Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യാഥാസ്ഥിതിക വാദികൾ അടച്ചുപൂട്ടിയ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനമെടുത്ത് സൗദി; അടുത്തവർഷം മുതൽ രാജ്യമെമ്പാടും തിയേറ്ററുകൾക്ക് ലൈസൻസ് നൽകാൻ നടപടി തുടങ്ങി; തീവ്ര ഇസ്‌ളാംവാദികൾ മൂന്നുപതിറ്റാണ്ടുമുമ്പ് വിലക്കിയ ചലച്ചിത്ര പ്രദർശനം വീണ്ടും എത്തുന്നത് വിപ്‌ളവകരമായ തീരുമാനമെന്ന് വിലയിരുത്തൽ

യാഥാസ്ഥിതിക വാദികൾ അടച്ചുപൂട്ടിയ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനമെടുത്ത് സൗദി; അടുത്തവർഷം മുതൽ രാജ്യമെമ്പാടും തിയേറ്ററുകൾക്ക് ലൈസൻസ് നൽകാൻ നടപടി തുടങ്ങി; തീവ്ര ഇസ്‌ളാംവാദികൾ മൂന്നുപതിറ്റാണ്ടുമുമ്പ് വിലക്കിയ ചലച്ചിത്ര പ്രദർശനം വീണ്ടും എത്തുന്നത് വിപ്‌ളവകരമായ തീരുമാനമെന്ന് വിലയിരുത്തൽ

റിയാദ്: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിന് ഏറെ പരിഷ്‌കാരങ്ങളിലേക്ക് നീങ്ങുന്ന സൗദിയിൽ സിനിമാ തിയേറ്ററുകൾക്കും വിലക്ക് നീങ്ങുന്നു. രാജ്യത്ത് അടുത്തവർഷം മാർച്ചോടെ സിനിമാ തിയേറ്ററുകൾ തുറക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ലോകത്തെ ഇസ്‌ളാമിക രാജ്യങ്ങളിൽ യാഥാസ്ഥിതിക ചിന്താഗതി കൂടുതലായി നിൽക്കുന്ന രാജ്യങ്ങളാണ് സൗദിയും ഇറാനുമെല്ലാം.

ഇസ്‌ളാംമത വിശ്വാസങ്ങളിൽ മുറുകെ പിടിച്ചുകൊണ്ടുതന്നെ ഒരു പരിഷ്‌കാരത്തിനും അനുമതി നൽകാത്ത സ്ഥിതിയാണ് ഇതുവരെ ഇവിടെ ഉള്ളത്. ഇതിന് മാറ്റംവരുത്തിക്കൊണ്ടാണ് സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ സൗദി കൂടുതൽ പരിഷ്‌കരണ നടപടികൾ നടപ്പാക്കുന്നത്. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ഇതിനകം വലിയ കയ്യടി നേടിയിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പാണ് സൗദിയിൽ തിയേറ്ററുകൾക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് യാഥാസ്ഥിതിക ഭരണകൂടം തിയേറ്ററുകളെ വിലക്കുകയായിരുന്നു. എന്നാൽ ഇതിനാണ് സൽമാൻ രാജകുമാരൻ മാറ്റം വരുത്തുന്നത്. അടുത്തവർഷം ആദ്യം തന്നെ തിയേറ്ററുകൾ രാജ്യത്ത് പ്രവർത്തിച്ചുതുടങ്ങും. രാജ്യത്തിന്റെ പരമ്പരാഗതവും ഇസ്‌ളാമികവുമായ മൂല്യങ്ങൾ നിലനിർത്തുന്ന രീതിയിലാകും തിയേറ്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സൽമാൻ രാജകുമാരൻ അധികാരത്തിൽ എത്തിയതിന് പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള തീരുമാനവും ഉണ്ടായിരുന്നു. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനമായിരുന്നു അതിലൊന്ന്. അടുജൂണിൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് ഭരണകൂടം വ്യക്തമാക്കിയിരുന്നത്. ഈ തീരുമാനത്തിന് വലിയ അഭിനന്ദനവും എങ്ങുനിന്നും ലഭിച്ചിരുന്നു. രാജ്യത്തിന്റെ ധനം കൊള്ളയടിച്ചതിന് ഉൾപ്പെടെ മുൻ ഭരണാധികാരികളേയും രാജകുടുംബാംഗങ്ങളെ തന്നെയും കാരാഗൃഹത്തിൽ അടച്ചുകൊണ്ടാണ് രാജ്യത്തെ സമ്പത്ത് സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി സൽമാൻ രാജകുമാരൻ പ്രവർത്തനം തുടങ്ങിയത്. ഇതേത്തുടർന്ന് കൈക്കൊണ്ട നടപടികളെല്ലാം വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ വലിയ കയ്യടി നേടുകയും ചെയ്തിരുന്നു.

എന്നാൽ യാഥാസ്ഥിതിക ചിന്താഗതികളിൽ നിന്ന് മാറി നടക്കുന്നത് രാജ്യത്തെ ടൂറിസം രംഗത്തെ പുഷ്ടിപ്പെടുത്താനാണെന്ന സൂചനകളും പുറത്തുവരുന്നു. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനായി ചരിത്രത്തിൽ ആദ്യമായി ടൂറിസ്റ്റ് വിസ അനുവദിക്കാനും സൗദി തീരുമാനിച്ചത് അടുത്തിടെയാണ്. നിലവിൽ വിദേശ ടൂറിസ്റ്റുകൾ കാര്യമായി എത്തുന്നില്ലെന്നും അതേസമയം ടൂറിസ്റ്റുകളെ ആകർഷിക്കാനായാൽ രാജ്യത്തിന് അത് വലിയ സാമ്പത്തിക മുതൽക്കൂട്ടാകുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.

രാജ്യത്തെ അടുത്തറിയാനും രാജ്യത്തിന്റെ മഹത്വം ലോകത്തെ അറിയിക്കാനുമാണ് ശ്രമമെന്ന് ടൂറിസ്റ്റ് വിസ നൽകാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് രാജകുമാരൻ സുൽത്താൻ ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. 2016ൽ 18 ദശലക്ഷം വിദേശ സന്ദർശകരാണ് സൗദിയിൽ എത്തിയത്. 2030 ആകുമ്പോഴേക്കും 30 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിച്ചുകൊണ്ടാണ് സൗദിയുടെ പുതിയ നീക്കം. 2020 ആകുമ്പോഴേക്കും 47 ബില്യൺ ഡോളർ സൗദിയിൽ ടൂറിസ്റ്റുകൾ ചെലവഴിക്കുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്. ഇതിനെല്ലാം സഹായകമായ രീതിയിലാണ് പരിഷ്‌കാരങ്ങൾ സൗദി കൊണ്ടുവരുന്നത്.

സുന്നികൾക്ക് ഭൂരിപക്ഷമുള്ള സൗദിയും ഷിയകൾക്ക് ഭൂരിപക്ഷമുള്ള ഇറാനും തമ്മിൽ അടുത്തിടെ പോര് രൂക്ഷമായിരിക്കുകയാണ്. യാഥാസ്ഥിതിക ഇസ്‌ളാമിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന രാജ്യങ്ങളാണ് രണ്ടും. ഇതിൽ സൗദി ഇത്തരമൊരു കടുംപിടിത്തത്തിൽ മാറ്റം വരുത്തി തുടങ്ങിയത് ലോകത്തെമ്പാടും ഇസ്‌ളാമിക സമൂഹത്തിൽ ചർച്ചയാകുന്നുമുണ്ട്. ഇതിനിടെയാണ് തിയേറ്ററുകൾ തുറക്കാനും സിനിമാ പ്രദർശനം രാജ്യത്ത് പുനരാരംഭിക്കാനുമുള്ള തീരുമാനം ഉണ്ടാകുന്നത്. രാജ്യത്തെ ഓഡിയോ വിഷ്വൽ മീഡിയയുടെ ചുമതലയുള്ള ജനറൽ കമ്മിഷൻ ഇത്തരത്തിൽ തിയേറ്ററുകൾക്ക് ലൈസൻസ് നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് സാംസ്‌കാരിക-ഇൻഫർമേഷൻ മന്ത്രി അവാദ് ബിൻ സലേ അലവാദ പ്രസ്താവനയിൽ വ്യക്തമാക്കിയത്. വിഷൻ 2030 എന്ന പേരിൽ രാജ്യം നടപ്പാക്കുന്ന പല പരിഷ്‌കാരങ്ങളുടേയും ഭാഗമായാണ് ഇത്തരമാരു നീക്കവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP