Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്നും ചവിട്ടി പുറത്താക്കുമെന്ന് വി എസ്; നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മാണെന്ന് ഉമ്മൻ ചാണ്ടി; കുടുംബത്തിലാണ് താമസിക്കുന്നതെങ്കിൽ മോദി ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുല്ലക്കര: സഹകരണ ബാങ്ക പ്രതിസന്ധിയിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് നിയമസഭാ സമ്മേളനത്തിൽ നേതാക്കൾ

കുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്നും ചവിട്ടി പുറത്താക്കുമെന്ന് വി എസ്; നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മാണെന്ന് ഉമ്മൻ ചാണ്ടി; കുടുംബത്തിലാണ് താമസിക്കുന്നതെങ്കിൽ മോദി ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുല്ലക്കര: സഹകരണ ബാങ്ക പ്രതിസന്ധിയിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് നിയമസഭാ സമ്മേളനത്തിൽ നേതാക്കൾ

തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനം ഉയർത്തി നിയമസഭാ സാമാജികർ. മോദിയുടെ നടപടിക്കെതിരായ പൊതുവികാരമാണ് നിയമസഭയിൽ ഉണ്ടായത്. ബിജെപി അംഗം ഒ രാജഗോപാൾ ഒഴികെയുള്ളവർ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധമുയർത്തി രംഗത്തുവന്നു. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു.

ഒത്തിരി ചോരയും പ്രാണവേദനയുമാണ് സഹകരണ പ്രസ്ഥാനം. അതിനെ തകർക്കാൻ കൂട്ടുനിൽക്കുന്നവരെ കേരളത്തിൽ നിന്നും ജനം ചവിട്ടിപ്പുറത്താക്കുമെന്ന് വി എസ് പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രനടപടികൊണ്ട് ഗുണമുണ്ടായത് പേടിഎമ്മിന് മാത്രമാണെന്ന് ഉമ്മൻ ചാണ്ടിയും വിമർശിച്ചു. നോട്ട് നിരോധനത്തെ തുടർന്ന് അതിഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് ബിജെപിയെന്ന് വി എസ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി.

ദളിതരെ ന്യൂനപക്ഷ വിഭാഗങ്ങളെയും തല്ലിയൊതുക്കിയും കൊന്നൊടുക്കിയും ഹിന്ദുരാഷ്ട്രം പടുത്തുയർത്തുക എന്ന മോഹത്തിന് രാജ്യമെങ്ങും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ ബിജെപി ആശങ്കയോടെയാണ് കാണുന്നത്. ഇത്തരം പ്രതിഷേധങ്ങൾ തിരിച്ചുവിടാൻ അവർ നടത്തുന്ന ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്.

ഇത് വലിയ തിരിച്ചടിയായിരിക്കും ബിജെപിക്ക് നൽകുക. ആ തെരഞ്ഞെടുപ്പ് പിടിക്കാനുള്ള ബിജെപിയുടെ തന്ത്രമായിരുന്നു നോട്ട് പിൻവലിക്കൽ. ജെയ്റ്റിലി മുതൽ കുമ്മനം വരെയുള്ളവർ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാരെ ഓടിക്കാൻ കഴിയുമെന്ന സ്വപ്‌നലോകത്ത് വിഹരിക്കുകയായിരുന്നു. നോട്ട് നിരോധനത്തിന്റെ ആദ്യ വിസ്‌ഫോടനങ്ങൾ അടങ്ങി. കാര്യങ്ങൾ കുറെക്കൂടി തെളിഞ്ഞുവരാൻ തുടങ്ങി. ജനം കണ്ണുതുറന്ന് കാണാനും നേരിട്ട് അനുഭവിക്കാനും തുടങ്ങി. വിവരമുള്ളവർ കാര്യങ്ങൾ വിശദീകരിക്കാനും കൂടി ആരംഭിച്ചപ്പോൾ സംഗതി കൈവിടുകയാണെന്ന് ബിജെപിക്ക് ബോധ്യമായി തുടങ്ങി.

സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ കള്ളപ്പണത്തെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. എന്നിട്ടും മോദിയുടെ കള്ളനും പൊലീസും കളി തുടരുകയാണ്. നേരത്തെയും നോട്ടുകൾ നിരോധിച്ചിരുന്നു. അന്ന് നിരോധിച്ച ആയിരം രൂപയെന്നൊക്കെ പറഞ്ഞാൽ അതൊരു ആയിരം തന്നെയായിരുന്നു. സാധാരണക്കാരൊന്നും അന്ന് ആയിരം രൂപയുടെ നോട്ടുകൾ ഉപയോഗിച്ചിരുന്നില്ല. മൊത്തം കറൻസിയുടെ രണ്ട് ശതമാനം ആയിരുന്നു അന്ന് പിൻവലിച്ചിരുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ജനങ്ങളുടെ കൈയിൽ ചില്ലറ നോട്ടുകളില്ലെങ്കിൽ എന്താ ഇവർക്ക് രണ്ടായിരത്തിന്റെ നോട്ട് ഉപയോഗിച്ച് കൂടെ എന്നാണ് മോദി ചോദിക്കുന്നത്.

ഭീകരത അവസാനിപ്പിക്കാൻ കഴിയുമെന്നാണ് നോട്ട് നിരോധനം കൊണ്ട് കേന്ദ്രം വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കിൽ ഇവിടെ ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പാറി പറന്നേനെ.റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ലെന്ന് പറഞ്ഞ് സഹകരണ ബാങ്കുകളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ ഓട്ടത്തിനിടയിലും വൻകിടക്കാരുടെ കടം എഴുതി തള്ളുന്നതിൽ എന്തേ ഇവർക്ക് വിഷമമുണ്ടായിരുന്നില്ല. സഹകരണ മേഖലയിൽ വിവേചനം കാണിച്ച് ആകെ തകർക്കാനാണ് മോദിയുടെയും ബിജെപിയുടെയും ശ്രമം. അതുകൊണ്ടല്ലേ ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്നും ബിജെപിക്കാർ വിട്ടിനിൽക്കുന്നതും, സഹകരിക്കാത്തതും ഇതിനെതിരെ പ്രചാരണം നടത്തുന്നതും. ബിജെപിയുടെ തനിനിറം കണ്ടുകഴിഞ്ഞു.ജനത്തിന് മേൽ തോക്കുചൂണ്ടിയല്ലാ നോട്ടില്ലാത്ത കാലം കൊണ്ടു വരേണ്ടത്. കേന്ദ്രത്തിന്റെ ഇത്തരം നടപടികൾക്ക് കൂട്ടുനിൽക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്നും ജനം ചവിട്ടി പുറത്താക്കുക തന്നെ ചെയ്യുമെന്നും വി എസ് പറഞ്ഞു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഒരു മുന്നൊരുക്കവും കേന്ദ്രം നടത്തിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. നമ്മുടെ വിനിമയവുമായി ബന്ധപ്പെട്ട് 86.4 ശതമാനം വാല്യു ഉള്ള കറൻസിയാണ് കേന്ദ്രം ഒറ്റയടിക്ക് മരവിപ്പിച്ചത്. ഇത് ക്രിമിനൽ നടപടിയാണ്. ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം 500ന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ മൂല്യം 33 ശതമാനം വർധിപ്പിച്ചിരുന്നു. നോട്ടുകൾ നിരോധിക്കാൻ പോകുകയായിരുന്നെങ്കിൽ എന്തിനായിരുന്നു ഈ നടപടി. ചെറിയ നോട്ടുകൾ അച്ചടിച്ചാൽ പോരായിരുന്നോ. നോട്ടുകൾ നിരോധിച്ച നടപടി മാപ്പർഹിക്കാത്ത തെറ്റാണ്.

ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടണം. നോട്ടുകൾ നിരോധിച്ച ശേഷമുള്ള ഈ 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മാണ്. സഭയിൽ ഉപക്ഷേപം അവതരിപ്പിച്ച സഹകരണ മന്ത്രി പറഞ്ഞതെല്ലാം ന്യായമാണ്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സഹകരണ ബാങ്കുകൾക്കെതിരായ നടപടിയിൽ ഉടനടി പ്രതിഷേധം അറിയിക്കുകയും പ്രതികരിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കാനും ഉമ്മൻ ചാണ്ടി മറന്നില്ല. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയത്തിൽ നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം മോദിക്ക് കുടുംബത്തിൽ താമസിക്കാത്തതു കൊണ്ടാണ് സാധാരണക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാത്തതെന്നാണ് മുല്ലക്കര രത്‌നാകരൻ വിമർശിച്ചത്. അതേസമയം കള്ളപ്പണമാണെന്ന പ്രചരണം അഴിച്ചുവിടുന്നത് സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ ഗൂഢ ശ്രമം നടത്തുകയാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീൻ. പക്ഷെ ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച ചരിത്രമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുകൾ നിരോധിച്ച് കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവുണ്ടായപ്പോൾ ആർ.ബി.ഐ അംഗീകാരമുള്ള ജില്ലാ സഹകരണ ബാങ്കുകൾക്ക് പോലും നോട്ടുകൾ മാറ്റി നൽകാൻ അനുമതി നൽകിയിട്ടില്ല. ഇത് നീതി നിഷേധമാണ്. ആർ.ബി.ഐ യുടെ ഈ നടപടിയിലൂടെ സഹകരണ ബാങ്കുകളെ തകർക്കാൻ ആർ.ബി.ഐ യും കൂട്ടുനിൽക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു.

നിക്ഷേപകരുടെ വിവരങ്ങൾ നൽകാൻ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ അടക്കമുള്ളവ തയ്യാറാണ്. ഇവ പരിശോധിക്കാനുള്ള നിയമവും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. എന്നിട്ട് പോലും പ്രാഥമിക സഹകരണ സംഘങ്ങളെ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് ആരോപിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും മന്ത്രി പറഞ്ഞു. ചെറുകിടക്കാരുടെ നിക്ഷേപമാണ് സഹകരണ ബാങ്കുളെ വളർത്തിയത്. പക്ഷെ ഇവരെയെല്ലാം കള്ളപ്പണക്കാർ എന്നാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ഉയർന്ന് വരണമെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP