Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

100 കോടി പിരിക്കാനിറങ്ങിയിട്ട് എത്ര കിട്ടിയെന്ന് ഹസന് പോലും അറിയില്ല; കാസർകോട്ടുകാർ പിരിച്ച പണം കൊല്ലംകാർ അടിച്ചുമാറ്റി; സമാപന സമ്മേളനം തിരുവനന്തപുരത്തുകാർ പോലും അറിഞ്ഞില്ല; ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കൾ പാലം വലിച്ചപ്പോൾ ഹസന്റെ ജാഥ പൊട്ടി പാളീസായി; സമാപിച്ചത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ജാഥ

100 കോടി പിരിക്കാനിറങ്ങിയിട്ട് എത്ര കിട്ടിയെന്ന് ഹസന് പോലും അറിയില്ല; കാസർകോട്ടുകാർ പിരിച്ച പണം കൊല്ലംകാർ അടിച്ചുമാറ്റി; സമാപന സമ്മേളനം തിരുവനന്തപുരത്തുകാർ പോലും അറിഞ്ഞില്ല; ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കൾ പാലം വലിച്ചപ്പോൾ ഹസന്റെ ജാഥ പൊട്ടി പാളീസായി; സമാപിച്ചത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ജാഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ എന്ന പേരിലാണ് കെപിസിസി അദ്ധ്യക്ഷൻ എം.എം.ഹസൻ കാസർകോട്ടെ ചെർക്കളയിൽ ഈ മാസം 9 ന് ജനമോചന യാത്ര ആരംഭിച്ചത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും താൻ സ്ഥാനത്ത് തുടരുന്നതിന് എതിരാണെന്ന് അറിയാമായിരുന്നിട്ടും, ജാഥ വഴി തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു ഹസന്റെ ലക്ഷ്യം. ഹൈക്കാമൻഡിന് മുമ്പാകെ തന്റെ സ്വീകാര്യത കൂട്ടുക എന്നതും ലക്ഷ്യമിട്ടു. ഇതിനൊപ്പം പാർട്ടിക്കായി ഫണ്ടുസമാഹരണവും ലക്ഷ്യമായി.

ഹസനെ പ്രസിഡന്റാക്കാൻ എ ഗ്രൂപ്പ് മുന്നിട്ടിറങ്ങിയെങ്കിലും, പിന്നീട് അവരും പിന്മാറി. ഇതോടെ അവസരങ്ങൾ കിട്ടിയിട്ടും പാർട്ടി വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്ന പഴി മാറ്റേണ്ട ചുമതല ഹസന് മാത്രമായി. ജാഥ തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച പിന്തുണ തനിക്ക് കിട്ടാത്തതിൽ ഹസൻ അസ്വസ്ഥനായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് തീരുമാനിച്ച പ്രകാരമാണ് ജാഥ തുടങ്ങിയതെങ്കിലും, ഇതിന്റെ ആവശ്യകത എന്തെന്ന് നേതാക്കൾക്കൊപ്പം അണികൾക്കും നിശ്ചയമില്ലായിരുന്നു.ഫണ്ട് പിരിവ് മാത്രമാണ് ലക്ഷ്യമെങ്കിൽ യാത്ര നടത്തേണ്ട കാര്യമില്ല, തുക ഏഫീസിൽ എത്തിച്ചുതരാം എന്നും മറ്റും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകരുടെ പ്രതികരണം വന്നത് തന്നെ ഇതിന്റെ സൂചനയാണ്.

ജാഥ പുരോഗമിക്കുമ്പോൾ ആവശ്യത്തിന് ഫണ്ട് കിട്ടിയില്ലെന്ന് മാത്രമല്ല, പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്നും ഹസന് മനസ്സിലായി. ഐഎസ്ആർഒ ചാരക്കേസിൽ ഹസൻ നടത്തിയ പരാമർശം ഉമ്മൻ ചാണ്ടിക്കും, എ ഗ്രൂപ്പിനും അനിഷ്ടമായതോടെയാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായത്. ഹസ്സൻ തന്നെ കെ പി സി സി പ്രസിഡന്റ് ആയി തുടരട്ടെ എന്ന നിലപാടായിരുന്നു കുറച്ചുകാലം മുമ്പ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. ഇത് ഹസ്സൻ മാറണമെന്ന് ആഗ്രഹിച്ച നേതാക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാലിപ്പോൾ പല സംസ്ഥാനങ്ങളിലും യുവാക്കളായ നേതാക്കളെ പാർട്ടിയുടെ നേതൃസ്ഥാനത്ത് രാഹുൽഗാന്ധി അവരോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതുപോലെ താരതമ്യേന യുവമുഖമായ ഏതെങ്കിലും നേതാവ് ഈ സ്ഥാനത്തേക്ക് കടന്നുവരാൻ സാധ്യത ഏറെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കെ പി സി സിക്ക് ഫണ്ട് സ്വരൂപിക്കുക എന്നതിനൊപ്പം തന്റെ സ്വീകാര്യത കൂടി ബോധ്യപ്പെടുത്താനായുള്ള ഹസ്സന്റെ ജാഥ ആരംഭിക്കുന്നത്.

ജാഥ നടക്കുന്നതിനിടെ ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. പുതിയ അദ്ധ്യക്ഷന്റെ കാര്യം ആലോചനയിൽ വന്നതോടെ, താൻ ഏറെ നാൾ പദവിയിൽ ഉണ്ടാകില്ലെന്ന് ഹസന് ബോധ്യമായി.ഡൽഹിയിൽ ചർച്ച നടത്തിയ വിവരം മാധ്യമങ്ങളിൽ വാർത്തയായതോടെ തന്റെ ജാഥയുടെ ലക്ഷ്യം പാളിയെന്ന് ഹസന് ബോധ്യമായി. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ചർച്ച തുടങ്ങിയെന്ന വാർത്തയെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അതൊക്കെ കുപ്രചാരണമാണെന്നായിരുന്നു പ്രതികരണം.യാത്ര നടക്കുമ്പോൾ കെപിസിസിക്കു പുതിയ പ്രസിഡന്റ് വരുമെന്നുള്ള പ്രചാരണം യാത്ര പൊളിക്കാനായിരുന്നു. അത്തരമൊരു ചർച്ച ഇപ്പോൾ നടക്കുന്നില്ല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഡൽഹിക്കു പോയത് ഇതുമായി ബന്ധപ്പെട്ടല്ല. ആരാണ് യാത്ര പൊളിക്കാൻ ശ്രമിച്ചതെന്ന് മാധ്യമപ്രവർത്തകർക്ക് അറിയാമെന്നും ഹസൻ പറഞ്ഞു.

ആരായിരിക്കും പുതിയ പ്രസിഡന്റ് എന്ന കാര്യത്തിൽ ഹൈക്കമാൻഡ് മനസ് തുറന്നിട്ടില്ല.സ്ഥാനമോഹികൾ ഏറെയുണ്ടെങ്കിലും, മുല്ലപ്പള്ള രാമചന്ദ്രൻ, കെ.മുരളീധരൻ, വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ എന്നിവരുടെയൊക്കെ പേരുകൾ കേൾക്കുന്നുണ്ട്.ഏതായാലും തന്റെ പേര് പട്ടികയിലുണ്ടാവില്ലെന്ന് ഹസന് നന്നായി അറിയാം. ജാഥയുടെ സമാപന സമ്മേളനത്തിൽ രാഹുലിനെ പങ്കെടുപ്പിക്കാൻ ഹസൻ ഏറെ ശ്രമിച്ചെങ്കിലും പാരവയ്പിൽ എല്ലാം തകർന്നു.

പാർട്ടിക്ക് പുതുജീവൻ പകരാനും, ജയ്ഹിന്ദ്, വീക്ഷണം എന്നിവയുടെ പുനരുദ്ധാരണത്തിനുമായി തുടങ്ങിയ ജാഥയിൽ നൂറുകോടി പിരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, പിരിഞ്ഞുകിട്ടിയത് എത്രയെന്ന് വ്യക്തമല്ല.കൃത്യമായ കണക്കുകൾ ആരും തരുന്നില്ലെന്ന പരാതിയും ഹസനുണ്ട്. കാസർകോട്ടെ ഭാരവാഹികൾ പിരിച്ചെടുത്ത പണം കൊല്ലത്തെ ഭാരവാഹി അടിച്ചുമാറ്റിയെന്നും ആരോപണമുണ്ട്. സോഷ്യൽ മീഡിയയിൽ ഇതൊക്കെ വാർത്തയായതോടെ നാണംകെട്ടത് മിച്ചം. ഡിസിസികളെ ഉഷാറാക്കാൻ കൂടുതൽ ഫണ്ട് അദ്ധ്യക്ഷന്മാർ ആവശ്യപ്പെട്ടെങ്കിലും, ജാഥ വിജയിക്കാതെ വന്നതോടെ എന്തുചെയ്യുമെന്ന ആശങ്കയും വളർന്നു. ഏതായാലും പുതിയ പ്രസിഡന്റ് വരുമ്പോൾ ഇതൊക്കെ ശരിയാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. അതുകൊണ്ടുതന്നെ പുതിയ പ്രസഡിന്റിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP