Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുധീരൻ ഇനി ഉമ്മൻ ചാണ്ടിക്ക് വഴങ്ങും; സർക്കാരിനെതിരെ ഒന്നും പറയരുതെന്ന് കെപിസിസി അധ്യക്ഷന് സോണിയാ ഗാന്ധിയുടെ നിർദ്ദേശം; പാർട്ടി പുനഃസംഘടനയും തദ്ദേശത്തിന് മുമ്പില്ല; കോൺഗ്രസിൽ എ-ഐ ഗ്രൂപ്പുകളുടെ സംയുക്തനീക്കം ഫലം കണ്ടു; ഇനിയെല്ലാം ഹൈക്കമാണ്ട് തീരുമാനിക്കും

സുധീരൻ ഇനി ഉമ്മൻ ചാണ്ടിക്ക് വഴങ്ങും; സർക്കാരിനെതിരെ ഒന്നും പറയരുതെന്ന് കെപിസിസി അധ്യക്ഷന് സോണിയാ ഗാന്ധിയുടെ നിർദ്ദേശം; പാർട്ടി പുനഃസംഘടനയും തദ്ദേശത്തിന് മുമ്പില്ല; കോൺഗ്രസിൽ എ-ഐ ഗ്രൂപ്പുകളുടെ സംയുക്തനീക്കം ഫലം കണ്ടു; ഇനിയെല്ലാം ഹൈക്കമാണ്ട് തീരുമാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെപിസിസി പുനഃസംഘടന, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വേണമെന്നുള്ള വി എം സുധീരന്റെ ആവശ്യം കോൺഗ്രസ് ഹൈക്കമാണ്ട് തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഹൈക്കമാണ്ട് കേരള നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ ഡൽഹിയിൽ ചർച്ച നടക്കില്ല. എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കമാണ് സുധീരന് തിരിച്ചടിയാകുന്നത്. സർക്കാരിനെ കെപിസിസി വിമർശിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനോടും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുകൂലമാണ്. സർക്കാരിനെ കുറ്റപ്പെടുത്തുന്ന പരസ്യ വിചാരണ തൽകാലത്തേക്ക് സുധീരൻ നിർത്തേണ്ടി വരും. മുതിർന്ന നേതാവ് എകെ ആന്റണിയുമായി കൂടിയാലോചിച്ചാണ് സോണിയാ കേരളാ കാര്യങ്ങളിൽ അന്തിമ നിലപാട് എടുത്തത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയിൽ പുനഃസംഘടനാ ചർച്ചകൾ നടക്കും. ഹൈക്കമാണ്ടിന്റെ നിലപാട് തന്നെയാകും നിർണ്ണായകം. ഗ്രൂപ്പിന് അതീതമായി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുമ്പോൾ ഇത്തരം തീരുമാനം എടുക്കുന്നത് വിഭാഗീയത ശക്തമാക്കും. തദ്ദേശത്തിൽ വിമത ശല്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ കോൺഗ്രസിന് നേട്ടമുണ്ടാകും. ബിജെപിയുടെ പെട്ടിയിലേക്ക് വീഴുന്ന അധിക വോട്ടുകൾ ഇടതു പക്ഷത്ത് നിന്നാകും. ഈ സാഹചര്യത്തിൽ മുൻതൂക്കം ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതേ നിലപാടാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ സുധീരന്റെ വാദങ്ങൾ സോണിയ തള്ളി. ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും യോജിച്ച് പ്രവർത്തിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഫലത്തിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസമാണ് സോണിയയുടെ നിലപാട്.

ടോമിൻ തച്ചങ്കരിയുടെ സ്ഥലം മാറ്റത്തിൽ സർക്കാരിനെ സുധീരൻ വിമർശിച്ചിരുന്നു. കൺസ്യൂമർ ഫെഡ് ചെയർമാൻ സ്ഥാനത്ത് ജോയ് തോമസിനെ മാറ്റാനും സമ്മർദ്ദം ചെലുത്തി. പ്രതിപക്ഷം പോലും പ്രതികരിക്കാത്ത തരത്തിലായിരുന്നു സുധീരന്റെ ഇടപെടൽ. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നുള്ള ജേക്കബ് തോമസിന്റെ മാറ്റത്തിലും വിമർശനമെത്തി. ഉടൻ തന്നെ മുഖ്യമന്ത്രി നേരിട്ട് പത്ര സമ്മേളനം നടത്തുകയും നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. സുധീരന്റെ ഒറ്റയാൻ നീക്കങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഹൈക്കമാണ്ടിനെ ധരിപ്പിക്കാനും എ-ഐ ഗ്രൂപ്പുകൾക്കായി ഇതോടെയാണ് സുധീരനെ ഹൈക്കമാണ്ട് കൈവിട്ടത്. കൂട്ടായ ചർച്ചകളിലൂടെ തീരുമാനം എടുത്ത് മുന്നോട്ട് പോകാനാണ് നൽകിയിരിക്കുന്ന വിശദീകരണം.

ഹൈക്കമാണ്ട് തീരുമാനങ്ങൾക്ക് അനുസരിച്ച് വഴങ്ങലിന്റെ വാക്കുകളാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരനും നടത്തിയത്. കെപിസിസിയിൽ പ്രശ്‌നങ്ങളൊന്നുമില്ല. പ്രശ്‌നങ്ങളുണ്ടെങ്കിൽ കേരളത്തിലെ നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കും. പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന കാര്യം. പാർട്ടിയും സർക്കാരും എല്ലാ കാര്യത്തിലും ഒന്നിച്ച് പോകും. തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങളെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ പൂർണ വിവരങ്ങൾ പുറത്തു വിടാനാവില്ലെന്നും സുധീരൻ വിശദീകരിക്കുന്നു. സുധീരന്റെ നിലപാടിലുള്ള വിയോജിപ്പ് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം രംഗത്തത്തെിയിരുന്നു. ഇതിനു പിന്നാലെയാണ് സുധീരൻ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് നിലപാട് സുധീരന് തിരിച്ചടിയാണ്.

എ-ഐ ഗ്രൂപ്പുകൾ സംയുക്തമായി ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് രൂപം നൽകിയിരുന്നു. എന്നാൽ ഈ പട്ടികയിൽ സ്വന്തക്കാരെ സുധീരൻ തിരുകി കയറ്റിയെന്ന ആക്ഷേപവുമായാണ് എ-ഐ ഗ്രൂപ്പുകൾ കെപിസിസി പ്രസിഡന്റിനെതിരെ രംഗത്ത് വന്നത്. ഇതിനിടെയിൽ തൃശൂരിലെ ഗ്രൂപ്പ് കൊലപാതകവും ചർച്ചയിലെത്തി. ഇതോടെ എ-ഐ ഗ്രൂപ്പുകളിൽ ഭിന്നതയുണ്ടാക്കി സ്വന്തം ഗ്രൂപ്പ് വളർത്താൻ സുധീരൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. ഇതോടെ ഭിന്നതകൾ മറന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒന്നിച്ചു. തൃശൂരിലെ പ്രശ്‌നങ്ങൾ ഗ്രൂപ്പുകൾ തമ്മിൽ പറഞ്ഞു തീർത്തു. കൺസ്യൂമർ ഫെഡ് വിഷയത്തിലും ജോയ് തോമസിനെതിരെ എ ഗ്രൂപ്പ് പോരാട്ടം നിറുത്തി. കൺസ്യൂമർ ഫെഡ് ചെയർമാനെ മാറ്റണമെന്ന കെപിസിസി അധ്യക്ഷന്റെ കത്തിന് വേണ്ട പരിഗണനയും നൽകിയില്ല. സർക്കാരിന് ചെയർമാനെ മാറ്റാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. ബാർ കോഴ വിഷയങ്ങളുടെ സമയത്തും സമാനമായ തർക്കും കെപിസിസിയും സർക്കാരും തമ്മിലുണ്ടായിരുന്നു. അന്നും സർക്കാരുമായി യോജിച്ച് പോകാനായിരുന്നു സുധീരന് ഹൈക്കമാണ്ട് നൽകിയ നിർദ്ദേശം.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃസംഘടന നടന്നാൽ അധ്യക്ഷ സ്ഥാനത്ത് വീണ്ടുമെത്താമെന്നാണ് സുധീരന്റെ കണക്ക് കൂട്ടൽ. തെരഞ്ഞെടുപ്പ് കാലത്ത് മാറ്റത്തിന് ഹൈക്കമാണ്ട് തയ്യാറികല്ല. ഇതിനെയാണ് എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് വെട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പുകൾ മുന്നോട്ട് വയ്ക്കുന്ന പൊതു നേതാവിനെ കെപിസിസി അധ്യക്ഷനാക്കാനാണ് നീക്കം. കെ മുരളീധരൻ അടക്കമുള്ളവരെ കെപിസിസിയിലേക്ക് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി തുടരുന്നതിനാൽ കെപിസിസി അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് വേണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. കെ സുധാകരനും കെപിസിസി അധ്യക്ഷനാകാൻ നീക്കം സജീവമാക്കിയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ മനസ്സിൽ കയറുന്നവർക്കേ ഈ പദവിയിൽ എത്താൻ കഴിയൂ എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ ഒഴിവാക്കി പൊതു സമ്മതനെ കണ്ടെത്താൻ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്.

നേരത്തെ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇതേ ഗ്രൂപ്പുകൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ എ കെ ആന്റണിയുടെ പിന്തുണയോടെ കാർത്തികേയന്റെ പേരിനെ വെട്ടി സുധീരൻ പാർട്ടി അധ്യക്ഷനായി. ഇനി അത്തരമൊരു അവസ്ഥയുണ്ടാകരുതെന്നാണ് എ-ഐ വിഭാഗങ്ങളുടെ കൂട്ടായ തീരുമാനം. ഈ സാഹചര്യത്തിലാണ് സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ കൂട്ടായ നീക്കങ്ങൾ സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP