Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ.എസ്‌പി മുന്നണി വിട്ടത് തിരിച്ചടിയായി; പാവങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ നേതാക്കൾക്ക് താൽപ്പര്യമില്ല; പാർട്ടി കോൺഗ്രസിന് വിശാഖപട്ടണത്ത് തുടക്കം; കോർപ്പറേറ്റുകളും ഹിന്ദുത്വ ശക്തികളും ഒന്നിച്ചെന്ന് പ്രകാശ് കാരാട്ട്‌

ആർ.എസ്‌പി മുന്നണി വിട്ടത് തിരിച്ചടിയായി; പാവങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ നേതാക്കൾക്ക് താൽപ്പര്യമില്ല; പാർട്ടി കോൺഗ്രസിന് വിശാഖപട്ടണത്ത് തുടക്കം; കോർപ്പറേറ്റുകളും ഹിന്ദുത്വ ശക്തികളും ഒന്നിച്ചെന്ന് പ്രകാശ് കാരാട്ട്‌

വിശാഖപട്ടണം: സിപിഐ(എം) കനത്ത വെല്ലുവിളി നേരിടുന്ന കാലത്തെ ആകുലതകൾ പങ്കുവച്ച് സിപിഐ(എം) 21ാം പാർട്ടി കോൺഗ്രസിന് വിശാഖ പട്ടണത്ത് തുടക്കമായി. പോയ കാലങ്ങളിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിന് കൊടിയേറിയകത്. കേരളത്തിൽ ആർഎസ്‌പി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഐ(എം) രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ട്. മതേതര പാർട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നത് പാർട്ടിയുടെ സ്വതന്ത്ര വളർച്ചയ്ക്ക് അനുകൂലമല്ല. പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിൽ ശക്തരായ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം ദോഷമാകും. പാർട്ടിക്ക് വളർച്ചയുള്ള സ്ഥലങ്ങളിൽ ഇവരുമായി സഖ്യമാകാമെന്നും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരടിൽ പറയുന്നു.

ശക്തമായ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളോട് സഖ്യമുണ്ടാക്കിയത് ദോഷം ചെയ്തു. 2004ലെ തെറ്റ് തിരുത്തൽ രേഖ ചൂണ്ടിക്കാട്ടിയ പോരായ്മകൾ തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ പാർട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷനു ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ നേതൃത്വം സ്വയം വിമർശനമുന്നയിച്ചിട്ടുണ്ട്. പാർട്ടിയുടെ ജനകീയ അടിത്തറ ശോഷിച്ചു. സമരങ്ങൾ പലതും പരാജയപ്പെട്ടു. അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്തരിച്ച മുതിർന്ന നേതാവ് സമർ മുഖർജിയുടെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറിൽ (പോർട്ട് കലാവാണി ഓഡിറ്റോറിയം) രാവിലെ പത്തിന് മുൻ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് അമീൻ സമ്മേളനത്തിന് തുടക്കം കുറിച്ച് രക്ത പതാക ഉയർത്തി. ഇതോടെയാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന പാർട്ടി കോൺഗ്രസിന് തുടക്കമായത്. പതാക ഉയർത്തിലിന് ശേഷം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ ഉദ്ഘാടനസമ്മേളനം ചേർന്നു. പ്രതിനിധിസമ്മേളനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

വലതുപക്ഷ ആക്രമണം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം വിപുലീകരിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇടത് ഐക്യം ശക്തമാക്കാൻ എല്ലാ ഇടതുപക്ഷ പാർട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഒരു ഇടതുപക്ഷവേദിയിലേക്ക് നയിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടികൾ ഉണ്ടാകണമെന്നും കാരാട്ട് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ആർഎസ്എസിന്റെ രാഷ്ട്രീയ അനുബന്ധമാണ് ബിജെപി. ആർഎസ്എസിന്റെയും ബിജെപിയുടെയും ഒരു സംയുക്തസംരഭമാണ് മോദി സർക്കാർ. ഇതിൽ ആർഎസ്എസിനാണ് കൂടുതൽ പങ്കാളിത്തം. ബൂർഷ്വാ കോർപ്പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും ഒന്നിച്ചുള്ള തള്ളലിലാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നത്. ഹിന്ദുത്വശക്തികൾക്ക് അവരുടെ വർഗ്ഗീയ അജണ്ട തുറക്കാൻ ബിജെപി സർക്കാർ വഴിതുറക്കുകയും ചെയ്തു.

മോദിസർക്കാരിന്റെ വിദേശനയം അമേരിക്കയുടെ ഏഷ്യൻ ലക്ഷ്യങ്ങളുമായി ഇന്ത്യയെ തന്ത്രപരമായി കൂട്ടിയോജിപ്പിക്കുന്നതാണ്. അമേരിക്കൻ സമ്മർദത്തിനുവഴങ്ങി മോദിസർക്കാർ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ വിദേശമൂലധനശക്തികൾക്കുമുമ്പിൽ തുറന്നിടുകയും പേറ്റന്റ് നിയമത്തിലും ബൗദ്ധിക സ്വത്തവകാശനിയമത്തിലും വെള്ളംചേർക്കുകയുമാണ് ചെയ്യുന്നത്.

ഭരണഘടന ശിൽപ്പിയായ ഡോ ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിലാണ് നാം . എന്നാൽ അദ്ദേഹം തയ്യറാക്കിയ ഭരണഘടന പോലും ഇഷ്ടാനുസരണം മാറ്റാൻ ശ്രമിക്കുന്ന ബിജെപി ആർഎസ്എസ് ശക്തികളാണ് രാജ്യം ഭരിക്കുന്നത്. ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവത്ക്കരിക്കുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കോർപറേറ്റുകൾക്കും വിദേശമൂലധനശക്തികൾക്കും തിരക്കിട്ട് നൽകുന്ന കാഴ്ചയാണ് കഴിഞ്ഞ പത്തുമാസത്തിനകം നാം കണ്ടത്.

എല്ലായിടത്തുമുള്ള കൃഷിക്കാർ അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിന്റെയും കാർഷികച്ചെലവ് ക്രമാതീതമായി വർധിച്ചതിന്റെയും കാർഷികമേഖലയിൽ പ്രത്യേകിച്ചും ജലസേചനരംഗത്തും മറ്റും പൊതുനിക്ഷേപം കുറഞ്ഞതിന്റെയും ഫലമായി ദുരിതത്തിലാണ്. കർഷകത്തൊഴിലാളികൾക്കും ഗ്രാമീണ ദരിദ്രർക്കും തൊഴിലവസരങ്ങൾ കുറയുകയുമാണ്. തൊഴിൽനിയമങ്ങളിൽ മാറ്റംവരുത്താനുള്ള സർക്കാർ നിർദ്ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്.

മോദിസർക്കാർ അധികാരമേറി ചെറിയ സമയത്തിനകംതന്നെ ജനകീയപ്രതിഷേധം ശക്തമാകുകയാണ്. വിവിധ മേഖലകളിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ജീവിതം നിലനിർത്താനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി പോരാട്ടത്തിന്റെ പാതയിലാണ് ഇന്ന്. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരായി വിശാലമായ പ്രസ്ഥാനംതന്നെ രൂപപ്പെടുകയാണ്. തൊഴിൽനിയമങ്ങൾക്കെതിരെ എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും യോജിച്ച് പോരാടുന്നു. സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്ന കൽക്കരി ബില്ലിനെതിരെ കൽക്കരിത്തൊഴിലാളികൾ രണ്ടുദിവസം പണിമുടക്ക് നടത്തി.

വിദേശനിക്ഷേപം വർധിപ്പിച്ച നടപടിക്കെതിരെ ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കി. കേരളത്തിൽ കയർത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൃഷിക്കാരും മറ്റും അവരുടെ ആവശ്യമുയർത്തി സമരത്തിലാണ്. ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചു. പശ്ചിമബംഗാളിലുണ്ടായ തിരിച്ചടിയാണ് ഇടതുപക്ഷം ദുർബലമാകാൻ കാരണം. പാർട്ടിയും ഇടതുപക്ഷവും പശ്ചിമബംഗാളിൽ കടുത്ത ആക്രമണത്തെയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രധാന കടമ പാർട്ടിയുടെ സ്വന്തമായ ശക്തിവളർത്തുകയാണ്. പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിന്റെ കാതലാണ് ഇത്. പശ്ചിമബംഗാളിൽ തൃണമൂൽ അക്രമത്തിൽ ജീവൻ നഷ്ടപെട്ട ഇടതുപക്ഷ പ്രവർത്തകരുടെ രക്തസാക്ഷിത്വത്തിന് അർധമുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP