Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളിക്ക് പിണറായിയുടെ പൂഴിക്കടകൻ! സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വെക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും; നവംബർ ഒമ്പതിന് നിയമസഭ ചേരാൻ മന്ത്രിസഭാ തീരുമാനം; കേസെടുക്കുന്ന കാര്യത്തിൽ വ്യക്തത തേടി വീണ്ടും നിയമോപദേശം തേടും; സർക്കാർ നീക്കം യുഡിഎഫ് വിമർശനങ്ങളുടെ വായടപ്പിക്കാൻ

ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളിക്ക് പിണറായിയുടെ പൂഴിക്കടകൻ! സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വെക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും; നവംബർ ഒമ്പതിന് നിയമസഭ ചേരാൻ മന്ത്രിസഭാ തീരുമാനം; കേസെടുക്കുന്ന കാര്യത്തിൽ വ്യക്തത തേടി വീണ്ടും നിയമോപദേശം തേടും; സർക്കാർ നീക്കം യുഡിഎഫ് വിമർശനങ്ങളുടെ വായടപ്പിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫ് നേതാക്കളുടെയു വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കാൻ വേണ്ടി സർക്കാർ ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കും. നവംബർ ഒമ്പതിനാണ് സോളാർ വിഷയം ചർച്ച ചെയ്യാൻ വേണ്ടി ഒരു ദിവസത്തെ സഭാ സമ്മേളനം വിളിക്കുന്നത്. സഭ ചേരണമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ശുപാർശ ചെയ്തു.

സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ആരോപണ വിധേയർക്ക് നൽകില്ലെന്നും, നിയമസഭയിൽ മാത്രമേ റിപ്പോർട്ട് വെയ്ക്കുകയുള്ളൂ എന്നും സർക്കാർ ആവർത്തിച്ചിരുന്നു. ഇതേത്തുടർന്ന് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടും, അതിന്മേൽ എടുത്ത നടപടികൾ വ്യക്തമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ടും സഭയിൽ വെയ്ക്കും.

ജുഡീഷ്യൽ കമ്മീഷൻ എൻക്വയറീസ് ആക്ട് പ്രകാരം, കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയാൽ ആറുമാസത്തിനകം സഭയിൽ വച്ചാൽ മതിയെന്നാണ് ചട്ടം. എന്നാൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉടൻ നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. കമ്മീഷൻ റിപ്പോർട്ടിൽ ആരോപണ വിധേയർക്കെതിരെ വളരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്ന് സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. ക്രിമിനൽ കേസും വിജിലൻസ് അന്വേ,ണവുമാണ് സർക്കാർ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം സരിതയുടെ കത്തിൽ പരാമർശിച്ചിരുന്ന പത്തോളം പേർക്കെതിരെ ബലാൽസംഗ കുറ്റത്തിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും നിയമോപദേശം തേടാനും സർക്കാർ തീരുമാനിച്ചു. ജസ്റ്റിസ്. അരിജിത്ത് പസായത്തിനോടാണ് സർക്കാർ നിയമോപദേശ തേടുന്നത്. സുപ്രീം കോടതി മുൻ ജസ്റ്റിസാണ് ജസ്റ്റി. അരിജിത്ത് പസായത്ത്. നേരത്തെ സർക്കാർ തേടിയ നിയമോപദേശത്തിൽ പിഴവുണ്ടെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ അഴിമതി കേസ് നിലനിൽക്കുമെങ്കിലും ലൈംഗിക പീഡന കേസ് നിലനിൽക്കുമോ എന്ന ആശങ്ക ശക്തമായിരുന്നു. നിയമസെക്രട്ടറി അടക്കമുള്ളവർക്ക് നിയമോപദേശത്തിൽ എതിർപ്പുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവിടണമെന്ന് ഉമ്മൻ ചാണ്ടിയും നേതാക്കളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ നിയമപ്രകാരം വഴിയെങ്കിലും റിപ്പോർട്ട് നൽകണമെന്ന ആവശ്യവും നേതാക്കൾ ഉന്നയിച്ചു. എന്നാൽ റിപ്പോർട്ട് നൽകാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. ഈ നിലപാട് വിവാദമാകുക കൂടി ചെയ്തതോടെയും മുൻ അന്വേഷണ സംഘം സർക്കാർ നടപടിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് സർക്കാറിനെ വെട്ടിലാക്കിയതോടെയാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്.

സോളാർ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവന്നാൽ നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നത്. റിപ്പോർട്ട് പുറത്തുവിടാൻ വേണ്ടി പ്രത്യേക സമ്മേളനം ചേരാൻ തീരുമാനിച്ചതോടെ താൽക്കാലികമായെങ്കിലും വിവാദങ്ങളിൽ നിന്നും സർക്കാറിനും രക്ഷ നേടാൻ സാധിക്കും. ഇതിനിടെ സോളാർ കേസിൽ പുതിയ നീക്കവുമായി സരിത എസ് നായർ ഇന്ന് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് സരിത പരാതി നൽകി. രാവിലെ ക്ലിഫ് ഹൗസിൽ എത്തി ദൂതൻ മുഖേനയാണ് പരാതി കൈമാറിയത്. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി.

മുൻ അന്വേഷണ സംഘത്തിന്റെ നടപടികൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. 2013 മുതൽ 2016 വരെ താൻ കൊടുത്ത പരാതികൾ അന്വേഷിച്ചിട്ടില്ല. ഇതും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സരിത മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരും നേതാക്കളും പ്രതികളാകുമെന്ന് കണ്ട് മുൻസർക്കാരിന്റെ കാലത്ത് കേസ് അട്ടിമറിച്ചു. തന്നെ പ്രതിയാക്കാൻ കരുതിക്കൂട്ടി അന്വേഷണ സംഘം ശ്രമിച്ചു. പീഡിപ്പിച്ചവരുടെ പേരുകളും പുതിയ കത്തിൽ സരിത ആവർത്തിച്ചിട്ടുണ്ട്.

നേതാക്കൾക്കെതിരായ ലൈംഗിക ആരോപണം അടക്കം സരിത ജൂഡീഷ്യൽ കമ്മീഷനിൽ കൊടുത്ത മൊഴിയും തെളിവുകളും വീണ്ടും പരാതിയിൽ ആവർത്തിച്ചു. സരിത നൽകിയ കത്ത് മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. സരിതയുടെ പുതിയ പരാതിയുടെ കൂടി അടിസ്ഥാനത്തിൽ സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചതോടെ സോളാർ വീണ്ടും സജീവ ചർച്ചയാകും. അതിനിടെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കേസിലെ മുഖ്യപ്രതി സരിത എസ്. നായർ ജയിലിൽനിന്ന് അയച്ച കത്തിൽ പേരുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാനും തീരുമാനമായിരുന്നു. പെട്ടെന്നുണ്ടായ സർക്കാർ നീക്കത്തിൽ കോൺഗ്രസ് നേതാക്കൾ പകച്ചുപോയെങ്കിലും തൊട്ടുപിന്നാലെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ റിപ്പോർട്ടിന്റെ പകർപ്പിനായി മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാൽ റിപ്പോർട്ട് നൽകില്ലെന്നായിരുന്നു സർക്കാർ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP