Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോണിയയുമായി അകലം കൂടി; മോദിയുമായി അടുപ്പവും; ആഗോള പൗരനായ തരൂരിനെ കൂടെ നിർത്താൻ ബിജെപി; പരസ്യമായി നിഷേധിക്കുമ്പോഴും കരുക്കൾ നീക്കി ശശി തരൂർ; അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തരൂർ ബിജെപി സ്ഥാനാർത്ഥിയാകുമോ?

സോണിയയുമായി അകലം കൂടി; മോദിയുമായി അടുപ്പവും; ആഗോള പൗരനായ തരൂരിനെ കൂടെ നിർത്താൻ ബിജെപി; പരസ്യമായി നിഷേധിക്കുമ്പോഴും കരുക്കൾ നീക്കി ശശി തരൂർ; അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തരൂർ ബിജെപി സ്ഥാനാർത്ഥിയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂർ ഒരു കോൺഗ്രസുകാരൻ ആണെന്ന് തരൂരിനെ അറിയാവുന്ന ആരും പറയുകില്ല. യുഎൻ അണ്ടർ സെക്രട്ടറി ജനറൽ സ്ഥാനത്ത് നിന്നും ഇന്ത്യയിലേക്ക് രാഷ്ട്രീയം കളിക്കാൻ എത്തിയ ഈ അന്താരാഷ്ട പൗരൻ കോൺഗ്രസ് തെരഞ്ഞെടുത്തത് അപ്പോഴത്തെ പ്രമുഖ പാർട്ടി എന്ന നിലയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ മാറിയ ഇന്ത്യൻ രാഷ്ട്രീയത്തിൽ തരൂർ ബിജെപി മുഖപടം അണിയുമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പരസ്യമായി തരൂർ നിഷേധിക്കുമ്പോഴും ബിജെപിയോടും മോദിയോടുമുള്ള ചായ്‌വ് തുടർച്ചയായി പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയിലേക്ക് നീങ്ങി കൊണ്ടിരിക്കെ തരൂരിന്റെ രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നുമുണ്ട്. സുനന്ദാ പുഷ്‌കർ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ബിജെപിയുടെ പിന്തുണ വേണം എന്നതു മാത്രമല്ല ഇതിന് കാരണം.

കേരളത്തിലെ കോൺഗ്രസിൽ തരൂർ ഒറ്റപ്പെട്ടു കഴിഞ്ഞു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ ഇഷ്ടക്കാരനാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തരൂർ ഏറെ അകന്നു കഴിഞ്ഞു. പാർട്ടി യോഗത്തിലെ വിവരങ്ങൾ പുറത്തു പോയതിന് തരൂരിനെ വിമർശിച്ച സോണിയയുടെ നടപടി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസ് യോഗത്തിൽ പാർലമെന്റ് സതംഭനത്തിനെതിരെ തരൂർ സംസാരിച്ചിരുന്നു. അത് ദേശീയ മാദ്ധ്യമങ്ങളിൽ വാർത്തയായി. ഇതിന് പിന്നിൽ തരൂരെന്നാണ് സോണിയയുടെ പക്ഷം. എന്നാൽ സുനന്ദ പുഷ്‌കർ വിവാദത്തോടെ ദേശീയ മാദ്ധ്യമങ്ങളുമായി അകലം പാലിക്കുന്ന താൻ എങ്ങനെ വിവരം ചോർത്തിയെന്ന് സോണിയ കരുതി. സാമാന്യ ബുദ്ധിയുള്ളവർ പോലും കരുതില്ലെന്നാണ് തരൂരിന്റെ പക്ഷം. രാഹുലുമായുള്ള അടുപ്പം തുടരുകയും ചെയ്യുന്നു. അത് മാത്രമാണ് കോൺഗ്രസിൽ തരൂരിന്റെ അവശേഷിക്കുന്ന ഏക പ്രതീക്ഷ.

മറുഭാഗത്ത് പ്രധാനമന്ത്രി മോദിയുടെ ഗുഡ് ലിസ്റ്റിലാണ് തരൂർ. സ്വച്ഛ് ഭാരത് പദ്ധതിയിലേക്ക് തരൂരിനെ മോദി ക്ഷണിച്ചു. പിന്നീട് സുനന്ദ വിവാദം കത്തിയതോടെ വീണ്ടും പ്രധാനമന്ത്രി മൗനത്തിലായി. എന്നാൽ തിരുവനന്തപുരത്ത് ഗൗതം അദാനിയെ എത്തിച്ച് തരൂർ താരമായി. വിഴിഞ്ഞം കരാർ അദാനിയക്ക് ഉറപ്പിക്കാൻ കരുക്കൾ നീക്കിയത് തരൂരാണ്. ഇതിലൂടെ വീണ്ടും മോദിയുടെ നല്ല പിള്ളയായി. ലണ്ടനിൽ തരൂർ നടത്തിയ വിഖ്യാത പ്രസംഗത്തെ മോദി പരസ്യമായി അഭിനന്ദിക്കുകയും ചെയ്തു. ആരേയും പരസ്യമായി പുകഴ്‌ത്തുന്ന സ്വഭാവം മോദിക്കില്ല. അങ്ങനെ ഒരു നേതാവ് തരൂരിനെ പറ്റി വാചാലനാകുമ്പോൾ ലക്ഷ്യം വ്യക്തമാണ്. പാർലമെന്റിനകത്തെ ചടങ്ങിലായിരുന്നു ഇത്. അവിടേയ്ക്ക് എത്തിയ വിരലിലെണ്ണാവുന്ന പ്രതിപക്ഷ എംപിയായിരുന്നു തരൂർ. പ്രധാനമന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരം തന്നെയാണ് തിരുവനന്തപുരത്ത് നിന്നുള്ള കോൺഗ്രസ് എംപി ആ ചടങ്ങിൽ പങ്കെടുത്തതെന്ന് വ്യക്തമാണ്.

ഇതോടെയാണ് തരൂരിന്റെ രാഷ്ട്രീയം ചർച്ചയായത്. ബിജെപി കഥകൾ എത്തിയതോടെ തന്നെ കോൺഗ്രസ് നേതൃത്വവുമായി പിണക്കാനുള്ള ശ്രമം വിലപോവില്ലെന്ന് തരൂർ പറയുന്നു. പക്ഷേ കോൺഗ്രസ് നേതൃത്വത്തോട് പഴയ മമത കാട്ടാതെ വെറുമൊരു പറച്ചിൽ മാത്രമായി മാറുന്നു. മോദിയെ പുകഴ്‌ത്തുന്നത് നിർത്തണമെന്ന് തരൂരിനോട് കോൺഗ്രസ് പലവട്ടം ആവശ്യപ്പെട്ടു. പാർട്ടി വക്താവ് സ്ഥാനം നഷ്ടമായതും ഈ ഒറ്റക്കാരണത്താലാണ്. എന്നിട്ടും മോദിയെ പറ്റി വാചാലനാവുകയാണ് തരൂർ. ഇത് അധികകാലം കോൺഗ്രസ് വച്ചു പൊറുക്കില്ലെന്ന് തരൂരിന് അറിയാം. ഒരു ദിവസം തനിക്കെതിരെ അച്ചടക്ക നടപടി വരും. ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് തരൂർ. ബിജെപിയുമായി പിണങ്ങാതെ പോകാൻ തന്നെയാണ് തരൂരിന്റെ ശ്രമം.

കേരളത്തിൽ ബിജെപിയുടെ വേരോട്ടത്തെ കുറിച്ച് പലർക്കും ഇപ്പോഴും സംശയമുണ്ട്. എന്നാൽ മികച്ച സ്ഥാനാർത്ഥിയാണെങ്കിൽ തിരുവനന്തപുരത്ത് കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകുമെന്ന് തരൂരിന് അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന്റെ വോട്ട് പിടിത്തത്തിൽ തരൂർ പോലും അൽഭുതപ്പെട്ടിട്ടുണ്ട്. നേമത്തും നെയ്യാറ്റിൻകരയിലും അരുവിക്കരയിലും രാജഗോപാൽ നേടിയ വോട്ടുകളും ശ്രദ്ധേയമാണ്. വിഴിഞ്ഞം തുറമുഖം അദാനി നിർമ്മിക്കുന്നതോടെ കാര്യങ്ങൾ ഇനിയും ബിജെപിയോട് അടുക്കും. ഈ സാഹചര്യത്തിൽ തിരുവനന്തപുരം ലോക്‌സഭയിൽ ബിജെപി പ്രധാന ശക്തിയാകും. ഈ സാഹചര്യത്തിലാണ് മോദിയുമായി ബന്ധമുണ്ടാക്കി ബിജെപി പാളയത്തിലെത്താൻ തരൂർ ശ്രമിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച സ്ഥാനാർത്ഥിയെ ഉണ്ടാക്കുകയെന്നത് കടുത്ത വെല്ലുവിളിയാണ്.

രാജഗോപാൽ മികച്ച സ്ഥാനാർത്ഥിയാണ്. എന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാൽ മത്സരിക്കും. നിലവിലെ അവസ്ഥയിൽ രാജഗോപാലിന് മികച്ച സാധ്യതയുണ്ട്. കഴിഞ്ഞ തവണ 4500 വോട്ടിനായിരുന്നു രാജഗോപാലിന്റെ തോൽവി. കേന്ദ്രത്തിൽ ബിജെപി സർക്കാരുള്ളതിനാൽ അടുത്ത തവണ നേമത്ത് രാജഗോപാലിന് തന്നെയാണ് മുൻതൂക്കം. ഈ സാഹചര്യത്തിൽ രാജഗോപാൽ എംഎൽഎ ആവും. അങ്ങനെ വന്നാൽ ലോക്‌സഭയിലേക്ക് മത്സരിക്കാൻ സാധ്യത കുറവുമാണ്. അതിന് പുറമേ ഇപ്പോൾ രാജഗോപാലിന് 86 വയസ്സായി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോൾ വയസ്സ് തൊണ്ണൂറിനോട് അടുക്കുകയു ചെയ്യും. അതുകൊണ്ട് തന്നെ ഇനിയൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ മത്സരിക്കില്ല. അങ്ങനെ വന്നാൽ തരൂരിന് സ്ഥാനാർത്ഥിയായി ബിജെപി ടിക്കറ്റിൽ മത്സരിക്കാം.

സാമുദായിക സമവാക്യങ്ങൾ പിഴയ്ക്കുന്നതാണ് രാജഗോപാലിന്റെ തോൽവിക്ക് കാരണം. എന്നാൽ എല്ലാ സമുദായത്തിലും സ്വാധീനം ഉറപ്പിച്ച തരൂർ ലോക്‌സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചാലും ജയിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇക്കാര്യം ബിജെപി നേതാക്കളും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസിൽ നിന്ന് പിണങ്ങിയാൽ തരൂർ വഴിയാധാരമാകില്ല. പക്ഷേ സുനന്ദാ പുഷ്‌കർ കേസ് വെല്ലുവിളിയാണ്. ഡൽഹി പൊലീസിന്റെ ആ കുരുക്ക് അഴിക്കാൻ തരൂരിന് കഴിഞ്ഞാൽ പിന്നെ ബിജെപിയിലേക്കുള്ള യാത്ര സുഗമമാകും. അതിനും താമസിയാതെ സാഹചര്യമൊരുങ്ങുമെന്നാണ് തരൂരിന്റെ വിശ്വസ്തർ പറയുന്നത്. ബിജെപി പിന്തുണയോടെ കേസ് ഒതുക്കി തീർത്തുവെന്ന് വരാതിരിക്കാനാണ് കാത്തുനിൽപ്പ്. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതോടെ മോദിയും തരൂരും കൂടുതൽ അടുക്കും. ഇതിലൂടെ കോൺഗ്രസ് തന്നെ തരൂരിനെ പുറത്താക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP