Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി പി വധക്കേസ് സുപ്രിം കോടതി വരെ സിപിഎമ്മിനെ വിടാതെ പിന്തുടരും; മോഹനൻ മാസ്റ്ററുടെ മോചനം പാർട്ടിക്ക് ആശ്വാസമെങ്കിലും ജനവിശ്വാസം വീണ്ടെടുക്കൽ കടുത്ത വെല്ലുവിളി

ടി പി വധക്കേസ് സുപ്രിം കോടതി വരെ സിപിഎമ്മിനെ വിടാതെ പിന്തുടരും; മോഹനൻ മാസ്റ്ററുടെ മോചനം പാർട്ടിക്ക് ആശ്വാസമെങ്കിലും ജനവിശ്വാസം വീണ്ടെടുക്കൽ കടുത്ത വെല്ലുവിളി

കോഴിക്കോട്: റെവല്യൂഷണറി മാർക്‌സിറ്റ് പാർട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധക്കേസിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനെ കോടതി കുറ്റവിമുക്തമാക്കിയെങ്കിലും വധക്കേസ് സിപിഎമ്മിനെ സുപ്രിം കോടതി വരെ വിടാതെ പിന്തുടരും. പി മോഹനന്റെ മോചനത്തിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ആർഎംപി വ്യക്തമാക്കിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിലും ടി പി വിഷയം സിപിഎമ്മിനും ഇടതുമുന്നണിക്കും തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. നിയമപരമായ നൂലാമാലകൾക്കപ്പുറത്തേക്ക് ടി പി വധം വീണ്ടും ജനസമക്ഷം ചർച്ചക്കെത്തുമെന്നതാണ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാകുക.

ടി പി വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും. കേസിൽ സിപിഐ(എം) നേതാക്കൾക്ക് പങ്കില്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പണ്ട് തന്നെ വ്യക്തമാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വിഎസ് ടി പി വധക്കേസ് ഉയർത്തികൊണ്ടു വന്നത്. വിഎസിന്റെ ആവശ്യപ്രകാരമാണ് വധക്കേസ് അന്വേഷിക്കാൻ പാർട്ടി കമ്മറ്റിയെ നിയോഗിച്ചത് പോലും. വിധി വരും മുമ്പും ടി പി ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് വിഎസ് പ്രതികരിച്ചിരുന്നു. ഇപ്പോൾ വിധി വന്നപ്പോൾ പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വി എസ് പറഞ്ഞിരിക്കുന്നത്. വിഎസിന്റെ പ്രതികരണം എന്താകുമെന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാകും.

ഒഞ്ചിയത്തു നിന്നുമുള്ള നേതാവായ പി മോഹനനായിരുന്നു ടി പി ചന്ദ്രശേഖരന്റെ രാഷ്ട്രീയ എതിരാളികളുടെ ഗണത്തില്പെട്ടിരുന്നത്. ഇപ്പോൾ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ കണ്ണൂർ ജില്ലാകമ്മറ്റി അംഗം കുഞ്ഞനന്തന് ടി പിയോട് എതിർപ്പുണ്ടായിരുന്ന ആളല്ല. കൂടാതെ കൊലയാളി സംഘത്തില്പെട്ട ആർക്കും ചന്ദ്രശേഖരനെ വ്യക്തിപരമായി അറിയുക പോലുമില്ല. പിന്നെ ആരുടെ താല്പര്യപ്രകാരമാണ് ടിപിയെ വധിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോഴാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

പാർട്ടി കുറ്റവിമുക്തമാക്കപ്പെട്ടുവെന്ന പിണറായി വിജയന്റെ പ്രസ്താവന നിയമനടപടികളുടെ കാര്യത്തിൽ ഒരു പരിധിവരെ ശരിയായേക്കാം. എന്നാൽ പാർട്ടി ജില്ലാ കമ്മറ്റി അംഗമായ കുഞ്ഞനനന്തനെ മോചിപ്പിക്കാനായി സിപിഎമ്മിന് അപ്പീൽ പോകേണ്ടി വരും. ഇങ്ങനെ സംഭവിക്കുമ്പോൾ രാഷ്ട്രീയമായി പാർട്ടി ഘാതകർക്കൊപ്പമാണെന്ന പൊതുധ്വനി ഉണ്ടാകുകയും ചെയ്യും. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പാർട്ടി സംരക്ഷിക്കുന്നു എന്ന വാദം വിഎസ് ഉയർത്തിയാൽ അതും സിപിഎമ്മിന് തലവേദനയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിലാകും സിപിഐ(എം) നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ നിയമനടപടികളിലേക്ക് കടക്കേണ്ടത്. ഇത് സിപിഎമ്മിന് ജനസമക്ഷം തിരിച്ചടികൾക്ക് ഇടയാക്കുകയും ചെയ്യും. ടി പി വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ആർഎംപി ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഉചിതമായ സമയത്ത് ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാനാകും യുഡിഎഫ് സർക്കാർ തീരുമാനിക്കുക. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ ആയുധമാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ്. അത് അവസരം കിട്ടുമ്പോൾ ഉപയോഗിക്കാൻ തന്നെയാകും കോൺഗ്രസിന്റെ ശ്രമവും. കോടതി വിധിയോടുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവന ഈ നിലയിലുള്ള സൂചന നൽകുന്നതാണ്.

കേരളത്തിൽ ഏറ്റവും അധികം ചർച്ചചെയ്ത രാഷ്ട്രീയ കൊലപാതക കേസിലെ തുടർനടപടികൾ സുപ്രിംകോടതിയിലേക്ക് നീളുമെന്ന കാര്യവും ഉറപ്പാണ്. നേരത്തെ പി മോഹനൻ മാസ്റ്റർക്ക് ജാമ്യം നൽകുന്നതിനെതിരെ കെ കെ രമ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ മോഹനനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ആർഎംപിയും രമയും സുപ്രിംകോടതി വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകും. തെരഞ്ഞെടുപ്പ് വേളയിൽ ടി പി വധക്കേസ് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാഹചര്യം സംജാതമായാൽ അത് സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP