Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് വീണ്ടും സിപിഎമ്മിന് പാരയാകുമോ? നേതൃത്വത്തെ കുത്തി മുറിവേൽപ്പിച്ച് ജനശക്തി അഭിമുഖം; പിണറായി പ്രതികരിക്കില്ലെന്ന് വിശ്വസിച്ച് പാർട്ടി പ്രവർത്തകർ

വി എസ് വീണ്ടും സിപിഎമ്മിന് പാരയാകുമോ? നേതൃത്വത്തെ കുത്തി മുറിവേൽപ്പിച്ച് ജനശക്തി അഭിമുഖം; പിണറായി പ്രതികരിക്കില്ലെന്ന് വിശ്വസിച്ച് പാർട്ടി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹങ്ങളിൽ കരിനിഴൽ വീഴ്‌ത്തിയത് വി എസ് അച്യുതാനന്ദനാണ്. പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണങ്ങളിൽ വെള്ളാപ്പള്ളി വീണു. ഇതോടെ സിപിഐ(എം) പുതുജീവൻ വീണ്ടെടുത്തു. വിഎസിനെ എല്ലാ അർത്ഥത്തിലും പിന്തുച്ച് സിപിഐ(എം) നേതാക്കളുമെത്തി. പിണറായി വിജയനും ഇതിൽ അണിചേർന്നു ഇതോടെ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നുവെന്ന സൂചനകളും എത്തി. അങ്ങനെ വിഎസിനെ മുന്നിൽ നിർത്തി പട നയിക്കാൻ സിപിഐ(എം) തയ്യാറെടുത്തു. എന്നാൽ വി എസ് എന്ന സഖാവിന്റെ പുതി നിലപാട് പാർട്ടിക്ക് തിരിച്ചടിയാണ്.

സിപിഐ(എം). സംസ്ഥാന നേതൃത്വത്വത്തിനെതിരേ വീണ്ടും വാളെടുത്ത് വി എസ്. അച്യുതാനന്ദൻ എത്തുകയാണ്. തനിക്കു സീറ്റു തരാതിതിക്കാൻ ചിലർ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും വർഗീയ പാർട്ടികളുമായി കൂട്ടുകൂടാനുള്ള ചില നേതാക്കളുടെ ശ്രമമാണ് സിപിഎമ്മിനു തോൽവിയുണ്ടാക്കിയതെന്നും ജനശക്തി വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷനേതാവ് തുറന്നടിച്ചു. സിപിഐ(എം) വിഭാഗീയതയുടെ ഭാഗമായുണ്ടായതാണ് ജനശക്തി വാരിക. ഇടയ്ക്ക് നിർത്തിയ ജനശക്തി വീണ്ടും സജീവമാവുകയാണ്. അതിന്റെ ഭാഗമായാണ് വിഎസിന്റെ അഭിമുഖം. ഇത് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തും. എന്നാൽ പിണറായിയും കോടിയേരിയുമൊന്നും ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കുകയില്ലെന്നാണ് പാർട്ടി അണികളുടെ പ്രതീക്ഷ.

2006ലെ തെരഞ്ഞെടുപ്പിൽ തനിക്കു സീറ്റ് നൽകരുതെന്നാണ് ചിലയാളുകൾ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. മഅ്ദനി, കിദനി തുടങ്ങിയിട്ടുള്ള വർഗീയപാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ, ആഹാ ഇങ്ങനെയാണോ പാർട്ടി എന്ന നിലയിൽ മതേതരജനവിഭാഗങ്ങളുടെ എതിർപ്പുണ്ടായി. അങ്ങനെയാണു തോറ്റത്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിനെ ഒഴിവാക്കിയതും തിരിച്ചടിയാണ്. കോൺഗ്രസിനെതിരെയും വർഗീയ പാർട്ടികൾക്കെതിരെയും പോരാടിക്കൊണ്ടിരിക്കുന്ന നയത്തിൽനിന്നു വ്യതിചലിച്ചതുകൊണ്ടാണ് ആർ.എസ്‌പി മുന്നണി വിട്ടുപോയതെന്നും വി എസ്. കുറ്റപ്പെടുത്തുന്നു. നേതൃത്വത്തിന്റെ ഈ തെറ്റുകളൊക്കെ ക്ഷീണമുണ്ടാക്കി-വി എസ് പറയുന്നു.

തെറ്റു തിരുത്തി മുന്നോട്ടു പോകണമെന്നാണു 21ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച നയമെന്നും വി എസ് ചൂണ്ടിക്കാട്ടി. എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരായ നിലപാടുകൾ അഭിമുഖത്തിൽ ശക്തമായി ആവർത്തിക്കുന്ന വി എസ്, ഇക്കാര്യത്തിൽ സിപിഐ(എം) നേതൃത്വവും താനും ഒരുവഴിക്കാണെന്ന സൂചനയും നൽകുന്നു. 2004ൽ ലോക്‌സഭയിൽ 20ൽ 18സീറ്റിലും എൽ.ഡി.എഫ് ജയിച്ചു. വർഗീയ പാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയതിന്റെയും ജനതാദളിനെ ഒഴിവാക്കിയതിന്റെയും ഫലമായി 2009ൽ അത് നാലായി ചുരുങ്ങി. സിപിഐ(എം), സിപിഐ, ആർ.എസ്‌പി, ജനതാദൾ എന്നിവ യോജിച്ചാണു 2004ൽ 20ൽ 18 സീറ്റ് കിട്ടിയത്. തന്റെ നേതൃത്വത്തിൽ മത്സരിച്ചപ്പോഴാണ് 2006ൽ 98 സീറ്റ് കിട്ടിയതെന്നും പറയുന്ന വി എസ്, ആർ.എസ്‌പി, ജനതാദൾ കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും അഭിമുഖത്തിൽ പറഞ്ഞുവയ്ക്കുന്നു.

ഇതെല്ലാം പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് എതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പുകാലത്തെ ഈ പരാമർശങ്ങൾ രാഷ്ട്രീയ ഏതിരാളികൾ ആയുധമാക്കിയാൽ പാർട്ടിക്ക് മറുപടി പറയേണ്ടി വരും. ഫലത്തിൽ അത് സിപിഎമ്മിലെ വിഭാഗീയത കൂട്ടുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP