Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലബാറിനെ ഇളക്കി മറിക്കാൻ വെള്ളാപ്പള്ളിക്കായില്ല; ഉദ്ഘാടനത്തിന് എത്തിയത് പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് പേർ; ദളിത് വിരോധിയായ സ്വാമിയെ എത്തിച്ചതിൽ എങ്ങും എതിർപ്പ്; തിരുവിതാംകൂറിൽ ആളെക്കൂട്ടി ക്ഷീണം തീർക്കാൻ നെട്ടോട്ടം

മലബാറിനെ ഇളക്കി മറിക്കാൻ വെള്ളാപ്പള്ളിക്കായില്ല; ഉദ്ഘാടനത്തിന് എത്തിയത് പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് പേർ; ദളിത് വിരോധിയായ സ്വാമിയെ എത്തിച്ചതിൽ എങ്ങും എതിർപ്പ്; തിരുവിതാംകൂറിൽ ആളെക്കൂട്ടി ക്ഷീണം തീർക്കാൻ നെട്ടോട്ടം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് തണുത്ത സ്വീകരണം. സംഘപരിവാർ അണികളും മൈക്രോ ഫിനാൻസ് അംഗങ്ങളും മാത്രമാണ് എത്തുന്ന്ത. ഉദ്ഘാടന ചടങ്ങിൽ ഉഡുപ്പി പേജാവർ മഠാധിപതിയുടെ സാന്നിധ്യവും ജാഥയ്ക്ക് വെല്ലുവിളിയാണ്. ദളിത് വിരുദ്ധനാണ് സ്വാമിയെന്ന ഇടതുപക്ഷ പ്രചരണം ഫലം കണ്ടതായാണ് മലബാർ മേഖലയിൽ നിന്ന് വരുന്ന വിലയിരുത്തലുകൾ. എസ്എൻഡിപി അണികളെ ഒന്നാകെ ഇളക്കി മറിക്കാൻ വെള്ളാപ്പള്ളിക്കായില്ല. സിപിഎമ്മിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് സൂചന. പാർട്ടി അണികളോടൊന്നും യോഗത്തിലേക്ക് പോകരുതെന്ന് സിപിഐ(എം) കർശന നിർദ്ദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയ ആവേശത്തിൽ അണികൾ ഇത് ഉൾക്കൊണ്ടതോടെ വെള്ളാപ്പള്ളിയുടെ ജാഥയിലേക്ക് ആളുകളുടെ ഒഴുക്ക് കുറഞ്ഞു.

സമുദായം എന്നതിനപ്പുറത്ത് പുതിയ പാർട്ടിയിലേക്കുള്ള യാത്രയായതുകൊണ്ടാണ് സമുദായ പങ്കാളിത്തം കുറവായതെന്നാണ് നേതൃവിലയിരുത്തൽ. ഉദ്ഘാടന ചടങ്ങ് എസ്.എൻ.ഡി.പി യോഗത്തിെന്റ പ്രൗഢി വിളിച്ചുപറഞ്ഞില്ലെന്ന വിലയിരുത്തൽ നേതൃത്വത്തെ അലട്ടുകയാണ്. കാസർകോട്, ഹോസ്ദുർഗ്, ഉദുമ, വെള്ളരിക്കുണ്ട് യൂനിയനുകളുടെ ചുമതലയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 10,000 പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഇത്രയും പേരെ പങ്കെടുപ്പിക്കാനുള്ള ശക്തി ഈ യൂനിയനുകൾക്കുണ്ട്. എന്നാൽ, എത്തിയത് 2500ൽ താഴെ പേർ മാത്രമാണ്. സദസ്സിലിരുന്നത് മുഴുവൻ സ്ത്രീകൾ. സിപിഐ(എം) അണികളായ ആരും എത്തിയില്ല. പുരുഷന്മാരുടെ കുറവിന് കാരണം ഇതാണെന്നാണ് വിലയിരുത്തൽ. മഴയും വില്ലനായി. മഴസാധ്യത മുൻകൂട്ടിക്കണ്ട് വേദിയൊരുക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല.

കാസർകോട്ട് നടന്ന ചടങ്ങിനുശേഷം നൂറു കിലോമീറ്റർ അപ്പുറത്ത് തളിപ്പറമ്പിലാണ് സ്വീകരണമൊരുക്കിയത്. തളിപ്പറമ്പിലും ചെറിയ ഓഡിറ്റോറിയത്തിൽ 1500ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഇത് തന്നെയാണ് മലബാറിലെ മറ്റ് സ്വീകരണ കേന്ദ്രങ്ങളിലേയും സ്ഥിതി. ഉദ്ഘാടന ചടങ്ങിൽ ഉഡുപ്പി പേജാവർ മഠാധിപതിയുടെ സാന്നിധ്യം ഏറെ വിവാദമായി. ബ്രാഹ്മണൻ ഭക്ഷണം കഴിച്ച എച്ചിലിലയിൽ കിടന്നുരുളുന്നത് മാരകരോഗമകറ്റാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്ന 'മഡേമഡേ സ്‌നാന'യെന്ന ചടങ്ങ് നിലനിർത്തണമെന്ന് വാദിക്കുന്ന സ്വാമിയാണ് പേജാവർ മഠാധിപതി വിശ്വേശ്വര തീർത്ഥ. ആർ.എസ്.എസിന്റെ ചിന്തൻ ബൈഠകിന് ഉഡുപ്പിയിൽ ആതിഥ്യമരുളിയ മുഖ്യ സംഘാടകനും തീർത്ഥയായിരുന്നു. സ്വാമിയുടെ സാന്നിധ്യവും പൊതു ഈഴവ വിഭാഗത്തെ യാത്രയിൽനിന്നും പിന്നാക്കം പായിച്ചു. പുതിയ പാർട്ടി എന്ന ആശയം ഉൾക്കൊള്ളാൻ കഴിയാതെ മതനിരപേക്ഷ ചേരിയിലെ പ്രസ്ഥാനങ്ങൾക്കൊപ്പം നിൽക്കുന്ന ഈഴവ വിഭാഗക്കാർ എസ്.എൻ.ഡി.പിയുടെ പാർട്ടിയിലേക്കുള്ള യാത്രയിൽ നിന്നും പിന്മാറിയതായി നേതൃത്വം തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

ഇതിനെ മറികടക്കാനും വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മധ്യ തിരുവിതാംകൂറിലും തെക്കൻ മേഖലയിലും ആളെ കൂടുതലായി എത്തിക്കും. തിരുവനന്തപുരത്തെ സമാപന സമ്മേളനം ശക്തി പ്രകടനമാക്കി മാറ്റും. വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായി നടത്തിയ പൊതു പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു. മലബാറിലെ തീയ്യ സമുദായവും ഇത്തരം ചടങ്ങുകളിലേക്ക് ഒഴുകിയെത്തി. എന്നാൽ തീയ്യ സമുദായത്തെ ജാഥയിൽ നിന്ന് അകറ്റാൻ സിപിഐ(എം) നടത്തിയ നീക്കങ്ങൾ ഫലം കണ്ടു. മലബാറിലെ ആർഎസ്എസ് വിരുദ്ധ മനോഭാവത്തെ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു സിപിഐ(എം). വെള്ളാപ്പള്ളിയെ കടന്നാക്രമിക്കാൻ വി എസ് അച്യൂതാനന്ദൻ മുന്നിൽ നിൽക്കുന്നതും യാത്രയെ പൊളിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ആളില്ലെന്ന് തെളിയിക്കാൻ സാമൂഹിക മാദ്ധ്യമങ്ങളുടെ സാധ്യതയും സിപിഐ(എം) തേടുന്നുണ്ട്.

ഭൂരിപക്ഷ സമുദായ പാർട്ടിയെന്ന ലക്ഷ്യത്തോടുള്ള വെള്ളാപ്പള്ളിയുടെ യാത്രയിൽ ബിജെപിയുടെ പിന്തുണയുണ്ട്. എന്നാൽ ബിജെപിക്കാർ ആരും പങ്കെടുക്കുന്നുമില്ല. ബിജെപിക്ക് വേണ്ടിയാണ് ജാഥയെന്ന ആരോപണത്തെ പ്രതിരോധിക്കാനാണ് ഈ തന്ത്രം. ഇതും ജാഥയിൽ ആളുകുറയാൻ കാരണമായി. എന്നാൽ തിരുവനന്തപുരത്തെ സമാപന ചടങ്ങിലേക്ക് അണികളെ എത്തിക്കാൻ ബിജെപിയും പരിശ്രമിക്കും. ആർഎസ്എസ് നേതൃത്വം ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും ആർഎസ്എസ് കൃത്യമായി വിലയിരുത്തും. നമ്പൂതിരി മുതൽ നായ്യാടിമാർ വരെയുള്ള വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങളെ മറ്റ് മതവിഭാഗങ്ങൾ കാര്യമായി പിന്തുണയ്ക്കുന്നില്ലെന്നും സൂചനയുണ്ട്. സമസ്ത നായർ സമാജം പോലുള്ളവരുടെ സഹകരണം മധ്യ-തെക്കൻ കേരളങ്ങളിൽ ഉറപ്പാക്കാനും നീക്കം തുടങ്ങിക്കഴിഞ്ഞു.

ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കണമെന്നായിരുന്നു എസ്എൻഡിപിയുടെ ആഗ്രഹം. ഇതിനായി ശ്രീ ശ്രീ രവിശങ്കറെ എത്തിക്കാനായിരുന്നു നീക്കം. രാഷ്ട്രീയ വിവാദങ്ങൾ കടുത്തതോടെ ശ്രീ ശ്രീ രവിശങ്കർ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി. ഇതോടെയാണ് ഉഡുപ്പി പേജാവർ മഠാധിപതിയെ എത്തിക്കാമെന്ന ഉറപ്പ് ആർഎസ്എസ് നൽകിയത്. മറ്റ് ഒന്നും ആലോചിക്കാതെ സമ്മതിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മലയാളികൾക്ക് താൽപ്പര്യമുള്ള ആരെങ്കിലും സമാപനത്തിൽ ഉദ്ഘാടനത്തിന് എത്തിക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഗ്രഹം. അതിനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP