Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനാരായണീയരും സിപിഐ(എം) വിമതരും കൈകോർക്കുന്നു; തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടിസ്ഥാനാർത്ഥികളെ തോല്പിച്ച് ഗുരുനിന്ദയ്ക്കു പകരം വീട്ടും; ആലപ്പുഴയിൽ തദ്ദേശപോര് ഇടതിന് കടുക്കും

ശ്രീനാരായണീയരും സിപിഐ(എം) വിമതരും കൈകോർക്കുന്നു; തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടിസ്ഥാനാർത്ഥികളെ തോല്പിച്ച് ഗുരുനിന്ദയ്ക്കു പകരം വീട്ടും; ആലപ്പുഴയിൽ തദ്ദേശപോര് ഇടതിന് കടുക്കും

ആലപ്പുഴ : ശ്രീനാരായണീയരും സി പി എം വിമതരും കൈകോർക്കുന്നു. ഗുരുനിന്ദവിവാദത്തിൽ സിപിഎമ്മിനെതിരെ സമരം വേണ്ടെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിരുന്നു. അപ്പോഴും സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു വെള്ളാപ്പള്ളി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎമ്മിനെതിരെ എസ്എൻഡിപി യൂണിയൻ അണിയറനീക്കം ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആസന്നമായ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഗുരുനിന്ദയ്ക്ക് പ്രതികാരം ചെയ്യാനാണ് തീരുമാനം. ഇതുവഴി യോഗത്തിന് പ്രതികാരവും ഗ്രൂപ്പുകൾക്ക് ശക്തി തെളിയിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിനായി പ്രമുഖരുടെ ഒത്താശ വിമതർക്ക് ലഭിച്ചതായാണ് അറിവ്. ഈ സ്ഥാനാർത്ഥികളെ ബിജെപി പിന്തുണയ്ക്കാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ആലപ്പുഴയിൽ കരുത്ത് തെളിയിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം.

മുന്നൊരുക്കമെന്ന നിലയിൽ പാർട്ടിയുടെ സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ സ്മാരകമന്ദിരം സ്ഥിതിചെയ്യുന്ന മുഹമ്മയിൽനിന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിമതർ പ്രചരിപ്പിക്കുന്നത്. വെള്ളാപ്പള്ളിക്കും യോഗനേതൃത്വത്തിനും ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രദേശമാണ് ഇത്. ചേർത്തല, മാരാരിക്കുളം മുഹമ്മ, തണ്ണീർമുക്കം എന്നീ പ്രദേശങ്ങൾ ഈഴവ മേഖലയാണ്. ഡോ. തോമസ് ഐസക്ക് എം എൽ എയുടെ സ്വന്തം തട്ടകമായ മാരാരിക്കുളത്തും ഇതിന്റെ അലയൊലികൾ കണ്ടുതുടങ്ങി. കണ്ണൂർ കഴിഞ്ഞാൽ സി പി എമ്മിന് പാർട്ടി ഗ്രാമങ്ങളുള്ള സ്ഥലമാണ് മുഹമ്മ- മാരാരിക്കുളം മേഖല. സമീപകാലത്ത് ഒതുങ്ങിനിന്നിരുന്ന പോര് ഇപ്പോൾ ഗുരുനിന്ദയിലൂടെ മറനീക്കി പുറത്തുവന്നു കഴിഞ്ഞു.

എസ് എൻ ഡി പി യോഗത്തിന്റെ ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് മാരാരിക്കുളം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശവും കൂടിയാണ്. ശ്രീനാരായണഗുരുവിനെ നിന്ദിച്ചവരെ പാഠം പഠിപ്പിക്കുമെന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഔദ്യോഗീക സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

ഇതിനായി മാരാരിക്കുളം തെക്ക് പഞ്ചായത്ത്, ആര്യാട് വടക്ക്, മണ്ണഞ്ചേരി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മൽസരിപ്പിക്കാനും പദ്ധതിയുണ്ട്. വി എസ് - സുധാകരൻ പോര് രൂക്ഷമായ സാഹചര്യത്തിൽ വി എസ് അനുകൂല നിലപാടെടുത്ത സംഘമാണ് ഇപ്പോൾ ഗ്രൂപ്പിന്റെ വക്താക്കളായി രംഗത്തുള്ളത്. ജില്ലയിലെ മുതിർന്ന നേതാക്കളുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന സംഘത്തിന് സ്വയം ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിയുടെ ചില പ്രമുഖരെ തോൽപ്പിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യം.

ഔദ്യോഗിക പക്ഷത്തെ കരുത്തൻ ജി സുധാകരൻ എം എൽ എയ്‌ക്കെതിരെ രൂപപ്പെട്ട ഐസക്ക് - വി എസ് കൂട്ടുകെട്ട് ശ്രീനാരായണഗുരുവിന്റെ പേരിൽ ഔദ്യോഗിക പക്ഷത്തിനെതിരെ പടർന്നു പന്തലിക്കുകയാണ്. ഇതിനായി കാൽനൂറ്റാണ്ടായി പാർട്ടിയുടെ സജീവസാന്നിധ്യവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വ്യക്തിയെ മുൻനിർത്തിയാണ് കരുക്കൾ നീങ്ങുന്നത്. ഒൻപത് ഇടങ്ങളിൽ ജയിക്കാൻ കഴിയുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തിയിട്ടുള്ളത്. ഇതിൽ എസ് എൻ ഡി പി യോഗത്തിന്റെ ഒത്താശയോടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിക്കാനും പദ്ധതിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP