Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂട്ടുത്തരവാദിത്തം നഷ്ടമാക്കിയ തോമസ് ചാണ്ടിക്കൊപ്പമിരിക്കാൻ സിപിഐക്കാർ എത്തിയില്ല; ചന്ദ്രശേഖരനും സുനിൽകുമാറും രാജുവും തിലോത്തമനും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പിണറായിക്ക് വമ്പൻ തിരിച്ചടിയായി; സഹമന്ത്രിമാർ എത്താതായപ്പോൾ തൽക്കാലം മാറിനിൽക്കാമെന്ന് ശതകോടീശ്വരന്റെ പ്രഖ്യാപനം; പൊളിച്ചത് ഹൈക്കോടതി വിധിയെ വ്യാഖ്യാനിച്ച് കടിച്ചു തൂങ്ങാനുള്ള നീക്കം; തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ കാനത്തിനും സഖാക്കൾക്കും

കൂട്ടുത്തരവാദിത്തം നഷ്ടമാക്കിയ തോമസ് ചാണ്ടിക്കൊപ്പമിരിക്കാൻ സിപിഐക്കാർ എത്തിയില്ല; ചന്ദ്രശേഖരനും സുനിൽകുമാറും രാജുവും തിലോത്തമനും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പിണറായിക്ക് വമ്പൻ തിരിച്ചടിയായി; സഹമന്ത്രിമാർ എത്താതായപ്പോൾ തൽക്കാലം മാറിനിൽക്കാമെന്ന് ശതകോടീശ്വരന്റെ പ്രഖ്യാപനം; പൊളിച്ചത് ഹൈക്കോടതി വിധിയെ വ്യാഖ്യാനിച്ച് കടിച്ചു തൂങ്ങാനുള്ള നീക്കം; തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ കാനത്തിനും സഖാക്കൾക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ കൈയേറ്റ വിഷയത്തിൽ ഹൈക്കോടതി പോലും വിമർശിച്ച തോമസ് ചാണ്ടി രാജിവച്ചു. ഇതിന്റെ മുഴുവൻ ക്രെഡിറ്റും സിപിഐയ്ക്കും സെക്രട്ടറി കാനം രാജേന്ദ്രനുമാണ്. പ്രതിപക്ഷം പോലും തോമസ് ചാണ്ടിക്കെതിരെ പ്രതികരിക്കാനാവാതെ നിലയുറപ്പിച്ചപ്പോൾ സിപിഐ ഉറച്ച നിലപാട് എടുത്തു. മാർത്താണ്ഡം കായലിലേത് കൈയേറ്റമെന്ന് അവർ തുറന്നു പറഞ്ഞു. രാജി വച്ചേ പറ്റുവെന്നും തുറന്നടിച്ചു. ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയിൽ രാജിയില്ലെന്ന് കാനത്തെ ഇരുത്തി തോമസ് ചാണ്ടി പ്രഖ്യാപിച്ചപ്പോൾ അതേ വേദിയിൽ തന്നെ വെല്ലുവിളിയെ ചോദ്യം ചെയ്ത് കാനവും എത്തി. ഇതിന്റെ തുടർച്ചയാണ് ക്ലൈമാക്സ് ദിനത്തിലും ഉണ്ടായത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് തോമസ് ചാണ്ടി രാജിവയ്ക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഇത് അട്ടിമറിക്കനായിരുന്നു തോമസ് ചാണ്ടിയുടെ നീക്കം. ഇതിനെ അതിശക്തമായ നിലപാടിലൂടെ സിപിഐ പൊളിക്കുകയായിരുന്നു.

സിപിഐ നിലപാട് കടുപ്പിച്ചപ്പോൾ ഒടുവിൽ ചാണ്ടി വഴങ്ങി. താൻ മാറി നിൽക്കാൻ തയാറാണെന്ന് തോമസ് ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. ഉപാധികളോടെ രാജിവെക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധിയുണ്ടായാൽ തിരിച്ച് വരാൻ അവസരം നൽകണമെന്നാണ് ചാണ്ടിയുടെ ഉപാധി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെ കണ്ടപ്പോൾ സാഹചര്യത്തിന്റെ ഗൗരവം പിണറായി അദ്ദേഹത്തെ അറിയിച്ചു. ആ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന പാർട്ടി നേതാവ് ടി.പി പീതാംബരൻ മാസ്റ്റർ ഒരുമണിക്കൂർ സാവകാശം ചോദിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു. അവസാനമായി മന്ത്രിസഭാ യോഗത്തിൽ കൂടി പങ്കെടുക്കാനുള്ള ആഗ്രഹം ചാണ്ടി അറിയിച്ചു. സിപിഐ മന്ത്രിമാരുടെ എതിർപ്പ് അവഗണിച്ച് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ അവസരം നൽകി. എൽഡിഎഫിലെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഒടുവിൽ ചാണ്ടി വഴങ്ങുകയായിരുന്നു.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ താൻ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ട ശേഷം തോമസ് ചാണ്ടിയുടെ പ്രഖ്യാപനം. കോടതിയുടെ വിധി വന്നശേഷം എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും തോമസ് ചാണ്ടി പ്രഖ്യാപിച്ചു. ഇത് സിപിഐയെ കളിയാക്കലായിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് ഇതെന്ന് കാനം തിരിച്ചറിഞ്ഞു. അങ്ങനെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിലെത്തിയപ്പോൾ നാല് പേർ പുറത്തിരുന്നു. ഇത് വാർത്തയായി. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ രാജി നൽകുമെന്ന സൂചനകളുമെത്തി. ഇതിനിടെ ഇടതുപക്ഷത്തെ ജനതാദള്ളും തോമസ് ചാണ്ടിയെ പരസ്യമായി തള്ളി പറഞ്ഞു. ഇതോടെ രാജി അനിവാര്യതയായി മാറി. മന്ത്രിസഭാ യോഗത്തിൽ താൻ സ്ഥാനം ഒഴിയുന്നുവെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചു. ഇത് സഹമന്ത്രിമാരെല്ലാം കേട്ടിരുന്നു. താൽകാലികമായി മാറി നിൽക്കുന്നുവെന്ന് വെളിപ്പെടുത്തലാണ് തോമസ് ചാണ്ടി നടത്തിയത്.

മന്ത്രിസഭാ യോഗത്തിലെ ചർച്ചകളൊന്നും പുറത്തു പോകരുതെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. സിപിഐ മന്ത്രിമാർ ആരും ഇല്ലാത്തതു കൊണ്ട് തന്നെ എല്ലാം രഹസ്യമായി തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. കേസിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായാൽ തിരിച്ചുവരാൻ അനുവദിക്കണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിയുടെ അഭ്യർത്ഥന. ഹൈക്കോടതിയിലെ വിധിക്കെതിരെ താൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും തോമസ് ചാണ്ടി അറിയിച്ചു. സിപിഐയുടെ വിട്ടുനിൽക്കലിനെ കുറിച്ച മന്ത്രിസഭയിൽ ചർച്ച ചെയ്തതുമില്ല. എന്നാൽ സിപിഐയും തന്നോടൊപ്പം നിന്നിരുന്നുവെങ്കിൽ തനിക്ക് രാജി വയ്ക്കേണ്ടി വരില്ലെന്ന നിലപാട് പലരേയും തോമസ് ചാണ്ടി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലും അനുകൂലമാക്കിയപ്പോഴും കാനം തിരിഞ്ഞതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എത്താത്തതാണ് ഇതിന് കാരണമെന്നും തോമസ് ചാണ്ടി തിരിച്ചറിയുന്നു.

ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കെ രാജു, തിലോത്തമൻ തുടങ്ങിയ സിപിഐ മന്ത്രിമാർ ആരും യോഗത്തിന് എത്തിയില്ല. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രിയെ പരോക്ഷമായി സിപിഐ അറിയിക്കുകയും ചെയ്തു. രാവിലെ 9 മണിക്കാണ് മന്ത്രിസഭാ യോഗം തുടങ്ങിയത്. സിപിഐ മന്ത്രിമാരെല്ലാം ഇതിനായി സെക്രട്ടറിയേറ്റിലെത്തുകയും ചെയ്തു. എട്ട് മണിയോടെ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി നടത്തിയ പ്രസ്താവന സിപിഐയെ ചൊടിപ്പിച്ചു. ഹൈക്കോടതി വിധി പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പ്രതികരിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം സിപിഐ എടുത്തത്. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നിർദ്ദേശം സിപിഐ മന്ത്രിമാർക്ക് നൽകിയത്. ഇതോടെ തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗവും ഇടതുപക്ഷത്തിന് തീരാകളങ്കമായി.

തോമസ് ചാണ്ടി വിഷയത്തിൽ നേരത്തെ തന്നെ സിപിഐയും സിപിഎമ്മും രണ്ട് തട്ടിലായിരുന്നു. തോമസ് ചാണ്ടിയെ കൊണ്ട് രാജിവയ്‌പ്പിക്കണമെന്ന് നേരത്തെ തന്നെ സിപിഐ സെക്രട്ടറി കാനം ആവശ്യപ്പെട്ടിരുന്നു. കാനത്തിന്റെ യാത്രയിലെത്തി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയും കാനത്തെ ചൊടിപ്പിച്ചിരുന്നു. ഇടതുപക്ഷത്തെ ജനതാദള്ളും തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയാണെന്ന പക്ഷക്കാരാണ്. എന്നാൽ പാർട്ടിയുടെ പ്രതിനിധിയായ മാത്യു ടി തോമസ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ ബഹിഷ്‌കരണ തീരുമാനം എത്തിയത്. സിപിഐ നേതൃത്വം ഇക്കാര്യം പാർലമെന്ററി പാർട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ അറിയിച്ചു. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ ഇരിന്നു. ഈ കടുത്ത തീരുമാനത്തിനെല്ലാം പിന്നിൽ കാനം രാജേന്ദ്രനായിരുന്നു. പന്ന്യൻ രവീന്ദ്രനും ഈ നിലപാടുകളെ പിന്തുണച്ചു. ബിനോയ് വിശ്വത്തെ പോലുള്ള കാനത്തിന്റെ വിശ്വസ്തരും കടുത്ത നിലപാട് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പക്ഷക്കാരായിരുന്നു.

രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിലൂടെ പ്രകടിപ്പിച്ചത്. രാവിലെ തന്നെ മുഖ്യമന്ത്രി രാജി പ്രഖ്യാപിക്കണമെന്നായിരുന്നു അവരുടെ പക്ഷം. കോടതിയുടെ രൂക്ഷ പരാമർശം ഏറ്റുവാങ്ങിയിട്ടും രാജിവെക്കാത്ത തോമസ് ചാണ്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം പോലും ബഹിഷ്‌കരിച്ചു. ചാണ്ടിക്കൊപ്പം മന്ത്രിസഭാ യോഗത്തിൽ ഇരിക്കാൻ തങ്ങളില്ലെന്ന് രാവിലെ തന്നെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇതിൽ ഇടപെടുകയോ സിപിഐ മന്ത്രിമാരെ വിളിക്കുകയോ ചെയ്തില്ല. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ സമാന്തരമായി സിപിഐയുടെ നാല് മന്ത്രിമാരും യോഗം ചേരുകയും ചെയ്തു.

യഥാർഥത്തിൽ തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ച കൂട്ടുത്തരവാദിത്വം നഷ് ടപ്പെട്ടില്ലേ എന്ന ചോദ്യം സിപിഐ വീണ്ടും സജീവമാക്കി. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും ഒമ്പത് മണിമുതൽ അവരെല്ലാം മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. ഇത് അറിഞ്ഞതോടെ പ്രതിഷേധം അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രിക്ക് ചന്ദ്രശേഖർ കൊടുത്തയച്ചു. തോമസ് ചാണ്ടിയുമായി സഹകരിക്കാനില്ലെന്ന സൂചനയായിരുന്നു അത്. ഇതോടെ കാനത്തിന്റെ നിലപാടിന്റെ കാഠിന്യം മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. രാജി വച്ചേ മതിയാകൂവെന്ന സൂചന തോമസ് ചാണ്ടിക്ക് നൽകുകയും ചെയ്തു. അങ്ങനെ പടിയിറക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP