Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിയുടെ തീരുമാനം കോൺഗ്രസ് നേതാക്കൾ അറിഞ്ഞത് ഇന്നലെ രാവിലെ മാത്രം; അപ്രതീക്ഷിതമായി ആറു സീറ്റുകളിൽ കൂടി മത്സരിക്കാൻ കിട്ടുമെന്ന ആഹ്ലാദത്തിൽ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ; ജോസ് കെ മാണിയെ തോൽപ്പിക്കാൻ പിസി ജോർജിനെ പോലും കോൺഗ്രസ് ഒപ്പം കൂട്ടും

മാണിയുടെ തീരുമാനം കോൺഗ്രസ് നേതാക്കൾ അറിഞ്ഞത് ഇന്നലെ രാവിലെ മാത്രം; അപ്രതീക്ഷിതമായി ആറു സീറ്റുകളിൽ കൂടി മത്സരിക്കാൻ കിട്ടുമെന്ന ആഹ്ലാദത്തിൽ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ; ജോസ് കെ മാണിയെ തോൽപ്പിക്കാൻ പിസി ജോർജിനെ പോലും കോൺഗ്രസ് ഒപ്പം കൂട്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോട്ടയത്തെ പ്രബലൻ ആരെന്ന തർക്കം യുഡിഎഫിൽ ഇനിയുണ്ടാകില്ല. ധാരണകൾക്കു വിരുദ്ധമായി മാണി നടത്തിയ കാലുമാറ്റം നിർഭാഗ്യകരമെന്നും യു.ഡി.എഫിലേക്കുള്ള വാതിൽ മാണി സ്വയം അടച്ചുവെന്നും ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കുമ്പോൾ സംഭവിക്കാൻ പോകുന്നത് എന്തെന്ന് വ്യക്തമാവുകയാണ്. കെ എം മാണിക്കും കൂട്ടരും ഇനി യുഡിഎഫിൽ ഉണ്ടാകില്ല. അവർ ഇടതുപക്ഷത്തേക്ക് ചായുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ പോലും ഞെട്ടിച്ചൊരു രാഷ്ട്രീയ നീക്കമാണ് കോട്ടയത്ത് മാണി ഗ്രൂപ്പ് നടത്തിയത്. ഇതോടെ യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് പൂർണ്ണമായും അകന്നു. അങ്ങനെ കോട്ടയത്തെ യുഡിഎഫ് എന്നാൽ കോൺഗ്രസ് മാത്രമാകുന്നു.  ഇടതുമുന്നണിയുമായി അടുക്കുന്നുവെന്ന സൂചന വ്യക്തമാക്കി സി.പി.എം. പിന്തുണയോടെ കോട്ടയത്ത് കേരള കോൺഗ്രസ് (എം) ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചതാണ് ഇതിന് കാരണം. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിലെ സഖറിയാസ് കുതിരവേലി എട്ടിനെതിരേ 12 വോട്ടുകൾക്ക് വിജയിച്ചു. കേരള കോൺഗ്രസിനും സിപിഎമ്മിനും ആറുവീതം സീറ്റാണ് ജില്ലാ പഞ്ചായത്തിലുള്ളത്.

കോട്ടയത്തെ ഈ നീക്കം തിരിച്ചറിയാൻ കോൺഗ്രസിന് ആയില്ല. മാണി വിഭാഗത്തിന്റെ തീരുമാനം അവസാന നിമിഷം മാത്രമാണ് കോൺഗ്രസുകാർ അറിഞ്ഞത്. ജോസ് കെ മാണിയാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. യുഡിഎഫിൽ നിന്ന് പുറത്തേക്ക് ചാടിയ മാണി വിഭാഗം സമദൂര രാഷ്ട്രീയമാണ് പരീക്ഷിച്ചിരുന്നത്. എന്നാൽ കോട്ടയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ജയിച്ചു കയറാൻ മുന്നണിയുടെ പിന്തുണ വേണം. കോൺഗ്രസിലെ ചിലർ പാരവയ്ക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ അവർ ഇടത്തോട്ട് ചായാൻ തീരുമാനിച്ചു. ഇതോടെ കോട്ടയത്തെ ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നിർണ്ണായകവുമായി. ഏതായാലും കൈകൊട്ടി ചിരിക്കുന്നത് കോൺഗ്രസുകാരാണ്. എന്നും കോട്ടയത്തെ വിജയം ഉറപ്പുള്ള സീറ്റുകളിൽ ബഹുഭൂരിഭാഗവും മത്സരിച്ചിരുന്നത് കേരളാ കോൺഗ്രസുകാരാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ചിത്രം മാറും. കോട്ടയത്ത് കൂടുതൽ സീറ്റിൽ കോൺഗ്രസുകാർക്ക് മത്സരിക്കാം. ഇതിന്റെ ആവേശത്തിലാണ് കോട്ടയത്തെ കോൺഗ്രസുകാർ. ഉമ്മൻ ചാണ്ടിയും മാണിക്ക് എതിരാണെന്ന് വ്യക്തമായതോടെ സന്തോഷം ഇരട്ടിക്കുന്നു.

കോട്ടയത്ത് 9 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും യുഡിഎഫിന്റെ ഉറച്ച കോട്ടകൾ. പാലയും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിന് ജയിക്കാനാകുന്ന ഉറച്ച സീറ്റുകൾ. ഇതെല്ലാം കൈയടക്കി വച്ചിരിക്കുന്നത് മാണിയാണ്. ഏറ്റുമാനൂരും പൂഞ്ഞാറും മത്സരിക്കുന്നതും കേരളാ കോൺഗ്രസുകാർ. പിന്നെയുള്ളത് പുതുപ്പള്ളിയും കോട്ടയവും. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും. അതുകൊണ്ട് തന്നെ കോൺഗ്രസിന് ഏറെ സാധ്യതകളുള്ള കോട്ടയത്ത് കോൺഗ്രസ് നേതാക്കൾക്ക് ആർക്കും നിയമസഭയിൽ മത്സരിക്കാൻ സീറ്റു പോലും ഉണ്ടാകാറില്ല. മാണി ഇടത്തേക്ക് പോകുമ്പോൾ ഈ സ്ഥിതി മാറും. പാലയും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഏറ്റുമാനൂരും കോൺഗ്രസുകാർക്ക് മത്സരിക്കാം. ഇതിൽ പൂഞ്ഞാർ പിസി ജോർജും ഏറ്റുമാനൂർ സിപിഎമ്മിന്റെ സുരേഷ് കുറുപ്പുമാണ് നിയമസഭാ സാമാജികർ. ഇവിടെ മത്സരിക്കാൻ കഴിയുമെന്നതു കൊണ്ട് തന്നെ മാണിയെ പുറത്താക്കാൻ മത്സരിക്കുകയാണ് കോട്ടയത്തെ കോൺഗ്രസുകാർ.

എന്നാൽ മാണിയുടെ കുത്തക സീറ്റുകളിൽ ഇടതു പക്ഷത്തിന്റെ പിന്തുണയെത്തുമ്പോൾ കേരളാ കോൺഗ്രസുകാർ തന്നെ വീണ്ടും ജയിക്കാനാണ് സാധ്യത. അത്രയും വളർച്ച കേരളാ കോൺഗ്രസ് ഈ സീറ്റുകളിൽ നേടിയിട്ടുമുണ്ട്. അങ്ങനെ മാണിയെ ഒപ്പം നിറുത്തി കോട്ടയം പിടിക്കാനാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും മാണിയുടെ സ്വാധീനം ഇവർ തിരിച്ചറിയുകയും ചെയ്യുന്നു. അങ്ങനെ മാണിയെ ഒപ്പം കൂട്ടി മധ്യ തിരുവിതാകൂറിലെ ക്രൈസ്തവ വോട്ടുകളിലാണ് ഇടതുപക്ഷം കണ്ണൂവയ്ക്കുന്നത്. കോട്ടയത്തെ ലോക്‌സഭാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കാനും ഇറങ്ങും. ഇവിടെ എന്തുവില കൊടുത്തും ജോസ് കെ മാണിയെ തോൽപ്പിക്കാൻ കോൺഗ്രസ് ഇപ്പോഴേ നീക്കം തുടങ്ങി. പിസി ജോർജിന്റെ പിന്തുണ പോലും ഇതിനായി തേടും. മാണി കളം മാറുന്നതോടെ പിസി ജോർജിനെ യുഡിഎഫിൽ എത്തിക്കാനും നീക്കം കോൺഗ്രസുകാർ ആരംഭിച്ചിട്ടുണ്ട്. പരമാവധി മാണി വിരുദ്ധരെ യുഡിഎഫ് ക്യാമ്പിലെത്തിക്കാനും നീക്കം നടത്തും.

മൂന്നിലവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ഇടച്ചിൽ ഇത്ര രൂക്ഷമാകാൻ കാരണമായി പറയുന്നത്. കോൺഗ്രസിലെ ജെയിംസ് ആന്റണി പുന്നത്താനിയുടെ മരണത്തെ തുടർന്ന് ഇവിടെ ഉപതെരഞ്ഞെടുപ്പു വന്നു.ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തി. വിജയിച്ചത് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി അമ്മിയാനി. പരാജയപ്പെട്ടത് കോൺഗ്രസിലെ ജോർജ് മാത്യു കപ്യാങ്കൽ. സി.പി.എം പിന്തുണയോടെയാണ് കേരള കോൺഗ്രസ് വിജയിച്ചതെന്ന് കോൺഗ്രസ് ആരോപണം ഉയർത്തി. മൂന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കേരള കോൺഗ്രസിലെ ലേഖാ കൃഷ്ണൻകുട്ടി നായർക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്നും കോൺഗ്രസിന്റെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നു.

ഇതോടെ അവിശ്വാസ പ്രമേയം പാസായി. തുടർന്നുനടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഷാജി ജോൺ കോൺഗ്രസ് പിന്തുണയോടെ വൈസ്പ്രസിഡന്റായി. ഇപ്പോൾ കോൺഗ്രസിലെ ഷേർളി സെബാസ്റ്റ്യൻ പ്രസിഡന്റും സി.പി.എം പ്രതിനിധി ഷാജി വൈസ് പ്രസിഡന്റുമാണ്. കേരള കോൺഗ്രസ് ഇവിടെ പ്രതിപക്ഷത്താണ്. ഇതിനുള്ള പ്രതികാരം വീട്ടലായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്നത്.

ഇത് രാഷ്ട്രീയ വഞ്ചനയെന്ന് കോൺഗ്രസ്

കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം അട്ടിമറിക്കപ്പെട്ടതോടെ കേരള കോൺഗ്രസിനെതിരേ കടുത്ത ആരോപണങ്ങളുമായി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാരാണ് കോൺഗ്രസെന്നായിരുന്നു ഇതിനോട് കെ.എം. മാണിയുടെ മറുപടി. തിരഞ്ഞെടുപ്പിലെ നിലപാട് മാണി വിഭാഗത്തിൽ കടുത്ത വിയോജിപ്പിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ഡി.സി.സി. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി ധാരണയുണ്ടാക്കിയതിനു ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചത്. ഏപ്രിൽ മൂന്നിന് ഇരുവിഭാഗവും യോഗം ചേർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാൻ ധാരണയിലെത്തി.

തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് സി.പി.എം. നേതൃത്വവുമായി മാണി വിഭാഗം നടത്തിയ ചർച്ചയിൽ സ്ഥിതി മാറി. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ സഹായിക്കാൻ സി.പി.എം. തയാറായി. ചില ഉന്നത നേതാക്കളും ഇതിനെ പിന്തുണച്ചു. അടിയന്തര ജില്ലാസെക്രട്ടറിയേറ്റ് യോഗം ബുധനാഴ്ച സഖറിയാസിനെ പിന്തുണയ്ക്കാൻ തീരുമാനമെടുത്തു. പ്രാദേശികതലത്തിൽ എടുത്ത തീരുമാനം മാത്രമാണിതെന്നാണ് സി.പി.എം. ജില്ലാസെക്രട്ടറി വി.എൻ. വാസവൻ പ്രതികരിച്ചു. മാണി വിഭാഗം കരാർ ലംഘിച്ചത് കടുത്ത വഞ്ചനയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കരാറിന്റെ പകർപ്പ് നേതാക്കൾ മാധ്യമങ്ങൾക്ക് മുമ്പാകെ പ്രദർശിപ്പിച്ചു. കരാറുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഖറിയാസ് കുതിരവേലി പറഞ്ഞു.

കോൺഗ്രസ് പുറത്തുവിട്ട രേഖ യോഗത്തിന്റെ മിനുട്സ് മാത്രമാണ്. കരാർ ആയിരുന്നില്ല. ചില തദ്ദേശസ്ഥാപനങ്ങളിൽ കോൺഗ്രസ് ചതിച്ചതിലും കെ.എം. മാണിക്കെതിരേ കെപിസിസി. യോഗത്തിൽ അപകീർത്തികരമായ പരാമർശമുണ്ടായതിലും പ്രതിഷേധിച്ചാണ് ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചത്. കുറവിലങ്ങാട് ഡിവിഷനെയാണ് സഖറിയാസ് കുതിരവേലി പ്രതിനിധീകരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനവും നിലവിൽ മാണി വിഭാഗത്തിനാണ്.

ജോസ് കെ മാണിക്കെതിരെ കെസി ജോസഫ്

അപകടസൂചന കിട്ടിയപ്പോൾ മാണിയെ ഫോണിൽ ബന്ധപ്പെടാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിച്ചപ്പോൾ കിട്ടി. ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫിന്റെയും സന്ദേശവും അഭ്യർത്ഥനയും കൈമാറി. ഒരു ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാണിയുടെ സ്ഥാനർഥിയെ പിന്തുണയ്ക്കാൻ സി.പി.എം തീരുമാനിക്കണമെങ്കിൽ പാർട്ടി സംസ്ഥാനനേതൃത്വത്തിന്റെ അനുവാദം വേണം. ഒരുമുന്നണിയിലും ഇല്ലാത്ത പാർട്ടിക്കു രാഷ്ട്രീയനേട്ടം ഉണ്ടാകുന്ന സമീപനം ജില്ലാ പഞ്ചായത്തിൽ സ്വീകരിച്ചു എന്ന ന്യായീകരണമാണു മാണി വിഭാഗം നേതാക്കളുടേത്. സി.പി.എം ഇങ്ങോട്ടാണു പിന്തുണ തന്നതെന്നും വാദിക്കുന്നു. എന്നാൽ, ഡിസിസി പ്രസിഡന്റായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ജോഷി ഫിലിപ്പ് രാജിവച്ചതുതന്നെ തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസ് കെ.മാണിയും നടത്തിയ ചർച്ചകളിൽ പാർട്ടിയുടെ പിന്തുണ അടുത്തയാൾക്കുണ്ടാകും എന്ന ധാരണ രൂപപ്പെട്ടശേഷമാണ്. ഇതാണ് അട്ടിമറിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയോടാണ് കോൺഗ്രസിന് കൂടുതൽ നീരസം.

നിയുക്ത പ്രസിഡന്റായ സണ്ണി പാമ്പാടി ഒരാഴ്ചയോളം മുൻപു മാണിയുടെ പാലായിലെ വസതിയിലെത്തി അനുഗ്രഹവും വാങ്ങി. മിനിയാന്നു വിപ്പു നൽകേണ്ട സമയത്ത് അതു നൽകിയില്ല എന്നു വന്നതോടെയാണു കോൺഗ്രസ് അപകടം മണത്തത്. തലസ്ഥാനത്തു ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ യുഡിഎഫുമായുള്ള കരാർ പാലിക്കണം എന്ന അഭിപ്രായത്തിനായിരുന്നു മേൽക്കൈ. രണ്ടുദിവസമായി നിയമസഭയിലെത്താത്ത മാണി ആ യോഗത്തിനുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് അവർ ചൊവ്വാഴ്ച ഒത്തുചേർന്നത്. അവർ പങ്കുവച്ച വികാരം നേതൃത്വം തള്ളി. ഇത് കേരളാ കോൺഗ്രസിലും പ്രതിഫലിക്കും. പിജെ ജോസഫും കൂട്ടരും എന്തു നിലപാട് എടുക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ഈ സാഹചര്യത്തിലാണ് ജോസ് കെ. മാണിക്ക് ഇനി യുഡിഎഫിൽ പ്രവേശനമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പരസ്യമായി പറഞ്ഞത്. യുഡിഎഫിന്റെ കട്ടിൽകണ്ട് ഇനി കേരള കോൺഗ്രസ് പനിക്കേണ്ടെന്നും കെ.സി. ജോസഫ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ കേരള കോൺഗ്രസിൽ മാറ്റങ്ങളുണ്ടാകുമെന്നും അദേഹം മുന്നറിയിപ്പു നൽകി. യുഡിഎഫ് വിട്ടപ്പോൾ തയാറാക്കിയ ധാരണയ്ക്കു വിരുദ്ധമായാണ് കേരളാ കോൺഗ്രസ് പ്രവർത്തിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വിഷയത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി പാമ്പാടിക്ക് വോട്ട് ചെയ്യാൻ കേരള കോൺഗ്രസ് തീരുമാനിക്കുന്നുവെന്ന് ഏപ്രിൽ മൂന്നിന് കരാറുണ്ടാക്കിയിരുന്നു. കെ.എം. മാണിയുടെയും ജോസ് കെ. മാണിയുടെയും അറിവോടെയാണ് കരാർ ഉണ്ടാക്കിയത്. കേരള കോൺഗ്രസിന്റെ ആറും കോൺഗ്രസിന്റെ എട്ട് അംഗങ്ങളുമായി 14 പേർ കരാറിൽ ഒപ്പിട്ടിരുന്നു. ഈ കരാറിൽ ഒപ്പിട്ട രണ്ടാമത്തെയാളാണ് ഇന്നു പ്രസിഡന്റായത്. ഈ ഏപ്രിൽ മൂന്നിനുശേഷം എന്തു സംഭവമാണ് കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന് അപമാനം ഉണ്ടാക്കിയതെന്ന് മാണി പറയണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

കോട്ടയത്തേത് ബത്തേരി മാതൃക

ബത്തേരി നഗരസഭയിൽ കേരള കോൺഗ്രസ് (എം) സിപിഎമ്മിനൊപ്പം ചേർന്നതിന്റെ തുടർച്ചയാണ് കോട്ടയത്തേതും. കെ. എം. മാണിയും സംഘവും യുഡിഎഫ് വിട്ടു നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിക്കുന്നതിനു മുൻപേയായിരുന്നു ബത്തേരി പരീക്ഷണം.

കേരള കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെയാണ് ഇവിടെ സി.പി.എം ഭരണം. ബത്തേരി നഗരസഭയിൽ 17 സീറ്റുകൾ വീതം നേടി യുഡിഎഫും എൽഡിഎഫും തുല്യത പാലിച്ചിരുന്നു. ആകെയുള്ള 35 വാർഡുകളിൽ ഒരിടത്തു ബിജെപിക്കായിരുന്നു വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് വോട്ടു ചെയ്യാൻ കേരള കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റിയുടെ സമ്മതത്തോടെയായിരുന്നു നീക്കം.

കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ടി. എൽ. സാബുവാണ് സിപിഎമ്മിനു പിന്തുണ നൽകി ഭരണത്തിനൊപ്പം ചേർന്നത്. ഇതോടെ നഗരസഭയിലെ യുഡിഎഫ് അംഗസംഖ്യ 16 ആയി കുറഞ്ഞു. ഭരണപക്ഷത്തിന് 18 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. അങ്ങനെ ഭരണം സിപിഎമ്മിനായി. കോട്ടയത്ത് തിരിച്ചും.

കേരള കോൺഗ്രസ് ഇത്രയും വലിയ രാഷ്ട്രീയ നീക്കം നടത്തുമ്പോൾ ജോസ് കെ.മാണി ഇംഗ്ലണ്ടിലായിരുന്നു. യുകെ സന്ദർശനത്തിനുശേഷം ജോസ് കെ.മാണി എംപി ഇന്നു ഡൽഹിയിൽ തിരികെയെത്തും. അഞ്ചാം തീയതി കോട്ടയത്തെത്തും. പ്രവാസി കേരള കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ 27ന് ആണ് ജോസ് കെ.മാണി യുകെയിലേക്കു പോയത്. ഭാര്യ നിഷയും അദ്ദേഹത്തിനൊപ്പമുണ്ട്. ലണ്ടനിൽ ഇരുന്നാണ് ജോസ് കെ മാണി കോൺഗ്രസിനെതിരെ കരുനീക്കം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

നിയമസഭയിൽ വോട്ട് സർക്കാരിനെതിരെ

കോട്ടയത്തു സിപിഎമ്മുമായി കൂട്ടുകെട്ടിലായെങ്കിലും നിയമസഭയിൽ ഹാജരുണ്ടായിരുന്ന മൂന്നു കേരള കോൺഗ്രസ് എംഎൽഎമാരും സർക്കാരിനെതിരെ വോട്ടു ചെയ്തു. ധനാഭ്യർഥനയ്ക്കു മേലായിരുന്നു വോട്ടെടുപ്പ്.

വൈദ്യുതി വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയാൻ മന്ത്രി എം.എം. മണി എഴുന്നേറ്റപ്പോൾത്തന്നെ പ്രതിപക്ഷം അദ്ദേഹത്തെ ബഹിഷ്‌കരിച്ചു പുറത്തിറങ്ങി. ഇതോടെ സഭയിൽ ഭരണപക്ഷവും കേരള കോൺഗ്രസും പി.സി. ജോർജും മാത്രമായി. വോട്ടെടുപ്പ് വേണോ എന്നു സ്പീക്കർ ചോദിച്ചപ്പോൾ വേണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെടുകയായിരുന്നു. സഭയിലുണ്ടായിരുന്ന കേരള കോൺഗ്രസ് എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, എൻ. ജയരാജ് എന്നിവർ ധനാഭ്യർഥനയ്ക്ക് എതിരായിത്തന്നെ വോട്ടു രേഖപ്പെടുത്തി.

പി.സി. ജോർജ് വിട്ടുനിന്നു. യുഡിഎഫ് വിട്ടെങ്കിലും പൊതുവേ സർക്കാർ വിരുദ്ധ നിലപാടാണു കേരള കോൺഗ്രസ് സഭയിൽ സ്വീകരിച്ചുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP