Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവർണ്ണർക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ ചൂട്പിടിച്ച് നിയമസഭ; ബിജെപിയുടേത് ജനാധിപത്യത്തിന് ചേരാത്ത ഫാസിസ്റ്റ് നിലപാടെന്ന് മുഖ്യമന്ത്രി; ഗവർണർക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് ബിജെപി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; യുവാക്കളുടെ വികാരപ്രകടനം മാത്രമായി കണ്ടാൽ മതിയെന്ന് ഒ. രാജഗോപാൽ

ഗവർണ്ണർക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ ചൂട്പിടിച്ച് നിയമസഭ; ബിജെപിയുടേത് ജനാധിപത്യത്തിന് ചേരാത്ത ഫാസിസ്റ്റ് നിലപാടെന്ന് മുഖ്യമന്ത്രി; ഗവർണർക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് ബിജെപി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; യുവാക്കളുടെ വികാരപ്രകടനം മാത്രമായി കണ്ടാൽ മതിയെന്ന് ഒ. രാജഗോപാൽ

തിരുവനന്തപുരം : പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവും അതിനോട് അനുബന്ധിച്ചുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയും ഇന്ന് നിയമസഭയിൽ ചൂടേറിയ ചർച്ചയായി. കണ്ണൂരിലെ ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയമാണ് ഈ വിഷയത്തിലേക്ക് സഭയെ കൊണ്ടുവന്നത്. പ്രതിപക്ഷത്തു നിന്നും കെ.സി.ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സിപിഎമ്മിനും ബിജെപിക്കും രൂക്ഷ വിമർശനമുന്നയിച്ചാണ് അടിയന്തര പ്രമേയം കെ.സി.ജോസഫ് അവതരിപ്പിച്ചത്. ഗവർണ്ണർക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയും കെ.സി.ജോസഫ് വിമർശിച്ചു.ഗവർണർ ബിജെപിയുടെ കൂലിവേലക്കാരനാണോ എന്ന് അദ്ദേഹം ചോദിച്ചു. ഗവർണർക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് ബിജെപി നേതാക്കൾ മാപ്പ് പറയണമെന്നും കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കുറ്റസമ്മതമാണ്. വിഷയത്തിൽ ഗവർണർ ഇടപെട്ടത് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ പരോക്ഷമായ തെളിവാണെന്നും കെ.സി.ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാൻ ബിജെപി ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി മറുപടിയിൽ രോപിച്ചു. ജനാധിപത്യ സമൂഹത്തിന് ചേരാത്ത നടപടിയാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നതെന്നും ഇത് ഫാസിസമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപി നേതാക്കളിൽ നിന്നും ലഭിച്ച പരാതി ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് ജില്ലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ജില്ലയിൽ സമാധാന ശ്രമങ്ങൾക്ക് ആക്കം കൂട്ടണം. രാഷ്ട്രീയ സംഘർഷങ്ങൾ തടയാൻ എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിൽ അഫ്‌സപ നിയമം നടപ്പാക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ നിലപാടിനോട് സർക്കാരിന് യോജിക്കാൻ കഴിയില്ല. അഫ്‌സപയോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെ സർക്കാർ ന്യായീകരിക്കുന്നില്ല. കേന്ദ്ര ഭരണം കൈയിലുണ്ടെന്ന് കരുതിയാണ് പട്ടാളത്തെ ഇറക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തുന്നത്. പയ്യന്നൂർ സംഭവത്തിലെ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമൂഹമാധ്യമത്തിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഹ്ലാദപ്രകടനം എവിടെ നടന്നുവെന്ന് വ്യക്തമല്ല. വാസ്തവ വിരുദ്ധമായ വിഡിയയോ ആണെങ്കിൽ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. തുടർന്ന് സംസാരിച്ച ഓ.രാജഗോപാൽ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനയെ തള്ളി. ഗവർണറെ വിമർശിക്കുന്ന നയമല്ല ബിജെപിയുടേതെന്നും അത്തരം പ്രസ്താവനകൾ യുവാക്കളുടെ വികാരപ്രകടനം മാത്രമായി കണ്ടാൽ മതിയെന്നും ഒ. രാജഗോപാൽ എംഎൽഎ നിയമസഭയിൽ പറഞ്ഞു. അഫ്‌സ്പ കേരളത്തിൽ നടപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിൽ മാത്രം അഫ്‌സ്പ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ആർഎസ്എസ് എന്നു മുദ്രകുത്തുന്നുവെന്നും രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP