Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി മന്ത്രിസഭയിൽ സുഷമ സ്വരാജിന്റെ ജനപ്രീതിയെ തോൽപിക്കാനാവില്ല; രാജ്നാഥും ജെയ്റ്റ്ലിയും വെങ്കയ്യയുമൊക്കെ ഉണ്ടായിട്ടും 92 ശതമാനം പേരും മികച്ച മന്ത്രിയായി തെരഞ്ഞെടുത്തത് പ്രവാസികളോട് അമ്മയെപ്പോലെ സ്നേഹം ചൊരിയുന്ന സുഷമയെ; മോദിക്കു മുന്നിൽ രാഹുൽ വെറും ശിശുവെന്നും സർവേ ഫലം

മോദി മന്ത്രിസഭയിൽ സുഷമ സ്വരാജിന്റെ ജനപ്രീതിയെ തോൽപിക്കാനാവില്ല; രാജ്നാഥും ജെയ്റ്റ്ലിയും വെങ്കയ്യയുമൊക്കെ ഉണ്ടായിട്ടും 92 ശതമാനം പേരും മികച്ച മന്ത്രിയായി തെരഞ്ഞെടുത്തത് പ്രവാസികളോട് അമ്മയെപ്പോലെ സ്നേഹം ചൊരിയുന്ന സുഷമയെ; മോദിക്കു മുന്നിൽ രാഹുൽ വെറും ശിശുവെന്നും സർവേ ഫലം

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: മൂന്ന് വർഷം പിന്നിട്ട എൻഡിഎ സർക്കാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ജനപിന്തുണയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേഫലം. കേന്ദ്ര ഭരണത്തെ യാതൊരു അഴിമതി ആരോപണവും കൂടാതെ മുന്നോട്ടു നയിക്കാൻ നരേന്ദ്ര മോദിയിലെ നേതാവിന് സാധിച്ചിട്ടുണ്ട്. മോദി പ്രഭാവത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ മന്ത്രിമാർക്ക് എത്രകണ്ട് ശോഭിക്കാൻ സാധിക്കുന്നുണ്ട് എന്നു ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ചുരുക്കം ചിലരേ ഉണ്ടാകുകയുള്ളൂ. എന്തായാലും മോദി മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭയായ മന്ത്രി ആരെന്നോ ചോദിച്ചാൽ സംശയം കൂടാതെ ചൂണ്ടിക്കാട്ടാൻ ഒരാളേയുള്ളു. അത് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്നെയാണ്.

രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് സുഷമ സ്വരാജ്. സുഷമയുടെ കാരുണ്യവും കഴിവും ഏറ്റവും അധികം തിരിച്ചറിഞ്ഞവർ ഒരു പക്ഷേ മലയാളികൾ ആയിരിക്കും. സഹായം ആവശ്യമുള്ളവർക്ക് രാഷ്ട്രീയം നോക്കാതെ വാരിക്കോരി നൽകുന്ന സുഷമ സ്വരാജ് പ്രവാസികളുടെ ഏറ്റവും പ്രിയങ്കരിയാണ് താനും. മാതൃതുല്യമായ വാത്സല്യം പുലർത്തുന്ന സുഷമയുടെ മിടുക്ക് ഇന്ത്യക്കാർ ഏറ്റവും ഒടുവിൽ കണ്ടത് പാക്കിസ്ഥാനിൽ കുടുങ്ങിപ്പോയ ഉസ്മയെ തിരികെ നാട്ടിലെത്തിച്ച നടപടിയിലൂടെയാണ്. അതിർത്ത് കടന്ന് സ്വന്തം രാജ്യത്ത് എത്തിയ ഉസ്മ അനുഭവിച്ച ആനന്ദം കണ്ട് കരഞ്ഞു പോയ കണ്ണുകളുണ്ട്. ഒരു മകളെ എന്നപോലെ ഹൃദയത്തോട് ചേർത്ത് സുഷമ ഉസ്മയെ ആശ്വസിപ്പിച്ചു. ഇങ്ങനെ പ്രവാസികളുടെയും എല്ലാ ഇന്ത്യക്കാരുടെയും പ്രിയങ്കരിയായ സുഷമ സ്വരാജാണ് മറുനാടൻ സർവേയിലെ ഏറ്റവും മികച്ച കേന്ദ്രമന്ത്രി.

സർവേയിൽ പങ്കെടുത്ത 92.4 ശതമാനം പേരും കേന്ദ്രത്തിലെ ഏറ്റവും മികച്ച മന്ത്രി സുഷമ സ്വരാജ് തന്നെയാണെന്നാണ് അഭിപ്രായപ്പെട്ടത്. മറ്റ് മന്ത്രിമാർക്കൊന്നും സുഷമയോളം ജനപിന്തുണയോ വോട്ടോ ലഭിച്ചില്ല. രണ്ടാമതെത്തിയ നിതിൻ ഗഡ്കരിക്ക് 3.5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. അരുൺ ജെയ്റ്റ്‌ലിക്ക് 2.6 ശതമാനം വോട്ടുംരാജ്‌നാഥ് സിംഗിന് 0.7 ശതമാനം വോട്ടും വെങ്കയ്യ നായിഡുവിന് 0.3 ശതമാനം വോട്ടുമാണ് ലഭിച്ചത്. രവിശങ്കർ പ്രസാദിന് 0.5 ശതമാനം വോട്ട് ലഭിച്ചപ്പോൾ പ്രകാശ് ജാവദേദ്ക്കറിനെ പിന്തുണക്കാൻ ആളില്ലാതായി.

മോദി ഭരണത്തിൽ ഏറ്റവും അധികം നേട്ടം കൊയ്ത മേഖലയും വിദേശകാര്യമാണ്. 48.9 ശതമാനം പേർ വിദേശകാര്യത്തിൽ ഇന്ത്യ മുന്നോട്ടു പോയെന്ന് വ്യക്തമാക്കിയപ്പോൾ അടിസ്ഥാന വികസനത്തിൽ മുന്നിലെത്തിയന്ന് 25.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. വ്യവസായ മേഖലയിൽ മുന്നേറ്റമുണ്ടായെന്ന് 17.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. ആഭ്യന്തര സുരക്ഷയുടെ കാര്യം മെച്ചപ്പെട്ടുവെന്ന് 6.2 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിയിൽ നേട്ടമുണ്ടായെന്ന് 1.1 ശതമാനം പേരും തൊഴിലാളി ജീവിതം മെച്ചപ്പെട്ടുവെന്ന് 0.7 ശതമാനവും പൊതുജനാരോഗ്യത്തിൽ നേട്ടമുണ്ടായെന്ന് 0.8 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ബിജെപി ഭരണം കൊണ്ട് കേരളത്തിന് എന്തു ഗുണമുണ്ടായോ എന്ന അഭിപ്രായത്തിനും ഗുണകരമായി എന്ന അഭിപ്രായമാണ് ലഭിച്ചത്. 34.4 ശതമാനം പേർ മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഏറെ ഗുണകരമായെന്ന് അഭിപ്രായപ്പെട്ടു. ദോഷകരമെന്ന് 28.9 ശതമാനവും ഒരു പരിധിവരെ ഗുണകരമെന്ന് 37 ശതമാനവും വോട്ടു ചെയ്തു. കേന്ദ്രഭരണത്തിൽ മോദിയുടെ അപ്രമാധിത്തം ഉണ്ടെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ നേരത്തെ ഉന്നയിക്കുന്നതാണ്. ഈ അഭിപ്രായം ശരിയല്ലെന്നാണ് വോട്ടർമാരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. 60.1 ശതമാനം പേർ മോദി ഏകാധിപധിയല്ലെന്ന് പറഞ്ഞു. ഈ അഭിപ്രായത്തോട് 30.3 ശതമാനം പേർ യോജിച്ചപ്പോൾ 9.7 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പ്രധാനമന്ത്രി മോദി നടത്തിയ വിദേശയാത്രകൾ ഏറെ വിമർശനങ്ങൾ കേട്ടവയാണ്. ഈ യാത്രകൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്ന ചോദ്യത്തിന് ഗുണകരമാണെന്ന് 64.6 പേർ അഭിപ്രായപ്പെട്ടു. ഗുണകരമല്ലെന്ന് 21.4 ശതമാനം പേരും ഒരു പരിധിവരെ ഗുണകരമെന്ന് 14.2 ശതമാനം പേരും അഭിപ്രായപ്പെട്ടു.

അതേസമയം പ്രതിപക്ഷം ഇല്ലായ്മ തന്നെയാണ് നരേന്ദ്ര മോദിയെ കരുത്തനാക്കി മാറ്റുന്നതും. കോൺഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് മോദിക്ക് ബദലാകാൻ സാഘധിക്കുമോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ ചോദ്യം പാർട്ടിക്കുള്ളിൽ നിന്നും പോലും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ മോദിയെന്ന അതികായനെ തടുക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കില്ലെന്നാണ് മറുനാടൻ സർവേയുടെ ഫലം. 86.8 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. മോദിക്ക് ബദലാകാൻ രാഹുലിന് സാധിക്കുമെന്ന് 4.7 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ കുറച്ചു കൂടി സമയം നൽകണമെന്ന് 8.5 ശതമാനം അഭിപ്രായം ഉന്നയിച്ചു.

കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച് പോകുന്ന ബിജെപിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ തന്നെയാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലും സംഭവിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ പഞ്ചാബിൽ ഒഴികെ മിക്കയിടങ്ങളിലും കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏറ്റത്. ഇക്കാര്യം കൂടി പരിഗണിക്കുമ്പോൾ മൂന്ന് വർഷം പിന്നിട്ട മോദി ഭരണം മുന്നോട്ടു നീങ്ങുമ്പോൾ രണ്ട് വർഷത്തിനിടെ കോൺഗ്രസിന് എന്ത് മാജിക്ക് കാണിക്കാൻ സാധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP