Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധം വരുമ്പോൾ വിളിക്കുമെന്നും അപ്പോൾ കാണണമെന്നുമുള്ള പ്രഖ്യാപനം വെറുതയല്ല; തമിഴകത്ത് അവതാരപ്പിറവി ഡിസംബറിലോ? ജന്മദിനത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനമെന്ന് റിപ്പോർട്ടുകൾ; ചർച്ചകൾ സജീവമാക്കാൻ സ്‌റ്റൈൽ മന്നൻ

യുദ്ധം വരുമ്പോൾ വിളിക്കുമെന്നും അപ്പോൾ കാണണമെന്നുമുള്ള പ്രഖ്യാപനം വെറുതയല്ല; തമിഴകത്ത് അവതാരപ്പിറവി ഡിസംബറിലോ? ജന്മദിനത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനമെന്ന് റിപ്പോർട്ടുകൾ; ചർച്ചകൾ സജീവമാക്കാൻ സ്‌റ്റൈൽ മന്നൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഡിസംബറിലെ ജന്മദിനാഘോഷത്തിൽ സൂപ്പർതാരം രജനീകാന്ത് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന. അതുവരെ തമിഴക രാഷ്ട്രീയം നിരീക്ഷിക്കാനാണ് തീരുമാനം. രജനിയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേയും ചർച്ചയായിരുന്നെങ്കിലും ഇത്തവണ താരം രണ്ടും കൽപ്പിച്ചു തന്നെയാണെന്നു റിപ്പോർട്ട്. ജയലളിതയുടെ മരണമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. തമിഴ്‌നാടിനെ രക്ഷിക്കാൻ ഉറച്ച തീരുമാനം എടുക്കുമെന്ന് അടുപ്പക്കാരെ സൂപ്പർ താരം അറിയിച്ചിട്ടുണ്ട്.

ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. ഓഗസ്റ്റിൽ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച അന്തിമ ചർച്ചകൾ നടത്തും. കഴിഞ്ഞ മാസം അഞ്ചുദിനം നീണ്ട ആരാധക സമ്പർക്ക പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. യുദ്ധം വരുമ്പോൾ വിളിക്കുമെന്നും അപ്പോൾ കാണണമെന്നുമായിരുന്നു ആഹ്വാനം. ഇത് നിറവേറ്റുമെന്ന് തന്നായണ് സൂചന. അടുപ്പമുള്ളവരോടെല്ലാം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനി ചർച്ച നടത്തിക്കഴിഞ്ഞു. അനുയോജ്യമായ സമയം ജന്മദിനമാണെന്ന തരിച്ചറിവിലാണ് താരം.

ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയിൽ ഉടലെടുത്ത പ്രതിസന്ധി പുതിയൊരു രാഷ്ട്രീയ ശക്തിക്കു വളരാനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക രജനിയെപ്പോലൊരു സൂപ്പർ താരത്തിനായിരിക്കുമെന്ന വികാരമാണ് അദ്ദേഹത്തിനൊപ്പമുള്ളവർ പങ്കുവയ്ക്കുന്നത്. ജയലളിതയുടെ മരണത്തോടെ അനാഥമായ തമിഴ് രാഷ്ട്രീയത്തെ നയിക്കാൻ സ്‌റ്റൈൽമന്നൻ രജനീകാന്ത് എത്തുന്നുവെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. രജനി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ സൂചനകൾ പലപ്പോഴായി നല്കിയെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ജൂലൈയിൽ രജനി സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്ക്വാദ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ജന്മനാളിലേക്ക് നീട്ടാനാണ് തീരുമാനം. ജൂലൈയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പുള്ളതാണ് ഇതിന് കാരണം. അതിനിടെയിൽ രാഷ്ട്രീയം വേണ്ടെന്ന് രജനിക്ക് ഉപദേശം കിട്ടി. ംജിആർ മുതൽ ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴകം രജനിയെയും കയ്യൊഴിയില്ലെന്നാണ് പ്രതീക്ഷ. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുക എന്നതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യം. അടുത്തിടെ ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലെ രാഷ്ട്രീയ സംവിധാനത്തെ വിമർശിച്ച രജനി, താൻ രാഷ്ട്രീയത്തിൽ വരണമെന്ന് ദൈവം തീരുമാനിച്ചാൽ അതു നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ 'യുദ്ധസജ്ജരാകാൻ' രജനീകാന്ത് നൽകിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

പരമ്പരാഗതമായി ചലച്ചിത്ര താരങ്ങൾക്കു വൻ വേരോട്ടം ലഭിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ വരവിനെ ദ്രാവിഡ പാർട്ടികളും ബിജെപി, കോൺഗ്രസ് തുടങ്ങിയ ദേശീയ പാർട്ടികളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ള രജനിയെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ സ്വന്തം പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാനായിരുന്നു രജനിക്ക് താത്പര്യം. അതേസമയം രജനിയുടെ പുതിയ പാർട്ടി എൻഡിഎയുടെ ഭാഗമായേക്കുമെന്നു സൂചനകളുണ്ട്. താരത്തെ സ്വന്തം പാളയത്തിലെത്തിക്കാൻ പാർട്ടികൾ കച്ച മുറുക്കുന്നതിനിടെ മോദി-രജനീകാന്ത് കൂടിക്കാഴ്ചയെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോൾ മറ്റു പാർട്ടികൾ കരുതലോടെയാണു പ്രതികരിച്ചത്. ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തിൽ തീർത്തിരിക്കുന്ന വൻവിടവിൽ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ പ്രാധാന്യമുണ്ട്. എക്കാലത്തും നാടകീയ നീക്കങ്ങളിലൂടെ അധികരത്തിലെത്തുകയും ദ്രാവിഡ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ചെയ്തിരുന്ന കരുണാനിധി സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറിനിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ഏറ്റവും അനുകൂലമായ സാഹചര്യമാണ് രജനിക്ക് ഒരുക്കിയിരിക്കുന്നത്.

1996ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണു രജനി ആദ്യമായി തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞത്. ജയലളിത വീണ്ടും അധികാരത്തിലെത്തിയാൽ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ലെന്നായിരുന്നു അത്. എന്നാൽ ഇതിൽ ഖേദിക്കുന്നതായി അദ്ദേഹം പിന്നീടു വ്യക്തമാക്കുകയും ചെയ്തിരുന്നു. രജനിയുടെ പ്രഖ്യാപനത്തിന് ശേഷം ഡിഎംകെ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരുന്നു. 2004ൽ ബിജെപിക്കു വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കാനും താരം തയാറായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യമാകെ ബിജെപി തരംഗം വീശിയെങ്കിലും തമിഴ്‌നാട്ടിൽ ബിജെപിക്കും സഖ്യകക്ഷി പിഎംകെയ്ക്കും കിട്ടിയത് ഓരോ സീറ്റ് വീതമായിരുന്നു. ആർകെനഗർ ഉപതിരഞ്ഞെടുപ്പിൽ ഗംഗൈ അമരൻ ബിജെപി സ്ഥാനാർത്ഥിയായപ്പോൾ തനിക്കു രജനിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു നിഷേധിച്ചിരുന്നു.

മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെ പുതിയ പാർട്ടി രൂപീകരിച്ച് ദ്രാവിഡ വികാരത്തെ പരമാവധി ചൂഷണം ചെയ്ത് അധികാരം പിടിക്കുകയാണ് സ്‌റ്റൈൽമന്നന്റെ ലക്ഷ്യം. രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിനായ് തമിഴ് ജനതയും ആവേശത്തോടെ കാത്തിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. പാർട്ടി പ്രഖ്യാപനമുണ്ടായാൽ അണ്ണാ ഡി.എംകെയും ഡിഎംകെയും ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളും എംഎൽഎമാരും കൂട്ടത്തോടെ രജനിക്കൊപ്പം ചേരുമെന്നും സൂചനയുണ്ട്. ഹൈന്ദവ-സംഘപരിവാർ രാഷ്ട്രീയം തമിഴ്‌നാട്ടിൽ പ്രായോഗികമാകില്ലെന്ന തിരിച്ചറിവിൽ രജനികാന്തിന്റെ പാർട്ടിയെ ഒപ്പം കൂട്ടി വിശാല ദ്രാവിഡ ഐക്യത്തിനുള്ള ചരടുവലികളാണ് ബിജെപി സംസ്ഥാന നേതൃത്വവും അമിത് ഷായും നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP