Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബെഹന്നാന്റെ പേരുയർത്തിയത് രാജ്യസഭാ സീറ്റ് ഉറപ്പിക്കാൻ; എങ്ങനേയും വീണ്ടും ഉറപ്പിക്കാൻ നീക്കങ്ങളുമായി പിജെ കുര്യൻ; വിഷ്ണുവിനെ രാഹുൽ നിർദ്ദേശിച്ചപ്പോഴും ഉമ്മൻ ചാണ്ടിക്ക് വാശിയില്ല; മുല്ലപ്പള്ളിയെ മൗനമായി പിന്തുണയ്ക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനം മുന്നിൽ കണ്ട്; കേരളത്തിലെ കോൺഗ്രസിനെ പിടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ ഇങ്ങനെ

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബെഹന്നാന്റെ പേരുയർത്തിയത് രാജ്യസഭാ സീറ്റ് ഉറപ്പിക്കാൻ; എങ്ങനേയും വീണ്ടും ഉറപ്പിക്കാൻ നീക്കങ്ങളുമായി പിജെ കുര്യൻ; വിഷ്ണുവിനെ രാഹുൽ നിർദ്ദേശിച്ചപ്പോഴും ഉമ്മൻ ചാണ്ടിക്ക് വാശിയില്ല; മുല്ലപ്പള്ളിയെ മൗനമായി പിന്തുണയ്ക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനം മുന്നിൽ കണ്ട്; കേരളത്തിലെ കോൺഗ്രസിനെ പിടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നൽകാനാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ താൽപ്പര്യം. അണികളിൽ ഉമ്മൻ ചാണ്ടിക്കുള്ള സ്വാധീനമാണ് ഇതിന് കാരണം. എന്നാൽ ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൽപ്പര്യമില്ല. ഈ പേര് ഉമ്മൻ ചാണ്ടി ചർച്ചയാക്കുന്നതും വളരെ ബോധപൂർവ്വമായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിൽ പെടാത്ത പൊതു സമ്മതന് കൊടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. ഇതിലൂടെ വീണ്ടും മുഖ്യമന്ത്രി കസേരയാണ് ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്. സമുദായിക സമവാക്യം ഉയർത്തി പ്രതിപക്ഷ നേതൃസ്ഥാനത്ത് താമസിയാതെ എത്താനാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ.

പിജെ കുര്യന്റെ രാജ്യസഭാ സീറ്റ് ഒഴിവ് വന്നു കഴിഞ്ഞു. ഈ സീറ്റിൽ ബെന്നി ബെഹന്നാന് നോട്ടമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബെന്നിക്ക് സീറ്റ് നിഷേധിച്ചിരുന്നു. തൃക്കാക്കര സീറ്റ് പിടി തോമസിന് ഹൈക്കമാണ്ട് നൽകുകയായിരുന്നു. ഈ സീറ്റ് പിടി തോമസ് കുത്തകയാക്കുമെന്ന ബെന്നിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് ബെന്നി സ്വപ്‌നം കാണുന്നത്. ഇതിന് ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ട്. ഇതിന് വേണ്ടിയാണ് ബെന്നിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്. കെപിസിസി അധ്യക്ഷ സ്ഥാനം നിരസിക്കുമ്പോൾ പകരം എംപി സ്ഥാനം വേണമെന്ന വാദം ചർച്ചയാക്കും. അതിനിടെ വീണ്ടും രാജ്യസഭയിലേക്ക് പോകാനൊരുങ്ങി പിജെ കുര്യനും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ പിജെ കുര്യനും നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ബെന്നിയെ രാജ്യസഭയിലെത്തിക്കുക കഠിനമാകുമെന്ന് ഉമ്മൻ ചാണ്ടിയും തിരിച്ചറിയുന്നു.

ജൂൺ 30ന് ഒഴിവുവരുന്ന മൂന്നു സ്ഥാനങ്ങളിൽ ഒന്നാണ് കോൺഗ്രസിനു കിട്ടാവുന്നത്. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യനെ കോൺഗ്രസ് വീണ്ടും നാമനിർദ്ദേശം ചെയ്യുമോ എന്നതു തന്നെ പ്രധാന ചോദ്യം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം കൊണ്ടു ചില പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ശത്രുത കുര്യൻ സമ്പാദിച്ചിട്ടുണ്ട്. പലപ്പോഴും കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനു പകരം ഭരണപക്ഷത്തോടു ചായ്വ് കാട്ടിയെന്നാണ് അവരുടെ ആക്ഷേപം. എന്നാൽ, തന്റെ കൂറ് സഭാ ചട്ടങ്ങളോടും വ്യവസ്ഥകളോടും മാത്രമായിരുന്നെന്നാണു കുര്യന്റെ മറുപടി. കഴിഞ്ഞ സമ്മേളനത്തിൽ അഴിമതിവിരുദ്ധ ബിൽ എങ്ങനെയും പാസാക്കാനുള്ള സർക്കാരിന്റെ ശ്രമം പൊളിഞ്ഞതു ചട്ടങ്ങൾ സംരക്ഷിക്കാൻ കുര്യൻ നിർബന്ധം പിടിച്ചതു കൊണ്ടാണ്. ഈ എതിർ സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ബെന്നിയെ ഉയർത്തിക്കാട്ടാൻ ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. അനുഭവസമ്പത്തിന്റെ പേരിൽ കുര്യന് ഒരുവട്ടം കൂടി ഉപാധ്യക്ഷപദവി ലഭിക്കാനുള്ള സാധ്യത പിജെ കുര്യനുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും രാജ്യസഭാ സീറ്റിന് വേണ്ടി രംഗത്തുണ്ട്.

പിസി വിഷ്ണുനാഥ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും കെപിസിസി അധ്യക്ഷനാകാനുള്ള പരിഗണനാ പട്ടികയിലുണ്ട്. ഇതിൽ വിഷ്ണുനാഥിനെ അധ്യക്ഷനാക്കാനാണ് രാഹുലിന് താൽപ്പര്യം. പക്ഷേ വിഷ്ണു എ ഗ്രൂപ്പിന്റെ മുന്നണി പോരാളിയാണ്. കെപിസിസി അധ്യക്ഷനായി എ ഗ്രൂപ്പുകാരൻ മാറിയാൽ പിന്നെ നിയമസഭ കക്ഷി നേതൃസ്ഥാനം ഐ ഗ്രൂപ്പിന് കൊടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ തന്ത്രപരമായി കെപിസിസി അധ്യക്ഷ സ്ഥാനം വേണ്ടെന്ന നിലപാട് എടുക്കകുയാണ് ഉമ്മൻ ചാണ്ടി. ഐ ഗ്രൂപ്പുമായി ഒരു ബന്ധവുമില്ലാത്ത നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. എകെ ആന്റണിയോടാണ് അടുപ്പം. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയുടെ പേരിനോട് മൗനം പാലിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. ഇതിലൂടെ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി എത്തുകയും ചെയ്യും. എംഎം ഹസൻ എ ഗ്രൂപ്പുമായി ഏറെ അകലത്തിലാണ്. അതുകൊണ്ട് തന്നെ ഹസനെ ഇനി ഉമ്മൻ ചാണ്ടി പിന്തുണയ്ക്കില്ല.

പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും മുല്ലപ്പള്ളിക്ക് അനുകൂലമാണ്. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി സതീശൻ, കെ. മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുള്ള മറ്റുള്ളവർ. സുധാകരനും മുരളീധരനും ഐ ഗ്രൂപ്പുകാരാണ്. എന്നാൽ ചെന്നിത്തലയ്ക്ക് ഇവരോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ ഇവരിൽ ഒരാളെ യുഡിഎഫ് കൺവീനറാക്കാനും സാധ്യതയുണ്ട്. കെപിസിസി അധ്യക്ഷനും യുഡിഎഫ് കൺവീനറും ഹിന്ദുവായാൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ക്രൈസ്തവ നേതാക്കൾക്ക് അവകാശ വാദമുന്നയിക്കാം. ഈ സാമൂഹിക സാഹചര്യം ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പദത്തിലെത്താനുള്ള സുവർണ്ണാവസരം ഒരുക്കും. പുതിയ കെപിസിസി അധ്യക്ഷ പദവിയിൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനമുണ്ടായേക്കുമെന്നാണു സൂചനകൾ.

കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ എന്നിവയുൾപ്പെട്ട 'പാക്കേജ്' നടപ്പാക്കാനാണു രാഹുൽ ലക്ഷ്യമിടുന്നത്. സ്വന്തം സ്ഥാനാർത്ഥിക്കു വേണ്ടി കർക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പിന്തുണയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ ഉയർത്തി എ ഗ്രൂപ്പിൽ തമ്മിലടിയുണ്ടാക്കാൻ ഐ ഗ്രൂപ്പും സജീവമായി രംഗത്തുണ്ട്. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി പ്രസിഡന്റിനുള്ളതു കൊണ്ട് സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്നാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നത്.

'മുല്ലപ്പള്ളി മുതിർന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടും സ്വീകാര്യനാണെന്ന് എ ഗ്രൂപ്പ് പറയുന്നു. ഹൈക്കമാൻഡ് 'സ്വന്തം' പട്ടികയിൽ നിന്ന് ആരെ തിരഞ്ഞെടുത്താലും മുറുമുറുപ്പില്ലാതെ സ്വീകരിക്കാൻ തന്നെയാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. ഇതിലൂടെ മുഖ്യമന്ത്രി പദം ലക്ഷ്യമിടുകയാണ് എ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP