Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാദ്ധ്യമങ്ങൾ മുഴുവൻ ഒപ്പമുണ്ടായിട്ടും പിണറായിയുടേയും കുമ്മനത്തിന്റേയും ജാഥയ്ക്കു ലഭിച്ച ആവേശം സുധീരന്റെ ജാഥയ്ക്ക് ഉണ്ടാകാതെ പോയത് എങ്ങനെ? ബൂത്തുതല നേതാക്കളെ അനക്കാൻ കഴിയാതെ കേരള രക്ഷായാത്ര

മാദ്ധ്യമങ്ങൾ മുഴുവൻ ഒപ്പമുണ്ടായിട്ടും പിണറായിയുടേയും കുമ്മനത്തിന്റേയും ജാഥയ്ക്കു ലഭിച്ച ആവേശം സുധീരന്റെ ജാഥയ്ക്ക് ഉണ്ടാകാതെ പോയത് എങ്ങനെ? ബൂത്തുതല നേതാക്കളെ അനക്കാൻ കഴിയാതെ കേരള രക്ഷായാത്ര

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വി എം സുധീരന്റെ രക്ഷായാത്ര കഴിഞ്ഞിട്ടും അണികൾ ഉണർന്നില്ലെന്ന് കോൺഗ്രസ്സിൽ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് എ-ഐ വിഭാഗങ്ങൾക്കുള്ളത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനും വലിയ സ്വീകരണങ്ങൾ കിട്ടുന്നു. എന്നാൽ സുധീരന്റെ യാത്ര ആ തലത്തിൽ അംഗീകരിക്കപ്പെട്ടില്ല. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യമുള്ളതുകൊണ്ട് മാത്രം സമാപന സമ്മേളനം ശ്രദ്ധിക്കപ്പെടും എന്നാണ് വിലയിരുത്തൽ

യാത്രയിലുടനീളം ബൂത്ത് തലത്തിലുള്ള ഭാരവാഹികൾ നിസംഗത പുലർത്തി. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സാധാരണ വിവിധ നേതാക്കൾ വടക്കേയറ്റത്തുനിന്ന് തെക്കോട്ട് കേരള യാത്ര നടത്തുന്നത് സംസ്ഥാനത്തുടനീളമുള്ള അണികളെ ഇളക്കാനാണ്. എ-ഐ ഗ്രൂപ്പുകളുടെ തമ്മിലടിയാണ് ഇതിന് കാരണമെന്നാണ് സുധീരന്റെ വിലയിരുത്തൽ. ബാർ കോഴയും സോളാറും തിരിച്ചടിയായി. ഇതോടെ അണികൾ നിരാശയിലായി. ഇതാണ് യാത്രയ്ക്ക വിനയായത്. ഗ്രൂപ്പുകളുടെ നിസ്സഹകരണം സുധീരൻ കെപിസിസിയിൽ ചർച്ചയാക്കും. എന്നാൽ മൂന്നാം ഗ്രൂപ്പുണ്ടാക്കാനുള്ള സുധീരന്റെ നീക്കമാണ് യാത്രയെ ആളില്ലാതെ ആക്കിയതെന്ന് മറുപക്ഷവും പറയുന്നു.

മുമ്പ് മഞ്ചേശ്വരത്തു നിന്ന് തിരുവനന്തപുരത്തേക്ക് ദേശീയപാത വഴി മാത്രമായിരുന്നു കോൺഗ്രസ് നേതാക്കൾ കേരള യാത്ര നടത്തിയിരുന്നത്. എന്നാൽ, കിഴക്കൻ പ്രദേശങ്ങളിലെ അണികളെ ഇടക്കാൻ ഈ യാത്രകൊണ്ട് പര്യാപ്തമാകില്ലെന്നു കണ്ടതോടെയാണ് കേരള യാത്രകൾ മലയോര ജില്ലകളെക്കൂടി ഉൾപ്പെടുത്തി വളഞ്ഞുചുറ്റാൻ തുടങ്ങിയത്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്ക് പാർട്ടി പ്രവർത്തന ഫണ്ടിലേക്ക് നല്ലൊരു തുക സംഭാവന ഒത്തിരിക്കുമെന്നതിനൊപ്പം അണികളെ പ്രവർത്തനസജ്ജരാക്കാനും കഴിയുമായിരുന്നു. എന്നാൽ ഇക്കുറി ഇതൊന്നും നടന്നില്ല. മാദ്ധ്യമ പിന്തുണയുണ്ടായിട്ടും യാത്ര ശ്രദ്ധിക്കാതെ പോയി.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമായി കോൺഗ്രസ്സ് വിലയിരുത്തിയത് ബൂത്ത് കമ്മിറ്റികൾ വേണ്ടത്ര ഉണർന്ന് പ്രവർത്തിച്ചില്ല എന്നതാണ്. ഇതിന് കാരണം ഗ്രൂപ്പാണെന്ന് സുധീരനും കെപിസിസി അധ്യക്ഷന്റെ ഏകപക്ഷീയ നിലപാടാണ് കാരണമെന്ന് ഗ്രൂപ്പ് മാനേജർമാരും അടക്കം പറയുന്നു. കെപിസിസി പ്രസിഡന്റിന്റെ ജാഥയുടെ സ്വീകരണവേദിയിൽ ഓരോ മണ്ഡലം കമ്മിറ്റിയും നിശ്ചിത തുക സംഭാവനയായി എത്തിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന് വീടുകയറി പിരിവുപോലും മിക്കയിടത്തും നടന്നില്ല. പകരം ഒന്നോ രണ്ടോ കച്ചവടക്കാരിൽ നിന്ന് നിശ്ചിത തുക വാങ്ങി സ്വീകരണവേദിയിൽ എത്തിക്കുകയായിരുന്നു.

ബൂത്ത് കമ്മിറ്റികളുടെ ഗ്രൂപ്പുതിരിച്ചുള്ള വീതംവെപ്പാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. രണ്ട് ഗ്രൂപ്പിലും ഇല്ലാത്ത നേതാവാണ് സുധീരൻ. കെപിസിസി അധ്യക്ഷനെ പിന്തുണയ്ക്കുന്നവർ നാമമാത്രവും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശയുടെ ബലത്തിൽ ബൂത്തുതലം മുതൽ ജില്ലാതലം വരെ ഭാരവാഹികളായി എത്തിയതോടെ യഥാർത്ഥ പ്രവർത്തകർ ഉൾവലിയുകയായിരുന്നു. പല ജില്ലകളിലും നൂറോളം ഡിസിസി സെക്രട്ടറിമാരാണുള്ളത്. കഴിഞ്ഞദിവസം കൊച്ചിയിൽ ഡിസിസി സെക്രട്ടറിമാരുെട തള്ളൽ കാരണം വി എം സുധീരന്റെ സ്വീകരണവേദി തകർന്ന് നാലുപേർക്ക് പരിക്കേറ്റിരുന്നു. അപ്പോൾ മാത്രമാണ് യാത്ര വാർത്തയിൽ എത്തിയതെന്നാണ് സുധീരനെ എതിർക്കുന്നവരുടെ പരിഹാസം.

കോൺഗ്രസ് ഹൈക്കമാണ്ടിനെ ഈ വിഷയങ്ങൾ ധരിപ്പിക്കാനാണ് സുധീരന്റെ നീക്കം. എല്ലാവരും ഒരുമിച്ച് പോകണമെന്ന ഹൈക്കമാണ്ട് നിർദ്ദേശം നടപ്പാകുന്നില്ലെന്നാണ് സുധീരന്റെ വിലയിരുത്തൽ. താൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയത്തിൽ നിന്നാണ് ഗ്രൂപ്പുകൾ യാത്ര പൊളിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ മുഖ്യമന്ത്രിയാകാനുള്ള സുധീരന്റെ ശ്രമത്തെ പാർട്ടിക്കാർ തള്ളിക്കളഞ്ഞതാണ് എല്ലാത്തിനും കാരണമെന്ന് എ-ഐ ഗ്രൂപ്പുകളും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP