Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സജി ചെറിയാന്റെ ഉജ്ജ്വല വിജയം സിപിഎം രാഷ്ട്രീയത്തിൽ വൻ പൊളിച്ചെഴുത്തിന് കാരണമാകും; തോമസ് ഐസക്കിനെ ലോക്സഭയിലേക്ക് മത്സരിക്കാൻ അയച്ച് സജി ചെറിയാനെ മന്ത്രിസഭയിൽ എടുത്തേക്കും; ടിപി രാമകൃഷ്ണനും ഷൈലജ ടീച്ചറിനും മാറ്റം ഉണ്ടായേക്കും; ശ്രീരാമകൃഷ്ണനും ഇപി ജയരാജനും സാധ്യത ഉയർന്നു; സുരേഷ് കുറുപ്പും പ്രതീക്ഷയിൽ; ചെങ്ങന്നൂർ കഴിഞ്ഞതോടെ ചർച്ച മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചു തന്നെ

സജി ചെറിയാന്റെ ഉജ്ജ്വല വിജയം സിപിഎം രാഷ്ട്രീയത്തിൽ വൻ പൊളിച്ചെഴുത്തിന് കാരണമാകും; തോമസ് ഐസക്കിനെ ലോക്സഭയിലേക്ക് മത്സരിക്കാൻ അയച്ച് സജി ചെറിയാനെ മന്ത്രിസഭയിൽ എടുത്തേക്കും; ടിപി രാമകൃഷ്ണനും ഷൈലജ ടീച്ചറിനും മാറ്റം ഉണ്ടായേക്കും; ശ്രീരാമകൃഷ്ണനും ഇപി ജയരാജനും സാധ്യത ഉയർന്നു; സുരേഷ് കുറുപ്പും പ്രതീക്ഷയിൽ; ചെങ്ങന്നൂർ കഴിഞ്ഞതോടെ ചർച്ച മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ......ചെങ്ങന്നൂരിലെ വിജയത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ആവേശത്തിലെത്തുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റും ഇടതുമുന്നണി ജയിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാവുകയാണ് പിണറായിയുടെ ലക്ഷ്യം. അതിനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് മുഖ്യമന്ത്രി ഇപ്പോൾ. മന്ത്രിസഭയുടെ പ്രതിച്ഛായ വർദ്ധനവും ലോക്‌സഭയിൽ വിജയമുറപ്പുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തലുമാണ് മനസ്സിലുള്ളത്. ഇതിന്റെ ആദ്യ പടിയായി മന്ത്രിസഭാ പുനഃസംഘടന ഉടനെത്തുമെന്നാണ് ഏവരും കണക്ക് കൂട്ടുന്നത്. ഏറെക്കാലമായി സിപിഎം കോട്ടയായിട്ടും ആലപ്പുഴ ലോക്‌സഭയിൽ ജയിക്കാൻ സിപിഎമ്മിന് കഴിയുന്നില്ല. ഇവിടെ അതിശക്തനായ ധനമന്ത്രി തോമസ് ഐസക്കിനെ മത്സരിപ്പിക്കാനാണ് പിണറായിക്ക് താൽപ്പര്യം. ആലപ്പുഴയിലെ ചെങ്ങന്നൂരിലെ സജി ചെറിയാന്റെ വിജയം ഈ നീക്കത്തിന് കരുത്ത് പകരും.

സിപിഎമ്മിൽ വിഭാഗീയതയുടെ ചർച്ചകൾ ഇപ്പോഴുമുള്ളത് ആലപ്പുഴയിലാണ്. തോമസ് ഐസക്കും ജി സുധാകരനും രണ്ട് വഴിക്കാണ് യാത്ര. ഇതിൽ തോമസ് ഐസക്കിനെ ഡൽഹിക്ക് അയച്ച് പ്രശ്‌ന പരിഹാരമാണ് പിണറായി ആഗ്രഹിക്കുന്നത്. സജി ചെറിയാൻ ജയിച്ച് എംഎൽഎ ആയതോടെ പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടതുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായി തോമസ് ഐസക്കിനെ നിശ്ചയിക്കുകയും ചെയ്യും. അടുത്ത തവണ മോദി തരംഗമുണ്ടാകില്ലെന്നും സിപിഎമ്മു കൂടി ഉൾപ്പെട്ട ഭരണം കേന്ദ്രത്തിൽ എത്തുമെന്നുമാണ് പിണറായിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തോമസ് ഐസക്കിന് ഡൽഹിയിൽ കാര്യമായ ഇടപെടലിന് കഴിയും. ഇത് കേരളത്തിനും ഗുണകരമായി മാറും. അങ്ങനെ തോമസ് ഐസക്കിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സമൂല മന്ത്രിസഭാ അഴിച്ചു പണിയാണ് പിണറായി ലക്ഷ്യമിടുന്നത്.

ആലപ്പുഴയിൽ സുധാകരനാണ് പിണറായിയുടെ വിശ്വസ്തൻ. സജി ചെറിയാനും സുധാകരനും ഒരേ പാതിയിൽ യാത്ര ചെയ്യുന്നവരും. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ നിന്ന് സജി ചെറിയാൻ മന്ത്രിയാകുന്നതോടെ അധികാര കേന്ദ്രത്തെ കുറിച്ചുള്ള പാർട്ടിയിലെ ചർച്ചകൾക്ക് അവസാനമാകും. സുധാകരനെ പ്രധാന നേതാവായി ഉയർത്തി സജി ചെറിയാനിലൂടെ സംഘടനയിൽ പിടിമുറുക്കാനാണ് ആലപ്പുഴയിൽ പിണറായി ആഗ്രഹിക്കുന്നത്. ഐസക്കും സുധാകരനും ഒത്തുപോകാത്തിടത്തോളം കാലം ആലപ്പുഴയിൽ വിഭാഗിയത പാർട്ടിയെ പിന്തുടരുമെന്ന വിലയിരുത്തലാണ് പിണറായിക്കുള്ളത്. ഇതോടെ കേരളത്തിലെ സിപിഎമ്മിൽ വിഭാഗീയത പൂർണ്ണമായും അവസാനിക്കും. ബാക്കി എല്ലാ ജില്ലയിലും സംസ്ഥാന നേതൃത്വത്തിന്റെ പൂർണ്ണ വരുതിയിലാണ് സംഘടനാ കാര്യങ്ങൾ.

ആരോഗ്യമന്ത്രി ശൈലജ, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവരെ സംഘടനാ ചുമതലയിലേക്ക് മടക്കി കൊണ്ടു വരാനാണ് പിണറായി ആഗ്രഹിക്കുന്നുണ്ട്. അതിന് ശേഷം ശ്രീരാമകൃഷ്ണനേയും സുരേഷ് കുറുപ്പിനേയും എ പ്രദീപ് കുമാറിനേയും മന്ത്രിമാരാക്കുന്നതും പരിഗണനയിലുണ്ട്. മേഴ്‌സികുട്ടിയമ്മയുടെ പ്രകടനത്തിലും മുഖ്യമന്ത്രി തൃപ്തരല്ല. ഇത്തരക്കാരെ എല്ലാം മാറ്റി മന്ത്രിസഭയ്ക്ക് പുതുമുഖം നൽകാനാകും മുഖ്യമന്ത്രി ശ്രമിക്കുക. ഇതിലൂടെ സർക്കാർ കൂടുതൽ ജനകീയരാകും. സ്പീക്കർ ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുന്നതും പരിഗണനയിലാണ്. മന്ത്രിസഭയ്ക്ക് കൂടുതൽ യുവത്വം നൽകി അതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളിലേക്ക് സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂടുതൽ എത്തിക്കാനാണ് പിണറായിയുടെ ശ്രമം. ഇ പിജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതും പരിഗണനയിലുണ്ട്.

കാട്ടയത്ത് ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. പാർലമെന്റിലും നിയമസഭയിലും ചുറുചുറക്കോടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിന്ന് പ്രവർത്തിക്കുന്ന നേതാവ്. പത്തനംതിട്ടയിലും രാജു എബ്രഹാം ഇത്തരത്തിലെ നേതാവാണ്. റാന്നിയിൽ സിപിഎം കോട്ട കാക്കാൻ രാജു എബ്രഹാം തന്നെ വേണം.. സുരേഷ് കുറുപ്പിനേയും രാജു എബ്രഹാമിനേയും അയിഷാ പോറ്റിയേയും പോലുള്ള മിടുക്കരെ മന്ത്രിയാക്കാതെ ഒഴിവാക്കിയ രീതി പലപ്പോഴും പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.

മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയിൽ രാജു എബ്രഹാം അഞ്ചുവട്ടം ജയിച്ചിട്ടും മന്ത്രിയാക്കാത്തത് അണികളെ പോലും ഞെട്ടിച്ചിരുന്നു. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരിൽ തുടർച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനെ ഒഴിവാക്കിയതിലും അസ്വസ്ഥതയുണ്ട്. ആറ്റിങ്ങലിൽ ന്നും റിക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സത്യനെ മന്ത്രിയാക്കാത്തതും പ്രതിഷേധത്തിന് ഇടനൽകി. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മറ്റിയിലും ഇവരെ ഒഴിവാക്കുന്നത്.

ഏറ്റുമാനൂർ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായർ സമവാക്യത്തെ അനുകൂലമാക്കി തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂർ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്. ഇത്തവണയും വമ്പൻ വിജയം ആവർത്തിച്ചു. കോട്ടയം ലോക്‌സഭയിൽ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോൺഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. അത്തരമൊരു ജനകീയ മുഖത്തെ സിപിഎം മന്ത്രിസ്ഥാന പട്ടികയിൽ നിന്നും മാറ്റി നിർത്തുന്നുവെന്ന വിമർശനം പിണറായിക്ക് മുമ്പിൽ പലവട്ടം എത്തിയിരുന്നു. കോഴിക്കോട്ടെ എ പ്രദീപ് കുമാറിനെ മന്ത്രിയാക്കണമെന്നും അണികൾക്കിടയിൽ ആവശ്യം ശക്തമാണ്. ഇതെല്ലെ പരിഗണിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയാണ് പിണറായി മനസ്സിൽ കാണുന്നത്.

എൽ.ഡി.എഫ് സർക്കാരിന്റെ നയ നിലപാടുകൾക്ക് ലഭിച്ച അതിഗംഭീരമായ പിന്തുണയാണ് ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തുന്നു. ജനങ്ങളാണ് ആത്യന്തിക വിധികർത്താക്കൾ. ജനങ്ങൾ വിധി പറഞ്ഞു. ആ വിധി എൽ.ഡി.എഫ് നയ നിലപാടുകൾക്കുള്ള അതിഗംഭീരമായ പിന്തുണയാണ്. അഭൂതപൂർവമായ ഐക്യദാർഡ്യമാണ് ജനം പ്രകടിപ്പിച്ചത്. അതിശക്തമായ അസത്യപ്രചാരണങ്ങൾക്കിടയിൽ സത്യത്തെ കടന്നുകാണാനുള്ള ജനങ്ങളുടെ കഴിവായി കാണാം.

ജനങ്ങളെ വിനയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ജനനന്മയ്ക്കുള്ള വികസന നയങ്ങളുമായി കൂടുതൽ ശക്തമായി മുന്നോട്ടുപോകാൻ സർക്കാരിന് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ച പച്ചക്കൊടിയാണിത്. വികസന വിഷയങ്ങളിൽ കേരളത്തോട് അനുകുല നിലപാടല്ല യു.ഡി.എഫ് സ്വീകരിച്ചിരുന്നത്. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വികസനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. വിജയം നൽകിയ ആത്മവിശ്വാസത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും പിണറായി വിശദീകരിച്ചിട്ടുണ്ട്.

എൽ.ഡി.എഫ് സർക്കാരിനെതിരെ, മന്ത്രിസഭയ്ക്കെതിരെ അഴിച്ചുവിടുന്ന അപവാദ പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയാണ്. സർക്കാർ അധികാരത്തിലെത്തി 24 മണിക്കൂർ കഴിയും മുൻപ് രമേശ് ചെന്നിത്തല പറഞ്ഞത് ക്രമസമാധാന നില തകർന്നുവെന്നാണ്. കഴിഞ്ഞ ദിവസം വരെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ആളുകളെ കാണാൻ കഴിയും. ഈ മന്ത്രിസഭ ഇല്ലാതാകണമെന്നാണ് ഇവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിക്കുന്നു. ഇനി പഴുതുകൾ ഉണ്ടാകരുതെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ കൊയ്‌തെടുത്തത്.

ഇടത് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച 20,956 വോട്ടിന്റെ ഭൂരിപക്ഷം സജി ചെറിയാൻ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പിൽ മാമൻ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാർഡ്. ഈ മുൻതൂക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കൈവിടാതിരിക്കാനുള്ള കരുതലെടുക്കാനാണ് പിണറായിയുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP