Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംവരണവും ജിഎസ്ടിയും കച്ചടവക്കാരായ പട്ടേലന്മാരെ അകറ്റി; വഴി നടക്കാൻ അനുവദിക്കാത്ത ദളിത് ജീവിതം പിന്നോക്കക്കാരേയും; വൈകിയെങ്കിലും അംഗീകരിച്ചതിൽ ആഹ്ലാദിച്ച് ഠാക്കൂർമാരും; മോദി ഒഴിഞ്ഞ ഗ്യാപ്പ് പരിഹരിക്കാനാവാത്ത ബിജെപിക്ക് കോൺഗ്രസിന്റെ നീക്കങ്ങൾ വൻ തിരിച്ചടിയായേക്കും

സംവരണവും ജിഎസ്ടിയും കച്ചടവക്കാരായ പട്ടേലന്മാരെ അകറ്റി; വഴി നടക്കാൻ അനുവദിക്കാത്ത ദളിത് ജീവിതം പിന്നോക്കക്കാരേയും; വൈകിയെങ്കിലും അംഗീകരിച്ചതിൽ ആഹ്ലാദിച്ച് ഠാക്കൂർമാരും; മോദി ഒഴിഞ്ഞ ഗ്യാപ്പ് പരിഹരിക്കാനാവാത്ത ബിജെപിക്ക് കോൺഗ്രസിന്റെ നീക്കങ്ങൾ വൻ തിരിച്ചടിയായേക്കും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിൽ കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസം. ഗുജറാത്തിലെ വോട്ട് ബാങ്കായ പട്ടേൽ സമുദായം കോൺഗ്രസിനോട് അടുക്കുകയാണ്. സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ജിഎസ്ടിയും പട്ടേലന്മാരെ ബിജെപിക്ക് എതിരാക്കി കഴിഞ്ഞു. ഗുജറാത്തിലെ വ്യാപാര മേഖലയിൽ ഏറ്റവും സജീവമായിട്ടുള്ളത് പട്ടേലന്മാരാണ്. ജിഎസ്ടിയിലെ ആശയക്കുഴപ്പങ്ങൾ ഇവരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പം ദളിതരും ഗുജറാത്തിൽ ബിജെപിക്ക് എതിരാണ്. അങ്ങനെ മോദി ഗുജറാത്ത് വിട്ടതോടെ കോൺഗ്രസിന് വീണ്ടും ഗുജറാത്ത് പ്രതീക്ഷയാവുകയാണ്.

സംസ്ഥാന സർക്കാരിന് അടുത്തകാലത്ത് പ്രതിസന്ധിയുണ്ടാക്കിയ ജാതി നേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പട്ടേൽ സമുദായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഠാക്കൂർ സമുദായ നേതാവ് അൽപേഷ് ഠാക്കുർ എന്നിവരെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കാനൊരുങ്ങുന്നത്. ഇതിൽ ഹർദിക് പട്ടേൽ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഉറപ്പ് പിന്തുണ നൽകുമെന്നും അറിയിച്ചു. ഠാക്കൂർ സമൂദായത്തെ ബിജെപി ഒരിക്കലും പരിഗണിച്ചിട്ടില്ല. ഇതും കോൺഗ്രസ് മാറ്റുകയാണ്. അതുകൊണ്ട് തന്നെ ദളിതർക്കും പട്ടേലന്മാർക്കുമൊപ്പം ഠാക്കൂർമാരും കൂടെ നിൽക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ദളിത് പീഡനങ്ങളാണ് പിന്നോക്കക്കാരെ ബിജെപി വിരുദ്ധരാകുന്നത്. ഇതോടെ ജാതി സമവാക്യമെല്ലാം ബിജെപിക്ക് എതിരാവുകയാണ്.

ഗുജറാത്ത് മോഡലിന്റെ കരുത്തിലാണ് മോദി പ്രധാനമന്ത്രിയായത്. എന്നാൽ മോദി അഹമ്മദാബാദ് വിട്ടതോടെ സംസ്ഥാനത്തെ ഭരണം നാഥനില്ലാ കളരിയായി. ഇതോടെ പിന്നോക്കക്കാർക്കെതിരായ അതിക്രമങ്ങൾ കൂടി. പട്ടേൽ പ്രക്ഷോഭവും സർക്കാരിന് നിയന്ത്രിക്കാനായില്ല. നോട്ട് നിരോധനവും ജിഎസ്ടിയും എല്ല്ാം അവതാളത്തിലാക്കുകും ചെയ്തു. ഇതോടെയാണ് ഹാർദ്ദിക് പട്ടേൽ അടക്കമുള്ളവർ കോൺഗ്രസ് പക്ഷത്ത് എത്തിയത്. കോൺഗ്രസിന്റെ വാഗ്ദാനം സംബന്ധിച്ച് ട്വിറ്ററിൽ കൂടിയാണ് ഹാർദ്ദിക് പട്ടേൽ പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് തന്റെ അഭിലാഷമല്ലെന്നാണ് ഹാർദ്ദിക് പട്ടേൽ പറഞ്ഞത്. ഞങ്ങൾക്കെല്ലാവർക്കും നീതിയും അവകാശങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാർദ്ദികിന്റെ ട്വീറ്റിന് പിന്നാലെ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്ത് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭരത് സിങ് സോളങ്കി രംഗത്ത് വന്നു.

രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മണിക്കൂറുകൾ കഴിപ്പോൾ അൽപേഷ് ഠാക്കൂറിന് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തു. 23 ന് ഗുജറാത്തിലെത്തുന്ന രാഹുൽഗാന്ധിയിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് അൽപേഷ് പറയുന്നത്. അതേസമയം കോൺഗ്രസിന്റെ വാഗ്ദാനത്തിൽ തീരുമാനം എടുക്കുന്നതിന് മുമ്പായി മറ്റ് ദളിത് നേതാക്കളുമായി ചർച്ചചെയ്യമെന്നാണ് ജിഗ്നേഷ് മേവാനി പറയുന്നത്. അടുത്ത കുറച്ചുദിവസങ്ങൾക്കുള്ളിൽ ദളിത് സംഘടനകളുടെ യോഗം വിളിച്ചുകൂട്ടുമെന്നും അതിന് ശേഷം തീരുമാനം അറിയിക്കുമെന്നും ജിഗ്നേഷ് പറഞ്ഞു. നിലവിലെ ഗുജറാത്ത് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് രാഷ്ട്രീയത്തിൽ പട്ടേൽ, ഒബിസി, ദളിത് വിഭാഗങ്ങൾക്ക് നിർണായകമായ സ്വാധീനമുണ്ട്. ഗുജറാത്ത് ജനസംഖ്യയിൽ 51 ശതമാനവും ഒബിസി വിഭാഗങ്ങളാണ്. 111 സീറ്റുകളിൽ ഇവരുടെ വോട്ടുകൾ നിർണായകമാണ്. ഗുജറാത്തിൽ 150 സീറ്റ് നേടി ഭരണതുടർച്ചയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ പിസിസി പ്രസിഡന്റ് ഭരത് സിങ് സോളങ്കിയാണ്, പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി, പിന്നാക്കദലിത്ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ എന്നിവരെ കോൺഗ്രസിലേക്കും ബിജെപി വിരുദ്ധ സഖ്യത്തിലേക്കും ക്ഷണിച്ചത്. ഭരത് സിങ് സോളങ്കി ഇപ്പോൾ പുറത്തെടുക്കുന്നത് കോൺഗ്രസിന്റെ പഴയ തന്ത്രം തന്നെയാണ്.

കേരളത്തിൽ കെ.കരുണാകരനെപ്പോലെ ഗുജറാത്ത് കോൺഗ്രസിലെ കരുത്തനായിരുന്നു മാധവ് സിങ് സോളങ്കി. മൂന്നു തവണ മുഖ്യമന്ത്രി. 1976 ൽ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ സോളങ്കി സമുദായ വോട്ടുകൾ വാരുന്നതിലെ 'ശാസ്ത്രീയ സമീപനം' അവതരിപ്പിച്ച 'ശാസ്ത്രജ്ഞൻ' കൂടിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം മണ്ഡലങ്ങളിൽ സ്വാധീനമുള്ള നാലു സമുദായങ്ങളെ ക്ഷത്രിയർ, ഹരിജനങ്ങൾ, ആദിവാസികൾ, മുസ്ലിംകൾ- കയ്യിലെടുത്തുകൊണ്ടുള്ള ആ പരീക്ഷണം സോളങ്കിയെ രണ്ടു തിരഞ്ഞെടുപ്പുകളിൽ അടുപ്പിച്ച് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ചു. ഇതേ സോളങ്കിയുടെ മകനാണ് ഇപ്പോൾ ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷനായ ഭരത് സിങ് സോളങ്കി.

ഗുജറാത്തിനെ ഇളക്കിമറിച്ച സംവരണ വിരുദ്ധ സമരമാണ് 1985ൽ ജാതി രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ മാധവ് സിങ് സോളങ്കിയുടെ മുഖ്യമന്ത്രി കസേര തെറിപ്പിച്ചത്. അന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി കേന്ദ്രമന്ത്രിസഭയിലേക്കു ക്ഷണിച്ചെങ്കിലും സോളങ്കി വഴങ്ങിയില്ല. പകരം യൂറോപ്പ് പര്യടനത്തിനു വിമാനം കയറി. പിണങ്ങിപ്പോയ നേതാവ് ആറുമാസത്തെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി രാജീവിന്റെ മന്ത്രിസഭയിൽ ചേരുകയും ചെയ്തു. ഇതിന് ശേഷമാണ് പതിയെ ബിജെപി ഗുജറാത്തിൽ പിടിമുറുക്കിയത്. 32 വർഷത്തിന് ശേഷം വീണ്ടും ജാതി സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമാകുകയാണ് ഗുജറാത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP