Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെക്രട്ടറിയേറ്റ് അംഗമായിട്ടും വിവാദം പേടിച്ച് ആദ്യം മന്ത്രിയാക്കാതെ മാറ്റി നിർത്തി; ഇപി രാജി വച്ചപ്പോൾ മറ്റൊരു നിവർത്തിയുമില്ലാതെ മന്ത്രിയാക്കി; വാ തുറക്കരുതെന്ന നിർദ്ദേശം തെറ്റിച്ചത് മൂന്നാറിൽ എന്ത് ചെയ്താലും മണിയോട് ചോദിച്ചിട്ട് മതിയെന്ന് പിണറായി പരസ്യമായി നിർദ്ദേശിച്ചതിന്റെ ബലത്തിൽ; മണിയുടെ നാവ് ഉണ്ടാക്കിയത് വിവാദങ്ങളിൽ പെട്ടുഴലുന്ന സർക്കാരിന് താങ്ങാൻ കഴിയാത്ത പ്രതിസന്ധി

സെക്രട്ടറിയേറ്റ് അംഗമായിട്ടും വിവാദം പേടിച്ച് ആദ്യം മന്ത്രിയാക്കാതെ മാറ്റി നിർത്തി; ഇപി രാജി വച്ചപ്പോൾ മറ്റൊരു നിവർത്തിയുമില്ലാതെ മന്ത്രിയാക്കി; വാ തുറക്കരുതെന്ന നിർദ്ദേശം തെറ്റിച്ചത് മൂന്നാറിൽ എന്ത് ചെയ്താലും മണിയോട് ചോദിച്ചിട്ട് മതിയെന്ന് പിണറായി പരസ്യമായി നിർദ്ദേശിച്ചതിന്റെ ബലത്തിൽ; മണിയുടെ നാവ് ഉണ്ടാക്കിയത് വിവാദങ്ങളിൽ പെട്ടുഴലുന്ന സർക്കാരിന് താങ്ങാൻ കഴിയാത്ത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് ഉറപ്പ് നൽകിയാണ് പിണറായി വിജയൻ സർക്കാർ ഒരു കൊല്ലം മുമ്പ് അധികാരത്തിലെത്തിയത്. വി എസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ഭാവി മുഖ്യമന്ത്രി ആരെന്ന് പറയാതെ സി.പി.എം നേടിയ വിജയമായിരുന്നു അതെന്നും വിലയിരുത്തലെത്തി. എന്നിട്ടും പിണറായി അധികാരമേറ്റപ്പോൾ പ്രതീക്ഷയോടെ ജനം കണ്ടു. ശക്തനായ ഭരണാധികാരി എല്ലാം ശരിയാക്കുമെന്ന് തന്നെ കരുതി. എന്നാൽ ഒന്നും ശരിയായില്ലെന്നാണ് വിലയിരുത്തൽ. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കുള്ള ഭരണം. ഇപി ജയരാജന്റെ ബന്ധുത്വ നിയമനം. പിന്നെ എ കെ ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പ്. അങ്ങനെ പലതും. ഇതിനിടെയിൽ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടി. പീഡനക്കേസുകളിൽ പൊലീസിന്റെ വീഴ്ച. യുഎപിഎ ചുമത്തുന്നതിലെ പ്രശ്‌നങ്ങൾ. കൊടി സുനിക്ക് ശിക്ഷാ ഇളവ്-ഇങ്ങനെ നീളുന്നു പട്ടിക.

ഒരു കൊല്ലത്തിനിടെ രണ്ട് മന്ത്രിമാർ വിവാദങ്ങളിൽ കുടുങ്ങി രാജിവയ്ക്കുന്നു. ഇപ്പോൾ മണിയും അതേ പാതയിൽ. പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ചു മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തെ പിന്തുണയ്ക്കാൻ ആർക്കും കഴിയുന്നില്ല. ഇത് സർക്കാരിന് പുതിയ പ്രതിസന്ധിയുമാകും. മണിയെ രാജിവയ്‌പ്പിച്ചാൽ അതും സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കും. അങ്ങനെ ദേശീയ നേതാവായി മാറാൻ ആഗ്രഹിക്കുന്ന പിണറായി എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാണ്. മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ കളിയാക്കിയായിരുന്നു മണി തുടങ്ങിയത്. പിന്നെ പല ഘട്ടത്തിലും കൈവിട്ടു. അങ്ങനെ സ്ത്രീകളെ കളിയാക്കുന്ന അവസ്ഥയിലേക്കും എത്തി. ഇതിനെ എങ്ങനെ മറികടക്കണമെന്ന് മുഖ്യമന്ത്രിക്കും നിശ്ചയമില്ല. അത്രയും വലിയ പ്രതിസന്ധിയിലാണ് സർക്കാർ പെട്ടിരിക്കുന്നത്.

ജിഷ്ണുവിന്റെ അമ്മയെ അപമാനിച്ചു നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് പെമ്പിളൈ ഒരുമയ്‌ക്കെതിരായ പരാർശം. മുതിർന്ന നേതാക്കളെല്ലാം തള്ളിപ്പറഞ്ഞെങ്കിലും മണിയുടെ പ്രസ്താവന സിപിഎമ്മിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. 'വൺ ടു ത്രീ' പരാമർശത്തിലൂടെ പുലിവാലുപിടിച്ച എം.എം. മണി മന്ത്രിയായപ്പോൾ സിപിഎമ്മിൽപോലും പലരും മുഖംചുളിച്ചിരുന്നു. വിഎസിന്റെ കാലത്ത് മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാൻ വന്നാൽ കാലുവെട്ടുമെന്നു പറഞ്ഞ ആ നാവുതന്നെയായിരുന്നു കാരണം. ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്ത് മണിയെ മന്ത്രിയാക്കിയത്.

മന്ത്രിയായ ശേഷം അതിരപ്പള്ളി പദ്ധതി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടായിരുന്നു മന്ത്രി മണി ആദ്യവെടി പൊട്ടിച്ചത്. സിപിഐയും പരിസ്ഥിതി പ്രവർത്തകരുമൊക്കെ എതിർപ്പുമായെത്തിയപ്പോൾ ഒരുചുവടു പിന്നോട്ടുവെച്ചു. പക്ഷെ, അതുകൊണ്ടൊന്നും അടങ്ങിയിരിക്കാൻ മണി തയാറായിരുന്നില്ല. ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെപ്പോലും മോശം പരാമർശം നടത്താൻ അദ്ദേഹം തയാറായി. ദേവികുളം സബ്കലക്ടറെ ഊളമ്പാറയിലേക്ക് അയക്കണമെന്ന പ്രസ്താവനയിൽ രാഷ്ട്രീയകേരളം ഇളകിമറിഞ്ഞു. ഇതിനെതിരെ സിപിഐ ഉൾപ്പെടെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന്റെ ചൂടാറുംമുമ്പാണ് പെമ്പിളൈ ഒരുമയ്‌ക്കെതിരായ പ്രസ്താവന.

ഉടുമ്പൻചോലയിൽ നിന്ന് കടുത്ത മത്സരത്തെ അതിജീവിച്ചാണ് മണി എംഎൽഎയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ മണി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സെക്രട്ടറിയേറ്റ് അംഗങ്ങളെ എല്ലാം മന്ത്രിയാക്കാനായിരുന്നു സി.പി.എം തീരുമാനം. എന്നിട്ടും മണിയെ മാത്രം മന്ത്രിയാക്കിയില്ല. നാവ് പിഴച്ചാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവിലായിരുന്നു ഇത്. എന്നാൽ ഇപി ജയരാജൻ ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി രാജിവച്ചതോടെ പല ഫോർമുലയും ചർച്ചയായി. എന്നാൽ മണിയെ പിണക്കാതിരിക്കാൻ അദ്ദേഹത്തെ മന്ത്രിയാക്കി. വൈദ്യുതി വകുപ്പ് പോലൊരു പ്രമുഖ വകുപ്പും നൽകി. അതിൽ പലർക്കും അനിഷ്ടവും ഉണ്ട്. ഒരു വിഷയത്തിലും അമിത പ്രതികരണം പാടില്ലെന്ന നിർദ്ദേശവും മണിക്ക് പിണറായി നൽകി. ഇതുകൊണ്ട് തന്നെ വലിയ വിവാദങ്ങളൊന്നും ഉണ്ടാകാതെ നോക്കുകയും ചെയ്തു.

ഇതിനിടെയാണ് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ വിവാദം തുടങ്ങുന്നത്. ഇവിടെ മണി നിശബ്ദനായിരുന്നു. വിശ്വസ്തനായ രാജേന്ദ്രൻ എംഎൽഎയായിരുന്നു മണിയുടെ നാവായി മാറിയത്. ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും വിമർശനവുമായെത്തി. ഇതിനിടെയിൽ കൈയേറ്റത്തേയും കുടിയേറ്റേത്തേയും വേർതിരിച്ച് ചിലതൊക്കെ മണി പറഞ്ഞു. എന്നാൽ അതൊന്നും മന്ത്രിസഭയെ ബാധിക്കുന്നതായിരുന്നില്ല. പാപ്പിത്തിചോലയിലെ കുരിശ് പൊളിക്കലോടെ എല്ലാം മാറി മറിഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി തന്നെ എത്തി. ഉന്നതതല യോഗത്തിൽ ഇനിയെല്ലാം മണിയുടെ അനുമതിയോടെ മതിയെന്ന് പിണറായി തുറന്നു പറഞ്ഞു. ഇതോടെ ഇടുക്കിയിലെ കിരീടം വയ്ക്കാത്ത രാജാവായി മണി മാറി. ഇത് പുതിയ അബന്ധങ്ങളിലേക്ക് മണിയുടെ നാവിനെ എത്തിച്ചു. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമേൽപ്പിക്കലാണ് മണിയെ കൈവിട്ട പ്രസംഗങ്ങൾക്ക് സജ്ജമാക്കിയതെന്ന വിലയിരുത്തലുമുണ്ട്.

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിനെത്തുടർന്നു തിരുവനന്തപുരത്തു നടന്ന യോഗത്തിൽ ഉദ്യോഗസ്ഥരെ രൂക്ഷമായി ശാസിച്ചതിനും കുഞ്ചിത്തണ്ണിയിൽ സബ് കലക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനും പിന്നാലെയാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകരെയും മൂന്നാർ ദൗത്യസംഘം മുൻ തലവൻ സുരേഷ്‌കുമാറിനെയും അവഹേളിച്ചു മണിയുടെ പ്രസംഗം എത്തിയത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തു വന്നതോടെ പെമ്പിളൈ ഒരുമൈ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രവർത്തകർ മൂന്നാറിൽ റോഡിൽ കുത്തിയിരുന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. മണി നേരിട്ടെത്തി മാപ്പുപറയാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു സ്ത്രീകൾ റോഡിൽ വൈകിയും കുത്തിയിരിപ്പു തുടർന്നു. രാവിലേയും സമരം തുടരുകയാണ്. കോൺഗ്രസ് നേതാക്കളും സമരത്തിൽ സജീവം. രംഗം കൊഴിപ്പിക്കാൻ ബിജെപി ഇടുക്കിയിൽ ഹർത്താലും നടത്തുന്നു. ഇതിനൊപ്പം സംസ്ഥാനത്തുടനീളം പ്രതിഷേധവും

ഖേദ പ്രകടനം കൊണ്ട് പ്രശ്‌നം തീരില്ല

മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പരാമർശം തള്ളിക്കളയുകയും വിശദീകരണം തേടുമെന്നു വ്യക്തമാക്കുകയും ചെയ്തതോടെ മണി, സർക്കാരിനും പാർട്ടിക്കും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പാർട്ടി നേതാക്കളും എതിരായതോടെ, 'പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതിൽ നിർവ്യാജം ഖേദമുണ്ട്' എന്നു മന്ത്രി പ്രസ്താവിച്ചു. എന്നാൽ ഇത് മണിയെ രക്ഷിക്കുമെന്ന് കരുതുന്നവരുമില്ല. പെമ്പിളൈ ഒരുമയുടെ സമരം ശക്തമായാൽ സർക്കാരിന്റെ പ്രതിസന്ധി പുതിയ തലത്തിലെത്തും. അങ്ങനെ വന്നാൽ മന്ത്രിയുടെ രാജി അനിവാര്യതയുമാകും.

എന്നാൽ, പെമ്പിളൈ ഒരുമൈ സമരം തുടങ്ങിയതു താൻ ആവശ്യപ്പെട്ടിട്ടല്ലെന്നും സമരം നിർത്താൻ ആവശ്യപ്പെടുകയില്ലെന്നും മണി വ്യക്തമാക്കി. ഈയിടെ സിപിഎമ്മിൽനിന്നു പെമ്പിളൈ ഒരുമൈയിൽ തിരിച്ചെത്തിയ ഗോമതി അഗസ്റ്റിനൊപ്പം രാജേശ്വരി, കൗസല്യ എന്നിവരുടെ നേതൃത്വത്തിൽ എട്ടംഗസംഘമാണു പകൽ രണ്ടരയോടെ എം.എം.മണിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. മന്ത്രിയുടെ പരാമർശത്തിനെതിരെ പൊട്ടിത്തെറിച്ച ഗോമതി, മന്ത്രി മൂന്നാറിലെത്തി കാലിൽ വീണു മാപ്പുപറയണമെന്നാവശ്യപ്പെട്ടു.

മണിക്ക് അമ്മയും പെങ്ങന്മാരുമില്ലേ? സിപിഎമ്മിന് അപമാനമാണു മണിയെന്നും ഗോമതി കരഞ്ഞുകൊണ്ടു പറഞ്ഞു. റോഡ് ഉപരോധിച്ചതോടെ പൊലീസ് ഇടപെട്ട് ഇവരെ നീക്കാൻ ശ്രമിച്ചു. സമരക്കാരോടൊപ്പമുണ്ടായിരുന്ന പെമ്പിളൈ ഒരുമൈ ഏരിയാ സെക്രട്ടറി കെ.കുമാറിനെ പൊലീസ് ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെ സംഘർഷമായി. പത്തു മിനിറ്റോളം നീണ്ട പിടിവലിക്കൊടുവിൽ പൊലീസ് ഇയാളെ വിട്ടു. പൊലീസ് മർദിച്ചെന്നാരോപിച്ചു കുമാറും രാജേശ്വരിയും ആശുപത്രിയിൽ ചികിൽസതേടി.

ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും മന്ത്രിക്കെതിരെ പ്രകടനം നടത്തി. ഐഎൻടിയുസിയുടെ നേതൃത്വത്തിൽ തൊഴിലാളി സ്ത്രീകൾ ടൗണിൽ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി.

നാളത്തെ സെക്രട്ടറിയേറ്റ് യോഗം നിർണ്ണായകം

മണി സിപിഎമ്മിൽ ഒറ്റപ്പെട്ട നിലയിലാണ്. നാളെ ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹം പ്രതിക്കൂട്ടിൽ നിൽക്കുമെന്നു നേതാക്കളുടെ പ്രതികരണത്തിൽനിന്നു വ്യക്തം. ശിക്ഷ എന്താണെന്നാണ് അറിയാനുള്ളത്. ഇതിനകം മുഖ്യമന്ത്രിയോടു മണി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മണിയെ മന്ത്രിസഭയിൽ നിന്ന് മാറ്റുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കടുത്ത നിലപാടിലാണ്. വായിൽ തോന്നുന്നതു വിളിച്ചുപറയാനല്ല, മന്ത്രിയായി പ്രവർത്തിക്കാനാണു നിയോഗിച്ചതെന്നു കോടിയേരി മണിയോട് പറഞ്ഞതായി സൂചനയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലൻ, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരെല്ലാം മണിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാർട്ടി ചർച്ച ചെയ്തു നിഗമനത്തിലെത്തും മുൻപേ നടപടി തെറ്റായെന്ന പ്രതികരണം വന്നതു സ്ഥിതി ഗുരുതരം എന്നതിന്റെ സൂചനയാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കടുത്ത പ്രതിഷേധത്തിലാണ്. മണിയെ മന്ത്രിയാക്കണമോ എന്നു സംസ്ഥാന സെക്രട്ടേറിയറ്റിൽ ചോദിച്ച യച്ചൂരി, തന്റെ മുന്നറിയിപ്പു ശരിയായില്ലേ എന്നു കേരളത്തിലെ ചില നേതാക്കളോടു ചോദിച്ചതായാണ് അറിയുന്നത്.

മണിയെ പുറത്താക്കാൻ സമരവുമായി പ്രതിപക്ഷം

മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഒരു വർഷത്തിനിടെ മൂന്ന് മന്ത്രിമാരുടെ രാജിയെന്ന വിമർശനത്തിലേക്ക് സർക്കാരിനെ തള്ളിവിടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പെന്പിളൈ ഒരുമയും യു.ഡി.എഫും ബിജെപി.യും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിൽ ദേശീയ ജനാധിപത്യസഖ്യം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP