Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പീക്കർ നടത്തിയ ചർച്ചയിലും സമവായം ആയില്ല; പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു പുറത്തിറങ്ങി; മുഖ്യമന്ത്രിയുടെ തോന്നൽ തെറ്റാണെങ്കിൽ സഭയിൽ തിരുത്തണമെന്നു പ്രതിപക്ഷം; ഹൈബിയും ഷാഫിയും അനൂപും നിരാഹാരം തുടരുന്നു; കരാറിനു സുപ്രീം കോടതി അനുവദിച്ചിട്ടും സമരം എന്തിനെന്നു ചോദിച്ച് ആരോഗ്യമന്ത്രി

സ്പീക്കർ നടത്തിയ ചർച്ചയിലും സമവായം ആയില്ല; പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു പുറത്തിറങ്ങി; മുഖ്യമന്ത്രിയുടെ തോന്നൽ തെറ്റാണെങ്കിൽ സഭയിൽ തിരുത്തണമെന്നു പ്രതിപക്ഷം; ഹൈബിയും ഷാഫിയും അനൂപും നിരാഹാരം തുടരുന്നു; കരാറിനു സുപ്രീം കോടതി അനുവദിച്ചിട്ടും സമരം എന്തിനെന്നു ചോദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം നിയമസഭയിൽ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. സ്പീക്കർ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലും പ്രതിപക്ഷവുമായി സമവായ ചർച്ച നടന്നെങ്കിലും തീരുമാനമാകാതെ വന്നതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങി. ഇതിനിടെ പ്രതിപക്ഷത്തെ മൂന്ന് എംഎൽഎർ ഇന്നും നിരാഹാരം തുടരുകയാണ്. നിരാഹാരമിരിക്കുന്ന എംഎൽഎമാർക്ക് പിന്തുണ അറിയിച്ചാണ് സഭ ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

രണ്ടുദിവസങ്ങളുടെ തുടർച്ചയായി ഇന്നും കടുത്ത പ്രതിഷേധമാണ് സഭയിൽ പ്രതിപക്ഷം സംഘടിപ്പിച്ചത്.സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് ഇന്നും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അവതരണാനുമതി തേടി. ഒരേ വിഷയം നാലാംതവണയാണ് കൊണ്ടു വരുന്നതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്പീക്കർ ഓർമ്മപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയുടെ തോന്നൽ തെറ്റെങ്കിൽ സഭയിൽ തിരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചാനൽ വാടകയ്ക്ക് എടുത്തവരാണ് കരിങ്കൊടി കാണിച്ചതെന്നുള്ള പരാമർശം തന്റെ തോന്നൽ ആണെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ തെറ്റ് പറ്റിയെങ്കിൽ അത് സഭയിൽ തന്നെ തിരുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൂടാതെ സ്വാശ്രയ കേസിൽ കക്ഷി ചേരാത്ത സർക്കാർ നിലപാട് ചർച്ചയാകണമെന്നും ഇടത് വിദ്യാർത്ഥിസംഘടനകളും സ്വാശ്രയ വിഷയത്തിൽ സമരത്തിലാണെന്ന് എഐഎസ്എഫിനെ സൂചിപ്പിച്ച് പ്രതിപക്ഷം വ്യക്തമാക്കി.

കൂടാതെ സ്വാശ്രയ മാനെജ്‌മെന്റുകൾ കോഴ വാങ്ങുന്നുവെന്ന് എസഎഫ്‌ഐ പറഞ്ഞെന്ന വസ്തുതയും സഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതെസമയം സ്വാശ്രയ നയം സുപ്രീംകോടതി സാധുകരിച്ചെന്നും ഇനിയും എന്തിനാണ് എംഎൽഎമാർ നിരാഹാരം ഇരിക്കുന്നതെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ചോദിച്ചു.

എംഎൽഎമാർ നിരാഹാരമിരിക്കുമ്പോൾ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ചോദ്യോത്തരവേളയോട് പ്രതിപക്ഷം സഹകരിച്ചില്ല. അതേസമയം കക്ഷിനേതാക്കളുമായി സ്പീക്കർ ചർച്ച നടത്തുകയാണ്. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. പ്രതിപക്ഷം സഭയിലെത്തിയത് പ്ലക്കാർഡുകളും ബാനറുമായിട്ടാണ്. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടർച്ചയായ സഭാ സ്തംഭനം ശരിയല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പരിയാരം മെഡിക്കൽ കോളജിലെ ഫീസ് ഘടനയിൽ ഇളവ് വരുത്തുകയാണെങ്കിൽ പ്രതിപക്ഷ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. സമരത്തിന്റെ ഭാവി നടപടികൾ തീരുമാനിക്കാൻ ഇന്ന് വൈകിട്ട് യുഡിഎഫ് നേതൃയോഗം ചേരുന്നുണ്ട്. അതേസമയം പ്രതിപക്ഷം തുടർച്ചയായി സഭ സ്തംഭിപ്പിക്കുന്നതിനേ തുടർന്ന് പ്രതിപക്ഷത്തിനെ സ്പീക്കർ ചർച്ചയ്ക്ക് വിളിച്ചു. എന്നാൽ ചർച്ച ഫലം കാണാതെ അവസാനിച്ചു. പിണറായിയുടെ ചില പരമാർശങ്ങൾ സഭാ രേഖകളിൽന ിന്ന് മാറ്റണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നു.

സർക്കാർ കണ്ണടച്ചിരുട്ടാക്കുകയാണെന്നും സ്വാശ്രയ മുതലാളിത്തത്തിന്റെ നേതൃത്വം സിപിഐ(എം) ഏറ്റെടുത്തെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് സണ്ണീ ജോസഫ് എംഎൽഎ ആരോപിച്ചു. ഒരു വിഷയത്തിൽ നാല് തവണ അടിയന്തരപ്രമേയത്തിന് നോട്ടീസ് അനുവദിക്കാൻ ചട്ടം അനുവദിക്കുന്നില്ലെങ്കിലും അത് അനുവദിക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു. നിരാഹാരസമരവും ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാതിരുന്നതും സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നാണ് സണ്ണി ജോസഫ് ആവശ്യപ്പെട്ടത്.

സ്വാശ്രയ മാനേജ്‌മെന്റുകളുടെ മുതലാളിത്ത നേതൃത്വം സിപിഐ(എം) ഏറ്റെടുത്തിരിക്കുകയാണ്. കരിങ്കൊടി കാണിച്ചത് മാദ്ധ്യമങ്ങൾ വാടകയ്‌ക്കെടുത്തവരാണെന്ന തോന്നൽ തെറ്റെങ്കിൽ മുഖ്യമന്ത്രി സഭയിൽ തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസ് മനഃപൂർവം തോറ്റുകൊടുത്തു. സുപ്രീംകോടതിയിൽ കുട്ടികളുടെ താത്പര്യം മുൻനിർത്തിയുള്ള വാദം അവതരിപ്പിക്കാൻ സർക്കാരിനായില്ല. സുപ്രീം കോടതിയിൽഹർജി നൽകാതെ ഒത്തുകളിച്ചതായും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ ഇക്കാര്യത്തിൽ മുമ്പ് പറഞ്ഞവ തന്നെയാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സപ്തംബർ 30 മുമ്പ് പ്രവേശന നടപടികൾ പൂർത്തീകരിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നതുകൊണ്ടാണ് മാനേജ്‌മെന്റുകളുമായി കരാറിലേർപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിലപാട് വ്യക്തമാക്കിയതാണ്. കരാറിന് സുപ്രീംകോടതിയുടെ അംഗീകാരവുമുണ്ട്. പിന്നെ എന്തിനാണ് നിരാഹാരമെന്നും ആരോഗ്യമന്ത്രി ചോദിച്ചു.

നിയമസഭാ ഹാളിന്റെ കവാടത്തിലാണ് ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, അനൂപ് ജേക്കബ് എന്നിവർ നിരാഹാരമിരിക്കുന്നത്. ഇവർക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ് ലിം ലീഗിലെ കെ.എം ഷാജി, എൻ ഷംസുദീൻ എന്നിവരും സത്യാഗ്രഹം അനുഷ്ഠിക്കുന്നുണ്ട്. സഭാ നടപടികൾ തുടർച്ചായി തടസപ്പെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് ഇന്നും യുഡിഎഫ് എംഎൽഎമാർ സഭയിൽ എത്തിയത്. ഒപ്പം കെ.എം മാണി ധനമന്ത്രിയായിരുന്ന കാലയളവിൽ ബജറ്റ് അവതരണ സമയത്ത് എൽഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഇവർ കരുതിയിരുന്നു. മുദ്രാവാക്യങ്ങൾ വിളിച്ചാണ് എത്തിയതെങ്കിലും തുടർന്ന് നടന്ന ചോദ്യോത്തരവേള തടസപ്പെടുത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP