Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വെള്ളാപ്പള്ളിയുടെ സമത്വമുന്നണി ഏറെ ദോഷം ചെയ്തത് കോട്ടയം ജില്ലയിൽ; മൂന്നാം മുന്നണി മൂലം ഇടതുമുന്നണിക്ക് നേട്ടമായെന്ന് കെപിസിസി ഉപസമിതി വിലയിരുത്തൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വെള്ളാപ്പള്ളിയുടെ സമത്വമുന്നണി ഏറെ ദോഷം ചെയ്തത് കോട്ടയം ജില്ലയിൽ; മൂന്നാം മുന്നണി മൂലം ഇടതുമുന്നണിക്ക് നേട്ടമായെന്ന് കെപിസിസി ഉപസമിതി വിലയിരുത്തൽ

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിനേതൃത്വത്തിലുള്ള സമത്വമുന്നണിയുടെ വോട്ടുകൾ യു.ഡിഎഫിന് ഏറ്റവും ദോഷം ചെയ്തത് കോട്ടയത്താണെന്ന് കെപിസിസി ഉപസമിതിയുടെ പുതിയ കണ്ടെത്തൽ. കോട്ടയത്ത് ഇടതു മുന്നണി വോട്ടുകൾ ചോരുമെന്ന് കരുതിയതാണ്. എന്നാൽ ഇടതിനെക്കാൾ മൂന്നാം മുന്നണി യു.ഡി.എഫിന് ദോഷമായപ്പോൾ ഇടതുമുന്നണിക്ക് ഏറെ നേട്ടമായെന്നാണ് കെപിസിസി ഉപസമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ കോട്ടയം ജില്ലയിൽ യു.ഡി.എഫിന് ഇത്തവണ 21 പഞ്ചായത്താണ് നഷ്ടമായത്. സമത്വമുന്നണി ശക്തി തെളിയിക്കുമെന്ന് കരുതിയ പഞ്ചായത്തുകളിൽ ഇടതുമുന്നണി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു ഭരണം പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം കെപിസിസി. ഉപസമിതി മുമ്പാകെ ജില്ലയിലെ തെരഞ്ഞെടുപ്പുഫലം വിലയിരുത്തിയപ്പോഴാണ് കേരളത്തിൽ ഏറ്റവും കൂടുതൽ യു.ഡി.എഫിനു തിരിച്ചടി നേരിട്ടത് യു.ഡി.എഫ്. കോട്ടയായ കോട്ടയത്താണെന്ന് വ്യക്തമായത്. 2010ൽ 62 പഞ്ചായത്തുകളിലാണ് കോട്ടയത്ത് യു.ഡി.എഫ്. അധികാരം പിടിച്ചടക്കിയതെങ്കിൽ ഇത്തവണ അത് 41 ആയി കുറഞ്ഞു. കിട്ടിയ 41 പഞ്ചായത്തുകളിൽ അഞ്ചു പഞ്ചായത്തുകൾ യു.ഡിഎഫ് ഭരിക്കുന്നത്, പാർട്ടിയിൽ നിന്നും മാറി മത്സരിച്ചു ജയിച്ച കോൺഗ്രസ്- യു.ഡി.ഫ് വിമതന്മാരുടെ പിന്തുണയോടെയാണ്.

കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിൽ ഇരുമുന്നണിക്കും തുല്യ സീറ്റ് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യു.ഡിഎഫിന് ഭരണം ലഭിച്ചത്. ഉഴവൂർ പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫ് പിടിച്ചത് ബിജെപി.പിന്തുണയോടെയാണ്. മൊത്തത്തിൽ വലിയ കുറവ് പഞ്ചായത്ത് അംഗങ്ങളുടെഎണ്ണത്തിലും യു.ഡി.എഫിനുണ്ടായി എന്നാണ് കണക്കുകൾ കാണിക്കുന്നത്. കോൺഗ്രസിന് 96 അംഗങ്ങളുടെയും കേരള കോൺഗ്രസ് (എം)ന് 81 അംഗങ്ങളുടെയും കുറവാണ് ഉണ്ടായത്. കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാതെ വലിയ പരാജയം നേരിട്ട പഞ്ചായത്തുകളുടെ പട്ടികയിലും ഇത്തവണ കോട്ടയം സ്ഥാനം പിടിച്ചുവെന്നും ഈ കണക്കുകൾ അടിവരയിട്ടു പറയുന്നു. കറുകച്ചാൽ, മീനച്ചിൽ പഞ്ചായത്തുകളിലാണ് ഇത്തവണ കോൺഗ്രസിന്റെ ഒരു അംഗം പോലും വിജയിക്കാതിരുന്നത്.

കേരളത്തിലെ മൊത്തം കണക്കുകളെ പോലെ ഇത്തവണ കോട്ടയം ജില്ലയിലും ഏറെ നേട്ടം ബിജെപി.യാണുണ്ടാക്കിയത്. 2010ൽ 19 ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്നത് നാലിരട്ടിയോളം ഉയർന്ന് 74 ആയി. അതു പോലെ ഇടതുമുന്നണി ഇത്തവണ 185 മെമ്പർമാരെ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായി വിജയിപ്പിച്ചു . പലസ്ഥലങ്ങളിലും വിമതസഹായം കിട്ടിയിലെങ്കിൽ യു.ഡി.ഫിനു വലിയ നാണക്കേട് ഇവിടെ ഉണ്ടായേനെ എന്നും ഈ കണക്കുകൾ സുചിപ്പിക്കുന്നുണ്ട്.

യു.ഡിഎഫിന് ഏറ്റുമാനൂർ നഗരസഭാ ഭരണം കിട്ടിയത് അഞ്ചു വിമതന്മാരുടെ പിന്തുണയിലാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വന്തമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തും കോൺഗ്രസിന്റെ വത്തിക്കാനെന്ന് കോട്ടയത്തെ കോൺഗ്രസുകാർ പറയുന്നതുമായ വാകത്താനം ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് നഷ്ടമായി. പുതുതായി രൂപംകൊണ്ട ഈരാറ്റുപേട്ട നഗരസഭയിൽ ആകെയുള്ള 38 സീറ്റിൽ മൂന്നു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. യു.ഡിഎഫിന്റെ നെടുങ്കോട്ടയെന്ന് അറിയപ്പെടുന്ന കോട്ടയം മാറി ചിന്തിക്കുന്നുവെന്ന് തെളിയിക്കുന്നതായി തദ്ദേശ തിരഞ്ഞെടുപ്പുഫലം.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാലര പതിറ്റാണ്ടായി വിളയാടുന്ന പുതുപ്പള്ളിയിൽ ഇടതുമുന്നണിക്ക് ലഭിച്ച വോട്ട് നോക്കിയാൽ ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ വൻ തോതിൽ കുറഞ്ഞതായി കാണാം. കോൺഗ്രസിന് ആകെയുള്ള നേട്ടം കോട്ടയത്ത് ഒരു എംപിയും കൂടുതൽ എംഎ‍ൽഎമാരുമുള്ള മാണിഗ്രൂപ്പിനെ സീറ്റുകളുടെ എണ്ണത്തിൽ പിന്തള്ളാൻ കഴിഞ്ഞുവെന്നതാണ്. ഈ വിജയത്തിന് കാരണക്കാരൻ എന്ന പേരിൽ പേരിൽ കെപിസിസി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ അഭിനന്ദിക്കുകയുണ്ടായി. ഒപ്പം കോട്ടയത്ത് ബിജെപി -സമത്വമുന്നണി വോട്ടിനെ പ്രതിരോധിക്കാൻ ഇടതുമുന്നണിയെപ്പോലെ യു.ഡിഎഫിനു കഴിഞ്ഞില്ലെന്ന് യോഗത്തിൽ വിലയിരുത്തലുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP