Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ക്ലച്ചു പിടിക്കുന്നു; വടക്ക് ആർ എം പിയും തെക്കു നേരിട്ടും നിയന്ത്രണം; ആലപ്പുഴയിൽ ഏഴിടത്ത് ആൾക്കുട്ടപരിപാടി; പരസ്യപിന്തുണയുമായി സി. കെ സദാശിവൻ

വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ക്ലച്ചു പിടിക്കുന്നു; വടക്ക് ആർ എം പിയും തെക്കു നേരിട്ടും നിയന്ത്രണം; ആലപ്പുഴയിൽ ഏഴിടത്ത് ആൾക്കുട്ടപരിപാടി; പരസ്യപിന്തുണയുമായി സി. കെ സദാശിവൻ

ആലപ്പുഴ : സിപിഐ(എം) പോളിറ്റ് ബ്യൂറോയേയും കടന്ന് വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നു. ഇന്നലെ കായംകുളത്തു നടന്ന അവാർഡ്ദാന ചടങ്ങിൽ സി കെ സദാശിവൻ എം എൽ എയുടെ വി എസ് അനുകൂല നിലപാടുകൾ അതാണു തെളിയിക്കുന്നത്.

വടക്കൻ കേരളത്തിൽ ആർ എം പി അടക്കമുള്ള സമാനചിന്താഗതിക്കാരുമായും തെക്കൻ കേരളത്തിൽ നേരിട്ടും സമാന്തര പ്രവർത്തനങ്ങൾ നടത്താൻ വി എസ് കച്ചമുറുക്കുന്നു. സ്വന്തം തട്ടകമായ ആലപ്പുഴയിൽ ഇതിനകം ഏഴു പരിപാടികൾ വി എസ് സംഘടിപ്പിച്ചു കഴിഞ്ഞു. പാർട്ടി നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചുകൊണ്ടുള്ള വി എസിന്റെ നീക്കം ക്ലച്ച് പിടിക്കുന്നതായാണു സൂചന. പാർട്ടി വിലക്കുകൾ നിലനിൽക്കെയാണ് വി എസ് സമാന്തരപ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടുന്നത്. പി ബിയും വി എസിന്റെ നീക്കങ്ങളെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുകൂടിയായ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മറികടന്നാണ് വി എസ് സമാന്തര പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

വി എസ് ഉയർത്തുന്ന രാഷ്ട്രീയമൂല്യങ്ങൾ തല്ലിക്കെടുത്താൻ ഹീനശ്രമം നടക്കുന്നതായാണ് സി പി എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സി.കെ.സദാശിവൻ വെളിപ്പെടുത്തിയത്. പുതുപ്പള്ളി രാഘവൻ സ്മാരക അവാർഡ്ദാന ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പുന്നപ്ര വയലാർ സമരത്തിൽ വി എസിന്റെ പങ്കിനെ പോലും പലരും സംശയത്തോടെയാണ് കാണുന്നത്. എന്നാൽ തൊഴിലാളി വർഗത്തിന്റെ ഉന്നതിക്കുവേണ്ടി പോരാടാൻ പി. കൃഷ്ണപിള്ള കണ്ടെത്തിയ നേതാവാണ് വി എസ്. ആരോപണങ്ങളിലൂടെ വിഎസിന്റെ മൂല്യം കെടുത്താൻ ഇക്കൂട്ടർക്ക് കഴിയില്ലെന്നും സി കെ തുറന്നടിച്ചു.

കാലിൽ ബയണറ്റുകൊണ്ടാൽ വിപ്ലവമാകില്ലെന്നു പറയുന്നവർക്ക് കേരളസമൂഹം ശക്തമായ തിരിച്ചടി നൽകും. പുന്നപ്ര വയലാർ സമരത്തിൽ വി എസിന്റെ സാന്നിദ്ധ്യം സംശയദൃഷ്ടിയോടെ കണ്ട ചിലരുടെ പരാമർശങ്ങൾക്കുനേരെയുള്ള മറുപടികൂടിയാണ് സി കെ നടത്തിയത്. നേരത്തെ കടുത്ത വി എസ് അനുകൂലിയായിരുന്ന സി കെ സമീപകാലത്താണ് വി എസിനെ തള്ളി ഔദ്യോഗിക പക്ഷത്ത് ചേക്കേറിയത്. എന്നാൽ കഴിഞ്ഞദിവസം വി എസിന്റെ സാന്നിദ്ധ്യത്തിൽ നിയന്ത്രണം തെറ്റിയ സി കെ വി എസ് അനുകൂലപ്രസംഗം നടത്തുകയായിരുന്നു.

വി എസിനെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ചിലർ നടത്തിയ ശ്രമം ഹീനമാണ്. സി ബി ഐ അന്വേഷിച്ചിട്ടുപോലും അഴിമതിയുടെ ഒരു തുരുമ്പുപോലും വി എസിനെതിരായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വി എസിന്റെ പ്രതാപത്തെ തള്ളിപ്പറയുന്നത് വിപ്ലവപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സമരനായകരെ തള്ളി പ്പറയുന്നതിന് തുല്യമാണെന്നും സി കെ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സി കെയുടെ ഒളിയമ്പുകൾ. ഏതായാലും സി കെ യുടെ വെളിപ്പെടുത്തലുകൾ വി എസിന്റെ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടിയും പാർട്ടിക്ക് തലവേദനയുമാകുകയാണ്. സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിലൂടെ വി എസ് സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് വിലക്കുകൾ ലംഘിച്ച് കഴിഞ്ഞദിവസം മുഹമ്മയിലും ഇന്നലെ കായംകുളത്തും പൊതുപരിപാടികളിൽ വി എസ് പങ്കെടുത്തത്.

പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിനു സമീപം നടന്ന ഗ്രന്ഥശാലാ ഉദ്ഘാടനത്തിനുശേഷം പ്രവർത്തനങ്ങൾ വി എസ് വിലയിരുത്തി. പ്രവർത്തന റിപ്പോർട്ട് കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ ഒന്നാം പ്രതിയും വി എസിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ ലതീഷ് ചന്ദ്രൻ കൈമാറി. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ദുർഘടമാണ് മുഹമ്മ. പാർട്ടിയുടെ എക്കാലത്തെയും നേതാവ് സ. പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. പാർട്ടിയെ സംബന്ധിച്ചിടത്തോളം മർമ്മ പ്രധാനസ്ഥലമെങ്കിലും പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ സ്ഥലംകൂടിയാണ്. കണ്ണൂർ കഴിഞ്ഞാൽ പാർട്ടിക്ക് ഗ്രാമങ്ങളുള്ള സ്ഥലം. എന്നാൽ പാർട്ടിക്ക് ജന്മം നൽകിയ വ്യക്തിയുടെ കിടപ്പാടം കത്തിച്ചുവെന്ന പേരുദോഷമാണ് ഇന്നു സിപിഎമ്മിന് മുഹമ്മയിലുള്ളത്. ഇതിലെ പ്രധാനപ്രതിയാകട്ടെ വി എസിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രനും.

സംസ്ഥാനത്തൊട്ടാകെ സമാന്തര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വി എസ് പരിപാടിയിൽ പങ്കെടുത്തത്. പാർട്ടി പ്രതീക്ഷിച്ചതുപ്പോലെ ഇവിടെയും ഗ്രൂപ്പുകൾ മറന്ന് ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു, വി എസിനെ കാണാനും പ്രസംഗം ശ്രവിക്കാനുമായി. ഇതു പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുകയാണ്്. വി എസിനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ദേശാഭിമാനി സഹകരണ സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

ഇതിന്റെ ക്ഷീണംതീർക്കാൻ പാർട്ടി സമാനസ്വഭാവമുള പരിപാടി സംഘടിപ്പിച്ച് സംസ്ഥാനസെക്രട്ടറിയെ നേരിട്ടെത്തിച്ചെങ്കിലും പൊളിഞ്ഞു. അതേസമയം വി എസ് എത്തിയ പരിപാടിയിൽ പതിനായിരത്തോളം പ്രവർത്തകരാണ് പങ്കെടുത്തത്. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സി പി എം ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. വി എസിന്റെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിക്ക് പാർട്ടി ശുപാർശ ചെയ്‌തെങ്കിലും കൂടുതൽ പ്രഹരമാകുമെന്നു കണ്ട് നടപടി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ അമ്പലപ്പുഴയിൽ പരിപാടി നടത്താൻ പദ്ധതിയിട്ടെങ്കിലും മുഹമ്മയിലേക്ക് വേദി മാറ്റുകയായിരുന്നു. ഇനി അരൂരിലും ആയിരങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ടുള്ള പരിപാടി നടത്താൻ വി എസ് അനുകൂലികൾ കച്ചമുറുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP