Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴകത്തിൽ അവതാരപ്പിറവിക്ക് സമയമായോ? താരദൈവം രജനീകാന്ത് ബിജെപി തമിഴ്‌നാട് ഘടകത്തെ നയിക്കാനെത്തുമെന്ന സൂചന ശക്തം; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണ രംഗത്തിറങ്ങാൻ സമ്മദ്ദം ശക്തം; സ്‌റ്റൈൽ മന്നനെ അടുപ്പിക്കാൻ ചരട് വലിക്കുന്നത് മോദി നേരിട്ട്

തമിഴകത്തിൽ അവതാരപ്പിറവിക്ക് സമയമായോ? താരദൈവം രജനീകാന്ത് ബിജെപി തമിഴ്‌നാട് ഘടകത്തെ നയിക്കാനെത്തുമെന്ന സൂചന ശക്തം; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണ രംഗത്തിറങ്ങാൻ സമ്മദ്ദം ശക്തം; സ്‌റ്റൈൽ മന്നനെ അടുപ്പിക്കാൻ ചരട് വലിക്കുന്നത് മോദി നേരിട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴ്‌നാടിന് നഷ്ടമായത് നേതാവിനെയാണ്. കരുണാനിധി കിടപ്പിലായതും നേതൃ പ്രതിസന്ധിക്ക് കാരണമായി. ഈ സാഹചര്യം മുതലക്കാൻ അവതരാപ്പിറവി തമിഴകത്ത് ഉണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സ്റ്റൈൽ മന്നൻ രജനികാന്ത് നേരിട്ട് രംഗത്ത് വന്നില്ലെങ്കിൽ തമിഴക രാഷ്ട്രീയം മന്നാർഗുഡി മാഫിയയുടെ പിടിയിലാകും. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയാകൻ ശശികല നടത്തിയ കള്ളക്കളിക്കെതിരെ ജനം തെരുവിലിറങ്ങിയതും ഇതിന്റെ ഭാഗമായിരുന്നു. ഒടുവിൽ സുപ്രീംകോടതി ഇടപെടലിൽ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴിക്കുള്ളിലായി. പനീർശെൽവം നടത്തിയ വിമത നീക്കമെല്ലാം അട്ടിമറിക്കപ്പെട്ടു. അങ്ങനെ പളനിസ്വാമി റിമോർട്ട് കൺട്രോൾ മുഖ്യമന്ത്രിയുമായി. ജയലളിതയുടെ മരണമുണ്ടാക്കിയ ഒഴിവിൽ ആർ കെ നഗറിൽ ഉപതെരഞ്ഞെടുപ്പ്. ഇവിടെ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്നത് ശശികലയുടെ മാനസപുത്രൻ ദിനകരനും. ജയിച്ചാൽ ദിനകരൻ മന്ത്രിയാണ്. ഇത് തടയാൻ ആർ കെ നഗറിലെ ജനം രംഗത്ത് വരുമെന്നാണ് ഏവരുടേയും വലിയിരുത്തൽ.

പക്ഷേ ഈ ജനതയെ ഉണർത്താൻ അവതാര പിറവി അനിവാര്യമാണ്. ഇതിനുള്ള സാധ്യത ഏറെയാണെന്ന് തമിഴക രാഷ്ട്രീയം ഇപ്പോൾ പ്രതീക്ഷിക്കുന്നു. ആർ കെ നഗറിലെ ബിജെപി സ്ഥാനാർത്ഥി സിനിമാ സംഗീത സംവിധായകൻ ഗംഗൈ അമരനാണ്. ഇളയരാജയുടെ സഹോദരൻ. ഗംഗൈ അമരന് മത്സരിക്കാനെത്തുന്നത് രജനിയുടെ നിർദ്ദേശ പ്രകാരമാണെന്ന് ആദ്യമേ വിലയിരുത്തലുണ്ടായിരുന്നു. ശശികലയ്ക്ക് എതിരെ പലപ്പോഴും ആരോപണവുമായി മുന്നിൽ നിന്ന ഗംഗൈ അമരനെ ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് രജനിയാണെന്നായിരുന്നു അഭ്യൂഹം. ഇത് ശരിവയ്ക്കുന്ന തരത്തിൽ ഗംഗൈ അമരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രജനി രംഗത്തുവന്നു. ആർ കെ നഗറിൽ തന്റെ പിന്തുണ ഗംഗൈ അമരനാണെന്ന് പരസ്യമാക്കുകയാണ് സൂപ്പർ താരം. ഇതോടെ ബിജെപി ക്യാമ്പിൽ രജനി എത്തുമെന്ന വിലയിരുത്തലും സജീവമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് രജനിയെ ബിജെപി ക്യാമ്പിലെത്തിക്കാൻ കരുക്കൾ നീക്കുന്നതെന്നാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് ചെന്നൈയിലെത്തിയ മോദി, രജനിയേയും സന്ദർശിച്ചിരുന്നു. ഇരുവരുമായി അടുത്ത സൗഹൃദം ഏറെ നാളായി ഉണ്ട്. എന്നാൽ ജയലളിതയുടെ പ്രഭാവം അതിശക്തമായതിനാൽ ബിജെപിയുമായുള്ള രാഷ്ട്രീയ സഹകരണത്തിന് രജനി തയ്യാറായില്ല. നേരത്തെ ജയയ്‌ക്കെതിരെ ചില രാഷ്ട്രീയ പരമാർശങ്ങൾ രജനി നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ കാലത്ത് രാഷ്ട്രീയം വേണ്ടെന്ന തീരുമാനം രജനി എടുക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ജയയുണ്ടാക്കിയ വിടവ് വീണ്ടു രജനിയിലേക്ക് ചർച്ചകളെത്തിച്ചു. തികഞ്ഞ അരാജകത്വം തമിഴക രാഷ്ട്രീയത്തിലുണ്ട്. വിശ്വാസമുള്ള നേതാവിനെ തമിഴ് ജനത ആഗ്രഹിക്കുന്നു. ഇത് രജനിയെ മുൻനിർത്തി വോട്ടാക്കി മാറ്റാൻ ബിജെപിയും മോദിയും ആഗ്രഹിക്കുന്നത്. ഇതിന് രജനി വഴങ്ങിയതിന്റെ സൂചനയായി ഗംഗൈ അമരന്റെ സ്ഥാനാർത്ഥിത്വവും രജനിയുടെ പരസ്യ നിലപാടും വിലയിരുത്തപ്പെടുന്നു.

ഗംഗൈ അമരനെ ഇന്നലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ചർച്ച നടത്തുകയായിരുന്നു രജനി. ജയലളിതയുടെ മരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്ന ആർകെ നഗറിൽ ബിജെപിയുടെ സാധ്യതകൾക്ക് തിളക്കമേറുന്നതായി ഈ കൂടിക്കാഴ്ചയെ നിരീക്ഷകർ വിലയിരുത്തുന്നു. ജയലളിതയുടെ മരണത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. എഐഎഡിഎംകെയുടെ താത്കാലിക ജനറൽ സെക്രട്ടറി ശശികലയുടെ മരുമകൻ ദിനകരനാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥി. ദിനകരനെതിരെ മണ്ഡലത്തിൽ അതൃപ്തി വർധിക്കുന്നു എന്നാണ് റിപ്പോർട്ട്. ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ തമിഴ് സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന ഗംഗൈ അമരനെ പോരാട്ടത്തിനിറക്കി ബിജെപി എതിരാളികളെ ഞെട്ടിച്ചു.ഗംഗൈ അമരന്റെ മകനും ചലച്ചിത്ര സംവിധായകനുമായ വെങ്കട് പ്രഭു ഈ കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ''നമ്മുടെ തലൈവർ, സൂപ്പർസ്റ്റാർ രജനി എന്റെ അച്ഛന്റെ രാഷ്ട്രീയ വിജയത്തിന് ആശംസകൾ നേർന്നു'' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പൊയസ് ഗാർഡനിലെ രജനിയുടെ വീട്ടിൽ നടന്ന ഈ കൂടിക്കാഴ്‌ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്.

രജനി ഫാൻസ് അസോസിയേഷൻ എന്ന വലിയ ആരാധകവൃന്ദമുള്ള രജനി, തന്റെ മനസ് ആർക്കൊപ്പമാണെന്ന സന്ദേശമാണ് നൽകിയതെന്നാണ് വിലയിരുത്തൽ. ആർ കെ നഗറിൽ ഗംഗൈ അമരിനിലൂടെ പരീക്ഷണത്തിന് രജിനി തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്. യുപിയിൽ മോദി തംരഗം ബിജെപിയെ വിജയത്തിലെത്തിച്ചു. ഇതിന് പിന്നാലെ ആർ കെ നഗറിലും ബിജെപി നേട്ടമുണ്ടാക്കിയാൽ രജനി രാഷ്ട്രീയത്തിൽ സജീവമാകും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയും ഏറ്റെടുക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴകത്തെ ബിജെപിയുടെ മുഖമാകും. ഈ തീരുമാനങ്ങളിൽ അന്തിമ നിലപാട് പ്രഖ്യാപനം ആർകെ നഗറിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകും.

ആർ കെ നഗറിൽ ഗംഗൈ അമരന് സ്വാധീനമുണ്ടാക്കാനായില്ലെങ്കിൽ രജനി ബിജെപിക്ക് കൈകൊടുക്കുകയുമില്ല. അതിനിടെ ആർ കെ നഗറിൽ രജനിയെ ഇറക്കി പ്രചരണത്തിൽ മുൻതൂക്കമുണ്ടാക്കാൻ ബിജെപി ആലോചന തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ രജനി മനസ്സ് തുറന്നിട്ടില്ലെന്നാണ് സൂചന. പരസ്യ പ്രചരണത്തിനിറങ്ങിയാൽ സ്ഥാനാർത്ഥിയുടെ വിജയത്തിന്റേയും പരാജയത്തിന്റേയും ഉത്തരവാദി രജനിയായി മാറും. വലിയ പരാജയം ഗംഗൈ അമരന് നേരിടേണ്ടി വന്നാൽ അത് രജനിക്ക് വമ്പൻ തിരിച്ചടിയാകും. സിനിമയിലെ ശരത് കുമാറിനെ പോലുള്ളവർ രജനി തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ പരീക്ഷണത്തിൽ ചുവട് പിഴക്കുന്നതിനെ കുറിച്ച് രജനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് മാത്രമാണ് പ്രധാനമന്ത്രി മോദിയുടെ സ്‌നേഹ പൂർവ്വമായ നിർബന്ധത്തിന് രജനി വഴങ്ങാത്തതെന്നാണ് സൂചന. ആർ കെ നഗറിലെ വിജയി ആരെന്ന്ത തന്നെയാകും രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ വരവിനെ സ്വാധീനിക്കുക.

ജയലളിതയുടെ അയൽവാസി കൂടിയായ രജനി കുറച്ചു കാലമായി ജയലളിതയുമായി അടുത്തു നിന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയായുള്ള ജയലളിതയുടെ അവസാന സത്യപ്രതിജ്ഞയിലും രജനി എത്തി. സിനിമാ അവാർഡ് ചടങ്ങുകളിലും സർക്കാരിന്റെ ക്ഷണം നിരസിക്കാതെ അമ്മയ്ക്കൊപ്പം ചേർന്നു നിന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജയലളിതയുമായി പിണങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രജനിയോട് ജയലളിതയും വാൽസല്യ പൂർവ്വം പെരുമാറി. തന്റെ മനസ്സിലുള്ള കാര്യം വെട്ടിത്തുറന്ന് പറഞ്ഞും ചെയ്യാനുള്ളത് ധൈര്യപൂർവം ചെയ്തുകാട്ടിയും സിനിമയിലേതുപോലെത്തന്നെ എന്നും രജനി ജയലളിതയെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു തിരഞ്ഞെടുപ്പുവേളയിൽ ജയലളിത തമിഴ്‌നാട്ടിൽ വീണ്ടും മുഖ്യമന്ത്രിയായാൽ നാടു നശിക്കും എന്ന് അഭിപ്രായപ്പെട്ട രജനീകാന്ത് മറ്റൊരവസരത്തിൽ മുഖ്യമന്ത്രി പദത്തിലേറിയ ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ജയലളിതയുടെ പാവങ്ങളോടുള്ള അടുപ്പം തിരിച്ചറിഞ്ഞായിരുന്നു ഇത്. അഴിമതിക്കേസിൽ കുടുങ്ങിയ ജയലളിതയ്ക്ക് എതിരെയായിരുന്നു രജിനി നിലപാട് എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP