Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർണാബിന്റെ ചാനലിലെ തരൂരിനെതിരായ ബ്രേക്കിങ് ന്യൂസിനോട് മുഖം തിരിച്ച് കേരളത്തിലെ ബിജെപിക്കാരും; അമിത് ഷായുടെ ആശിർവാദത്തോടെ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന ആശങ്കയിൽ സ്ഥാനമോഹികളായ നേതാക്കൾ; 36 കോടി മുടക്കിയ ചാനൽ മുതലാളിക്ക് മത്സരിക്കാൻ വേണ്ടി കളമൊരുക്കി റിപ്പബ്ലിക് ടിവി; പിന്നിൽ ബിജെപി ഐടി സെല്ലും

അർണാബിന്റെ ചാനലിലെ തരൂരിനെതിരായ ബ്രേക്കിങ് ന്യൂസിനോട് മുഖം തിരിച്ച് കേരളത്തിലെ ബിജെപിക്കാരും; അമിത് ഷായുടെ ആശിർവാദത്തോടെ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന ആശങ്കയിൽ സ്ഥാനമോഹികളായ നേതാക്കൾ; 36 കോടി മുടക്കിയ ചാനൽ മുതലാളിക്ക് മത്സരിക്കാൻ വേണ്ടി കളമൊരുക്കി റിപ്പബ്ലിക് ടിവി; പിന്നിൽ ബിജെപി ഐടി സെല്ലും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ മൂന്ന് വാർത്തകളാണ് അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ടിവി പുറത്തുവിട്ടത്. ഇതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്നു പറഞ്ഞുകൊണ്ട് പുറത്തുവിട്ടത് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തി മൂന്ന് വർഷം തികയാൻ ഇരിക്കുന്ന വേളയിലാണ് ഇതുവരെ ഒരു വിഷയമേ അല്ലാതിരുന്ന സുനന്ദ വിഷയം വീണ്ടും അർണാബ് ഗോസ്വാമിയുടെ ചാനൽ കുത്തിപ്പൊക്കിയത്. ചാനലിനെ ഹിറ്റാക്കാൻ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ് തരൂരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലുള്ള വാർത്തക്ക് പിന്നിലെന്നത് വ്യക്തമാണ്. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം കൂടെയുണ്ടെന്ന കാര്യം ഒരു പരിധി വരെ കേരളത്തിലെ രാഷ്ട്രീയക്കാർക്കെങ്കിലും വ്യക്തമായിട്ടുണ്ട്.

സുനന്ദ പുഷ്‌ക്കറിന്റേത് ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് അർണാബിന്റെ ചാനൽ ആരോപിക്കുന്നത്. സുനന്ദ മരിച്ചത് ഹോട്ടൽ ലീലയിലെ മറ്റൊരു മുറിയിൽ വച്ചാണെന്നും ധ്വനിയുള്ള വിധത്തിലുള്ള സംഭാഷണമാണ് ചാനൽ പുറത്തുവിട്ടത്. എന്തായാലും വമ്പൻ ബ്രേക്കിങ് എന്ന വിധത്തിൽ ചാനൽ പുറത്തുവിട്ട വാർത്ത പൂർണമായും അടിസ്ഥാന രഹിതമാണെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഈ വിഷയം മറ്റ് ദേശീയ ചാനലുകൾ ആരും തന്നെ ഏറ്റെടുക്കുകയും ചെയ്തിട്ടില്ല. തിരുവനന്തപുരം എംപിയും കോൺഗ്രസിലെ മികച്ച പ്രതിച്ഛായയുള്ള നേതാവുമായി തരൂരിനെതിരെ വന്ന വാർത്തകൾ അവിചാരിതമല്ലെന്നാണ് അറിയുന്നത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും അമിത്ഷായും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് തരൂരിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വാർത്ത വന്നതെന്നാണ് അറിയുന്നത്. കോൺഗ്രസിലെ പ്രമുഖനെതിരായ വെളിപ്പെടുത്തലാണെങ്കിലും കേരളത്തിലെ ബിജെപി നേതൃത്വം ഈ സംഭവം ആയുധമാക്കാതെ പൂർണമായും തഴയുകയാണ് ചെയ്തത്. ഇതിന് പിന്നിൽ ഒരു വ്യക്തമായ ലക്ഷ്യമുണ്ട് താനും. അർണാബിന്റെ ചാനലിന് വേണ്ടി പണം മുടക്കിയവരിൽ പ്രമുഖൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാനായ രാജീവ് ചന്ദ്രശേഖർ ആണ്. 36 കോടിയോളം രൂപയാണ് രാജീവ് അർണാബിന്റെ റിപ്പബ്ലിക് ടിവിക്ക് വേണ്ടി മുടക്കിയത്. ഇങ്ങനെ പണം മുടക്കിയ മുതലാളിക്ക് വേണ്ടി അർണാബ് നടത്തിയ ഓപ്പറേഷനാണ് ഇപ്പോൾ സുനന്ദ പുഷ്‌ക്കർ കേസ് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിലെന്നാണ് അറിയുന്നത്.

അടുത്തകാലത്തായി കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ട് രാജീവ്. എൻഡിഎയുടെ വൈസ് ചെയർമാൻ കൂടിയാണ് ഈ വ്യവസായി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ കച്ചകെട്ടിയിരിക്കയാണ് അദ്ദേഹം. ഇതിന് അമിത്ഷായുടെ ആശിർവാദവുമുണ്ടെന്നാണ് അറിവ്. ബിജെപിയെ സഹായിക്കുക എന്ന മുഖ്യമായ ചുമതലയാണ് റിപ്പബ്ലിക്കിലൂടെ അമിത് ഷാ ലക്ഷ്യമിടുന്നത്. ഇങ്ങനെയൊരു ലക്ഷ്യത്തിന് രംഗത്തിറങ്ങിയ രാജീവ് ചന്ദ്രശേഖറിനെ ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റിൽ മത്സരിപ്പിക്കാനാണ് അമിത് ഷായക്ക് താൽപ്പര്യം. എന്നാൽ, ഇക്കാര്യം അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ തരൂരിനെതിരായ ഇപ്പോഴത്തെ വാർത്തയ്ക്ക് പിന്നിൽ രാജീവിന് പങ്കുണ്ടെന്ന് സംസ്ഥാന ബിജെപി നേതാക്കളും മനസിലാക്കിയിട്ടുണ്ട്. എന്നാൽ, രാജീവിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കുന്നതിന് എതിരാണ് ബിജെപി നേതാക്കൾ. തിരുവനന്തപുരം സീറ്റിൽ കണ്ണുനട്ടിരിക്കുന്നത് കുമ്മനം രാജശേഖരൻ മുതൽ വി മുരളീധരൻ വരെയുണ്ട്. അതുകൊണ്ട് രാജീവിന്റെ വരവിനെ ഇവർക്ക് ഇഷ്ടമല്ല, എന്നാൽ, എൻഡിഎ വൈസ് ചെയർമാൻ എന്ന ലേബലിൽ വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ പിന്തുണയോടും കൂടിയാകും രാജീവ് രംഗപ്രവേശനം ചെയ്യുന്നത്. രാജീവിനെ താൽപ്പര്യമില്ലാത്തതു കൊണ്ട് തന്നെയാണ് തരൂരിനെതിരായ ഈ വിഷയം വളരെ താൽപ്പര്യത്തോടെ കേരളത്തിലെ നേതാക്കൾ ഏറ്റെടുക്കാത്തതും.

റിപ്പബ്ലിക് ടിവിയുടെ ഇപ്പോഴത്തെ ലക്ഷ്യം ചാനലിന് വേണ്ടി പണം മുടക്കിയ മുതലാളിക്ക് രാഷ്ട്രീയ വഴി വെട്ടുക എന്നതു തന്നെയാണ്. ഈ നീക്കത്തിന് പിന്നിൽ ബിജെപി ഐടി സെല്ലുമുണ്ടെന്ന ആരോപണവും ശക്തമാണ്. റിപ്പബ്ലിക് ചാനൽ വാർത്ത പുറത്തുവിടുന്നതിനു മുമ്പു തന്നെ ബിജെപി ഐ.ടി സെല്ലിലെ പ്രവർത്തകരിൽ ചിലർ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇത് ബിജെപി ബാന്ധവത്തെ സാധൂകരിക്കുന്നതാണ്. ശശി തരൂരുമായി ബന്ധപ്പെട്ട വാർത്ത അനൗൺസ് ചെയ്തുകൊണ്ട് റിപ്പബ്ലിക് ടി.വിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും ട്വീറ്റുവരുന്നതിനു മുമ്പേ തന്നെ ബിജെപി ഐ.ടി സെൽ ജീവനക്കാരിൽ ചിലർ ഇതു സംബന്ധിച്ച സൂചനകൾ നൽകിക്കൊണ്ട് ട്വീറ്റു ചെയ്തതിന് തെളിവുകളുണ്ട്.

വാർത്തയുമായി ബന്ധപ്പെട്ട സൂചന നൽകി രാത്രി 7.10നാണ് ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റു വരുന്നത്. #SunandaMurderTapse എന്ന ഹാഷ് ടാഗ് കൊണ്ടാണ് റിപ്പബ്ലിക് ടി.വി വാർത്ത സംബന്ധിച്ച സൂചന നൽകിയത്. മറ്റു വിശദാംശങ്ങളെല്ലാം സസ്പെൻസായിരുന്നു. എന്നാൽ റിപ്പബ്ലിക് ടി.വി വാർത്ത സംബന്ധിച്ച് സൂചന നൽകുന്നതിന് മുമ്പു തന്നെ ബിജെപി ഐ.ടി സെൽ അംഗങ്ങൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ബിജെപിയുടെ സോഷ്യൽ മീഡിയ വളണ്ടിയറാ സുരേഷ് നഖുനയുടെ ട്വീറ്റും അറുപതിനായിരത്തോളം ഫോളോവേഴ്സുള്ള സംഘി ട്വിറ്റർ അക്കൗണ്ടായ അൺസബ്ടൈൽദേശിയിലെ ട്വീറ്റും ഇതിന് തെളിവാണ്.

വൈകുന്നേരം 6.18നാണ് നഖുനയുടെ ട്വീറ്റ് വരുന്നത്. 'ശശി തരൂരിന് ഗുഡ് ലക്ക് വിഷ് ചെയ്തുകൊണ്ടുള്ളതായിരുന്നു ട്വീറ്റ്. 6.24നാണ് അൺസബ്ടൈൽദേശിയിൽ നിന്നുള്ള ട്വീറ്റ്. അർണബിനെയുും അവരുടെ ചാനലിനെയും പ്രശംസിച്ചതിനു പിന്നാലെ സുരേഷ് നഖുനയുടെ ട്വീറ്റിന് അവർ മറുപടി നൽകുകയും ചെയ്യുന്നു.

'നമുക്ക് ചുറ്റും കുറച്ചുകാലമായി ഉണ്ടായിരുന്ന എന്നാൽ ഒരു ചാനലും ഏറ്റെടുക്കാത്ത ഈ വാർത്തകൾ അർണബ് പുറത്തുവിടുകയാണ്. 'എന്നാണ് അദ്ദേഹം റിപ്പബ്ലിക് ടി.വിയെ പ്രസംശിച്ചുകൊണ്ടു പറഞ്ഞത്. മാധ്യമങ്ങളിൽ വലിയ ബ്രേക്കിങ് ന്യൂസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. ചാനൽ മേധാവികളിൽ ചിലരും വാർത്ത റിപ്പോർട്ടു ചെയ്തവരും മാത്രമേ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കൂ എന്നിരിക്കെയാണ് ബിജെപി ഐ.ടി സെൽ പ്രവർത്തകർ ഇക്കാര്യം അറിഞ്ഞിരുന്നു എന്ന റിപ്പോർട്ടുകൾ വരുന്നത്.

ദേശീയ താൽപ്പര്യം മുൻനിർത്തി ബിജെപിയെ എപ്പോഴും പിന്തുണച്ചിരുന്ന മാധ്യമപ്രവർത്തകനാണ് അർണാബ് ഗോസ്വാമി. ടൈംസ് നൗവിലെ എല്ലാമെല്ലാമായിരുന്നു അർണാബ് ഗോസ്വാമി. ഒറ്റയാൻ അവതരണത്തിലൂടെ ചാനലിന് മുന്നോട്ട് നയിച്ച ചീഫ് എഡിറ്റർ. എല്ലാ വിധ പിന്തുണയും സ്വാതന്ത്ര്യവും അർണാബിന് ടൈംസ് നൽകിയിരുന്നു. എഡിറ്റോറിയയിൽ പോലും ഇടപെട്ടുമില്ല. താനൊരു ദേശീയ വാദിയെന്ന് പ്രഖ്യാപിച്ച് കണ്ണിൽ കണ്ടതിനെയെല്ലാം വിമർശിച്ച് ന്യൂസ് അവർ ഡിബേറ്റിന് റേറ്റിങ് ഉണ്ടാക്കി. അപ്രതീക്ഷിതമായാണ് അർണാബ് ടൈംസ് നൗവിൽ നിന്നും പടിയിറങ്ങിയത്.\

ഏഷ്യാനെറ്റ് ചെയർമാനും എംപിയും കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനുമായി രാജീവ് ചന്ദ്രശേഖറാണ് അർണാബിനെ പൂർണ്ണമായും ബിജെപി പക്ഷത്ത് എത്തിച്ചത്. ചാനൽ ചർച്ചകളിൽ ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ടിരുന്ന അർണാബിന്റെ വാദങ്ങൾ പലപ്പോഴും ബിജെപി അനുകൂലമായിരുന്നു. പാക്കിസ്ഥാനേയും മറ്റും കടന്നാക്രമിച്ചാണ് അർണാബ് ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ നിഷ്പക്ഷനെന്ന് വരുത്താൻ ബിജെപിക്കെതിരേയും ചില വാർത്തകളും ചർച്ചകളും നടത്തിയെന്നു മാത്രമായിരുന്നു.

2005ൽ രാജീവ് ചന്ദ്രശേഖർ രൂപീകരിച്ച ബംഗളൂരു ആസ്ഥാനമായ ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനിയുടെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള അദ്ദേഹത്തിന്റെ ചാനലുകൽ ഇപ്പോഴുള്ളത്. കന്നഡ വാർത്താചാനലായ സുവർണ ന്യൂസ്, ഓൺലൈൻ പോർട്ടലായ ന്യൂസബിൾ, കന്നഡയിൽ പ്രസിദ്ധീകരിക്കുന്ന കന്നഡ പ്രഭ എന്നിവയും ഇതിനു കീഴിലാണുള്ളത്. ഈ ഗ്രൂപ്പിന് കീഴിൽ പുതി ഇംഗ്ലീഷ് ചാനലാണ് ലക്ഷ്യമിടുന്നത്. കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം അല്ലെങ്കിൽ കാസർകോട് മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാൽ, റിപ്പബ്ലിക് ചാനൽ സുനന്ദയുടെ മരണം വീണ്ടും ചർച്ചമാക്കിയതോടെ രാജീവ് ചന്ദ്രശേഖരൻ തന്നെയാകും തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെന്നാണ് പുറത്തുവരുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP