Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാണിക്ക് ബജറ്റ് അവതരണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ ഗവർണറെ കണ്ടു; വേണ്ടതു ചെയ്യാമെന്ന് ഗവർണർ; ബജറ്റ് ദിനത്തിൽ സഭയിലേക്ക് എൽഡിഎഫ് മാർച്ച്

മാണിക്ക് ബജറ്റ് അവതരണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ ഗവർണറെ കണ്ടു; വേണ്ടതു ചെയ്യാമെന്ന് ഗവർണർ; ബജറ്റ് ദിനത്തിൽ സഭയിലേക്ക് എൽഡിഎഫ് മാർച്ച്

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ ഗവർണർ പി സദാശിവത്തെ കണ്ടു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് നേതാക്കൾ ഗവർണറെ കണ്ടത്.

മുഖ്യമന്ത്രിയുമായി ആലോചിച്ചു വേണ്ടതു ചെയ്യാമെന്നു ഗവർണർ ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം വി എസ് പറഞ്ഞു. കെ എം മാണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന ആവശ്യവും നേതാക്കൾ ഗവർണർക്കു മുന്നിൽ ഉന്നയിച്ചു.

എഫ്‌ഐആർ എടുത്ത ശേഷം കേസിൽ നടപടികളുമായി മുന്നോട്ട് പോകണമെന്നും ഗവർണറോട് എൽഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെല്ലാം വേണ്ടതു ചെയ്യാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്നാണ് നേതാക്കൾ അറിയിച്ചത്.

സഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാർച്ച് നടത്താൻ എൽഡിഎഫ് തീരുമാനിച്ചു. അന്നേ ദിവസം സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ബാർകോഴ കേസിൽ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുവാനാണ് പ്രക്ഷോഭം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രവർത്തകർ 13 ന് തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചാണ് മാർച്ച് നടത്തുക. അന്നുതന്നെ മണ്ഡലാടിസ്ഥാനത്തിൽ സർക്കാർ ഓഫീസുകൾ ഉപരോധിക്കും. രാവിലെ ചേർന്ന എൽഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായി.

മാർച്ച് 13നാണ് ബജറ്റ് അവതരണം. 12ന് സംസ്ഥാന വ്യാപകമായി പ്രകടനം നടത്തും. കോഴക്കേസിൽ പ്രതിയായ മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കരുതെന്നും ആരോപണത്തിൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സഭക്കകത്തും പുറത്തും എൽഡിഎഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സഭയിലേക്ക് മാർച്ച് നടത്തുന്നത്. ഇക്കാര്യവും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു.

സഭ സമ്മേളിക്കുന്ന ആദ്യദിനമായ വെള്ളിയാഴ്ച ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. മാണിക്കെതിരായ മുദ്രാവാക്യം മുഴക്കിയാണ് സഭ ബഹിഷ്‌കരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP