Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ചോരതിളച്ച് പ്രതിപക്ഷം; വാടാ പോടാ വിളികളുമായി കൈയോങ്ങി പ്രതിപക്ഷ - ഭരണപക്ഷ എംഎൽഎമാർ നടുത്തളത്തിൽ; അടിയുടെ വക്കിലെത്തിയ ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു; സംഭവങ്ങൾ നിർഭാഗ്യകരമെന്ന് സ്പീക്കർ

ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ചോരതിളച്ച് പ്രതിപക്ഷം; വാടാ പോടാ വിളികളുമായി കൈയോങ്ങി പ്രതിപക്ഷ - ഭരണപക്ഷ എംഎൽഎമാർ നടുത്തളത്തിൽ;  അടിയുടെ വക്കിലെത്തിയ ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു; സംഭവങ്ങൾ നിർഭാഗ്യകരമെന്ന് സ്പീക്കർ

തിരുവനന്തപുരം: കൊച്ചിയിൽ ശിവസേനയുടെ സദാചാര ഗുണ്ടകൾ നടത്തിയ അക്രമത്തിന് പൊലീസ് സൗകര്യം ഒരുക്കി നൽകിയെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയിൽ അടിയുടെ വക്കിലെത്തി. ഭരണപക്ഷ - പ്രതിപക്ഷ എംഎൽഎമാർ നേർക്കുനേർ വന്നതോടെയാണ് പ്രശനം കലുഷിതമായത്. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ശൂന്യവേളയിൽ പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ എംഎൽഎമാരും സഭയുടെ നടത്തളത്തിലേക്ക് ഇറങ്ങി. വാടാ പോടാ വിളികളോടെ എംഎൽഎമാർ മുഖാമുഖം വരികയായിരുന്നു. കെഎം മാണിയുടെ ബജറ്റ് അവതരണ സമയത്തെ ബഹളത്തോട് അടുക്കും വിധമായിരുന്നു സഭയിലെ സംഭവങ്ങൾ. ഇതേ തുടർന്ന് സ്പീക്കർ സഭ നിർത്തിവച്ചു.

അതേസമയം സഭയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രസംഗങ്ങളിൽ അംഗങ്ങൾ സംയമനം പാലിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയത് ശരിയായില്ലെന്നും പറഞ്ഞു.

അതേസമയം, തനിക്കുനേരെ പ്രതിപക്ഷ അംഗങ്ങളിലൊരാൾ ആക്രോശം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരു മുഖ്യമന്ത്രിക്കു നേരെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അതിക്രമം. സഭ നിർത്തിവച്ചതിനുശേഷമാണ് താൻ നടുത്തളത്തിലിറങ്ങിയത്. ആരാണ് ആക്രോശം നടത്തിയതെന്നാണ് അന്വേഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തുനിന്ന് ആരും ആക്രോശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണപക്ഷത്തെ അംഗങ്ങൾ ചോദിച്ച കാര്യങ്ങൾക്ക് മറുപടി പറയുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയോട് മിണ്ടുന്നതും തെറ്റാണോയെന്നും ചെന്നിത്തല ചോദിച്ചു.

ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതോടെ സഭ സംഘർഷഭരിതമായി. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിനടുത്തേക്ക് നീങ്ങി. ഒപ്പം ഭരണപക്ഷ എംഎൽഎമാരും നടുത്തളത്തിലേക്ക് കുതിച്ചു.

പ്രതിപക്ഷത്തു നിന്ന് ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പൊലീസിന്റെ സംരക്ഷണത്തിൽ ഗുണ്ടകൾ അഴിഞ്ഞാടിയെന്നായിരുന്നു ഹൈബിയുടെ ആരോപണം. സഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചു. മരത്തണലിൽ ഇരുന്ന സ്ത്രീകളേയും പുരുഷന്മാരേയും ശിവസേനക്കാർ അടിച്ചോടിച്ചു. പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും മുഖ്യമന്ത്രി സമ്മതിച്ചു. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നൽകില്ല. സാദാചാര ഗുണ്ടകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കാപ്പ പ്രയോഗിക്കാനും തയ്യാറാണ്. സദാചാര ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാൻ വൈകിയാൽ പൊലീസിനെതിരേയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചുവെങ്കിലും അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിപക്ഷം തൃപ്തരായില്ല. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാക്കൗട്ട് പ്രസംഗത്തിൽ വന്ന പരാമർശത്തോടെയാണ് സംഘർഷത്തിലേക്ക് നടന്ന സംഭവങ്ങൾ അരങ്ങേറിയത്.

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റർ വെള്ളം പൊലീസ് നോക്കി നിൽക്കെ സദാചാര ഗുണ്ടകൾ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഗുരുവായൂർ എംഎൽഎയായ സിപിഐഎമ്മിലെ കെവി അബ്ദുൾഖാദർ രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ചു. ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോൺഗ്രസിലെയും ലീഗിലയും നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു കെവി അബ്ദുൾ ഖാദറിന്റെ വിശദീകരണം. ഇത് ഖണ്ഡിച്ച രമേശ് ചെന്നിത്തല അബ്ദുൾഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തു. ഇതോടെ ഭരണപക്ഷം പ്രകോപിതരായി. തുടർന്ന് നടന്ന സംവാദത്തിനിടയിലാണ് പ്രതിപക്ഷം ശിവസേനയെ വാടക്കെടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഉണ്ടായത്.

തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും നടുത്തളത്തിലേക്ക് കുതിച്ചെത്തി. സഭ അത്യന്തം നാടകീയ സംഭവങ്ങളിലേക്ക് കടന്നു. അംഗങ്ങൾ സീറ്റിലേക്ക് മടങ്ങാൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആവർത്തിച്ചാവശ്യപ്പെട്ടു. സ്പീക്കർ എഴുന്നേറ്റ് നിന്ന് അഭ്യർത്ഥിച്ചെങ്കിലും അംഗങ്ങൾ ശാന്തരായില്ല. സഭ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് ആയതോടെ സ്പീക്കർ സഭ നിർത്തിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP