Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണക്കുകൂട്ടലുകൾ പിഴച്ച വെള്ളാപ്പള്ളി പിണറായിയോട് ലോഹ്യംകൂടാൻ വട്ടംകൂട്ടുന്നു; ബിജെപിക്കെതിരെ പരസ്യമായി രംഗത്തുവന്നാൽ പൊറുക്കണമെന്ന ശുപാർശയുമായി ആലപ്പുഴയിലെ നേതാക്കൾ: പിടികൊടുക്കാതെ മുഖ്യമന്ത്രി; നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിച്ചു വിഎസും

കണക്കുകൂട്ടലുകൾ പിഴച്ച വെള്ളാപ്പള്ളി പിണറായിയോട് ലോഹ്യംകൂടാൻ വട്ടംകൂട്ടുന്നു; ബിജെപിക്കെതിരെ പരസ്യമായി രംഗത്തുവന്നാൽ പൊറുക്കണമെന്ന ശുപാർശയുമായി ആലപ്പുഴയിലെ നേതാക്കൾ: പിടികൊടുക്കാതെ മുഖ്യമന്ത്രി; നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിച്ചു വിഎസും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബിജെപിക്കൊപ്പം പോയി ഒടുവിൽ പെരുവഴിയിലായ നിലയിലുള്ള വെള്ളാപ്പള്ളി നടേശൻ പിണറായി മുഖ്യമന്ത്രിയായതോടെ പറഞ്ഞതെല്ലാം വിഴുങ്ങി ഇടതുപാളയത്തോട് അടുക്കാൻ വട്ടം കൂട്ടുന്നു. ആലപ്പുഴയിലെ പ്രാദേശിക സിപിഐ(എം) നേതാക്കളെ കൂട്ടുപിടിച്ച് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം. എന്നാൽ ബിജെപിക്കെതിരെ പരസ്യനിലപാടെടുത്താലേ ഇക്കാര്യം പരിഗണിക്കാൻപോലും സാധ്യതയുള്ളൂ എ്ന്ന നിലപാടിലാണ് സിപിഐ(എം) പ്രാദേശിക നേതാക്കൾ. പിണറായിയെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണെന്നാണ് സൂചനകൾ.

സിപിഎമ്മിലെ ആലപ്പുഴയിലെ ചില നേതാക്കൾക്ക് വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഇത് ചർച്ചയായി. തോമസ് ഐസക്കിനേയും ജി സുധാകരനേയും ഒരിക്കലും വെള്ളാപ്പള്ളി വിമർശിച്ചിട്ടുമില്ല. വെള്ളാപ്പള്ളി ഒപ്പമുണ്ടായിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തൂത്തുവാരൽ നടത്തിയേനെ എന്നാണ് ആലപ്പുഴയിലെ പല മുതിർന്ന നേതാക്കളുടേയും നിലപാട്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുമായി സഹകരിക്കാനുള്ള സാധ്യതകൾ ആരായണമെന്നും അവർ പറയുന്നു. സംസ്ഥാന നേതൃത്വവുമായി വെള്ളാപ്പള്ളിയെ അടുപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് അക്കൗണ്ട് തുറക്കാനാവാത്ത സാഹചര്യം മുതലെടുക്കാനാണ് നീക്കം. എന്നാൽ വെള്ളാപ്പള്ളിയെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള നീക്കത്തെ വി എസ് അച്യൂതാനന്ദൻ എതിർക്കുമെന്ന് നിലപാടിലുമാണ്.

ബിജെപിയുമായി തെറ്റി സിപിഎമ്മിൽ എത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ എന്ന നിലയിൽ പിണറായിയുടെ തുടക്കം കൊള്ളാം എന്ന പ്രസ്താവനയുമായാണ് വെള്ളാപ്പള്ളി ഇന്നലെ സുഖിപ്പിക്കലിന് തുടക്കമിട്ടിരിക്കുന്നത്. എല്ലാ സമുദായങ്ങൾക്കും പിണറായി തുല്യപരിഗണന നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞുവയ്ക്കുന്നു. എല്ലാ സമുദായങ്ങൾക്കും അദ്ദേഹം തുല്യ പരിഗണന നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞുവയ്ക്കുന്നതും പ്രതീക്ഷകളോടെയാണ്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൈക്രോഫിനാൻസ് കേസുകൾ കുത്തിപ്പൊക്കുമെന്നും വെള്ളാപ്പള്ളി ഭയക്കുന്ന ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എങ്ങനേയും പിണറായിയെ അനുനയിപ്പിക്കാനാണ് ആഗ്രഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ബിഡിജെഎസിന് കഴിഞ്ഞില്ല. എന്നാൽ വോട്ട് കിട്ടുകയും ചെയ്തു. ഇതുകൊണ്ട് ബിജെപിക്ക് ഗുണമുണ്ടായില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബിഡിജെഎസിന്റെ ആഗ്രഹങ്ങൾക്ക് കേന്ദ്ര നേതൃത്വം വഴങ്ങില്ല. വെള്ളാപ്പള്ളിക്ക് പ്രചരണത്തിന് ഹെലികോപ്ടർ നൽകിയത് അനാവശ്യമായിരുന്നുവെന്ന വാദവും സജീവമാണ്. പതിയെ ബിഡിജെഎസുമായി അകലുകയെന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കുക. ഇത് വെള്ളാപ്പള്ളിക്കും അറിയാം. അതു മനസ്സിലാക്കിയാണ് ഇടത്തേക്ക് ചുവടുമാറ്റം.

തിരഞ്ഞെടുപ്പുകാലത്ത് ബിഡിജെഎസ് രൂപീകരിച്ച് വെള്ളാപ്പള്ളി ബിജെപിക്കൊപ്പം കൈകോർത്തതോടെ വിഎസിനെതിരെ അടിക്കടി വിമർശനങ്ങളുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. എന്നാൽ വിഎസിനെ ചരിത്രംപഠിപ്പിക്കാൻ വെള്ളാപ്പള്ളി വളർന്നിട്ടില്ലെന്നും ശ്രീനാരായണ ധർമ്മം പാലിക്കേണ്ടവർ അതു ചെയ്യാതിരുന്നാൽ വിമർശനം ഉയരുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ്, വിഎസിനെ പിന്തുണച്ച് പിണറായിവിജയനും രംഗത്തെത്തിയതോടെ വെള്ളാപ്പള്ളി ഒതുങ്ങുകയും ചെയ്തു. എകെജി സെന്ററിലെ സഖാക്കന്മാർ എഴുതിനൽകുന്ന കുറിപ്പ് വായിക്കുന്ന വി എസ് തന്നെ വിമർശിക്കുന്നതിനു മുമ്പ് ചരിത്രം പഠിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ കുറ്റപ്പെടുത്തൽ.

പിന്നീട് വി എസ് മലമ്പുഴയിൽ വൻതോൽവി ഏറ്റുവാങ്ങുമെന്നും ജയിച്ചുവരുന്ന പ്രശ്‌നമില്ലെന്നുമെല്ലാം ആവർത്തിച്ച് പ്രഖ്യാപിച്ച് വി എസ് വിരോധിയെന്ന സ്വയം അവരോധിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഇതെല്ലാം പിണറായിക്ക് സുഖിക്കുമെന്ന് കരുതി ചെയ്തതാണെങ്കിലും പിണറായിയും വിഎസും ഇപ്പോൾ സമരസപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ മുമ്പു പറഞ്ഞതെല്ലാം വെള്ളാപ്പള്ളിക്കുതന്നെ സ്വയംപാരയായിരിക്കുകയാണ്. പിണറായിയെ സോപ്പിടാനുള്ള നീക്കങ്ങൾക്ക് വിഎസിനെതിരായ പ്രസ്താവനകൾ വിലങ്ങുതടിതന്നെയെന്നു ചുരുക്കം.

ഇതിനുപുറമെയാണ് പാർട്ടിയുടെയും ഭരണത്തിന്റെയും കാവലാൾ എന്ന് പ്രഖ്യാപിച്ചുള്ള വിഎസിന്റെ നിൽപ്പ്. പാർട്ടിയോ സർക്കാരോ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് മാറുന്നുവെന്നു തോന്നുമ്പോഴെല്ലാം ഇടപെടലുകളുമായി എത്താൻ സ്വാതന്ത്ര്യം നൽകുന്ന നിലയിലാണ് വിഎസിനെ എല്ലാത്തിന്റെയും 'മുഖ്യ ഉപദേഷ്ടാവ്' എന്ന നിലയിൽ സിപിഐ(എം) സെക്രട്ടറി യെച്ചൂരിയുടെ നേതൃത്വത്തിൽ സ്ഥാനം നൽകാനൊരുങ്ങുന്നത്. എൽഡിഎഫ് അധികാരത്തിൽ വന്നാൽ വെള്ളാപ്പള്ളിയുടെ മൈക്രോഫിനാൻസ് തട്ടിപ്പിനെതിരെ കേസെടുക്കുമെന്നും വെള്ളാപ്പള്ളിയുടെ സ്ഥാനം ജയിലിലായിരിക്കുമെന്നും വി എസ് പ്രചരണയോഗങ്ങളിലെല്ലാം ആവർത്തിച്ച് പ്രസംഗിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ കേരളയാത്രയുടെ സമാപനം ശംഖുമുഖത്ത് നടക്കുമ്പോഴേക്കും വെള്ളാപ്പള്ളി പൂജപ്പുര ജയിലിലാകുമെന്നും വി എസ് പറഞ്ഞു.

തനിക്കെതിരെ പ്രസ്താവനകളുമായി എത്തുന്ന വെള്ളാപ്പള്ളിയെ 'ശരിയാക്കുമെന്ന' സൂചന നൽകിയായിരുന്നു വിഎസിന്റെ പ്രസ്താവനകൾ. മുഖ്യമന്ത്രിപദത്തിൽ എത്തിയില്ലെങ്കിലും 'കാവലാൾ' സ്ഥാനത്തിരിക്കുന്നതിനാൽ, ഇപ്പോൾ പിണറായിയോട് കൂട്ടുകൂടാൻ വട്ടംകൂട്ടുന്ന വെള്ളാപ്പള്ളിക്ക് വി എസ് ഒരു ബാലികേറാമല തന്നെയാകുമെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP