Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിനെ തകർക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു; തന്ത്രങ്ങൾ പൊളിഞ്ഞപ്പോൾ സ്തുതി ഗീതങ്ങളുമായി അടുത്തു കൂടി; ആദ്യം രഹസ്യ ചർച്ചയും പിന്നെ നേരിട്ടുള്ള ചർച്ചയും; മടങ്ങാൻ നേരം കാറിനടുത്ത് വരെ നടന്ന് യാത്രയാക്കൽ; വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ നിലപാട് മാറ്റത്തിൽ സിപിഐ(എം) പ്രവർത്തകർക്കിടയിൽ ആശങ്ക

സിപിഎമ്മിനെ തകർക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു; തന്ത്രങ്ങൾ പൊളിഞ്ഞപ്പോൾ സ്തുതി ഗീതങ്ങളുമായി അടുത്തു കൂടി; ആദ്യം രഹസ്യ ചർച്ചയും പിന്നെ നേരിട്ടുള്ള ചർച്ചയും; മടങ്ങാൻ നേരം കാറിനടുത്ത് വരെ നടന്ന് യാത്രയാക്കൽ; വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ നിലപാട് മാറ്റത്തിൽ സിപിഐ(എം) പ്രവർത്തകർക്കിടയിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സിപിഎമ്മിന്റെ ഹൈന്ദവ വോട്ടുകളുടെ അടിത്തറ തകർക്കലായിരുന്നു ബിഡിജെഎസ് പിറവിയിലൂടെ എസ്എൻഡിപി നേതൃത്വം ലക്ഷ്യമിട്ടത്. ബിജെപിയുടെ ദേശീയ നേതൃത്വത്തിന് വേണ്ടിയായിരുന്നു ഇത്. വെള്ളാപ്പള്ളി നടേശന്റെ കേരള യാത്രയും ശഖുമുഖത്തെ പാർട്ടി പ്രഖ്യാപനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. സിപിഐ(എം) രാഷ്ട്രീയത്തെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നീങ്ങി. ഹെലികോപ്ടർ പോലും നൽകി പ്രചരണത്തിൽ വെള്ളാപ്പള്ളിയെ ബിജെപി സജീവമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് വോട്ട് വളർച്ചയുണ്ടായി. എന്നാൽ സിപിഎമ്മിന് വലിയ കോട്ടം ഉണ്ടായതുമില്ല. ബിജെപി മുന്നണിക്ക് വോട്ട് കിട്ടയത് ഏറെയും യുഡിഎഫ് പക്ഷത്ത് നിന്നായിരുന്നു. ഇതോടെ വൻ ഭൂരിപക്ഷത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി. ഇതോടെ പറ്റിയ അബദ്ധം വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു. ഇത് പരിഹരിച്ച് എങ്ങനേയും സിപിഐ(എം) പക്ഷത്ത് എത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം.

ഇതിന്റെ ഭ്ാഗമായി ബിഡിജെഎസ്-ബിജെപി ബന്ധത്തിലെ ഉലച്ചിലിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അര മണിക്കൂർ കൂടിക്കാഴ്ച നടത്തി. മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം വൈകിട്ട് ആറിനായിരുന്നു ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച. വെള്ളാപ്പള്ളിക്കൊപ്പം പുറത്തിറങ്ങിവന്ന മുഖ്യമന്ത്രി കാറുവരെ ഒപ്പം ചെന്ന് അദ്ദേഹത്തെ യാത്രയാക്കിയ ശേഷമാണു വസതിക്കുള്ളിലേക്കു മടങ്ങിയത്. നേരിട്ടു കാണണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെയാണു വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചത്. വൈകിട്ടു കാണാമെന്നായിരുന്നു മറുപടി. നാലിനു വിളിച്ചപ്പോൾ ആറിനു ക്ലിഫ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്നു വെള്ളാപ്പള്ളിയും എസ്എൻ ട്രസ്റ്റ് അംഗം പി.എൻ.നടരാജനും ക്ലിഫ്ഹൗസിലെത്തി . എസ്എൻ ട്രസ്റ്റിനു കീഴിലെ കോളജുകളിൽ സ്ഥിരം നിയമനത്തിനു തസ്തിക അനുവദിക്കണമെന്നായിരുന്നു നിവേദനത്തിലെ മുഖ്യ ആവശ്യമെന്നും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഈ കൂടിക്കാഴ്ച മുന്നണി രാഷ്ട്രീയത്തിൽ ഇനിയും മാറ്റമുണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. ബിഡിജെഎസിനെ വെള്ളാപ്പള്ളി പിരിച്ചുവിടുമെന്നതാണ് അതിൽ പ്രധാനം. മ്‌റ്റൊന്ന് സിപിഐ(എം) രാഷ്ട്രീയത്തിന്റെ ഭാഗമായി ബിഡിജെഎസ് മാറും. വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോ ഫിനാൻസ് കേസാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്. എങ്കിലും വെള്ളാപ്പള്ളിയെ ഇടതു പക്ഷത്തേക്ക് അടുപ്പിക്കാൻ പിണറായി തീരുമാനിച്ചുവെന്നാണ് സൂചന. എന്നാൽ ഇതിൽ സിപിഐ(എം) അണികൾ തൃപ്തരല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനേയും ഇടതുപക്ഷത്തെ തോൽപ്പിക്കാനായിരുന്നു വെള്ളാപ്പള്ളിയുടെ നീക്കം. വി എസ് അച്യുതാനന്ദൻ തീർത്ത പ്രതിരോധമാണ് പാർട്ടിയെ രക്ഷിച്ചതെന്ന് അണികൾ കരുതുന്നു. അങ്ങനെ ബിജെപിക്ക വേരുണ്ടാക്കാൻ ശ്രമിച്ച വെള്ളാപ്പള്ളിയോട് മുഖ്യമന്ത്രി അനുഭാവം കാട്ടുന്നത് സിപിഎമ്മുകാർക്ക് പിടിച്ചിട്ടില്ല. ആലപ്പുഴയിലേയും കൊല്ലത്തേയും പ്രവർത്തകർക്കാണ് അമർഷം.

ജാതി-മത ശക്തികൾക്ക് കീഴടങ്ങാതെയാണ് സിപിഐ(എം) അധികാരത്തിലെത്തിയത്. അതുകൊണ്ട് ത്‌ന്നെ വെള്ളാപ്പള്ളിക്ക് പിണറായി കീഴടങ്ങരുതെന്നാണ് ആവശ്യം. മൈക്രോ ഫിൻസാൻസ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമത്തിന് കുടപിടിക്കരുതെന്നു ആവശ്യമുണ്ട്.
ബിഡിജെഎസ് രൂപീകരിക്കുകയും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നണിയിൽ മൽസരിക്കുകയും ചെയ്തതോടെ സിപിഎമ്മിന്റെ ശത്രുപക്ഷത്തായ വെള്ളാപ്പള്ളി നടേശൻ ഭരണമാറ്റത്തോടെയാണു മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടിലേക്കു മാറിയത്. വെള്ളാപ്പള്ളി അടക്കം പ്രതിയായ മൈക്രോ ഫിനാൻസ് തിരിമറിക്കേസ് ഇപ്പോൾ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കുകയാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച പിണറായി ഒഴിവാക്കണമെന്നാണ് സൂചന. ബിഡിജെഎസ് ഇല്ലെങ്കിലും സിപിഎമ്മിന് മുന്നോട്ട് പോകാൻ കഴിയും. വെള്ളപ്പാള്ളിക്ക് പിടിച്ചു നിൽക്കാൻ പിണറായി കൂടിയേ തീരുവെന്നതാണ് സാഹചര്യം. ഇത് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നാണ് ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ വെള്ളാപ്പള്ളി പുകഴ്‌ത്തുന്നത് ശീലമാക്കിയിരുന്നു. ഇതിന് പിന്നാലെ പത്തനാപുരത്തെ എസ് എൻ കോളേജിന്റെ പരിപാടിക്കും ഒരേ വേദിയിലെത്തി. അതേ ദിവസം പത്തനാപുരം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും രഹസ്യ ചർച്ചയും നടത്തി. ഇതിന്റെ തുടർച്ചയാണ് പരസ്യമായ കൂടിക്കാഴ്ച. ഇതിന് ശേഷം കാറിന് അടുത്തുവരെ മുഖ്യമന്ത്രി എത്തുകയും ചെയ്തു. വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ സുഹൃത്താണെന്ന സന്ദേശമാണ് ഇത് നൽകിയത്. ഇതാണ് അണികളിൽ അമർഷമുണ്ടാക്കുന്നത്. ഈ വിഷയത്തിൽ വി എസ് അച്യൂതാനന്ദന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണ് സിപിഐ(എം) പ്രവർത്തകർ. അതിനിടെ വെള്ളാപ്പള്ളിയെ എല്ലാ വിധത്തിലും തഴയാൻ ബിജെപി തീരുമാനിച്ചതായി സൂചനയുണ്ട്. കോഴിക്കോട്ടെ ദേശീയ കൗൺസിലിന് പോലും വെള്ളാപ്പള്ളിയെ ബിജെപി വിളിച്ചിരുന്നില്ല. ഇതിന്റെ പക തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വെള്ളാപ്പള്ളി ഓടിയെത്തിയതെന്നാണ് വിമർശനം.

എസ്എൻ ട്രസ്റ്റിനു കീഴിലെ കോളജുകളിൽ അദ്ധ്യാപക, അനധ്യാപക തസ്തികളിലേക്കുള്ള നിയമനം നീളുന്നതു സംബന്ധിച്ചു നിവേദനം നൽകാനായിരുന്നു കൂടിക്കാഴ്ചയെന്നു വെള്ളാപ്പള്ളി നടേശൻ വിശദീകരിച്ചെങ്കിലും മൈക്രോ ഫിനാൻസ് കേസും രാഷ്ട്രീയ വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നതായി സൂചനയുണ്ട്. കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു പുറത്തിറങ്ങിയ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. ഇടതുമുന്നണിയോടു പണ്ടേ അകൽച്ചയില്ല. പിണറായി വിജയനെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. പിണറായി ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റ മുഖ്യമന്ത്രിയുണ്ടായത്. മുൻപ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയാകുന്ന സാഹചര്യമായിരുന്നു. ബിജെപിയിൽ നിന്നു നീതി കിട്ടിയില്ലെന്നു പരാതിയുണ്ട്. എന്നാൽ ഞാൻ പറയുന്നത് എന്റെ അഭിപ്രായമാണ്, ബിഡിജെഎസിന്റേതല്ല. ജനങ്ങൾക്കിടയിലുള്ള പ്രതികരണങ്ങളാണു താൻ പറയുന്നത്. അധികാരത്തിലിരിക്കുന്നവരോടു പരാതി പറയാൻ സാധാരണക്കാരനെന്ന നിലയിൽ ഞാൻ പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.

എന്നാൽ, ബിജെപിയുമായി അഭിപ്രായവ്യത്യാസമോ തർക്കമോ ഇല്ലെന്നും ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമണെന്നും ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിൽ ബി.ഡി.ജെ.എസ്. സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമാണ് തുഷാർ നിലപാട് ആവർത്തിച്ചത്. ബി.ഡി.ജെ.എസ് യോഗത്തിന് ശേഷം വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് പറഞ്ഞത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കുന്നതിന് സ്വാഭാവികമായ കാലതാമസം മാത്രമേയുള്ളൂ. ബിജെപിയുമായുള്ള ബന്ധത്തിൽ പൂർണ സംതൃപ്തിയാണുള്ളത്. ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങൾ ബിജെപി. ദേശീയ പ്രസിഡന്റ് അമിത്ഷായെ അറിയിക്കുകയും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് തുഷാർ പറയുന്നു.

ഈ ഇരട്ടത്താപ്പും സിപിഐ(എം) അണികൾ ചൂണ്ടിക്കാട്ടുന്നു. മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അറസ്റ്റ് ഭീഷണിയിലാണ്. തുഷാറിനെ ബിജെപിക്കൊപ്പം നിർത്തി വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നാണ് സിപിഐ(എം) അണികളുടെ പക്ഷം. എൻ.ഡി.എയുമായുള്ള ബന്ധം വിച്‌ഛേദിക്കുന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന തുഷാറിന്റെ പ്രസ്താവനയും ഇവർ ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP