡി എയുടെ ദേശീയ നേതൃയോഗങ്ങളിൽ ഇനി മലയാളി സാന്നിധ്യവും. കേരള കോൺഗ്രസ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസിനെ എൻ ഡി എ ദേശീയ കമ്മറ്റിയുടെ സ്ഥിരം ക്ഷണിതാവായി നിയമിച്ചു. ഇത്രയും നാൾ എൻ ഡി എയുടെ ദേശീയ യോഗത്തിൽ അത്തരമൊരു പ്രാതിനിധ്യം ഇല്ലായിരുന്നു. ഈ നിയമനത്തിലൂടെ ക്രിസ്ത്യൻ സമൂഹത്തിന് വലിയൊരു സന്ദേശം കൂടിയാണ് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാകുന്നത്. ഇന്നലെ കടവ് റിസോർട്ടിൽ ചേർന്ന എൻ ഡി എ സംസ്ഥാന യോഗത്തിൽ ബിജെപി ദേശീയ പ്രസിഡന്റും എൻ ഡി എ ദേശീയ ചെയർമാനുമായ അമിത് ഷായാണ് പി സി തോമസിനെ പ്രസ്തുത സ്ഥാനത്തേക്ക് നിയോഗിച്ചത്. വൈകാതെ തന്നെ ആ ഉത്തരവ് ഔദ്യോഗിക ലെറ്റർ ഹെഡ്ഡിൽ അദ്ദേഹം മാദ്ധ്യമങ്ങൾക്കു നൽകുകയുമുണ്ടായി.

ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുകയെന്ന ദൗത്യത്തോടൊപ്പം കേരളത്തിന്റെ വികസന ആവശ്യങ്ങൾ കേന്ദ്രത്തിലെത്തിക്കുകയെന്ന ദൗത്യവും കൂടിയാണ് പി സി തോമസ് എന്ന പരിചയസമ്പന്നനെ നിയമിച്ചതിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി ടി ചാക്കോയുടെ മകനും ഒരു കാലത്ത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ കെ എം മാണിയുടെ വിശ്വസ്തനുമായിരുന്നു പി സി തോമസ്.

2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് പി സി തോമസ് ഐ എഫ് ഡി പിയുടെ പ്രതിനിധിയായി ഇരു മുന്നണികളെയും തറപറ്റിച്ച് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് പാർട്ടി പി ജെ ജോസഫ് നേതൃത്വം നല്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുകയായിരുന്നു. കേരള കോൺഗ്രസ് എൽ ഡി എഫ് വിട്ടതോടെ ഇടതു മുന്നണിയിൽ ഉറച്ചുനിന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണി നേതൃത്വം സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ വീണ്ടും ബിജെപി പാളയത്തിലെത്തുകയായിരുന്നു.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ കൂടി മുന്നണിയുടെ ഭാഗമാക്കാൻ ബിജെപിയിൽ സി കെ പത്മനാഭനെ പോലുള്ള ഒറ്റപ്പെട്ട നേതാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പാർട്ടിക്കും മുന്നണിക്കും മാണി സ്വീകാര്യനാണ്. മാണിയിലൂടെയും പി സി തോമസിലൂടെയും ക്രിസ്ത്യൻ ബെൽറ്റിൽ നിന്ന് വലിയൊരു വോട്ടുബാങ്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് എൻ ഡി എ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് കോൺഗ്രസിനെയാണ് കൂടുതൽ പ്രതികൂലമായി ബാധിക്കുക. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നിലപാട് അവരാണ് വ്യക്തമാക്കേണ്ടതെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ അവർക്ക് മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഇരു മുന്നണികളോടും വിയോജിക്കുകയും എൻ ഡി എയുടെ നിലപാടുകൾ അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടികൾക്കെല്ലാം എൻ ഡി എയുടെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.

ബി ഡി ജെ എസ് പാർട്ടി എസ് എൻ ഡി പി യോഗത്തിന്റെ ബി ടീമല്ലെന്നും വിവിധ സംഘടനകൾ ഇതിൽ അംഗങ്ങളാണെന്നും എൻ ഡി എ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു. സ്ഥാനങ്ങളെ ചൊല്ലി ബിജെപിയുമായി ബി ഡി ജെ എസിന് പ്രശ്‌നങ്ങളുണ്ടെന്നത് മാദ്ധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. സമുദായസംഘടനയെന്ന നിലയിൽ എസ് എൻ ഡി പിക്ക് മാറിവരുന്ന സർക്കാരുകളുമായി സംവദിക്കേണ്ടിവരുമെന്നും തങ്ങളുടെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തുക സ്വാഭാവികമാണെന്നും അഛൻ വെള്ളാപ്പള്ളി നടേശന്റെ ഇടപെടലുകളോടായി അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP