Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രക്ഷുബ്ധമായി നിയമസഭയുടെ ആദ്യദിനം; അടിയന്തിരപ്രമേയവുമായി തിരുവഞ്ചൂർ; അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പും ബഹളവും; കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി; പൊലീസ് പിന്തുണച്ച ദുരഭിമാനക്കൊലയാണ് കെവിന്റേതെന്നും കാരണമായത് പിണറായിക്ക് ഒരുക്കിയ ആർഭാട സുരക്ഷയെന്നും ആക്ഷേപിച്ച് പ്രതിപക്ഷം; ബഹളംമൂലം ഇന്നത്തേക്ക് പിരിഞ്ഞ് സഭ  

കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രക്ഷുബ്ധമായി നിയമസഭയുടെ ആദ്യദിനം; അടിയന്തിരപ്രമേയവുമായി തിരുവഞ്ചൂർ; അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പും ബഹളവും; കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി; പൊലീസ് പിന്തുണച്ച ദുരഭിമാനക്കൊലയാണ് കെവിന്റേതെന്നും കാരണമായത് പിണറായിക്ക് ഒരുക്കിയ ആർഭാട സുരക്ഷയെന്നും ആക്ഷേപിച്ച് പ്രതിപക്ഷം; ബഹളംമൂലം ഇന്നത്തേക്ക് പിരിഞ്ഞ് സഭ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. കെവിൻ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു പിണറായി. അതേസമയം പ്രമേയം അനുവദിക്കാതിരുന്നതിനെ തുടർന്ന് സഭ പ്രക്ഷുബ്ധമായി. നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ ബഹളം ശക്തമാക്കി. പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ നടപടികൾ നിർത്തിവച്ച് ഇന്നത്തേക്ക് സഭ പിരിഞ്ഞു. ചെങ്ങന്നൂരിൽ വിജയിച്ച സജി ചെറിയാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആണ് പിണറായി സഭയിൽ പറഞ്ഞത്. കേസിൽ 14 പേരെ അറസ്റ്റു ചെയ്തു. കെവിന്റെ ദുരഭിമാനക്കൊല കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത്തരം ജീർണ സംസ്‌കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ട് - മുഖ്യമന്ത്രി പറഞ്ഞു. കേസിൽ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ല. കെവിന്റെ കൊലപാതകം മറ്റൊരു വഴിക്കു തിരിച്ചുവിടാനുള്ള ശ്രമം നടന്നു. സംഭവത്തിൽ അനാവശ്യമായ ഒരു രാഷ്ട്രീയനില കൊണ്ടുവരാൻ നോക്കിയത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും സഹോദരൻ സാനുവും കോൺഗ്രസ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, പൊലീസ് നിയമലംഘകരായി മാറുന്ന സ്ഥിതിവിശേഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ നോട്ടീസ്, മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂരാണ് നോട്ടീസ് നൽകിയത്. കെവിന്റേതു സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടന്ന കൊലപാതകമാണ്. കേസ് സിബിഐക്കു വിടണം. കെവിൻ കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു. നീനുവിനെ പൊലീസ് സ്റ്റേഷനകത്തുവച്ചു പിതാവ് ക്രൂരമായി മർദിച്ചിട്ടും പൊലീസ് നോക്കിനിന്നു. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സിപിഎമ്മാണ്. പോസ്റ്റ്‌മോർട്ടം നടത്തിയത് ജൂനിയർ ഡോക്ടറാണെന്നും അടിയന്തരപ്രമേയത്തിനു നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയോടെ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രതിഷേധം മുന്നോട്ടു നീങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു

അതേസമയം, രാവിലെ ചോദ്യോത്തരവേളയ്ക്ക് പിന്നാലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരേയും മുതിർന്ന എംഎൽഎമാരേയും എല്ലാം ഹസ്തദാനം ചെയ്തും കുശലം പറഞ്ഞും സജി ചെറിയാൻ ഭരണപക്ഷ നിരയിലെ കസേരയിലേക്ക് പോയി. ചെങ്ങന്നൂരിൽ നിന്നുള്ള അംഗം രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നതും സജി ചെറിയാൻ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറുന്നതും.

കെവിന്റെ വിഷയത്തിന് പുറമെ നിപ്പയും വാട്സ് ആപ് ഹർത്താലും ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതവുമെല്ലാം ആദ്യദിനം തന്നെ സഭയിൽ വലിയ ചർച്ചാ വിഷയമായി. നിപ വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച വന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അംഗം പാറയ്ക്കൽ അബ്ദുള്ള പ്രതിഷേധ സൂചകമായി സഭയിൽ മാസ്‌കും കയ്യുറകളും ധരിച്ച് എത്തിയതാണ് ചർച്ചയായത്. ഇതിൽ മുഖ്യമന്ത്രിയുൾപ്പെടെ ശക്തമായി പ്രതിഷേധിച്ചു. ഇത് അപഹാസ്യമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇത്തരത്തിൽ പ്രതിഷേധത്തോടെയാണ് സഭ തുടങ്ങിയത്. ചോദ്യോത്തര വേളയിലും നിപയും വാട്സ് ആപ് ഹർത്താലും ചർച്ചാ വിഷയമായി. വാട്ട്‌സപ്പ് ഹർത്താലടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎമാർക്ക് മറുപടി നൽകി.

വ്യാജ ഹർത്താൽ പ്രചരണം നടത്തിയവർക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 1595 പേരെ അറസ്റ്റ് ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞു. 5 പേർക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. ഇവരിൽ മൂന്ന് പേർക്ക് സംഘപരിവാർ ബന്ധമുണ്ട്. സോഷ്യൽമീഡിയ ദുഷ്പ്രചരണങ്ങളിൽ സമൂഹം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കുറി ജൂൺ 21 വരെ 12 ദിവസമാണ് സഭ ചേരുക. ചോദ്യോത്തര വേളയും സജി ചെറിയാന്റെ സത്യപ്രതിജ്ഞയും കഴിഞ്ഞതിന് പിന്നാലെ കെവിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച വന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP