Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാവ്‌ലിനെ കുറിച്ച് ഒ രാജഗോപാൽ നിയമസഭയിൽ ചോദ്യമുന്നയിച്ചത് വെറുതെയല്ല; ഹരീഷ് സാൽവെ പിണറായിക്ക് അനുകൂലമായി ഹാജരായിട്ടുണ്ട്; സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജഗോപാൽ

ലാവ്‌ലിനെ കുറിച്ച് ഒ രാജഗോപാൽ നിയമസഭയിൽ ചോദ്യമുന്നയിച്ചത് വെറുതെയല്ല; ഹരീഷ് സാൽവെ പിണറായിക്ക് അനുകൂലമായി ഹാജരായിട്ടുണ്ട്; സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജഗോപാൽ

തിരുവനന്തപുരം: ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോയതുമായി ബന്ധപ്പെട്ട് ഒ രാജഗോപാൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരിഹസിച്ചവർ നിരവധിയാണ്. എന്നാൽ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് ഒ.രാജഗോപാൽ.

ലാവലിൻ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദിക്കുന്നതിന് ഹരീഷ് സാൽവേയ്ക്ക് ഫീസ് ഉൾപ്പെടെ സംസ്ഥാനസർക്കാർ എത്ര രൂപയാണ് നാളിതുവരെയായി ചിലവഴിച്ചതെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം. ലാവലിൻ കേസ് സുപ്രീംകോടതിയിൽ വാദിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ലാവലിൻ കേസ് സുപ്രീംകോടതിയിലെത്തിയിട്ടുണ്ടെന്നും ഹരീഷ് സാൽവേ വാദിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മെയ് 17ന് നിയമസഭയിൽ രേഖാമൂലം നൽകിയ 4166ാം നമ്പർ ഉത്തരത്തിലാണ് ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ വാദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്. ഈ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിലാണ് ലാവലിൻ കേസിലെ വാദം നടന്നത്, വാദിച്ചത് ഹരീഷ് സാൽവേയുമാണ്. ഇക്കാര്യം തന്നെയാണ് രാജഗോപാൽ ഉന്നയിച്ചതെന്നും, കോടതി മാറിപ്പോയതാണെന്നുമായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ 2009 ഓഗസ്റ്റ് 30ന് സുപ്രീംകോടതിയിൽ ലാവലിൻ കേസിനെ സംബന്ധിച്ച വാദം നടന്നിരുന്നു. പിണറായി വിജയനെ വിചാരണ ചെയ്യാനുള്ള സിബിഐ അപേക്ഷ, സർക്കാരിന്റെ എതിർപ്പിനെ വകവെക്കാതെ ഗവർണർ അംഗീകരിച്ചു. ഈ അനുവാദം നൽകലിനെതിരൊയിരുന്നു പിണറായി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എഫ്എസ് നരിമാനായിരുന്നു അന്ന് പിണറായിക്ക് വേണ്ടി ഹർജി സമർപ്പിച്ചത്. അന്ന് സംസ്ഥാനസർക്കാരിന് വേണ്ടി കേസിൽ ഹാജരായത്, ഹരീഷ് സാൽവേയായിരുന്നു. പിണറായിയുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ടാണ് അന്ന് വി എസ് സർക്കാരിന് വേണ്ടി ഹരീഷ് സാൽവേ ഹാജരായത്. അതിനാൽ തന്നെ സുപ്രീംകോടതിയിൽ കേസ് വാദിച്ചിട്ടില്ലെന്നും ഹരീഷ് സാൽവേ വാദിച്ചിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തം.

WP (Crl) 75/2009 എന്ന നമ്പറിലാണ് പിണറായി വിജയൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയെന്ന കേസ് കോടതിയിലെത്തിയത്. പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹർജിയെങ്കിലും, കേരള സർക്കാരായിരുന്നു ഒന്നാം എതിർ കക്ഷി. പിണറായി ഹർജി നൽകിയപ്പോൾ സിബിഐയെ എതിർ കക്ഷി ആക്കിയിരുന്നില്ല, സർക്കാർ മാത്രമേ എതിർ കക്ഷിയായി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ ഹർജി 'ഡിഫക്ട്' എന്ന ഗണത്തിൽപ്പെടുത്തി തിരിച്ചയച്ച സുപ്രീം കോടതി രജിസ്ട്രാർ, സിബിഐയെ കൂടി എതിർ കക്ഷിയാക്കാൻ പിണറായിയോട് ആവശ്യപ്പെടുകയായിരുന്നു.

അതിനു ശേഷം ഈ കേസ് പരിഗണിച്ചപ്പോഴാണ് പിണറായി വിജയനു വേണ്ടി ഫാലി എസ് നരിമാനും, കേരളാ സർക്കാരിനു വേണ്ടി ഹരീഷ് സാൽവെയും ഹാജരായത്. സുപ്രീം കോടതിയിൽ പിണറായിക്ക് അനുകൂലമായ നിലപാടാണ് അന്ന് സർക്കാർ സ്വീകരിച്ചത്. എങ്കിലും പിണറായിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. അതിനാൽ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും രാജഗോപാലിന്റെ ചോദ്യം ന്യായമെന്ന് ചുരുക്കം.

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സ്പീക്കറെ സമീപിക്കുമെന്നും ഒ രാജഗോപാൽ പ്രതികരിച്ചു. അതേസമയം ഒരേകേസിൽ രണ്ട് കക്ഷികൾക്ക് വേണ്ടി സാൽവേ ഹാജരായതിന്റെ സാങ്കേതികതയെ ചോദ്യം ചെയ്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP