Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവർണറുടെ അസാധാരണ നീക്കത്തിൽ ഞെട്ടി സർക്കാരും സിപിഎമ്മും; കോടിയേരിയെയും കുമ്മനത്തെയും ഫോണിൽ വിളിച്ച് സമവായം വേണമെന്ന് മുന്നറിയിപ്പ്; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയത് രഹസ്യമാക്കി വയ്ക്കാനുള്ള നീക്കവും പൊളിച്ച് രാജ്ഭവന്റെ ട്വീറ്റ്; കേന്ദ്ര ഇടപെടൽ ഭയന്ന് സമാധാനശ്രമത്തിന് മുൻകൈ എടുത്ത് ഇടതു നേതാക്കളും

ഗവർണറുടെ അസാധാരണ നീക്കത്തിൽ ഞെട്ടി സർക്കാരും സിപിഎമ്മും; കോടിയേരിയെയും കുമ്മനത്തെയും ഫോണിൽ വിളിച്ച് സമവായം വേണമെന്ന് മുന്നറിയിപ്പ്; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയത് രഹസ്യമാക്കി വയ്ക്കാനുള്ള നീക്കവും പൊളിച്ച് രാജ്ഭവന്റെ ട്വീറ്റ്; കേന്ദ്ര ഇടപെടൽ ഭയന്ന് സമാധാനശ്രമത്തിന് മുൻകൈ എടുത്ത് ഇടതു നേതാക്കളും

മറുനാടൻ മലയാളി ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങൾക്കു പിന്നാലെ തലസ്ഥാന ജില്ലയിലും ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടേയേക്കുമെന്ന ഭയപ്പാടിൽ സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നം ലഘൂകരിക്കാനുള്ള നെട്ടോട്ടത്തിൽ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും.

ആർഎസ്എസ് കാര്യവാഹ് രാജേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണ സംഭവവും സംസ്ഥാന സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ ഗവർണർ പി സദാശിവം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെയും ഫോണിൽ വിളിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ നടപടിയും അസാധാരണ സംഭവമായാണ് സർക്കാർ വൃത്തങ്ങൾ നോക്കിക്കാണുന്നത്.

കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചെങ്കിലും ഹർത്താലിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ മതിപ്പു രേഖപ്പെടുത്തിയെന്ന് പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ പിണറായിയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് രാജ്‌നാഥ് സിംഗും രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ഗവർണർ പി സദാശിവം അക്രമങ്ങൾ അമർച്ച ചെയ്യാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും രാജ്ഭവനിൽ എത്താൻ ആവശ്യപ്പെട്ടത്.

ഇന്നു രാവിലെ പത്തു മണിയോടെയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക ദൂതൻ മുഖേന രാജ്ഭവനിലെത്താൻ ഗവർണർ നിർദ്ദേശം നൽകിയത്. ഇതേത്തുടർന്ന് മുഖ്യമന്ത്രി 11.30നും മുഖ്യമന്ത്രി 12.30-നും ആണ് രാജ്ഭവനിലെത്തിയത്. അതേസമയം ഗവർണറുടെ അസാധാരണ നടപടി ഭരണകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായ സാഹചര്യം മുതലെടുത്ത് കേന്ദ്ര സർക്കാർ പ്രത്യേക അധികാരം പ്രയോഗിക്കുമോയെന്ന സംശയവും സർക്കാർ വൃത്തങ്ങൾക്കിടയിൽ ശക്തമാണ്.

ഈ സാഹചര്യത്തിലാണ് പ്രശ്‌നം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർവകക്ഷിയോഗം വളിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കരുതെന്ന കർശന നിർദ്ദേശം സി.പി.എം സംസ്ഥാന, ജില്ലാ നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ പാർട്ടി ഉന്നതൻ നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എല്ലാ കൈവിട്ടു പോകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ആക്രമണങ്ങളുടെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നുമാണ് നേതാക്കളുടെ പൊതു വിലയിരുത്തൽ. അതിനാൽ വിവാദങ്ങളോ ആക്രമണങ്ങളോ നടത്തി കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകരുതെന്ന നിർദ്ദേശവും പാർട്ടിയിലെ സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് നേതാക്കൾ നൽകിയിട്ടുണ്ട്.

എന്നാൽ ഗവർണർ ഇരുപാർട്ടികളുടെയും നേതാക്കളെ നേരിട്ടു ബന്ധപ്പെട്ടത് ഗുരുതരമായ ഭരണ പ്രതിസന്ധി സംസ്ഥാനത്തു നിലനിൽക്കുകയാണെന്ന സന്ദേശം നൽകുന്നതാണെന്നാണ് നിയമരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിയമവിദഗ്ധൻ കൂടി ആതിനാൽ ഭരണഘടനാപരമായ ഉത്തരവാദിത്തം പി സദാശിവം വിനിയോഗിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ പോലും സാധിക്കാത്ത അത്രയും പ്രതിരോധത്തിൽ അകപ്പെട്ടിരിക്കുകയാണ് സിപിഎമ്മും സർക്കാരും.

ആർഎസ്എസ് നേതാവിന്റെ കൊലപാതവും തുടർന്നുള്ള ക്രമസമാധാന തകർച്ചയുമാണ് സംസ്ഥാനത്തെ പ്രധാനവിഷയമെങ്കിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണമാണ് നിവിലെ രാഷ്ട്രീയ ഗുരുതരാവസ്ഥയ്ക്ക് കാണമെന്നാണ് നേതാക്കളുടെ പൊതുവിലയിരുത്തൽ. ബിജെപി ഓഫീസ് ആക്രമിച്ച കൗൺസിലർ കൂടിയായ ബിനു ഐപിയെ അറസ്റ്റു ചെയ്ത് മാതൃക കാട്ടാൻ സർക്കാർ തയാറായെങ്കിലും തുടർന്നു നടന്ന കൊലപാതകമാണ് എല്ലാം തകിടം മറിച്ചത്.

അധികാരത്തിലേറിയ നാൾ മുതൽ വിവാദങ്ങൾളും ആരോപണങ്ങളുമാണ് പിണറായി സർക്കാരിനെ പിന്തുടർന്നിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്യാൻ സാധിച്ചത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഉയർത്തുന്ന നടപടിയായിരുന്നു.

പിന്നാലെ കോൺഗ്രസ് എംഎൽഎ എം വിൻസെന്റിനെ ലൈംഗികാരോപണ കേസിൽ അറസ്റ്റു ചെയ്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയെങ്കിലും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ സർക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചാണ് സി.പി.എം ഇതിനെ പ്രതിരോധിച്ചത്. ഇതിനിടെ കോടികൾ വിലമതിക്കുന്ന കോവളം കൊട്ടാരം സി.പി.എം നേതാക്കളുടെ അടുപ്പക്കാരനായ രവിപിള്ളയ്ക്ക് തീറെഴുതിയെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. ഇതു ശക്തിപ്രാപിക്കുന്നതിനിടെയാണ് തലസ്ഥാനജില്ലയുടെ മലയോരമേഖലയിൽ തുടങ്ങിയ ബിജെപി-സി.പി.എം സംഘർഷം നഗരത്തിലേക്കും പടർന്നു പിടിച്ചത്. ഇതിനിടെ ബി.ജെപി കാര്യാലയത്തിനു നേരെ ജില്ലയിലെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നതും കാര്യങ്ങൾ കൈവിട്ടുപോയതും.

മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ഗവർണർ വിളിച്ചു വരുത്തിയ അസാധാരണ സംഭവം പുറത്തറിയിക്കേണ്ടതില്ലെന്ന കർശനിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഉപദേശകർ നൽകിയതെങ്കിലും ഗവർണർ തന്നെ ഇക്കാര്യം നാലു വ്യത്യസ്ത ട്വീറ്റുകളിലൂടെ പുറത്തുവിട്ടത് സർക്കാരിന് ഇരുട്ടടിയായിരിക്കുകയാണ്.

ഇതിനിടെയാണ് അന്തരീക്ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സർക്കാർ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി കേന്ദ്രത്തിന്റെ ഇടപെടൽ ഒഴിവാക്കാനാണ് നേതാക്കളുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP