Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കോടിയേരി ബാലകൃഷ്ണനോ? ആടിനെ പട്ടിയാക്കുന്ന മനോരമയുടെ പത്രപ്രവർത്തന രീതി

സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കോടിയേരി ബാലകൃഷ്ണനോ? ആടിനെ പട്ടിയാക്കുന്ന മനോരമയുടെ പത്രപ്രവർത്തന രീതി

കേരളത്തിൽ അനേകം പത്രങ്ങൾ ഉണ്ടെങ്കിലും പ്രചാരണത്തിന്റെ കാര്യത്തിലും വായനക്ഷമതയുടെ കാര്യത്തിലും മനോരമയെ വെല്ലാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. മനോരമ നൽകുന്ന വായനാസുഖവും മനോരമയിലെ വാർത്തകൾക്കുള്ള അധികാരാധിക്യവും പലപ്പോഴും മറ്റു പത്രങ്ങൾ മാതൃകയാക്കേണ്ടതാണ്. പത്രം ഒരു വ്യവസായമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഏറ്റവും പ്രൊഫഷണലായി പത്രം നടത്തുന്നു എന്നതാണ് മനോരമയുടെ മികവിന്റെ കാരണം.

ഇഷ്ടപ്പെടുന്നവർ ഏറെയുള്ളതുപോലെ വെറുക്കുന്നവരും ഏറെയുണ്ടു മനോരമയ്ക്ക്. അതുകൊണ്ടാണ് സോഷ്യൽ നെറ്റുവർക്ക് സൈറ്റുകളിലും മറ്റും മനോരമാവിരോധികളുടെ എണ്ണം പെരുകി വരുന്നത്. വാർത്തയെ സ്വന്തം ഇഷ്ടത്തിനുവേണ്ടി ആവശ്യാനുസരണം മനോരമ മാറ്റിമറിക്കുന്നു എന്നതാണ് പ്രധാന ആരോപണം. വളരെ നിർണ്ണായകമായ അവസ്ഥയിൽ എക്കാലത്തും ഇത്തരം ഒരു നിലപാട് എടുത്തിട്ടുണ്ട് എന്നുവേണം പറയാൻ. മനോരമയെ വെല്ലാൻ ആരുമില്ല എന്ന് ഒട്ടേറെ അനുഭവസ്ഥർ പറയുന്നതും ഇതേ അടിസ്ഥാനത്തിൽ ആണ്.

ഈ വാദങ്ങളോട് ഈ ലേഖകന് വലിയ മതിപ്പ് ഒരുകാലത്തും ഉണ്ടായിരുന്നില്ല. ആദ്യം വായിക്കുന്ന പത്രം എന്ന നിലയിലും പ്രൊഫഷണലിസത്തിലെ അനുകരിക്കാൻ വയ്യാത്ത മാതൃക എന്ന നിലയിലും മനോരമയോട് എക്കാലത്തും ഒരു അടുപ്പം ഈ ലേഖകന് തോന്നിയിരുന്നു. ചില അജൻഡകളോടെ വാർത്തയിൽ ഇടപെടാറുണ്ട് എന്ന് ഒട്ടേറെ സാഹചര്യങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിൽ വലിയ പിശക് തോന്നിയിട്ടില്ല. കാരണം സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എല്ലാ പത്രങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. കേരളത്തിലെ എല്ലാ പത്രങ്ങളും ഒരു തരത്തിൽ ജാതിയുടെയും രാഷ്ട്രീയത്തിന്റെയും വേർതിരിവുകളുടെ ഇടയിൽ നൂല്പാലം വച്ച് അതിലൂടെ നടക്കുന്നവ തന്നെയാണ്. അതുകൊണ്ടു തന്നെ സ്വന്തം അജൻഡ മനോരമ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ഒരു പിശകായി തോന്നിയിട്ടേ ഇല്ല.

എന്നാൽ സോളാർ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്ന മനോരമയുടെ രീതി ഈ ലേഖകൻ അവിശ്വസനീയതയോടെയാണ് നോക്കിക്കാണുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ യുഡിഎഫിലെ ഒട്ടുമിക്ക നേതാക്കളും ഉൾപ്പെട്ട ഈ തട്ടിപ്പുകേസിൽ ഒരിക്കൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്താൻ ഇല്ല എന്നിരിക്കേ മിക്കവാർത്തകളിലും സിപിഎമ്മിനെക്കൂടി മനോരമ മനപ്പൂർവം കൂട്ടുപിടിക്കുന്നു. ചില നുണകൾ മനപ്പൂർവം പ്രചരിപ്പിക്കുകയും എന്നാൽ അതിന്റെ സത്യം പുറത്തുവരുമ്പോൾ മനപ്പൂർവം മൗനം പാലിക്കുകയും ചെയ്യുന്നു. ശ്രീധരൻനായരുടെ പരാതിയിൽ ആരോ മനപ്പൂർവം മുഖ്യമന്ത്രിയെ കുടുക്കാൻ വേണ്ടി രണ്ടാമത് എഴുതിച്ചേർത്തു എന്ന് തുടർച്ചയായി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് ഉമ്മൻ ചാണ്ടിയെ ന്യായീകരിച്ച മനോരമ അതു കൂട്ടിച്ചേർക്കൽ അല്ലെന്നും പരാതിക്കാരൻ തന്നെ നൽകിയതാണെന്നും കോടതി തന്നെ വെളിപ്പെടുത്തിയപ്പോൾ ആ വാർത്ത പ്രസിദ്ധീകരിക്കാതെ മനോരമ ഉമ്മൻ ചാണ്ടിയെ രക്ഷിച്ചു. മനോരമ മാത്രം വായിക്കുന്ന അനേകം പേർ ഇപ്പോഴും കരുതുന്നത് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ആരോ മനപ്പൂർവം എഴുതിച്ചേർത്തതാണ് എന്നാണ്.

മന്ത്രിമാരുടേയും നേതാക്കളുടേയും ഫോൺലിസ്റ്റ് വെളിയിൽ വരികയും കോൺഗ്രസ്സുകാരൻ എന്നു പറയണമെങ്കിൽ തലയിൽ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരികയും ചെയ്ത ദിവസം മനോരമ വായിച്ച നിഷ്പക്ഷർ ഞെട്ടിത്തരിച്ചു കാണും. സരിത വിളിച്ചവരുടേയും ടെക്സ്റ്റ് അയച്ചവരുടെയും ലിസ്റ്റിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഉണ്ട് എന്നതായിരുന്നു മനോരമയുടെ വെളിപ്പെടുത്തൽ. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന നാലുവാചകം മാത്രമുള്ള ആദ്യഖണ്ഡികയിൽ തന്നെ കോടിയേരിയുടെ പേരുവിവരം മനോരമ ഉൾപ്പെടുത്തി. വാസ്തവത്തിൽ ഓണാശംസകൾ നേർന്നുകൊണ്ട് കോടിയേരിക്കയച്ച ഒരു ടെക്സ്റ്റ് മെസേജ് മാത്രമായിരുന്നു മനോരമയ്ക്ക് പോലും പറയാൻ ഉണ്ടായിരുന്നത്. ഒരു കോൺഗ്രസ് നേതാവ് 1500 തവണ വിളിക്കുകയും ഒരു യുവ എംഎൽഎ അർദ്ധരാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് വിളിച്ചു രസിക്കുകയും ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്ന ദിവസം ആയിരുന്നു ഈ കോടിയേരിവാദം എന്നോർക്കണം. ഒരു മന്ത്രിയുടെ പരസ്യമായ ഫോൺ നമ്പറിലേക്ക് ഒരാൾ ടെക്സ്റ്റ് അയയ്ക്കുകയും അതിനു മറുപടി പോലും അയയ്ക്കാതിരിക്കുകയും ചെയ്തിട്ടും അതൊരു വലിയ പാതകമായി ചിത്രീകരിക്കുന്നത് ഏതുതരം പത്രപ്രവർത്തനം ആണ് എന്നു ചോദിച്ചുപോകുക സ്വാഭാവികം ആണ്.

ഇന്നിറങ്ങിയ മനോരമയിലെ ഒരു വാർത്ത നോക്കുക. ആടിനെ പട്ടിയാക്കുന്ന മനോരമയുടെ രീതി കണ്ട് മൂക്കത്തു വിരൽ വയ്ക്കാതിരിക്കാൻ ഇതു വായിച്ച ആർക്കെങ്കിലും കഴിയുമോ? കോടിയേരിയും ശാലുമേനോനും വേദി പങ്കുവച്ച ചിത്രം വിവാദമാകുന്നു എന്നതാണ് ആ വാർത്ത. ആ വാർത്തയുടെ സ്‌ക്രീൻ ഷോട്ടാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്. ഈ വാർത്തയുടെ ആദ്യ രണ്ട് ഖണ്ഡികയാണു ചുവടെ കൊടുക്കുന്നത്.

'സോളാർതട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശാലുമേനോനും മുൻ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും സി. ദിവാകരനും ഒരുമിച്ചു വേദി പങ്കിട്ട ചിത്രം വിവാദമാകുന്നു. ഓച്ചിറയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികത്തിലാണു മൂവരും ഒരേ വേദിയിൽ എത്തിയത്. ഈ ചിത്രം പൊലീസ് രഹസ്യാനേ്വഷണ വിഭാഗത്തിനും മുഖ്യമന്ത്രിക്കും ലഭിച്ചു.

എന്നാൽ കോൺഗ്രസ് നേതാക്കളും പൊലീസും എത്തുന്നതിനു മുൻപേ പ്രധാന ചിത്രങ്ങൾ എൽഡിഎഫ് നേതാക്കളെത്തി സ്‌കൂൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയതായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. 2007 മാർച്ച് 23നു നാലിനായിരുന്നു വാർഷികാഘോഷം. സ്ഥലം എംഎൽഎയും മുന്മന്ത്രിയുമായ സി. ദിവാകരനാണ് അധ്യക്ഷത വഹിച്ചത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം നടി ശാലുമേനോനും നിർവഹിച്ചു'

വിവാദമാകുന്നു എന്നു പറയുന്ന മനോരമയ്ക്ക് അതിന്റെ കാരണങ്ങളും എവിടെയാണു വിവാദമെന്നും വ്യക്തമാക്കാൻ സാധിക്കുന്നില്ല എന്നതാണ് ഖേദകരം. ആറു വർഷം മുമ്പ് സോളാർ തട്ടിപ്പിനെക്കുറിച്ച് സരിതാ നായരും ബിജു രാധാകൃഷ്ണനും ആലോചിക്കുന്നതിനു മുമ്പ് ഇരുവർക്കും ശാലുമേനോൻ എന്നൊരാളെ അറിയുക പോലും ചെയ്യാതിരുന്ന സമയത്ത് മന്ത്രി കോടിയേരി പങ്കെടുത്ത ഒരു പരിപാടിയിൽ ശാലു മേനോൻ ഉണ്ടായിരുന്നു എന്നത് വിവാദമാക്കാൻ ആണ് മനോരമ ശ്രമിക്കുന്നത്. കലാകാരിയായ ശാലുമേനോനെ ക്ഷണിക്കാൻ ഒരു ചടങ്ങിൽ മന്ത്രി പങ്കെടുത്തു എന്നത് എങ്ങനെയാണ് വലിയ പിശക് ആകുന്നത്. അക്കാലത്ത് ശാലു തട്ടിപ്പ് നടത്തിയിരുന്നെങ്കിൽ പോലും ശാലുവിനെക്കൂടി ക്ഷണിച്ച ഒരു ചടങ്ങിൽ മന്ത്രി പങ്കെടുത്തത് ഒരു തെറ്റായി കരുതാൻ സാധിക്കില്ല. ശാലു സംഘടിപ്പിച്ച ഒരു പരിപാടിയിൽ ആയിരുന്നു പങ്കെടുത്തത് എങ്കിലും അത് ഒരു വിഷയമേ ആക്കേണ്ട കാര്യമില്ല എന്നിരിക്കേ ഏതോ ഒരു പരിപാടിയിൽ ശാലുമേനോൻ പങ്കെടുത്തു എന്ന പേരിൽ വിവാദമാക്കുകയും കോടിയേരിയെ കുറ്റക്കാരൻ ആക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനോരമയുടെ തൊലിക്കട്ടി അപാരം തന്നെ.

സോളാർ തട്ടിപ്പ് കേസിൽ സരിത ഒളിവിലായ ശേഷം പോലും കേസ് അനേ്വഷണത്തിന്റെ ഉത്തരവാദിത്വമുള്ള ആഭ്യന്തരമന്ത്രി അവരുമായി ബന്ധപ്പെട്ടിരുന്നു എന്നു വ്യക്തമായ സാഹചര്യത്തിലാണ് കോടിയേരിയെ മനോരമ കുറ്റക്കാരൻ ആക്കുന്നത് എന്നോർക്കണം. ഒരു കേന്ദ്രമന്ത്രി ശാലുവിന്റെ കിടക്കറയിൽ ഇരിക്കുന്ന ചിത്രങ്ങളോ കൈകാട്ടി വിളിച്ചപ്പോൾ കയറി ആഭ്യന്തരമന്ത്രി കരിക്ക് വെള്ളം കുടിച്ചതോ ഒന്നും ഒരു വിഷയം അല്ലാതിരിക്കുമ്പോൾ ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ അതിനുള്ള ധൈര്യത്തെ സമ്മതിക്കയല്ലേ വേണ്ടത്. ഇതു വായിച്ചാൽ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധർ പോലും ഊറിച്ചിരിക്കുമെന്നും അതുവഴി വിശ്വാസ്യത നഷ്ടമാകുന്നത് മനോരമയുടേതാണ് എന്നും ചിന്തിക്കാനുള്ള പ്രൊഫഷണലിസം മനോരമയ്ക്ക് എങ്ങനെ കൈമോശം വന്നു എന്നു മാത്രമാണ് മനസ്സിലാകാത്തത്. എന്തായാലും ഈ വാർത്ത ചില്ലിട്ടു വച്ച്, എങ്ങനെ വാർത്ത എഴുതരുത് എന്നതിന് ഉത്തമ ഉദാഹരണമായി ജേർണലിസം ക്ലാസുകളിൽ ഭാവി തലമുറയെ പഠിപ്പിക്കാൻ സാധിക്കുമെന്നുതീർച്ച.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP