Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണവിരുദ്ധ തരംഗം സജീവം അല്ലാത്തതും അന്തരിച്ച എംഎൽഎയോടുള്ള സ്നേഹവും സജി ചെറിയാന് അനുകൂല ഘടകം; ഉമ്മൻ ചാണ്ടിയുടെ അവസാന തേരോട്ടവും യുവ എം എൽഎ മാരുടെ സാന്നിധ്യവും മുന്നേറ്റം ഉറപ്പിച്ചേക്കുമെന്ന് കരുതി യുഡിഎഫ്; അമിത്ഷായുടേയും കൂട്ടരുടേയും ദക്ഷിണേന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തി കർണാടകത്തിൽ തിരിച്ചടി നേരിട്ടതോടെ മുൻനിര ദേശീയ നേതാക്കളെ എത്തിക്കാൻ കഴിയാത്ത വിഷമത്തിൽ ബിജെപിയും

ഭരണവിരുദ്ധ തരംഗം സജീവം അല്ലാത്തതും അന്തരിച്ച എംഎൽഎയോടുള്ള സ്നേഹവും സജി ചെറിയാന് അനുകൂല ഘടകം; ഉമ്മൻ ചാണ്ടിയുടെ അവസാന തേരോട്ടവും യുവ എം എൽഎ മാരുടെ സാന്നിധ്യവും മുന്നേറ്റം ഉറപ്പിച്ചേക്കുമെന്ന് കരുതി യുഡിഎഫ്; അമിത്ഷായുടേയും കൂട്ടരുടേയും ദക്ഷിണേന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തി കർണാടകത്തിൽ തിരിച്ചടി നേരിട്ടതോടെ മുൻനിര ദേശീയ നേതാക്കളെ എത്തിക്കാൻ കഴിയാത്ത വിഷമത്തിൽ ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ കേരളത്തിലെ ഭരണവിരുദ്ധ തരംഗം സജീവമല്ലെന്നതും അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായർക്ക് മണ്ഡലത്തിൽ ഉണ്ടായിരുന്ന ജനസ്വാധീനവും മേൽക്കൈ നൽകുന്നത് എൽഡിഎഫിന് തന്നെ. ഈ നിലയിൽ വിജയം ഉറപ്പിച്ച് മുന്നേറുകയായിരുന്ന എൽഡിഎഫിന് അവസാന നിമിഷം തിരിച്ചടിയാകുന്നത് രണ്ടു ഘടകങ്ങൾ മാത്രമാണ്. അതിലൊന്ന് കെഎം മാണിയെ കൂടെ കൂട്ടാൻ യുഡിഎഫ് ഇറക്കിയ തന്ത്രമാണ്. മറ്റൊന്ന് വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കാൻ നടത്തിയ നീക്കം പൂർണ അർത്ഥത്തിൽ ഫലം കാണാത്തതും.

ശക്തമായ ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയ വേളയിൽ ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മണ്ഡലത്തിൽ വോട്ട് ഷെയർ കൂടിയതിനൊപ്പം ദേശീയ തലത്തിൽ ബിജെപി ഓരോ സംസ്ഥാനങ്ങളും കീഴടക്കി മുന്നേറിയതിന്റെ ആത്മവിശ്വാസവുമെല്ലാം കേരളത്തിലും പ്രതിഫലിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ കർണാടക തിരഞ്ഞെടുപ്പോടെ ബിജെപി-എൻഡിഎ ക്യാമ്പ് ആത്മവിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയിലായി. അതിന് പുറമെയാണ് ആ തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോൾ-ഡീസൽവില വാനോളം ഉയർന്നതും. ഇതോടെ കേന്ദ്രനേതാക്കളിൽ മുൻനിരക്കാരായ ആരും ചെങ്ങന്നൂരിൽ പ്രചരണത്തിന് എത്താത്ത സാഹചര്യവുമുണ്ടായി. അവസാന ലാപ്പിൽ കേന്ദ്ര സീനിയർ താരങ്ങളെ ഇറക്കാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കാണ് തിരിച്ചടി നേരിട്ടത്. ഇത് ശ്രീധരൻപിള്ളയുടെ സാധ്യതകളെ ഏറെ പിന്നിലാക്കിയതായാണ് സൂചന.

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ, ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ തുടങ്ങിയവരാണ് കേരളത്തിന് പുറത്തുനിന്ന് ഇവിടെ പ്രചരണം കൊഴുപ്പിക്കാൻ എത്തിയത്. സംസ്ഥാന നേതാക്കളിൽ തന്നെ മുരളീധരനും കെ സുരേന്ദ്രനും ഉൾപ്പെടെയുള്ളവർക്ക് പ്രചരണത്തിൽ കാര്യമായ റോളും നൽകിയില്ല. ഇതെല്ലാം ബിജെപിക്ക് തിരിച്ചടിയായി. കർണാടകത്തിൽ അധികാരം പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കളെ ചെങ്ങന്നൂരിൽ എത്തിക്കാൻ കഴിയുമെന്നും അവസാന ഘട്ടത്തിൽ വലിയൊരു കൊട്ടിക്കലാശത്തിലേക്ക് കാര്യങ്ങൾ നീക്കാമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. കർണാടകം കൈവിട്ടതോടെ ദക്ഷിണേന്ത്യൻ മോഹങ്ങൾ ഏതാണ്ട് അവസാനിച്ച മട്ടിലാണ് ബിജെപി കേന്ദ്രനേതൃത്വമെന്നാണ് സൂചന. അതിനാൽ തന്നെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രത്തിന് ഉണ്ടായിരുന്ന പ്രതീക്ഷകളും അസ്തമിച്ചു. ഇതോടൊയണ് ദേശീയ നേതാക്കളുടെ വരവുപോലും ഇല്ലാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിയത്.

ഇതിന് പുറമെയാണ് ഇന്ധനവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ കുതിച്ചുകയറ്റം. ഇത് പ്രചരണായുധമാക്കിയിട്ടുണ്ട് സിപിഎമ്മും കോൺഗ്രസും. സംസ്ഥാന തീരുവ കുറയ്ക്കുന്ന കാര്യം തിരഞ്ഞെടുപ്പിന് പിന്നാലെ ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയതുപോലും ചെങ്ങന്നൂരിനെക്കൂടി ലക്ഷ്യമിട്ടാണെന്ന് വ്യക്തം. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നുവെന്ന് കർണാടകത്തിൽ ഉയർത്തിക്കാട്ടി കോൺഗ്രസ് ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ ബിജെപി വിരുദ്ധ തരംഗത്തിലേക്ക് രാജ്യം നീങ്ങുന്നുവെന്ന മട്ടിൽ കാര്യങ്ങളെത്തിയതും ബിജെപിക്ക് ക്ഷീണമായി. പ്രകാശ് ജാവദേക്കറിനെയും ബിപ്‌ളവ് കുമാറിനെയും കൂടായെ നളിൻകുമാർ പട്ടേൽ, എച്ച് രാജ എന്നിവരും പിന്നെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും സുരേഷ് ഗോപി എംപിയുമൊക്കെയാണ് ബിജെപിക്ക് വേണ്ടി പ്രചരണ രംഗത്തുള്ളത്. ഇതുകൊണ്ട് വലിയ കാര്യമില്ലെന്ന് ബിജെപി നേതാക്കൾ തന്നെ പറയുന്നു.

തുടക്കത്തിലേ നേടിയ മുൻതൂക്കം ഇപ്പോഴും നിലനിർത്തി എൽഡിഎഫ്

മണ്ഡലത്തിൽ പ്രചരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും മുൻതൂക്കം എൽഡിഎഫിന് തന്നെയെന്നാണ് വിലയിരുത്തൽ. അവസാ നിമിഷത്തിൽ ലീഗിനെ കൂടി ഇടപെടുവിച്ച് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് ദൗത്യസംഘം കെഎം മാണിയെ കൂടെയെത്തിച്ചതോടെ മത്സരം കടുത്ത നിലയിലേക്ക് നീങ്ങുകയാണ്. എന്നാലും ഇപ്പോഴും പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇതിന്റെ പ്രധാനകാരണം ഇപ്പോൾ ഭരണത്തിൽ എൽഡിഎഫ് ആണെന്നതും അതിനാൽ മണ്ഡലത്തിന്റെ വികസനത്തിൽ എൽഡിഎഫിന് കാര്യമായി ഇടപെടാനാകുമെന്ന പ്രചരണമാണ്.

അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരിൽ ചെങ്ങന്നൂരുകാർക്ക് ഉണ്ടായിരുന്ന വിശ്വാസം ഇക്കുറി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഇടതുമുന്നണി ഉറച്ച് വിശ്വസിക്കുന്നു. എന്നാലും മാണി പോയതോടെ നേരത്തേ പ്രതീക്ഷിച്ച കുറച്ച് വോട്ടുകൾ മാറിയേക്കാമെന്ന സാഹചര്യമുണ്ട്. ഇതിന് മറുമരുന്നെന്നോണം എസ്എൻഡിപി യോഗത്തെ കൂടെ നിർത്താൻ എൽഡിഎഫ് ശ്രമിച്ചിരുന്നു. വെള്ളാപ്പള്ളി സമദൂരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോടിയിരിയുടേ നേതൃത്വത്തിൽ തന്നെ ഇതിനായി ശ്രമിച്ചത്. ഇതിൽ വ്യക്തമായി മുൻതൂക്കം കിട്ടിയെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല എൽഡിഎഫ്. എന്നാലും നിലവിൽ ക്രിസ്ത്യൻ മേഖലയിലുൾപ്പെടെ പിന്തുണ ഉറപ്പിക്കാനായെന്ന വിലയിരുത്തലിലാണ് എൽഡിഎഫ് ഈ അന്തിമ ഘട്ടത്തിലും. മത്സരം ഇഞ്ചോടിഞ്ചാവുമെന്നാണ് അവസാന ലാപ്പിലെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

അവസാന നിമിഷത്തിൽ ആഞ്ഞടിച്ച് യുഡിഎഫ്

കോൺഗ്രസ് തിരഞ്ഞെടുപ്പുകാലത്ത് രൂപപ്പെടുന്ന ആൾക്കൂട്ടമാണെന്ന് എല്ലായ്‌പ്പോഴും പറയാറുണ്ട്. ചെങ്ങന്നൂരിലും സംഭവിച്ചത്. അതാണ്. അഡ്വ. ഡി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ തന്നെ ചെങ്ങന്നൂരിൽ വേറിട്ടൊരു മത്സരത്തിനാണ് യുഡിഎഫ് ആദ്യംമുതലേ ശ്രമിച്ചത്. അയ്യപ്പ സേവാസംഘത്തിന്റെ മുൻനിരക്കാരൻ കൂടിയായ വിജയകുമാറിന് ബിജെപിയിലേക്ക് പോകാൻ സാധ്യതയുള്ള വലിയൊരു വിഭാഗം ഹൈന്ദവവോട്ടുകളിൽ ആദ്യംതന്നെ കോൺഗ്രസ് കണ്ണുനട്ടിരുന്നു. ഇതിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതോടെ ആദ്യത്തെ ആവേശം ഇല്ലാതായി. ഇതോടെ സംസ്ഥാന നേതാക്കൾ കാര്യമായി തിരിഞ്ഞുനോക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത് യുഡിഎഫ് ക്യാമ്പിൽ ആശങ്കയും സൃഷ്ടിച്ചു.

എന്നാൽ അവസാന ദിവസങ്ങളിലേക്ക് കാര്യങ്ങളെത്തിയതോടെ എല്ലാം ഉഷാറായി. തന്ത്രങ്ങൾ മെനഞ്ഞ് ഉമ്മൻ ചാണ്ടിതന്നെ നേരിട്ട് ചെങ്ങന്നൂരിൽ തന്നെ താമസിച്ച് കാര്യങ്ങൾ നിയന്ത്രിച്ചതോടെ ഈ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതിനിടെയാണ് മാണിയുടെ പിണക്കം തീർക്കാൻ കുഞ്ഞാലിക്കുട്ടിയെ തന്നെ രംഗത്തിറക്കാനുള്ള തന്ത്രം കോൺഗ്രസ് നേതൃത്വം പ്രയോഗിക്കുന്നതും അതിൽ വിജയിക്കുന്നതും. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണി രംഗത്തുവന്നതിന്റെ ചുവടുപിടിച്ചായിരുന്നു ഈ നീക്കം. മലപ്പുറത്ത് മാണി കോൺഗ്രസിന് കാര്യമായി റോളില്ലെങ്കിലും ചെങ്ങന്നൂരിൽ അവരുടെ വോട്ട് തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാണ്.

ഈ സാധ്യതയാണ് യുഡിഎഫ് തുറന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല തനിക്കെതിരെ നിലപാടെടുത്തുവെന്ന വിഷമം നേരിട്ടും അല്ലാതെയും മാണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനാൽ ദൗത്യസംഘത്തിൽ ചെന്നിത്തലയേയും ഉൾപ്പെടുത്തി. ചെന്നിത്തല ഇക്കാര്യത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് മാണിയെ കെട്ടിപ്പിടിച്ചതോടെ മഞ്ഞുരുകി.

ഇടതുപക്ഷത്തിനൊപ്പം നിന്നേക്കുമെന്ന നിലിയിൽ മാണി നീങ്ങിയേക്കുമെന്ന സാഹചര്യം ഇല്ലാതായതുകൂടി പരിഗണിക്കുകയും ഇക്കാര്യത്തിൽ കാനത്തിന്റെ എതിർപ്പുള്ളത് വലിയ വിലങ്ങുതടിയായി നിൽക്കുന്നതുമാണ് മാണിയെ തിരിച്ചുചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഏതായാലും മാണി കൂടി എത്തിയതോടെ കോൺഗ്രസും യുഡിഎഫും ഡബിൾ ഉഷാറായി. അവസാന ലാപ്പിൽ വൻ കുതിപ്പാണ് യുഡിഎഫ് നടത്തുന്നത്. ആന്റണി ഉൾപ്പെടെയുള്ള മുൻനിര നേതാക്കളെല്ലാം പ്രചരണ രംഗത്ത് സജീവമായത് ഉണ്ടാക്കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഏതായാലും നാളെ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുമ്പോൾ എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ടെന്ന മുൻധാരണ മാറ്റുന്ന നിലയിലേക്കും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന നിലയിലേക്കും മണ്ഡലത്തിൽ കാര്യങ്ങൾ എത്തിക്കാനായതിന്റെ ആത്മ വിശ്വാസം യുഡിഎഫ് ക്യാമ്പുകളിൽ പ്രകടമാണുതാനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP