Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അണ്ണാദുരൈക്കും എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാടിനെ നയിക്കാൻ ഉടലെടുക്കുന്ന അടുത്ത അവതാരം ആര്? ചരിത്രം വിരൽ ചൂണ്ടൂന്നത് രജനീകാന്തിന് നേരെ; രജനിക്ക് ശേഷം വിജയിലേക്ക് നീളേണ്ടതും ചരിത്രപരമായ കടമ: തമിഴ് മക്കൾക്ക് വേണ്ടത് പ്രഭാവലയത്തിൽ തളയ്ക്കപ്പെട്ട താരദൈവങ്ങളെ മാത്രം

അണ്ണാദുരൈക്കും എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാടിനെ നയിക്കാൻ ഉടലെടുക്കുന്ന അടുത്ത അവതാരം ആര്? ചരിത്രം വിരൽ ചൂണ്ടൂന്നത് രജനീകാന്തിന് നേരെ; രജനിക്ക് ശേഷം വിജയിലേക്ക് നീളേണ്ടതും ചരിത്രപരമായ കടമ: തമിഴ് മക്കൾക്ക് വേണ്ടത് പ്രഭാവലയത്തിൽ തളയ്ക്കപ്പെട്ട താരദൈവങ്ങളെ മാത്രം

മറുനാടൻ ഡെസ്‌ക്

ചെന്നൈ: സിനിമയും രാഷ്ട്രീയവും വേറിട്ടു സഞ്ചരിക്കുന്ന കാഴ്‌ച്ചയല്ല തമിഴകത്തിന്റെ രാഷ്ട്രീയത്തിൽ ഇത്രയും കാലം കണ്ടത്. ദേശീയ രാഷ്ട്രീയ പാർട്ടികളോട് അകലം പാലിച്ച് ദ്രാവിഡ വികാരം ഉയർത്തി തമിഴ്മക്കളെ കൂടെ നിർത്തുന്ന സിനിമാ പ്രഭാവം തുടക്കമായത് അണ്ണാദുരൈയ്ക്ക് ശേഷമാണ്. ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടത്തി അടിച്ചേൽപ്പിക്കപ്പെട്ട ദേശീയ വികാരത്തെ തള്ളിപ്പറഞ്ഞാണ് അണ്ണാദുരൈ ദ്രാവിഡ മക്കളുടെ പ്രിയപ്പെട്ടവനായത്. അണ്ണാദുരൈ തുടങ്ങി വച്ച മുന്നണി പോരാട്ടം സിനിമാപ്രഭാവത്തിലൂടെ എംജി രാമചന്ദ്രൻ എന്ന എംജിആർ ഏറ്റെടുത്തു. മറുവശത്ത് കരുണാനിധിയെന്ന സിനിമാക്കാരൻ തന്നെയായിരുന്നു എംജിആറിന്റെ എതിരാളിയായി മാറിയതും. സിനിമയിലെ താരപരിവേഷത്തിലൂടെ തമിഴ് ജനതയുടെ മനസു കവർന്ന് രാഷ്ട്രീയത്തിൽ മൊടിചൂടാ മന്നനായി മാറിയ എംജിആറിന്റെ പാതയിൽ തന്നെയാണ് അദ്ദേഹത്തിന്റെ പ്രിയ തോഴി ജയലളിത രാഷ്ട്രീയത്തിൽ എത്തിയതും മുഖ്യമന്ത്രി പദവിയിൽ എത്തിപ്പിടിച്ചതും. പുരട്ച്ചി തലൈവിയെന്നും അമ്മയെന്നും വിളിച്ച് തമിഴ് മക്കൾ അവരെ നെഞ്ചിലേറ്റി. അങ്ങനെ തമിഴകം നെഞ്ചിലേറ്റിയ വെളിച്ചമാണ് ഇന്നലെ അപ്പോളോ ആശുപത്രിയിൽ അണഞ്ഞത്.

ജയലളിതയുടെ പിൻഗാമിയായി ഒ പനീർശെൽവം മുഖ്യമന്ത്രിയായതോടെ എഐഎഡിഎംകെ രാഷ്ട്രീയം സിനിമാക്കാർക്ക് അന്യമാകുമോ എന്ന ചോദ്യം ഉയർന്നു. എന്നാൽ, സിനിമയിൽ പ്രഭാവമുള്ള വ്യക്തിത്വമില്ലാതെ പാർട്ടിയുടെ മുന്നോട്ട് പോക്ക് അസാധ്യമാണെന്ന് എല്ലാവർക്കും ബോധ്യമുണ്ട് താനും. അതുകൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കാൻ ഇനി അവതാരമെടുക്കുന്ന താരജന്മമേത് എന്ന ചോദ്യം ശക്തമായി ഉയർന്നിട്ടുണ്ട്. സിനിമാക്കാരൻ തന്നെയാകുമെന്ന് ഉറപ്പിക്കുമ്പോൾ തന്നെ ആര് എന്നതാണ് ചോദ്യം. രാഷ്ട്രീയത്തിൽ ഇതുവരെ പ്രവേശിക്കാത്ത തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിനെ തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇത്രയേറെ ആരാധകരുള്ള താരവലയത്തിൽ ജനകോടികളെ തളച്ചിടാൻ പോന്ന മറ്റൊരു താരം ഇല്ലെന്നതു തന്നെയാണ് രജനിക്ക് വേണ്ടിയുള്ള മുറവിളികളെ ശക്തമാകുന്നത്.

എന്നാൽ, അടുത്തകാലം വരെ ബിജെപി വേദികളിലാണ് രജനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹം ബിജെപിയുടെ ഭാഗമായാൽ അത് തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. ഇതിന് കാരണം ബിജെപിയുടേത് ദ്രാവിഡ രാഷ്ട്രീയമല്ല എന്നതാണ്. ഏതെങ്കിലും ദ്രാവിഡ കക്ഷികൾക്കൊപ്പം രജനീകാന്ത് അണിചേർന്നാൽ, ആ മുന്നേറ്റത്തെ ചെറുക്കാൻ തൽക്കാലം മറ്റെല്ലാപാർട്ടികളും കഷ്ടപ്പെടേണ്ടി വരുമെന്നത് ഉറപ്പാണ്. തമിഴ് ജനത ദൈവതുല്യനായി കാണുന്ന താരമാണ് രജനീകാന്ത്. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന മഹാൻ. അങ്ങനെയൊരാൾ തന്നെയാണ് സിനിമയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴക രാഷ്ട്രീയത്തെ ഇനി നയിക്കേണ്ടതും.

താരങ്ങൾ തന്നെയാണ് തമിഴ് രാഷ്ട്രീയത്തെ നയിക്കുക എന്ന് വ്യക്തമാകുമ്പോൾ തന്നെ അതിൽ എല്ലാവരും പെടുകയുമില്ല. അജിത്തിനെയാണ് എഐഎഡിഎംകെ തങ്ങളുടെ ഭാവിരാഷ്ട്രീയം ശോഭനമാക്കാൻ പ്രതീക്ഷിക്കുന്ന താരം. എന്നാൽ, രജനിയെപ്പോലെ താരപ്രഭാവമുള്ള കക്ഷിയല്ല വിജയ്. തമിഴകത്തെ ഉലകനാകയൻ കമൽഹാസനാണെങ്കിലും അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി അംഗീകരിക്കാൻ തമിഴ് ജനതയ്ക്ക് വൈമനസ്യമുണ്ട്. അതേ അവസ്ഥയാണ് ഏതാണ്ട് അജിത്തിനെയും സംബന്ധിച്ചുള്ളത്. ഇവരെ കൂടാതെ രാഷ്ട്രീയവുമായി ഉയർന്നു കേൾക്കുന്ന മറ്റൊരു താരത്തിന്റെ പേര് വിജയിന്റേതാണ്.

രജനീകാന്ത് കഴിഞ്ഞാൽ തമിഴകത്ത് ഏറ്റവും അധികം ആരാധകരുള്ള വ്യക്തിയാണ് ഇളയദളപതി വിജയ്. മാത്രമല്ല, വൻതോതിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന ആരാധക വൃന്ദവും വിജയ്ക്കുണ്ട്. നേരത്തെ രാഹുൽ ഗാന്ധി അടക്കമുള്ളവർ അദ്ദേഹത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ പരിശ്രമിച്ചിരുന്നു. എന്നാൽ, അന്ന് വിജയ് വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു. ദ്രാവിഡ വികാരമുള്ള താരമായാണ് വിജയിനെയും കാണുന്നത്. എന്നാൽ, രജനീകാന്തിനേക്കാൾ വിജയിൽ ഇനിയും സിനിമാക്കാരനുണ്ട് എന്നതാണ് ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് തടസം. മാത്രമല്ല, രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചാൽ വിജയിന്റെ രാഷ്ട്രീയത്തിന്റെ പ്രഭാവം മങ്ങും. അതുകൊണ്ട് തന്നെ വിജയിനെ രാഷ്ട്രീയത്തിൽ പ്രതീക്ഷിക്കുന്നത് രജനികാലഘട്ടത്തിന് ശേഷമാകുമെന്നാണ് പൊതുവിലയിരുത്തൽ.

അതേസമയം രാഷ്ട്രീത്തിന്റെ ആഴവും അപകടവും തനിക്ക് ബോധ്യമുണ്ടെന്ന പക്ഷക്കാരനാണ് രജനീകാന്ത്. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ഭയമില്ല. എന്നാൽ ദൈവഹിതമെങ്കിൽ മാത്രമെ താൻ രാഷട്രീയത്തിൽ പ്രവേശിക്കൂ എന്നുമാണ് ഇതേക്കുറിച്ച് രജനീകാന്ത് പറയുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സിനിമകൾ ചെയ്യുന്നത് തന്നെ ഒരു സാമൂഹ്യ സേവനമാണെന്ന് താൻ കരുതുന്നു. സിനിമയിലും രാഷ്ട്രീയത്തിലും പ്രവേശിക്കുന്നത് വല്യ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ രണ്ട് മേഖലയിലും വിജയം നേടുന്നത് നിസാര കാര്യമല്ലെന്നുമാണ് രജനീകാന്തിന്റെ പക്ഷം.

എന്തായാലും രജനിയിലെ രാഷ്ട്രീയക്കാരന് ജന്മമെടുക്കാൻ പറ്റിയ ഇതിൽപ്പരം ഒരു അവസരം ഇനിയില്ല. രജനിക്കായി രാഷ്ട്രയീ കക്ഷികൾ ചരടുവലിക്കുന്ന കാഴ്‌ച്ച ഭാവിയിൽ ദൃശ്യമായേക്കും. അതേസമയം അടിമുടി ദ്രാവിഡ പാർട്ടിയായ കരുണാനിധിയുടെ ഡിഎംകെ കൂടുതൽ കരുത്തരാകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. സ്റ്റാലിനാണ് തന്റെ പിൻഗാമിയെന്ന് കരുണാനിധി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ മുന്നിൽ നിന്നു നയിച്ചാണ് ഡിഎംകെയെ പ്രതിപക്ഷത്തെ ശക്തമായ പാർട്ടിയാക്കിയത്. ഈ കുതിപ്പിലാണ് വിജയ് കാന്തിന്റെ ഡിഎംഡികെ പാർട്ടിയെ കടപുഴകിയത്. ശക്തനായ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്തവായി രംഗപ്രവേശം ചെയ്ത വിജയ് കാന്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ശരത്കുമാറും ഖുഷ്ബുവും രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമാണ്. എന്നാൽ, തമിഴ്മനസ് ഇവർക്കൊപ്പമല്ല.

എഐഎഡിഎംകെയിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിതയുടെ വിടവ് നികത്താതെ തന്നെ കിടക്കുമെന്നത് ഉറപ്പാണ്. ഈ സ്‌പേസിന് വേണ്ടിയുള്ള വടംവലിക്കാകും വരുംകാലം തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുക. ഒരുകാലത്ത് അധികാര കേന്ദ്രമായിരുന്ന ജയലളിതയുടെ തോഴി ശശികലയിലേക്ക് അധികാര കടിഞ്ഞാൺ എത്തുമോ എന്നതും കാത്തിരുന്നു കാണണം. ജയലളിത മരിച്ചതോടെ വരുന്ന ഉപതിരഞ്ഞെടുപ്പിൽ ശശികല സ്ഥാനാർത്ഥിയായി എത്തിയാൽ അത് എഐഎഡിഎംകെയിലെ അധികാര വടംവലിക്കും ഇടയാക്കും. എന്തായാലും തമിഴ് രാഷ്ട്രീയന്റെ അടുത്ത അവതാരം ആരെന്നറിയിയാനുള്ള ആകാംക്ഷയാകും വരും നാളുകളിൽ ദേശീയ രാഷ്ട്രീയത്തിലും നിറയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP