Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് അന്വേഷണത്തിൽ അല്ല, പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയുമായി പിണറായി; ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞതിലെ അമർഷം സംസ്ഥാന സമ്മേളന വേദിയിൽ അറിയിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ചയില്ലാതെ ജയരാജനൊപ്പം ഉറച്ചുനിൽക്കാൻ കണ്ണൂരിലെ പ്രതിനിധികൾ; പാർട്ടിയുടെ ഉരുക്കുകോട്ടയായി കണ്ണൂരിനെ മാറ്റിയ 'പൊൻതാരകത്തിന്റെ' നിലപാട് പാർട്ടി സമ്മേളത്തിൽ വഴിവയ്ക്കുന്നത് തീപ്പൊരിപാറും ചർച്ചയ്ക്ക്

പൊലീസ് അന്വേഷണത്തിൽ അല്ല, പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയുമായി പിണറായി; ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞതിലെ അമർഷം സംസ്ഥാന സമ്മേളന വേദിയിൽ അറിയിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ചയില്ലാതെ ജയരാജനൊപ്പം ഉറച്ചുനിൽക്കാൻ കണ്ണൂരിലെ പ്രതിനിധികൾ; പാർട്ടിയുടെ ഉരുക്കുകോട്ടയായി കണ്ണൂരിനെ മാറ്റിയ 'പൊൻതാരകത്തിന്റെ' നിലപാട് പാർട്ടി സമ്മേളത്തിൽ വഴിവയ്ക്കുന്നത് തീപ്പൊരിപാറും ചർച്ചയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ്. സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പി ജയരാജനോടുള്ള അതൃപ്തി മുഖ്യമന്ത്രി പരസ്യമായി അറിയിച്ചു. സമ്മേളന വേദിയിൽ വച്ചാണ് മുഖ്യമന്ത്രി കണ്ണൂർ ജില്ലാ സെക്രട്ടറിയോടുള്ള അതൃപ്തി അറിയിച്ചത്.

ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ നടത്തിയ പ്രസ്താവനയോടാണ് മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുള്ളത്. പൊലീസ് അന്വേഷണത്തിൽ അല്ല, പാർട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായിക്ക് അതൃപ്തി. തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് പിണറായി ഇക്കാര്യം നേരിട്ട് പി ജയരാജനെ അറിയിക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാർട്ടിയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതിന് മുൻപ് ജയരാജനും കോടിയേരിയും ജയരാജനും ചർച്ച നടത്തിയിരുന്നു.

കണ്ണൂരിലെ കൊലപാതകം പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തിയെന്നാണു മുതിർന്ന നേതാക്കളുടെ പൊതു അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കു കടുത്ത അതൃപ്തിയുണ്ടെന്നാണു സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേസിൽ പ്രതികളായവർ സിപിഎം പ്രവർത്തകരാണെന്ന് പി ജയരാജൻ പറഞ്ഞതോടെ ജയരാജനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുകാലത്തായി കണ്ണൂരിലെ രാഷ്ട്രീയത്തിൽ പി ജയരാജന്റെ ഒറ്റയാനായുള്ള പോക്കാണ്. ഇതിൽ കടുത്ത അതൃപ്തി മുതിർന്ന നേതാക്കൾക്കുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അവസരം ശരിക്കും മുതലെടുക്കുകയാണ് ഇവർ.

ഷുഹൈബ് വധത്തിൽ പി ജയരാജന് പങ്കുണ്ടെന്ന വിധത്തിലാണ് നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ, അണികളുടെ വികാരം അനുസരിച്ച് ഒപ്പം നിൽക്കുകയാണ് പി ജയരാജൻ. അതുകൊണ്ട് അദ്ദേഹത്തെ അനുകൂലിക്കാൻ തന്നെയാണ് കണ്ണൂർ പ്രതിനിധികളുടെ നീക്കം. ഷുഹൈബ് വധം സ്വാഭാവിക പ്രതികരണമാണെന്ന ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിർത്തു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാർട്ടിക്കെതിരെ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിനു ബലം പകരുന്നതാണു കൊലപാതകമെന്നു സംസ്ഥാന നേതൃത്വം വിമർശിക്കുന്നു.

മറുവശത്ത് പൊലീസ് ഏകപക്ഷീയമായാണു നടപടി സ്വീകരിക്കുന്നതെന്നാണു ജില്ലാനേതൃത്വത്തിന്റെ വാദം. ഷുഹൈബ് വധം സംഘടനാതലത്തിൽ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാടു കോടിയേരി തള്ളി. പ്രതികളെ കണ്ടെത്തേണ്ട പണി പാർട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരിച്ചത്. ഇതെല്ലാം പി ജയരാജനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലാണ്. കണ്ണൂരിലെ പ്രാദേശിക തലത്തിൽ പോലും അണികളുമായി നല്ല ബന്ധമുള്ള ആളാണ് പി ജയരാജൻ. അതുകൊണ്ട് തന്നെ ജയരാജൻ അറിയാതെ ഒരില പോലും അനങ്ങില്ലെന്നും നേതാക്കളും കരുതുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കണ്ണൂരിലെ വധത്തെച്ചൊല്ലി പാർട്ടിയിൽ രണ്ടു ചേരി ഉടലെടുത്തിട്ടുണ്ട്. കൊലപാതകത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വിഷയം സമ്മേളനത്തിൽ ഉന്നയിക്കുമെന്നതും വ്യക്തമാണ്. കണ്ണൂരിന് പുറത്തുള്ള നേതാക്കൾ കൊലപാതക രാഷ്ട്രീയത്തെ എതിർക്കുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈവിഷത്തിൽ കണ്ണൂർ നേതാക്കളിൽ ജയരാജൻ ഒറ്റപ്പെട്ടേക്കുമെന്നാണ് സൂചന. ഷുഹൈബ് വധത്തെ തള്ളിപ്പറയുന്ന നിലപാടാണ് സീതാറാം യെച്ചൂരി സ്വീകരിച്ചതും. ഉദ്ഘാടന പ്രസംഗത്തിൽ തന്നെ അക്രമ രാഷ്ട്രീയത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു കഴിഞ്ഞു.

അതേസമയം ഷുഹൈബിനെ ആക്രമിക്കാൻ ചില പ്രാദേശിക നേതാക്കൾ നിർദ്ദേശം നൽകിയതായി പ്രതികൾ തന്നെയാണു പൊലീസിനു മൊഴി നൽകിയത്. കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും സിപിഎം ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആകാശ്, രജിൻരാജ് എന്നീ സിപിഎം പ്രവർത്തകർക്കു പുറമേ ചില പ്രാദേശിക ഭാരവാഹികളും പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ജയരാജനുമായി വളരെ അടുപ്പമുള്ള ആകാശ് തില്ലങ്കേരിയാണ് കൊലയാളികൾ സഞ്ചരിച്ച വാഹനം വാടകയ്ക്ക് എടുത്തു നൽകിയതെന്നും വ്യക്തമാണ്. ഇക്കാര്യം പൊലീസ് വെളിപ്പെടുത്തി.

തളിപ്പറമ്പ് ഭാഗത്തുനിന്നാണ് വാഹനം വാടകയ്ക്കെടുത്തത്. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലുൾപ്പെട്ട അഞ്ച് പേരെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിൽ രണ്ടുപേരാണ് ആകാശും റിജിൻ രാജും. മറ്റ് മൂന്നുപേർ സുരക്ഷിതതാവളങ്ങളിൽ ഒളിവിലാണെന്നും അവരിലേക്ക് എത്താൻ ഇപ്പോൾ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങൾ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പൊലീസ് പറയുന്നു.

എടയന്നൂർ മേഖലയിലെ സിപിഎം നേതൃത്വം ഷുഹൈബിനെ മർദ്ദിക്കാൻ തില്ലങ്കേരിയിലെ ആകാശിന് നിർദ്ദേശം നല്കുമ്പോൾ തന്നെ അതിനുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. വാഹനങ്ങൾ ഉൾപ്പടെ ഏർപ്പാടാക്കിയത് ആകാശാണ്. ഇതിനായാണ് അയാൾ കൊലനടന്നതിന് തലേദിവസം തളിപ്പറമ്പിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിന്റെ ഗതിയിൽ കേസുമായി ബന്ധപ്പെട്ട് പി ജയരാജന്റെ മൊഴിയെടുക്കേണ്ട അവസ്ഥിലേക്ക് കാര്യങ്ങൾ എത്തുമെന്നത് ഉറപ്പാണ്.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. കോടതിയെ സമീപിച്ചോ അല്ലാതെയോ സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ വന്നാൽ പി ജയരാജൻ വീണ്ടും പ്രതിരോധത്തിലാകുമെന്നത് ഉറപ്പാണ്. നേരത്തെ വ്യക്തിപൂജാ വിവാദത്തിൽ ഒന്നുലഞ്ഞെങ്കിലും, പി.ജയരാജനെ പോലെ കണ്ണൂരിൽ മറ്റൊരുജനകീയമുഖമില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം ജയരാജനെ തന്നെ ജില്ലാ സെക്രട്ടറിയാക്കിയത്.

വ്യക്തിപൂജ വിവാദത്തിലാകട്ടെ ജയരാജനെ വിമർശിക്കുന്നതിന് പകരം സംസ്ഥാനനേതൃത്വത്തിന് നേരേയാണ് ജില്ലാ സമ്മേളന പ്രതിനിധികൾ തിരിഞ്ഞത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂർ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം നടന്ന പൊതുചർച്ചയിൽ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയർത്തിയത്.

സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി അനാവശ്യമായി പോയില്ലേയെന്ന് പ്രതിനിധികൾ ഉന്നയിച്ചു. ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി പാർട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തൽ നടത്തുന്നത്. സംസ്ഥാന സമിതിയുടെ വിമർശനം എല്ലാ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ടും ചെയ്തു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ അറിവോടെയല്ലാതെ നടന്ന കാര്യങ്ങളിലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനസമിതി തീരുമാനത്തിന്റെ വാർത്തകൾ പുറത്തുവന്നതിലും പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തി. പി.ജയരാജൻ സ്വയം മഹത്വവൽകരിക്കാൻ ശ്രമിക്കുന്നെന്നു നവംബർ 11നു ചേർന്ന സംസ്ഥാന സമിതിയാണു വിമർശനമുന്നയിച്ചത്.

താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിൻ പിന്നിൽ നിന്നും കുത്തേൽക്കുന്നത്. ജയരാജൻ സ്വയം മഹത്വവൽക്കരിക്കുകയാണെന്ന പാർട്ടിയുടെ കണ്ടെത്തലിൽ അദ്ദേഹം അടിമുടി തളർന്ന് പോയിരുന്നു. താൻ എന്നും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും തന്റെ പേരിൽ സംഗീത ആൽബം ഇറക്കിയതിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പരസ്യമായി വിശദീകരിക്കുകയും ചെയ്തു.കണ്ണൂരിൽ മറ്റൊരു നേതാക്കൾക്കും ഇല്ലാത്ത വിധത്തിൽ അടിത്തട്ടിൽ പ്രവർത്തകർക്കിടയിൽ ബന്ധമുണ്ട് പി ജയരാജന്. ഈ ബന്ധം ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. അധ്വാനം കൊണ്ട് തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും ഈ ജനകീയ ബന്ധം തന്നെയാണ് ജയരാജന്റെ ബലമെന്ന് പാർട്ടി ജില്ലാ സമ്മേളനം തെളിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP