Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാജാസിൽ നിന്ന് കണ്ടെടുത്ത മാരകായുധങ്ങൾ രായ്ക്കുരാമാനം വാർക്കപ്പണി വസ്തുക്കളായി! ജോയ്‌സ് ജോർജിനെ വിശുദ്ധനാക്കിയ ട്രിക്ക് വീണ്ടും സഭയിൽ പുറത്തെടുത്ത് പിണറായി; പ്രിൻസിപ്പലിനെ വട്ടമിട്ട് വിരട്ടിയ കുട്ടിസഖാക്കൾക്ക് സർക്കാർതന്നെ സംരക്ഷണം ഒരുക്കുന്നത് ഇങ്ങനെ

മഹാരാജാസിൽ നിന്ന് കണ്ടെടുത്ത മാരകായുധങ്ങൾ രായ്ക്കുരാമാനം വാർക്കപ്പണി വസ്തുക്കളായി! ജോയ്‌സ് ജോർജിനെ വിശുദ്ധനാക്കിയ ട്രിക്ക് വീണ്ടും സഭയിൽ പുറത്തെടുത്ത് പിണറായി; പ്രിൻസിപ്പലിനെ വട്ടമിട്ട് വിരട്ടിയ കുട്ടിസഖാക്കൾക്ക് സർക്കാർതന്നെ സംരക്ഷണം ഒരുക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ ഹോസ്റ്റലിൽനിന്ന് കണ്ടെത്തിയ കത്തി, വടിവാൾ, ഇരുമ്പ്കമ്പി, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങൾ ഒറ്റദിവസം കൊണ്ട് കെട്ടിടനിർമ്മാണ സാമഗ്രികളാക്കിമാറ്റുന്ന മാന്ത്രികവിദ്യയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി കൈയേറ്റത്തിൽ അന്വേഷണം നേരിടുന്ന ഇടുക്കി എംപി ജോയിസ് ജോർജിനെ ഇന്നലെ വിശുദ്ധനാക്കിയതിന് പിന്നാലെയാണ് ഇന്ന് നിയമസഭയിൽ മാരകായുധങ്ങളെ വാർക്കപ്പണിക്കുള്ള ഉപരണങ്ങളായി ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

മഹാരാജാസ് ഹോസ്റ്റലിൽനിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാർക്കകമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണു കണ്ടെത്തിയത്. മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽനിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാർത്ഥികൾ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാമെന്നും മുഖ്യമന്ത്രി പറയുന്നു.
മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ വിദ്യാർത്ഥികൾക്കു താമസിക്കാൻ നൽകിയ മുറിയിൽനിന്നു കഴിഞ്ഞ ദിവസം വൻ ആയുധശേഖരം കണ്ടെത്തിയ സംഭവത്തെ തുടർന്ന് കലാലയങ്ങളെ ആയുധകേന്ദ്രമാക്കുന്നതു ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ പി.ടി. തോമസ് എംഎൽഎ നോട്ടിസ് നൽകുകയും ചെയ്തു. എന്നാൽ, അടിയന്തര പ്രമേയമായി പരിഗണിക്കേണ്ട പ്രാധാന്യം വിഷയത്തിനില്ലാത്തതിനാൽ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾ താമസിച്ച മുറിയിൽനിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഇരുമ്പുവടികളും വാക്കത്തിയും ഉൾപ്പെടെയുള്ള വൻആയുധശേഖരം കണ്ടെത്തിയിരുന്നു. ഇവ പൊലീസ് കണ്ടെത്തുന്നതിന്റെ ദൃശങ്ങൾ ചാനലുകളിൽ വാർത്തയായതുമാണ്. പ്രിൻസിപ്പൽ നൽകിയ പരാതിയെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു മീറ്റർ നീളമുള്ള 14 ഇരുമ്പുവടികളും തടികൊണ്ടുള്ള നാലു വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തിരുന്നു.

ആൺകുട്ടികളുടെ ഹോസ്റ്റൽ കാലപ്പഴക്കംകൊണ്ട് അടച്ചതിനാൽ 26 വിദ്യാർത്ഥികളെ സ്വകാര്യ ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഇവർ ഇവിടെ വൻനാശനഷ്ടമുണ്ടാക്കുകയും പുറത്തുനിന്നുള്ള താമസിക്കാനെത്തുകയും ചെയ്തതിനെത്തുടർന്ന് ഇവിടെ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കതുകയായിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷാക്കാലത്ത് സ്റ്റാഫ് ക്വാർട്ടേഴ്‌സ് താൽക്കാലികമായി വിദ്യാർത്ഥികൾക്ക് നൽകിയത്. പരീക്ഷ കഴിയുംവരെ താമസിക്കാനായിരുന്നു അനുമതി. പുറത്തുനിന്ന് ആളെ കയറ്റരുതെന്നതുൾപ്പെടെയുള്ള കർശന നിബന്ധനകളും വിദ്യാർത്ഥി സംഘടനകൾ അംഗീകരിച്ചിരുന്നു. 16 പേരെയാണ് ഇവിടെ മൂന്നു മുറികളിലായി താമസിക്കാൻ അനുവദിച്ചത്.

പരീക്ഷകഴിഞ്ഞതിനെത്തുടർന്ന് ഏപ്രിൽ 29-ന് വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയുകയും ചെയ്തു. എന്നാൽ ഒന്നാം നിലയടിലെ 14-ാം നമ്പർ മുറിയുടെ താക്കോൽ മാത്രം വിദ്യാർത്ഥികൾ തിരികെ ഏൽപ്പിച്ചില്ല. താക്കോൾ കളഞ്ഞുപോയെന്നായിരുന്നു വിശദീകരണം. കഴിഞ്ഞദിവസം ഈ മുറിയുടെ മേൽക്കൂരയുടെ ഓട് ഇളക്കിയിരിക്കുന്നതും സമീപം ഏണി ചാരിവച്ചിരിക്കുന്നതും അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് സംശയം തോന്നിയ അദ്ധ്യാപകർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ബാനറിൽ പെതിഞ്ഞനിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്.

ഇതേത്തുടർന്നാണ് സെൻട്രൽ പൊലീസെത്തി മുറി പരിശോധിച്ചതും ആയുധങ്ങൾ കസ്റ്റഡിയിലെടുത്തതും. ഇതിനിടെ പൊലീസ് പരിശോധനയറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും കൈചൂണ്ടി പരുഷമായി സംസാരിക്കുകയും ചെയ്തു. ആയുധം കണ്ടെത്തിയതിന്റെ പേരിൽ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്താൽ പ്രിൻസിപ്പലിന്റെ കസേര തെറിപ്പിക്കുമെന്നായിരുന്നു എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി.

പ്രിൻസിപ്പലിനോട് കയർത്ത് സംസാരിച്ച എസ്.എഫ്.ഐ നേതാവിനോട്, പ്രിൻസിപ്പിൽ ഷട്ടപ്പ് എന്ന് പറഞ്ഞതോടെ നേതാവ് അദ്ധ്യാപികയുടെ മുഖത്തേക്ക് കൈചൂണ്ടി ഭീഷണി മുഴക്കുകയായിരുന്നു. ടീച്ചർ ആരെയാ പേടിപ്പിക്കാൻ നേക്കുന്നത്? എന്ത് ഷട്ടപ്പ്, മുപ്പതാം തീയതി പൂട്ടിയ കോളജാ. ഇവിടുന്ന് സാധനം പിടിച്ച കേസിൽ കുട്ടികൾക്കെതിരെ കേസോ വഴക്കോ ഉണ്ടായാൽ ബാക്കി പിന്നയെ പറയൂ. ഇവിടെ പ്രിൻസിപ്പൽ പോസ്റ്റിൽ ഇവിടെ ആരും ഇരിക്കില്ല. ആരെയാ പേടിപ്പിക്കുന്നെ?

ഭീഷണി തുടർന്ന നേതാവിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥി കൂടി അദ്ധ്യാപികയ്ക്ക് നേരെ തിരിഞ്ഞതോടെ പ്രിൻസിപ്പൽ അവിടെനിന്ന് പിൻവാങ്ങി. എന്നാൽ പ്രിൻസിപ്പലിന് പിന്നാലെ കൂടി ഇവർ ഭീഷണി തുടരുകയായിരുന്നു. നേരത്തെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കോളജ്തല അന്വേഷണത്തിൽ കണ്ടെത്തിയ വിദ്യാർത്ഥികളുൾപ്പെടെ താമസിച്ച മുറിയിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. എന്നാൽ ആയുധങ്ങളേ കണ്ടെത്തിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP