Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുരളീധരൻ ഗ്രൂപ്പ് മാറി എയിലെത്തി; കരുണാകരന് ജീവിച്ചിരുന്നുവെങ്കിൽ ചാട്ടവാറിന് അടിച്ചേനെ; അച്യുതാനന്ദന്റെ വാക്കുകൾ നിയമസഭയെ പ്രക്ഷുബ്ദമാക്കി; ടൈറ്റാനിയത്തെ രക്ഷിക്കുകയായിരുന്ന താനെന്ന് മുഖ്യമന്ത്രിയും

മുരളീധരൻ ഗ്രൂപ്പ് മാറി എയിലെത്തി; കരുണാകരന് ജീവിച്ചിരുന്നുവെങ്കിൽ ചാട്ടവാറിന് അടിച്ചേനെ; അച്യുതാനന്ദന്റെ വാക്കുകൾ നിയമസഭയെ പ്രക്ഷുബ്ദമാക്കി; ടൈറ്റാനിയത്തെ രക്ഷിക്കുകയായിരുന്ന താനെന്ന് മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരംന്മ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനും കെ. മുരളീധരനും തമ്മിൽ വാക് പോര്. കെ. മുരളീധരൻ ഗ്രൂപ്പ് മാറി ഉമ്മൻ ചാണ്ടിക്കൊപ്പം ചേർന്നുവെന്ന് വി എസ് പറഞ്ഞു. ചാരക്കേസിൽ കരുണാകരനെ പ്രതികൂട്ടിൽ നിർത്തിയ ഉമ്മൻ ചാണ്ടിക്കൊപ്പമാണ് മുരളീധരനിപ്പോൾ. ഇതു കാണാൻ കെ. കരുണാകരൻ ഇല്ലാതിരുന്നത് നന്നായി. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ മുരളീധരനെ ചാട്ടവാറുകൊണ്ട് അടിച്ചേനെയെന്ന് വി എസ് പറഞ്ഞു.

എന്നാൽ, വി എസ് നിയമസഭയ്ക്കു പുറത്ത് തന്നെക്കുറിച്ച് നടത്തിയ പരാമർശം സ്വന്തം മകന് ചേർന്നതെന്ന് കെ. മുരളീധരൻ തിരിച്ചടിച്ചു. ഇരുവരുടെയും വാദപ്രതിവാദങ്ങൾക്കിടെ സഭയിൽ ബഹളമായി. വിഎസിന്റെ പ്രസംഗം ഭരണപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തി. മുരളീധരനെ അധിക്ഷേപിച്ചുകൊണ്ടുള്ള വാക്കുകൾ പറയാൻ അനുവദിക്കരുതെന്ന് എംഎൽഎമാർ സ്പീക്കറോട് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ആ വിഷയത്തിൽ ഊന്നിയായിരിക്കണം സംസാരിക്കേണ്ടതെന്നും ഭരണപക്ഷം പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് സ്പീക്കർ സഭ താൽക്കാലികമായ നിർത്തിവച്ചു.

കഴിഞ്ഞ ദിവസത്തെ പ്രശ്‌നങ്ങളുടെ തുടർച്ചയായിരുന്നു മുരളീധരനും അച്യുതാനന്ദനും തമ്മിലെ പോര്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യയെക്കുറിച്ച് വി എസ്. നിയമസഭയിൽ പറഞ്ഞത് ശരിയായില്ലെന്നായിരുന്നു കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞത്. ഇതിന് മറുപടിയായി ബുധനാഴ്ച നിയമസഭയ്ക്കു പുറത്ത് കെ. കരുണാകരന്റെ മകൻ കിങ്ങിണിക്കുട്ടൻ എന്ന് മുരളീധരനെ വി എസ് വിശേഷിപ്പിച്ചിരുന്നു. കരുണാകന്റെ മകൻ കിങ്ങിണിക്കുട്ടൻ മറ്റെന്തോക്കെയോ ആണ് പറയുന്നത്. നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാനാണ് കെ. മുരളീധരൻ ദീർഘനേരം പ്രസംഗിച്ചതെന്നും പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ന് ആവർത്തിച്ചത്.

മാനവും മര്യാദയുമുള്ള വിമർശനം വിഎസിൽ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. ഇഎംഎസും കെ.കരുണാകരനും നായനാരും അടക്കമുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ് വി എസ് ഇരിക്കുന്നതെന്ന് ഓർക്കണമെന്നും മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേൽ നന്ദിപറയുമ്പോഴായിരുന്നു മുരളീധരന്റെ പരാമർശങ്ങൾ. ഇതാണ് അച്യുതാനന്ദനെ ചൊടുപ്പിച്ചത്. ഇതിന് പുറത്ത് വാർത്താ സമ്മേളനത്തിൽ മറുപടി നൽകി. ഇന്ന് നിയമസഭയിൽ മുരളിയെ കടന്നാക്രമിക്കുകയും ചെയ്തു.

ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാൻ പോയ സമയത്ത് താൻ ഇടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സഭയിൽ പറഞ്ഞു. ടൈറ്റാനിയം കേസ് അഴിമതിയാണെങ്കിൽ അതിന് തുടക്കമിട്ടത് എൽ.ഡി.എഫ് സർക്കാർ ആണ്. പദ്ധതിക്ക് തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണി സർക്കാർ പദ്ധതിക്ക് പണവും കൈമാറി. പിന്നീട് അഞ്ച് വർഷം അധികാരത്തിൽ ഇരുന്നിട്ടും എന്തുകൊണ്ടാണ് ഇടതു മുന്നണി സർക്കാർ ടൈറ്റാനിയം അഴിമതി അന്വേഷിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് തയ്യാറാകണമെന്നും കേസിൽ ആരോപണവിധേയരായവർക്കെതിരെ എഫ്.ഐ.ആർ ഇടാത്തത് ഗുരുതരമായ സ്ഥിതിയാണെന്നും എളമരം കരീം ആരോപിച്ചു. കേസിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിസ്ഥാനത്തില്ലെന്നും പുതിയ എഫ്.ഐ.ആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും ആ സാഹചര്യത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിന് ശേഷമായിരുന്നു വിഎസും മുരളിയും പ്രസ്താവനകളുമായി സഭയിൽ വാക് പോരിലേർപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP