Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി സിപിഎമ്മിൽ എം വി രാഘവന്മാരും ഗൗരിയമ്മമാരും ഉണ്ടാകില്ല; വി എസ് അച്യുതാനന്ദന്മാർക്കു യഥേഷ്ടം വിഘടിക്കാം; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങൾ തള്ളിക്കൊണ്ടുള്ള ബംഗാൾ ഘടകത്തിന്റെ നിലപാടു സിപിഎമ്മിന്റെ കേഡർ സ്വഭാവത്തിനേറ്റ കനത്ത തിരിച്ചടി; ദേശീയ നേതൃത്വം ദുർബലമാകുമ്പോൾ സംസ്ഥാന രാഷ്ട്രീയം കരുത്തു പ്രാപിക്കും

ഇനി സിപിഎമ്മിൽ എം വി രാഘവന്മാരും ഗൗരിയമ്മമാരും ഉണ്ടാകില്ല; വി എസ് അച്യുതാനന്ദന്മാർക്കു യഥേഷ്ടം വിഘടിക്കാം; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങൾ തള്ളിക്കൊണ്ടുള്ള ബംഗാൾ ഘടകത്തിന്റെ നിലപാടു സിപിഎമ്മിന്റെ കേഡർ സ്വഭാവത്തിനേറ്റ കനത്ത തിരിച്ചടി; ദേശീയ നേതൃത്വം ദുർബലമാകുമ്പോൾ സംസ്ഥാന രാഷ്ട്രീയം കരുത്തു പ്രാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേഡർ പാർട്ടിയെന്ന് അവകാശപ്പെടാൻ ഇനി സിപിഎമ്മിന് കഴിയില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെ ശിരാസ്സാവഹിക്കുന്ന പാർട്ടിയെന്ന പേര് സിപിഎമ്മിന് നഷ്ടമായി.

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ചങ്ങാത്തം തുടരുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടെയാണ് ഇത്. തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങളെ ചെറുക്കാനും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ നേരിടാനും കോൺഗ്രസ് കൂടി ഉൾപ്പെടുന്ന വിശാല മതേതര ബദൽ കൂടിയേ തീരൂവെന്ന് നേതാക്കൾ പറഞ്ഞു.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കൾ നിലപാട് ആവർത്തിച്ചത്. ഫലത്തിൽ കേന്ദ്ര കമ്മറ്റി തീരുമാനം തള്ളിക്കളയുകയാണ് ബംഗാൾ ഘടകം.

സിപിഎമ്മിൽ കേന്ദ്രീകൃത നേതൃത്വവും തീരുമാനവുമായിരുന്നു നടപ്പാക്കിയിരുന്നത്. അതിനെതിരെ ശബ്ദിച്ചാൽ പാർട്ടിക്ക് പുറത്താകും. എം വിരാഘവനും ഗൗരിയമ്മയുമെല്ലാം പാർട്ടിക്ക് പുറത്തായത് കേഡർ സ്വഭാവത്തിന്റെ നേർ ചിത്രമായിരുന്നു. വി എസ് അച്യൂതാനന്ദന് പാർട്ടിക്ക് വഴങ്ങേണ്ടി വന്നിരുന്നതും അതുകൊണ്ട് തന്നെ. ഭൂരിപക്ഷമാണ് പാർട്ടിക്ക് വലുത്. അത് അംഗങ്ങളെല്ലാം അംഗീകരിക്കണം. കേന്ദ്ര കമ്മറ്റി ബഹുഭൂരിപക്ഷം പേരുടെ പിന്തുണയോടെ എടുത്ത തീരുമാനമാണ് ബംഗാൾ ഘടകം തള്ളുന്നത്. കേന്ദ്ര കമ്മറ്റിയുടെ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് ബംഗാൾ ഘടകം തുറന്നു പറയുകയാണ്. ഇത് കേരളത്തിലെ ഘടകവും ആവർത്തിക്കാൻ സാധ്യത ഏറെയാണ്. കേന്ദ്ര നേതൃത്വത്തിന്റെ ദുർബലാവസ്ഥയാണ് ഇതിനാ കാരണം.

കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി തെറ്റാണെന്നും ഇത് തിരുത്തണമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നേതാക്കൾ കോൺഗ്രസുമായി ബന്ധം തുടർന്നേപറ്റൂ എന്ന നിലപാട് ആവർത്തിച്ചത്. പാർട്ടിയുടെ അടവുനയത്തിന് വിരുദ്ധമായിട്ടാണ് ബംഗാളിൽ പാർട്ടി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതെന്ന് വിശദീകരിച്ച് സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചില്ല. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വ സംഭവാണിത്. പിബി അംഗങ്ങൾ ദൈവങ്ങളല്ലെന്നും ഡൽഹിയിലിരിക്കുന്നവർക്കു സംസ്ഥാനത്തെ സ്ഥിതി അറിയില്ലെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. സംസ്ഥാനത്തു കോൺഗ്രസുമായി സഹകരിച്ചുള്ള പ്രവർത്തനം തുടരാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം.

കേന്ദ്രകമ്മിറ്റി തലത്തിൽ കഴിഞ്ഞ വർഷം നടന്ന പ്ലീനത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ചർച്ചചെയ്യാൻ സംസ്ഥാന തലത്തിലും ഒരു പ്ലീനം നടത്താനും തീരുമാനിച്ചു. സപ്തംബർ 20 മുതൽ ഒക്ടോബർ രണ്ട് വരെയായിരിക്കും സംഘടനാ പ്ലീനം നടക്കുകയെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ബംഗാളിലെ സവിശേഷ സാഹചര്യം വിലയിരുത്തുന്നതിൽ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടെന്ന് സഖ്യത്തെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തി. പാർട്ടിയുടെ ഔദ്യോഗിക ലൈന് വിരുദ്ധമായിരിക്കാം ബംഗാളിൽ പാർട്ടി സ്വീകരിച്ചത്. പക്ഷേ സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ പാർട്ടിക്ക് മുന്നിൽ മറ്റ് മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അവർ വിശദീകരിച്ചു. സംസ്ഥാന സമിതിയിൽ പ്രസംഗിച്ച 30 പേരിൽ 27 പേരും രേഖ തള്ളണമെന്ന് ആവശ്യപ്പെട്ടു.

പാർട്ടി മുഖപത്രമായ ഗണശക്തിയിൽനിന്നുള്ള ദേബശിഷ് ചക്രവർത്തി, അമൽ ഹൽദർ (കിസാൻ സഭ), മുസാഫിർ ഹുസൈൻ (മുർഷിദാബാദ്) എന്നിവർ മാത്രമാണു കേന്ദ്ര നിലപാടിനെ അനുകൂലിച്ചത്. ഡൽഹിയിൽനിന്നു യച്ചൂരിക്കു പുറമേ, പ്രകാശ് കാരാട്ട്, എം.എ.ബേബി, ഹന്നൻ മൊള്ള, ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരാണു സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പങ്കെടുത്തു തെറ്റുതിരുത്തിക്കാൻ കൊൽക്കത്തയിൽ ചെന്നത്. കോൺഗ്രസുമായി തിരഞ്ഞെടുപ്പിലുണ്ടാക്കിയ കൂട്ടുകെട്ട് പാർട്ടി കോൺഗ്രസ് തീരുമാനിച്ച നയവുമായി ഒത്തുപോകുന്നതല്ലെന്ന സിസി തീരുമാനം നടപ്പാക്കുകയും തെറ്റുതിരുത്തിക്കുകയുമായിരുന്നു പിബി അംഗങ്ങളുടെ ഉത്തരവാദിത്തം. അതാണ് നടക്കാതെ പോയത്.

കേന്ദ്ര നിലപാട് ആവർത്തിച്ചപ്പോഴും തൃണമൂലിനെതിരെ ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത യച്ചൂരിയും എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പുതന്ത്രം തീരുമാനിക്കുന്നതിൽ ബംഗാൾ ഘടകത്തിനു മാത്രമല്ല പിബിക്കും പിഴവു സംഭവിച്ചെന്നു യച്ചൂരി വ്യക്തമാക്കി. എന്നാൽ, കേന്ദ്രത്തിന്റേതായി യച്ചൂരി അവതരിപ്പിച്ച രേഖ ബംഗാളിൽ വിതരണം ചെയ്യേണ്ടെന്നാണു തീരുമാനമെന്നു സംസ്ഥാന നേതാക്കൾ സൂചിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറിയായ കാരാട്ടിനെതിരെ കമ്മിറ്റിയിൽ കടുത്ത വിമർശനമുണ്ടായി. ഒരുതവണപോലും സ്വന്തം പാർട്ടിയുടെ ചിഹ്നത്തിനു വോട്ടുചെയ്യാൻ സാധിച്ചിട്ടില്ലാത്തവരാണു കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അതു സ്വീകാര്യമല്ലെന്നും മുൻ എംപി മൊയ്നുൽ ഹസൻ പറഞ്ഞു. പിബി അംഗങ്ങൾ ദൈവങ്ങളല്ലെന്നും അവരുടെ പ്രബോധനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.

ഡൽഹിയിൽ പാർട്ടിക്ക് 500 വോട്ടുപോലും കിട്ടാറില്ലെന്നും അവിടെയുള്ളവരാണു 2.15 കോടി വോട്ടു ലഭിച്ച പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും രാജ്യസഭാംഗം ഋതബ്രത ബാനർജി കുറ്റപ്പെടുത്തി. പിന്തിരിഞ്ഞുനിന്നിട്ട് എത്ര തവണയാണു യാഥാർഥ്യം കണ്ടില്ലെന്നു പറയുകയെന്നു ഋതബ്രത ചോദിച്ചു. അടുത്ത പാർട്ടി കോൺഗ്രസ് വരെയും ഇപ്പോഴത്തെ നിലപാടു തുടരുകതന്നെ ചെയ്യുമെന്നു ബംഗാൾ പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി കോൺഗ്രസിനു മുൻപ് തെരഞ്ഞെടുപ്പിനെ നേരിടാനില്ല. അതുകൊണ്ടുതന്നെ കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയെന്ന ആരോപണത്തിനു വകയില്ല. എന്നാൽ, കോൺഗ്രസുമായി യോജിച്ചുതന്നെ മുന്നോട്ടുപോകുമെന്നും ബംഗാൾ നേതാക്കൾ സൂചിപ്പിച്ചു.

സോമനാഥ് ചാറ്റർജിയെ പുറത്താക്കിയ വിഷയത്തിലും ജ്യോതിബസു പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതിലും കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകത്തിന്റെ വികാരങ്ങൾ അവഗണിച്ചതും ചില നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത് സംസാരിച്ച 30 അംഗങ്ങളിൽ 27 പേരും കോൺഗ്രസ് സഖ്യത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, ഹനൻ മുല്ല, എം.എ ബേബി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ബംഗാളിലെ പാർട്ടിയെ അപമാനിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണു ദേശീയ നേതൃത്വം നിലപാടെടുക്കുന്നതെന്നു ആരോപിച്ചു. നീണ്ട രേഖകൾ തയാറാക്കുക, പത്രസമ്മേളനങ്ങൾ നടത്തുക - ഇതാണു പിബി ചെയ്യുന്നതെന്നും പകരം നിരത്തിലിറങ്ങി ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാൽ മാത്രമേ യാഥാർഥ്യങ്ങൾ മനസ്സിലാകുകയുള്ളൂവെന്നും ആവശ്യം ഉയർന്നു.

ഈ ചർച്ചകളെല്ലാം സിപിഎമ്മിന്റെ കേന്ദ്രീകൃത സ്വഭാവം ഇല്ലാതാക്കുന്നതാണ്. വരും നാളുകളിൽ കേരള ഘടകവും ഇതേ പാത പിന്തുടർന്നാൽ കേന്ദ്ര നേതൃത്വം തന്നെ അപ്രസക്തമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP