Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണം വരെ പാർലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപമെന്ന് റോജി ജോൺ; വോട്ടെടുപ്പ് വന്നാൽ കുര്യന് വോട്ട് ചെയ്യില്ലെന്ന് അനിൽ അക്കരെ; രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് നിർദ്ദേശിച്ച് ഹൈബി ഈഡൻ; ബൽറാമിന് പിന്നാലെ രാജ്യസഭാ സീറ്റിൽ കലാപത്തിന് കോപ്പുകൂട്ടി യുവ നേതാക്കൾ; പിജെ കുര്യന് സീറ്റ് നൽകില്ലെന്ന സൂചനയുമായി ഹൈക്കമാണ്ടും; എംപിയാകാൻ വിഷ്ണുനാഥിന് തന്നെ നറുക്ക് വീഴും

മരണം വരെ പാർലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപമെന്ന് റോജി ജോൺ; വോട്ടെടുപ്പ് വന്നാൽ കുര്യന് വോട്ട് ചെയ്യില്ലെന്ന് അനിൽ അക്കരെ; രാജ്യസഭയെ  വൃദ്ധസദനമായി കാണരുതെന്ന് നിർദ്ദേശിച്ച് ഹൈബി ഈഡൻ; ബൽറാമിന് പിന്നാലെ രാജ്യസഭാ സീറ്റിൽ കലാപത്തിന് കോപ്പുകൂട്ടി യുവ നേതാക്കൾ; പിജെ കുര്യന് സീറ്റ് നൽകില്ലെന്ന സൂചനയുമായി ഹൈക്കമാണ്ടും; എംപിയാകാൻ വിഷ്ണുനാഥിന് തന്നെ നറുക്ക് വീഴും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ യുവനേതാക്കളുടെ കലാപം ശക്തമാകുന്നു. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ എംഎൽഎ. യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും ഹൈബി പരസ്യമായി തന്നെ പ്രതികരിച്ചു. പിജെ കുര്യൻ മാറി നിൽക്കണമെന്ന് റോജി എം ജോൺ എംഎൽഎയും ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് പിജെ കുര്യൻ മത്സരിച്ചാൽ വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് അനിൽ അക്കര എംഎൽഎയും പ്രതികരിച്ചു. നേരത്തെ ഷാഫി പറമ്പിലും വിടി ബൽറാമും പിജെ കുര്യനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് പിജെ കുര്യന് നഷ്ടമാകുമെന്നാണ് സൂചന. കുര്യന് പകരം സീറ്റ് പിസി വിഷ്ണുനാഥിന് നൽകാനാണ് സാധ്യത.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് ശേഷം കോൺഗ്രസിലെ യുവജനസംഘടനകളിലെ അതൃപ്തി മറനീക്കി പുറത്തുവന്നിരുന്നു. കെഎസ് യു അടക്കമുള്ള സംഘടനകൾ നേതൃത്വത്തിനെതിരെയും ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെയും രംഗത്തെത്തി. സംസ്ഥാന സമ്മേളന വേദിയിൽ നേതാക്കളെ ഇരുത്തിക്കൊണ്ട് തന്നെ കെഎഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് നടത്തിയ വിമർശനങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നാലെ കെ മുരളധീരനടക്കമുള്ള നേതാക്കൾ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തി. അണ്ഡനും അടകോടനും നേതൃസ്ഥാനത്ത് കയറിയിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമർശനത്തോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറം യുവനേതാക്കൾ മുന്നോട്ടുവരുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട യുവനേതാക്കളുടെ കടന്നാക്രമണം നടക്കുന്നത്.

പിസി വിഷ്ണുനാഥ്, ഷാനി മോൾ ഉസ്മാൻ, എം ലിജു, മാത്യു കുഴൽനാടൻ എന്നിവരിൽ ഒരാൾക്ക് രാജ്യസഭാ സീറ്റ് നൽകണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. കെപിസിസി പുനഃസംഘടനയിലും യുവാക്കൾക്ക് മുൻതൂക്കം നൽകണം. സംഘടനാ ശേഷിയുള്ള യുവാക്കളെ നേതൃത്വത്തിന്റെ ഭാഗമാക്കണം. യുവാക്കളെ നിറച്ച് മാത്രമേ കോൺഗ്രസിന് മുമ്പോട്ട് പോകാൻ കഴിയൂ. ഗ്രൂപ്പുകൾക്ക് അപ്പുറമുള്ള വികാരം ചർച്ചയാക്കാനാണ് നീക്കം. അതിനിടെ പിജെ കുര്യൻ എ-ഐ ഗ്രൂപ്പുകളുടെ ഭാഗമല്ല. ഇതു കൊണ്ട് മാത്രമാണ് യുവനേതാക്കൾ കുര്യന് സീറ്റ് നിഷേധിക്കാൻ പരസ്യ പ്രസ്താവന നടത്തുന്നതെന്ന അഭിപ്രായവും സജീവമാണ്. ഇതിന് പിന്നിലും ഗ്രൂപ്പ് മാനേജർമാരുടെ അതിബുദ്ധിയാണെന്നും വിലയിരുത്തുന്നു. പക്ഷേ അണികൾക്കിടയിൽ നേതാക്കളുടെ പ്രസ്താവനകൾക്ക് പിന്തുണ ഏറുകയാണ്. ഇത് കുര്യന്റെ മോഹങ്ങൾക്ക് തിരിച്ചടിയാകും.

കണ്ടുമടുത്ത മുഖങ്ങൾ മാറ്റി യുവാക്കൾക്കും വനിതകൾക്കും രാജ്യസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണം. ഈ ആവശ്യം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കണ്ട് മടുത്ത മുഖങ്ങൾ മാത്രം വരുന്നതിനാലാണിത്. മറ്റ് പ്രസ്ഥാനങ്ങൾ യുവാക്കൾക്ക് അവസരം നൽകുമ്പോൾ കോൺഗ്രസ് ഇത് അവഗണിക്കുകയാണെന്നും ഹൈബി ഈഡൻ വിശദീകരിക്കുന്നു. ചെങ്ങന്നൂർ നൽകുന്ന പാഠം. പൂർണമായി ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം. മരണംവരെ പാർലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപം. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ലെന്നും റോജി ജോണും ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാക്കളാണ് ഹൈബിയും റോജിയും. ഇതിന് പിന്നാലെയാണ് പിജെ കുര്യന് വിശ്രമം കൊടുക്കണമെന്ന് അനിൽ അക്കരെ എംഎൽഎയും പറഞ്ഞു.

'രാജ്യസഭയിൽ മൂന്ന് ടേം പൂർത്തിയാക്കുന്ന പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങാൻ ഈ അവസരത്തെ ഔചിത്യപൂർവ്വം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷൻ എന്ന നിലയിലും വർഷങ്ങളോളം പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടും' എന്നായിരുന്നു വി.ടി. ബൽറാമിന്റെ പ്രതികരണം. '2005 മുതൽ കുര്യൻ സാർ രാജ്യസഭയിലുണ്ട് . നിലവിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാൻ അദ്ദേഹം തയ്യാറാവണം' എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. യുവാക്കളെ നേതൃത്വത്തിലേക്ക് എത്തിക്കണമെന്ന ആവശ്യവും ശക്തമാണ് കോൺഗ്രസിൽ. ഇതോടെ പഴയ മുഖങ്ങളെ മാറ്റാനുള്ള തിരുത്തൽ വാദം വീണ്ടും കോൺഗ്രസിൽ സജീവമാകുകയാണ്. കെ കരുണാകരന്റെ പിൻഗാമിയായി കെ മുരളീധരനെ കൊണ്ടു വരാൻ നീക്കം തുടങ്ങിയപ്പോൾ ജി കാർത്തികേയനും രമേശ് ചെന്നിത്തലയും നടത്തിയ തിരുത്തൽ വാദ രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം.

ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസിലെ യുവാക്കൾ ഒന്നടങ്കം പഴയ തലമുറയ്‌ക്കെതിരെ രംഗത്ത് വരുന്നത്. ഇത് കോൺഗ്രസിൽ തലമുറമാറ്റം അനിവാര്യതയാക്കുമെന്നാണ് സൂചന. എഴുപതുകളിൽ എകെ ആന്റണിയും വയലാർരവിയും നടത്തിയ നീക്കങ്ങളാണ് യുവതലമുറയുടെ കരുത്ത് കോൺഗ്രസിനെ അറിയിച്ചത്. ചെറുപ്രായത്തിൽ തന്നെ ആന്റണി മുഖ്യമന്ത്രിയായി. എന്നാൽ ഇന്ന് അതൊന്നും ഒരു യുവ നേതാവിനും സ്വപ്‌നകാണാനാകുന്നില്ല. കെ എസ് യുവും യൂത്ത് കോൺഗ്രസും ഗ്രൂപ്പുകളുടെ കൈയിലാണ്. ഇതിന് മാറ്റമുണ്ടാക്കാനുള്ള മുന്നേറ്റമാണ് ഇപ്പോൾ നടത്തുന്നത്. കുര്യന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന അനിൽ അക്കരയുടെ നിലപാട് വിശദീകരണവും നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്.

ഇനി ആവശ്യം തൊലിപ്പുറത്തെ ചികിൽസയല്ല. സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങൾ അനിവാര്യമാണ്. മരണം വരെ പാർലമെന്റിലൊ അസ്സംബ്ലിയിലൊ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ കോൺഗ്രസ്സിന്റെ ശാപമാണ്. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ഉയർന്ന് കേൾക്കുന്നത്. ആ വികാരത്തോട് പൂർണ്ണമായും യോജിക്കുന്നു, തലമുറ മാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ നേതൃത്വം അത് ഉൾക്കൊള്ളാൻ തയാറാകും എന്ന് വിശ്വസിക്കുന്നു.

അതിനിടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെകൂടി പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് സംസ്ഥാനത്തുനിന്നുള്ള നേതാക്കൾ കൂട്ടത്തോടെ ഡൽഹിക്ക് പോവുകയാണ്. ബുധനാഴ്ച ഡൽഹിയിൽ എത്താൻ ഫലം വരുന്നതിന് മുമ്പുതന്നെ നേതാക്കളോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. കെപിസിസി. പുനഃസംഘടനയും രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായിരുന്നു വിഷയങ്ങൾ. ഏഴ്, എട്ട് തീയതികളിലായിരിക്കും ചർച്ച. എന്നാൽ, ചെങ്ങന്നൂരിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ചർച്ചയുടെ സ്വഭാവം മാറും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം. സുധീരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, വി.ഡി. സതീശൻ എന്നിവരോടാണ് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചത്. മുരളീധരൻ നേരത്തെതന്നെ ഡൽഹിയിലെത്തി. വിദേശത്തുള്ള രാഹുൽഗാന്ധി ചൊവ്വാഴ്ച മടങ്ങിയെത്തും. തുടർന്നായിരിക്കും ചർച്ച.

കെപിസിസി. നേതൃത്വം, യു.ഡി.എഫ്. കൺവീനർ, രാജ്യസഭാ സ്ഥാനാർത്ഥി എന്നിങ്ങനെ സമഗ്രമായ അഴിച്ചുപണി സംബന്ധിച്ച ചർച്ചകൾ ഉണ്ടാകും. ഇതിന് ശേഷം രാജ്യസഭാ സ്ഥാനാർത്ഥിയെ രാഹുൽ നിശ്ചയിക്കും. പാർട്ടിയുടെ അടിത്തറ ദുർബലമാണെന്നതാണ് ചെങ്ങന്നൂരിന്റെ പാഠമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കം നേരിടാൻ പാർട്ടിയെ താഴെത്തട്ടിൽനിന്ന് കെട്ടിപ്പടുത്തേ പറ്റൂവെന്ന തിരിച്ചറിവിലാണ് നേതാക്കൾ. ഈ സാഹചര്യത്തിൽ യുവാക്കളുടെ അഭിപ്രായം തള്ളി കുര്യനെ സ്ഥാനാർത്ഥിയാക്കാൻ ഇടയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP