Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ് ചാണ്ടിയുടെ താറാവ്കറി കൂട്ടിയവരുടെ കൂട്ടത്തിൽ കൂടിയ കെ.ഇ.ഇസ്മായിലിനെതിരെ സിപിഐയിൽ പടയൊരുക്കം; ചാണ്ടിയുടെ രാജി വൈകിയെന്ന കാനത്തിന്റെ നിലപാട് തള്ളിയ ഇസ്മായിലിനെതിരെ വിമർശനം; ദേശീയ നേതാവിന്റെ പ്രസ്താവന അറിവില്ലായ്മയും ജാഗ്രതക്കുറവ് മൂലവുമെന്ന് പ്രകാശ് ബാബു; മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടിയിൽ വീണ്ടും വിഭാഗീയതയ്ക്കും വെട്ടിനിരത്തലിനും കളമൊരുങ്ങുന്നു; ഇസ്മായിലിനെ പുറത്താക്കാൻ കരുക്കൾ നീക്കി കാനവും കൂട്ടരും

തോമസ് ചാണ്ടിയുടെ താറാവ്കറി കൂട്ടിയവരുടെ കൂട്ടത്തിൽ കൂടിയ കെ.ഇ.ഇസ്മായിലിനെതിരെ സിപിഐയിൽ പടയൊരുക്കം; ചാണ്ടിയുടെ രാജി വൈകിയെന്ന കാനത്തിന്റെ നിലപാട് തള്ളിയ ഇസ്മായിലിനെതിരെ വിമർശനം; ദേശീയ നേതാവിന്റെ പ്രസ്താവന അറിവില്ലായ്മയും ജാഗ്രതക്കുറവ് മൂലവുമെന്ന് പ്രകാശ് ബാബു; മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടിയിൽ വീണ്ടും വിഭാഗീയതയ്ക്കും വെട്ടിനിരത്തലിനും കളമൊരുങ്ങുന്നു; ഇസ്മായിലിനെ പുറത്താക്കാൻ കരുക്കൾ നീക്കി കാനവും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയുള്ള വിവാദത്തോടെ മറനീക്കി പുറത്ത് വന്നത്് സിപിഐയിലെ രൂക്ഷമായ വിഭാഗീയത. പാർട്ടി സമ്മേളനങ്ങൾ അടുത്തതോടെ ഭിന്നത പൊട്ടിത്തെറിയുടെ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേതടക്കമുള്ള നിലപാടുകളെ തള്ളി കെ.ഇ.ഇസ്മയിൽ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

കഴിഞ്ഞ ദിവസം സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് പാർട്ടി നേതാക്കളുമായി ആലോചിക്കാതെയാണെന്ന് ഇസ്മയിലിന്റെ വെളിപ്പെടുത്തലാണ് കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടത്.മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം തന്നോടുപറഞ്ഞിരുന്നുവെങ്കിലും പല നേതാക്കളെയും ഇതറിയിച്ചിരുന്നില്ലെന്ന വിമർശനമാണ് ഇസ്മയിൽ ഉയർത്തിയത്.

തോമസ് ചാണ്ടിയുടെ രാജി വൈകിയെന്ന സിപിഐ നിലപാട് കൂടി ഇസ്മയിൽ തള്ളിയതോടെ പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ലാതായി.പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സാവകാശം മാത്രമേ മുഖ്യമന്ത്രി എടുത്തിട്ടുള്ളുവെന്ന നിലപാട് കാനത്തിന്റെയും മറ്റും നിലപാടുകളുടെ കടകവിരുദ്ധമാണ്.തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന ഇസ്മയിലിന്റെ വിശദീകരണവും വിലപ്പോയിട്ടില്ല.

ഇതിനിടെ ഇസ്മയിലിനെതിരെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തി. ഇസ്മയിലിന്റെ ഇന്നലത്തെ വിമർശനം ജാഗ്രതക്കുറവ് മൂലമാണെന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം. ഇസ്മയിലിന് സംഘടനാപരമായ അറിവില്ലായ്മയാവാമെന്നും ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ അദ്ദേഹത്തെ അറിയിച്ചിട്ടല്ല സംസ്ഥാനത്തെ സംഘടനാകാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു. നേരത്തെ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണത്തിന് ഇസ്മയിലിന്റെ എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചതും വിവാദമായിരുന്നു.

തന്റെ എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചത് പാർട്ടി പറഞ്ഞിട്ടാണെന്നാണ് ഇസ്മയിലിന്റെ വിശദീകരണം.സംസ്ഥാന സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് താൻ ഫണ്ട് അനുവദിച്ചതെന്ന ഇസ്മയിലിന്റെ വിശദീകരണം കാനത്തെ കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.ഏതായാലും ഇസ്മയിലിന്റെ വിമർശനം അടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.

ക്രെഡിറ്റ് മുഴുവൻ സിപിഐക്ക്, പഴി മുഴുവൻ സിപിഎമ്മിന് എന്ന ലൈനിനോട് ചേർന്നാണ് ഇസ്മയിലിന്റെ നിലപാട് എന്നതും ശ്രദ്ധേയമാണ്.ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ തുറന്നെതിർക്കുന്ന സമീപനത്തിന് തുടക്കമിട്ടത് മുൻ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനായിരുന്നു. ചന്ദ്രപ്പന്റെ അതേ പാതയാണ് തുടക്കം മുതൽ കാനവും സ്വീകരിച്ചത്. മൂന്നാർ ഭൂമി കയ്യേറ്റ തർക്കം തൊട്ട് മന്ത്രിസഭായോഗ ബഹിഷ്‌കരണം വരെയുള്ള വിഷയങ്ങളിൽ കാനം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഎമ്മിനോട് സ്വീകരിച്ചത്.

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സിപിഐയുടെ സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലു വരെ മലപ്പുറത്ത് നടക്കാനിരിക്കെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്.ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 16നു തുടങ്ങും. മലപ്പുറത്തു ഡിസംബർ 16, 17 തീയതികളിലായാണ് ആദ്യ ജില്ലാ സമ്മേളനം. ഫെബ്രുവരി 16, 17, 18 തീയതികളിലായി ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം.ഈ പശ്ചാത്തലത്തിലാണ് പാർട്ടി പിടിക്കാനുള്ള നീക്കങ്ങൾ കാനം -ഇസ്മയിൽ പക്ഷങ്ങൾ സജീവമാക്കിയത്.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ, ഇസ്മായിൽ വിഭാഗത്തിന്റെ മേധാവിത്വം അവസാനിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ കൂടുതൽ കരുത്തനാകാൻ പാർട്ടിയിൽ നിരവധി വെട്ടിനിരത്തലുകളാണ് നടത്തിയത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും കടുത്ത ഇസ്മായിൽ പക്ഷക്കാരെ പുറത്താക്കിക്കൊണ്ടാണ് കാനം കരുത്തുകാട്ടിയത്.

സംസ്ഥാന സമ്മേളനത്തിൽ ഇസ്മായിൽ പാർട്ടി സെക്രട്ടറിയാകണമെന്ന് അഭിപ്രായപ്പെട്ട പി എസ് സുപാൽ, വി പി ഉണ്ണിക്കൃഷ്ണൻ, ടി വി ബാലൻ, എം പി രാമചന്ദ്രൻ, എം പി അച്യുതൻ, എ ശിവരാജൻ, ലതാദേവി എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പുതുതായി നാല് അംഗങ്ങളെയും ഉൾപ്പെടുത്തി. ഇവർ കാനം പക്ഷക്കാരാണ്.സത്യൻ മൊകേരി, പ്രകാശ് ബാബു എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിച്ചുകൊണ്ട് പാർട്ടിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.

മൂന്നാർ കയ്യേറ്റ വിഷയത്തിൽ റവന്യുമന്ത്രിയെ ഒറ്റപ്പെടുത്തുന്ന സമീപനം മുഖ്യമന്ത്രി സ്വീകരിച്ചപ്പോഴും കാനത്തിന്റെയും പാർട്ടിയുടെയും പിന്തുണ ഇ.ചന്ദ്രശേഖരനുണ്ടായിരുന്നു.തോമസ് ചാണ്ടി വിഷയത്തിൽ കാനം സ്വീകരിച്ച നിലപാടിനെ തള്ളിയതോടെ പുതിയ പോർമുഖം തുറക്കുകയാണ് ഇസ്മയിൽ.മലപ്പുറത്തെ സിപിഐ സംസ്ഥാന സമ്മേളനം ഇതോടെ പാർട്ടിയിലെ കൂടുതൽ വെട്ടിനിരത്തലുകൾക്ക് വേദിയായേക്കുമെന്നാണ് സൂചന.പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ഇസ്മയിലിനെ വെട്ടിനിരത്താൻ ലാക്കാക്കിയാണ് കാനം പക്ഷം അണിയറയിൽ നീക്കങ്ങൾ ഒരുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP