Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബലാബലത്തിൽ യെച്ചൂരിയും ബംഗാൾ ഘടകവും വീറോടെ നിന്നതോടെ വഴങ്ങാതെ തരമില്ലാതെ കാരാട്ടും കൂട്ടരും; 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് വഴിത്തിരിവായി; കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പ്; കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശം നീക്കി; രാഷ്ട്രീയ സഖ്യമില്ല എന്ന് പ്രമേയത്തിൽ മാറ്റം; ഭേദഗതിക്ക് മേൽ പരസ്യവോട്ടിങ് നടന്നുവെന്ന് യെച്ചൂരി; സിപിഎം 22 ാം പാർട്ടി കോൺഗ്രസിൽ അനുരഞ്ജനത്തിന്റെ വഴി ഇങ്ങനെ

ബലാബലത്തിൽ യെച്ചൂരിയും ബംഗാൾ ഘടകവും വീറോടെ നിന്നതോടെ വഴങ്ങാതെ തരമില്ലാതെ കാരാട്ടും കൂട്ടരും; 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് വഴിത്തിരിവായി; കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പ്; കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശം നീക്കി; രാഷ്ട്രീയ സഖ്യമില്ല എന്ന് പ്രമേയത്തിൽ മാറ്റം; ഭേദഗതിക്ക് മേൽ പരസ്യവോട്ടിങ് നടന്നുവെന്ന് യെച്ചൂരി; സിപിഎം 22 ാം പാർട്ടി കോൺഗ്രസിൽ അനുരഞ്ജനത്തിന്റെ വഴി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പായി. കോൺഗ്രസുമായി ഒരുസഹകരണവും പാടില്ലെന്ന പരാമർശം ഒഴിവാക്കി. ഇതോടെ യെച്ചൂരി വിഭാഗത്തിന് ആകെ ആശ്വാസമായി.എന്നാൽ, രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി പാസാക്കാനായില്ല. ഭേദഗതിക്കുമേൽ പരസ്യവോട്ടിങ് നടന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പ്രമേയം അംഗീകരിക്കണമെന്ന നിർദ്ദേശം ഒൻപതുപേർ എതിർത്തപ്പോൾ നാലു പേർ നിഷ്പക്ഷത പാലിച്ചു.

രാഷ്ട്രീയ അടവുനയത്തിൽ സമന്വയം കൊണ്ടുവന്നതോടെ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിൽ രഹസ്യവോട്ടെടുപ്പ് ഒഴിവായിരുന്നു. യെച്ചൂരി കാരാട്ട് പക്ഷങ്ങളുടെ വാദങ്ങൾ കണക്കിലെടുത്തുള്ള ഭേദഗതി അവതരിപ്പിച്ചതാണ് ഇതിനുകാരണമായി വിലയിരുത്തുന്നത്.
മറ്റുപാർട്ടികളുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. എന്നാൽ 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ഒന്നടങ്കം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ സമ്മർദത്തിലായ കാരാട്ടുപക്ഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. കാരാട്ടിനൊപ്പം ചേർന്ന് മതേതര സഖ്യത്തെ കേരളവും ത്രിപുരയും ശക്തിയുക്തം എതിർത്തെങ്കിലും അതുവിജയം കണ്ടില്ല. കേരളത്തെയും ത്രിപുരയേയും ഒറ്റപ്പെടുത്തിയായിരുന്നു യച്ചൂരി അനുഭാവികളുടെ നീക്കം.

കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശത്തിന് പകരം കോൺഗ്രസുമായി ധാരണയാകാം സഖ്യം പാടില്ല എന്ന് മാറ്റും.ഈ തീരുമാനത്തിലേക്കെത്താൻ പ്രകാശ് കാരാട്ട് നിർബന്ധിക്കപ്പെടുകയായിരുന്നു. ഇത് യെച്ചൂരിയുടെ നിലപാടിന്റെ വിജയമായി.
ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ട എന്നതിനുപകരം രാഷ്ട്രീയസഖ്യം വേണ്ട എന്ന് മാറ്റിയിട്ടുണ്ട്. ഇത് പ്രകാശ് കാരാട്ട്,സീതാറാം യെച്ചൂരി പക്ഷങ്ങൾക്ക് ഒരുപോലെ സ്വീകാര്യമായ കാര്യമാണ്. ഇതോടെയാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ വോട്ടെടുപ്പ് ഒഴിവാകുന്നത്.

ഭേദഗതിയോടെ കോൺ്ഗ്രസുമായി നേരിട്ടു സിപിഎമ്മിനു ബന്ധമുണ്ടാകില്ലെന്ന് ഉറപ്പായെങ്കിലും ധാരണ വേണ്ട എന്ന ഭാഗം ഒഴിവാക്കിയതോടെ പ്രാദേശിക നീക്കുപോക്കുകൾക്കു പാർട്ടിക്കു മുന്നിൽ സാധ്യത നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് വിശദീകരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിൽ പ്രസംഗിച്ചു. കാരാട്ടിന്റെ മറുപടി പ്രസംഗത്തിനു മുമ്പ് യെച്ചൂരിക്ക് അവസരം നൽകിയത് പ്രത്യേകതയായി.രണ്ടുപേർ തമ്മിലുള്ള ബലാബലം പാർട്ടി കോൺഗ്രസിനെ ബാധിക്കരുതെന്ന താൽപര്യമാണ് ഒത്തുതീർപ്പിലേക്ക് നീങ്ങാൻ വഴിയൊരുക്കിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരുമാണ് ഈ അനുരഞ്ജന നീക്കത്തിന് മുൻകൈയെടുത്തതെന്നറിയുന്നു.യെച്ചൂരി വോട്ടെടുപ്പ് ആവശ്യപ്പെടരുതെന്നും കാരാട്ട് ഭേദഗതിക്ക് തയ്യാറാകണമെന്നും മണിക് സർക്കാരാണ് ആവശ്യപ്പെട്ടത്.ഇരുപക്ഷങ്ങൾക്കും സ്വീകാര്യമായ തീരുമാനം ഔദ്യോഗികമായി കൊണ്ടുവരാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം.ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന യെച്ചൂരി വ്യക്തമാക്കി.

കരട് രാഷ്ട്രീയ പ്രമേയത്തിൽ രഹസ്യബാലറ്റെന്ന പതിവില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഭേദഗതികളിൽ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാർട്ടിയുടെ ഭരണഘടനയിൽ പറയുന്നില്ല. നിലപാടു തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും കാരാട്ട് വ്യക്തമാക്കി.

പാർട്ടി കോൺ്ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ രഹസ്യ ബാലറ്റിലുള്ള വോട്ടെടുപ്പ് വേണമെന്നാണ് ജനറൽ സെക്രട്ടറി അനുകൂലികൾ ആവശ്യപ്പെട്ടിരുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യെച്ചൂരിയുടെ ഭേദഗതിക്കൊപ്പമാണ്. ഇവർ രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയായ പോളിറ്റ് ബ്യൂറോയാണ്. യെച്ചൂരിയുടെ കോൺഗ്രസ് സഹകരണം എന്ന ആവശ്യത്തെ കേരളഘടകം ശക്തമായി എതിർക്കുകയാണ്. ഇന്ന് പൊതു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കേരളത്തിൽ നിന്നുള്ള അംഗം കെ.കെ.രാഗേഷ് ജനറൽ സെക്രട്ടറിക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ പാർട്ടി കോൺഗ്രസിൽ ഭേദഗതി ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്ന് രാഗേഷ് കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ, പാർട്ടിക്കുള്ളിൽ ന്യൂനപക്ഷനിലപാട് പ്രകടിപ്പിച്ച വ്യക്തി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കരുത് എന്ന് പറയുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആര് എന്ത് ഉത്തരവാദിത്വമേറ്റെടുക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്. പാർട്ടി പിളർപ്പിലേക്ക് നീങ്ങുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങളെന്തെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ നിരാശരാകേണ്ടി വരും എന്നായിരുന്നു മറുപടി.

സിപിഎമ്മിൽ എല്ലായ്‌പ്പോഴും ഭൂരിപക്ഷനിലപാടും ന്യൂനപക്ഷ നിലപാടുമുണ്ട്. എല്ലാ രാഷ്ട്രീയ ചർച്ചകളിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നുവരും. പാർട്ടി സംഘടനാരീതി അനുസരിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ അനുയോജ്യമായ വേദികളിൽ ഏതംഗത്തിനും ഉന്നയിക്കാം. അങ്ങനെ ഉന്നയിക്കുന്ന വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്തശേഷം കൂട്ടായി ഒരു തീരുമാനമെടുത്താൽ അതാകും പാർട്ടിയുടെ നയം

കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ ഭേദഗതി കൊണ്ടുവരുന്ന ഓരോ പ്രതിനിധിക്കും അതിലുറച്ച് നിൽക്കാനും വോട്ടിങ് ആവശ്യപ്പെടാനും അവകാശമുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും അഞ്ചിലേറെ ഭേദഗതികൾ വോട്ടിനിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വോട്ടിനിട്ട് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തശേഷം അന്തിമമായി തീരുമാനത്തിലെത്തിയാൽ പിന്നീട് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. പ്രമേയം ഏതുരൂപത്തിൽ അംഗീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ് പ്രതിനിധികളാണ്. സ്റ്റിയറിങ് കമ്മിറ്റിയായ പി.ബി നിർദ്ദേശിക്കുന്ന ചട്ടക്കൂടിനകത്ത് നിന്ന് കൊണ്ടായിരിക്കും ആ പ്രക്രിയ പൂർത്തിയാക്കുക.

പാർട്ടി ഭരണഘടനയനുസരിച്ച് കേന്ദ്രകമ്മിറ്റിയെയോ കീഴ്ഘടകങ്ങളെയോ സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുക്കാനാണ് രഹസ്യബാലറ്റിങ്. അത് മത്സരമുണ്ടാവുന്ന ഘട്ടത്തിലാണ്. മറ്റൊരു തീരുമാനത്തിലും രഹസ്യബാലറ്റിങ് രീതിയില്ല. പാർട്ടിയുടേത് രാഷ്ട്രീയ, സംഘടനാ ചട്ടക്കൂടിനനുസരിച്ച് പ്രവർത്തിക്കാനുള്ള ഭരണഘടന മാത്രമാണ്. അല്ലാതെ രാജ്യത്തിന്റെ ഭരണഘടനയല്ല. കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള അഭിപ്രായം പ്രതിനിധികൾ പരസ്യമായി തന്നെയാണ് പാർട്ടികോൺഗ്രസ് വേദിയിൽ പ്രകടിപ്പിക്കുന്നത്. അപ്പോൾ പിന്നെ അത് അംഗീകരിക്കുന്നതിന് രഹസ്യവോട്ടെടുപ്പിന്റെ ആവശ്യമില്ല.

പാർട്ടി കോൺഗ്രസ് മുമ്പാകെ ഒരു കരട് രാഷ്ട്രീയപ്രമേയമേ അവതരിപ്പിച്ചിട്ടുള്ളൂ. ഭൂരിപക്ഷ രേഖയോ ന്യൂനപക്ഷ രേഖയോ കേന്ദ്രകമ്മിറ്റി രേഖയോ ബദൽ രേഖയോ ഒന്നുമില്ല. കരട് രാഷ്ട്രീയപ്രമേയം തയാറാക്കി പാർട്ടി അംഗങ്ങളിലേക്ക് എത്തിക്കുക എന്നത് കേന്ദ്രകമ്മിറ്റിയുടെ ചുമതലയാണ്. പാർട്ടി കോൺഗ്രസിന് രണ്ട് മാസം മുമ്പേ അത് സർക്കുലേറ്റ് ചെയ്യണം. ആ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ പിന്നീട് പാർട്ടി കോൺഗ്രസാണ് അത് പരിഗണിക്കേണ്ടത്. കേന്ദ്രകമ്മിറ്റിയേക്കാളും ഉയർന്ന വേദിയാണത്.കരട് രാഷ്ട്രീയപ്രമേയം ജനറൽസെക്രട്ടറിമാർ തന്നെ അവതരിപ്പിക്കണമെന്നില്ല. ഇ.എം.എസ് ജനറൽസെക്രട്ടറിയായിരുന്നപ്പോൾ ബി.ടി. രണദിവെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരബാദിൽ നടന്ന 17ാം പാർട്ടി കോൺഗ്രസിൽ സുർജിത് ആയിരുന്നു ജനറൽസെക്രട്ടറി. അന്ന് പ്രമേയം അവതരിപ്പിച്ചത് താനാണെന്നും കാരാട്ട് പറഞ്ഞു.

കരട് പ്രമേയത്തിലെ ഭേദഗതികൾ അംഗീകരിച്ചില്ലെങ്കിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് മുതിർന്ന നേതാവ് വി. എസ് അച്യുതാനന്ദൻ സൂചിപ്പിച്ചിരുന്നു.സീതാറാം യെച്ചൂരിയെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മതേതര ജനാധിപത്യ പാർട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതിയിലെ ഉള്ളടക്കം. ബിജെപിയെ പരാജയപ്പെടുത്താൻ ഇത് ആവശ്യമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, ബിജെപിയെ ഫാസിസ്റ്റ് പാർട്ടിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP